ജാതി പറയരുത്, ചോദിക്കരുത്
സ്വന്തം ലേഖകൻ
“പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ-
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം”
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ശ്രീനാരായണ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ “ഏകമതം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതും. ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണിന്ന്. രാജ്യം ഏറെ വർഗ്ഗീയ ചേരിതിരുവുകളിലേയ്ക്ക് പൊയ്കൊണ്ടിരിക്കുന്ന നവയുഗത്തിൽ ഗുരുവനെയും അദ്ദേഹത്തിന്റെ പ്രസ്താവനകളേയും പ്രവർത്തനങ്ങളേയും പലരും മറന്നുതുടങ്ങിയിരിക്കുന്നു.
ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതയ്ക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി പോന്നിരുന്ന പ്രവർത്തനരീതിയായിരുന്നു ഗുരുവിന്റേത്. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് നാരായണ ഗുരു. അന്ന് കേരളത്തിൽ നിലനിന്നിരുന്ന സവർണ്ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണ്ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്നാണ് അദ്ദേഹത്തിൻ്റെ ആപ്തവാക്യം.
തിരുവനന്തപുരത്ത് ശ്രീകാര്യം എന്ന ഗ്രാമത്തിനടുത്തായി ചെന്പഴന്തിയിൽ കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു കുടുംബത്തിൽ തന്നെയായിരുന്നു ഗുരുവിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു. ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. ഗുരുവിന് പതിനഞ്ച് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു, തന്റെ കൗമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. വീട്ടിൽ പൂജയ്ക്കായി ഒരുക്കിെവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുന്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ ഗുരു ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ ഗുരു തോൽപിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് ഗുരുവിന് ഒരു വിനോദമായിരുന്നു.
നാരായണഗുരു ജീവിച്ചിരുന്ന കാലത്ത് (1856−1928) ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അന്പലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ, ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശന്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ: പൽപ്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി െവയ്ക്കുന്ന തരം ജന്മി−കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാന്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാൽപ്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു.
അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ് ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസംരക്ഷണത്തിന് പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർവ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന ക്ഷേത്രങ്ങൾ എല്ലാം തന്നെ നന്പൂതിരിമാരുടെയും നായൻമാരുടെയും കൈവശാവകാശത്തിലായിരുന്നു. അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. നാരായണഗുരു ഇതിനെല്ലാം എതിരായി പ്രവർത്തിച്ചു പോന്നിരുന്നു.
എന്നാണ് അദ്ദേഹം സന്ന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്ന്യസിച്ചിരുന്നത്. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട് (ജാ-തി-ഭേ-ദം മതദ്വേ-ഷം - ഏതു-മി-ല്ലാ-തെ- സർ-വ്വരും സോ-ദരത്വേ-ന വാ-ഴു-ന്ന - മാ-തൃ-കാ-സ്ഥാ-നമാ-ണി-ത്). ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. മനുഷ്യ സമുദായത്തിൽ ജാതി−മത വർഗ്ഗ−വർണ വ്യത്യാസങ്ങൾക്കതീതമായി ഒരുമയും കൂട്ടായ്മയും വളർത്തുകയാണ് ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഗുരു വിവക്ഷിച്ചിരുന്നത്. ഇതിനായി ആദ്യകാലങ്ങളിൽ ബിംബങ്ങൾ പ്രതിഷ്ഠിച്ച ഗുരു പിന്നീട് അദ്വൈതാത്മകമായ പ്രതീകങ്ങൾ, ദീപം, മധ്യത്തിൽ ഓംകാരലിഖിതത്തോടുകൂടിയ കണ്ണാടി പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്. ‘ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കിക്കൊള്ളും’ എന്ന ഗുരു വചനപ്രകാരം ഭണ്ധാരം സ്ഥാപിച്ച് ലഭിച്ച പണം വിനിയോഗിച്ചാണ് കൊറ്റിയത്ത് ക്ഷേത്രം സ്ഥാപിച്ചത്. ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ പുലയരാദി മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഭക്തരുടെ മനസ്സിനു സന്തോഷം നൽകുന്നതിന് ചുറ്റും ഉദ്യാനങ്ങളും യോഗസ്ഥലം, വായനശാല, വിദ്യാലയങ്ങൾ എന്നിവയും സ്ഥാപിക്കണമെന്നും ഗുരു ഉപദേശിച്ചു.
ജാതി സങ്കൽപ്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപ്പം വ്യക്തമാക്കിയിരുന്നു.
“മനുഷ്യാനാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ-
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന”.
മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, നായർ, നന്പൂതിരി, ഈഴവൻ, പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന ജാതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു-ഗുരുവിന്റെ വാക്കുകൾ.
ശിവഗിരിയിൽ വെച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. 1928 സപ്തംബർ 20−ന് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ദേഹം വെടിഞ്ഞു. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയേണ്ടതുണ്ടെന്ന് വാക്കുകളിലൂടെ പറഞ്ഞുവെച്ച ഗുരുദേവൻ പിന്നീടെപ്പഴോ ഒരു കൂട്ടരുടെ മാത്രം ആരാധ്യപുരുഷനായതിൽ കാരണീയമായത് നിലവിൽ നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തന്നെയാണ്. ജാതിയും മതവുമല്ല മനുഷ്യരാണ് എല്ലാറ്റിലുമുപരിയെന്ന് ആവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളേയും ആദർശങ്ങളേയും പലപ്പോഴും ജാതിയിലൂന്നി മാത്രം കണ്ടുപോന്നതുകൊണ്ടാകാം ഈ നൂറ്റാണ്ടിലും ഒരു സമൂഹം മാത്രം അദ്ദേഹം ആരാധിച്ചുപോരുന്നത്. ഭാരതത്തിൽ ജീവിച്ചിരുന്ന പരമഹംസന്മാരിൽ ശ്രീനാരായണ ഗുരുവിനെപോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ലെന്ന് രബീന്ദ്രനാഥ ടാഗോറും ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണമെന്ന് അയ്യങ്കാളിയും പറഞ്ഞിരുന്നത് ഇതിന്റെ പൊരുൾ ഉൾകൊണ്ടുകൊണ്ടായിരിക്കാം...