ഇത്രയൊക്കെ വളർന്നിട്ടും സ്ത്രീകൾ മാത്രം ഇരകളാകുന്നതെന്തുകൊണ്ട്?
കൂക്കാനം റഹ്്മാൻ
സാംസ്കാരികമായി ഉന്നതിയിലെത്തിയ നാടാണ് കേരളമെന്ന് അഭിമാനിക്കുന്നവരാണ് കേരളീയരായ നാം. വിദ്യാഭ്യാസ മേഖലയിലും ഇന്ത്യയ്ക്കാകെ മാതൃകയാണ് നമ്മുടെ നാട്. അന്ധവിശ്വാസങ്ങളോട് പണ്ടേ വിട പറഞ്ഞ നാട് എന്ന അഭിമാനവും നമുക്കുണ്ട്. നിരവധി സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ നിലയുറപ്പിച്ച നാടാണിത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനവിമോചനത്തിനായി അനവരതം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നുണ്ടിവിടെ. ഇതെല്ലാമായിട്ടും നമുക്കു നാണക്കേടുണ്ടാക്കുന്ന ചില നാടകങ്ങൾ അരങ്ങേറുന്നുണ്ടിവിടെ.
സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹവുമായി ഇടപഴകാതെ ജീവിക്കാൻ സാധ്യമല്ല തന്നെ. മനുഷ്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന വ്യക്തികൾ നിസ്സങ്കോചം നാട്ടിൽ വിരാജിക്കുന്നു. അവരുടെ ചിന്തകളും, പ്രവൃത്തികളും സമൂഹം അറിയുന്നില്ല. അതവരുടെ വീടുകളിൽ മാത്രം കെട്ടടങ്ങുന്നു. ഭാഗ്യവശാൽ അവരുടെ അരോചരങ്ങളായ പ്രവൃത്തികൾ പുറമേയുള്ള വ്യക്തികൾ അറിയുന്പോൾ മാത്രമെ സമൂഹം അതിനെ കുറിച്ചു ചർച്ച ചെയ്യുന്നുള്ളൂ. അതവരുടെ കാര്യമല്ലേ നമ്മൾ എന്തിന് വൃഥാവി അതിൽ ഇടപെടുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്. വീടിനകത്തെ സ്ത്രീകളാണ് ഇത്തരം കൊടും ക്രൂരതകൾ അനുഭവിക്കേണ്ടിവരുന്നത്. തങ്ങൾക്കുണ്ടായ അത്തരം പീഡനങ്ങൾ പുറത്തറിയിക്കാൻ അവർക്കാവുന്നുമില്ല. അതിനുള്ള അവസരം കിട്ടുന്നില്ല. സ്വയം അനുഭവിച്ചു തീർക്കുക മാത്രമെ അവർക്ക് കരണീയമായിട്ടുള്ളു. ഇനി ഇത്തരത്തിൽ അറിഞ്ഞ ഒന്നു രണ്ടു സംഭവങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്്.
കണ്ണൂർ ജില്ലയിലെ സാംസ്‌കാരിക മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു പ്രദേശത്താണ് സംഭവം നടക്കുന്നത്. കണ്ണൂർ ജില്ലയുടെ സമീപ പ്രദേശമാണിത്. ഇതിലെ കഥാനായകൻ മദ്രസാധ്യാപകനാണ്. അദ്ദേഹത്തിന് സ്വന്തമായി വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. മൂന്നുകുട്ടികളുടെ പിതാവാണദ്ദേഹം. മൂത്തകുട്ടിക്ക് എട്ട് വയസ്സായി, രണ്ടാമത്തേതിന് അഞ്ചും, മൂന്നാമത്തെ കുട്ടിക്ക് രണ്ടും പ്രായം. ഭാര്യ മത പഠനത്തിനു പുറമേ ഭൗതിക വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. പ്ലസ്ടു വരെ പഠിച്ചപ്പോഴാണ് വിവാഹം നടന്നത്. അദ്ദേഹം വീടിന്റെ ചുമരിന് ചുറ്റും ഹാർഡ് ബോർഡ് ഉപയോഗിച്ച് പ്രത്യേക മറ ഉണ്ടായിക്കിയിട്ടുണ്ട്. അതിരാവിലെ മദ്രസയിലേയ്ക്ക് യാത്ര തിരിക്കുന്ന അദ്ദേഹം മുൻ ഭാഗത്തെ ഡോർ പുറത്ത് നിന്ന് പൂട്ടി താക്കോലുമായി പോകും. അടുക്കള ഭാഗത്തെ ഡോർ പുറത്ത് നിന്ന് പൂട്ടാറില്ല. അകത്ത് നിന്ന് ലോക്ക് ചെയ്യണമെന്ന് കൃത്യമായി വീട്ടുകാരിക്ക് നിർദ്ദേശം കൊടുക്കും.
മക്കളെയോ, ഭാര്യയേയോ ഒരു കാരണവശാലും പുറത്തിറങ്ങാൻ അനുവദിക്കില്ല. രോഗം പിടിപെട്ടാൽ രോഗ ശമനത്തിനുള്ള മരുന്ന് വീട്ടിൽ എത്തിച്ചുകൊടുക്കും. മൂത്തകുട്ടി എട്ടുവയസ്സിലെത്തി നിൽക്കുന്നു. ഇതേവരെ സ്‌കൂളിൽ ചേർത്തിട്ടില്ല. മദ്രസയിലും ചേർത്തിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്. കുട്ടിയെ സ്‌കൂളിൽ വിടാത്തകാര്യം ചില അയൽവാസികൾ ഇയാളോട് അന്വേഷിച്ചു. സമയമാകുന്പോൾ ചേർക്കും ഇപ്പോൾ ഞാൻ അവനെ വീട്ടിൽ വെച്ച് പഠിപ്പിക്കുന്നുണ്ട് എന്നാണ് മറുപടി. ഭാര്യയുടെ ഒരകന്ന ബന്ധു വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടു അദ്ദേഹവും നിസ്സഹായത പ്രകടിപ്പിക്കുകയാണ്. മതത്തിന്റേയോ, ആചാരത്തിന്റേയോ ഭാഗമല്ല ഇതൊന്നും, ഇദ്ദേഹത്തിന്റെ പ്രത്യേക സ്വഭാവരീതിയാണിതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളെ ഇങ്ങിനെ ബന്ധിയാക്കി വെയ്ക്കേണ്ട ആവശ്യമുണ്ടോ? കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കാതെ, സ്‌കൂളിൽ ചേർക്കാൻ വിമുഖതകാണിച്ചാൽ നടപടി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അതിന് മുതിരാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതല്ലേ? ചിലപ്പോൾ ഇത്തരം അവസ്ഥയിൽ കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകളാണ് അവസരം കിട്ടുന്പോൾ മറ്റു വഴികൾ തേടിപ്പോവാൻ ത്വരകാട്ടുന്നത്.
വിവാഹിതയായ വേറൊരു സ്ത്രീ അനുഭവിക്കുന്ന പീഡനം ഇതിനേക്കാളും ഭയാനകമാണ്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിതം നയിക്കാൻ ആഗ്രഹിക്കുകയാണവൾ. ഭർതൃഗൃഹത്തിൽ അവൾ അനുഭവിക്കുന്ന പ്രയാസം വിവരണാതീതമാണ്. പഴയകാല അന്ധവിശ്വാസത്തിലധിഷ്ഠിതമായി ജീവിച്ചു പോകുന്നവരാണ് ഭർതൃവീട്ടുകാർ. അവൾ തയ്യൽ പരിശീലനത്തിനു വരുന്ന സ്ഥാപനത്തിൽ ഒരു ദിവസം തലകറങ്ങിവീണു. പിച്ചും പേയും പറയാൻ തുടങ്ങി. വായിൽ നിന്ന് നരയും പതയും വരുന്നുണ്ടായിരുന്നു. ക്ലാസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപികയും കൂട്ടുകാരും ഭയന്നു. പരിശീലനകേന്ദ്രം ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ്. ക്ലാസിലെ തടിമിടുക്കുള്ള പെൺകുട്ടികൾ അവളെ വാരിയെടുത്തത് താഴെക്കെത്തിച്ചു.
ഓട്ടോ പിടിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഉടനെ ഗ്ലൂക്കോസ് കയറ്റി. അൽപസമയത്തിനുശേഷം ബോധം തിരിച്ചു കിട്ടി. അവൾ കൂട്ടുകാരോട് പറഞ്ഞ കാര്യമിങ്ങിനെയാണ്. മെൻസസ് ആയാ ആ വീട്ടിൽ ഏഴുദിവസം പുറത്തു കഴിയണം. കഴിഞ്ഞ മൂന്നുദിവസം അവൾ വീടിനുപുറത്തുകെട്ടിയ ഷെഡിലാണ് കഴിഞ്ഞിരുന്നത്. പ്രസ്തുത ദിവസങ്ങളിൽ അവൾക്ക് വീട്ടുകാർ ഭക്ഷണമൊന്നും കൊടുത്തില്ല. വെള്ളം മാത്രം പുറത്തു നിന്ന് എടുത്ത് കുടിച്ചു. അതാണ് തലകറങ്ങിവീഴാനിടയായ കാര്യം. ശാസ്ത്രീയമായി ഇത്രയും അറിവുനേടിയിട്ടും, സ്ത്രീകളെയും പെൺകുട്ടികളെയും ഇങ്ങിനെ പീഡിപ്പിക്കേണ്ടതുണ്ടോ? ഭക്ഷണം പോലും നിഷേധിച്ച് വീടിന് പുറത്ത് കിടത്തുന്ന ഈ ഏർപ്പാട് ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടെ? ഇങ്ങനെ മനുഷ്യത്വ രഹിതമായി പെരുമാറുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാക്കിയേ പറ്റൂ.
മുപ്പത്തിയെട്ടിലെത്തിയ മറ്റൊരു സഹോദരി പറയുന്ന വേദന ശ്രദ്ധിക്കൂ. അവർക്ക് ചെറിയൊരു വരുമാനമുള്ള ജോലിയുണ്ട്. ഭർത്താവ് നിർമ്മാണത്തൊഴിലാളിയാണ്. അവർ തമ്മിൽ വിവാഹിതരായിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു. രണ്ടു കുട്ടികളുണ്ട്. ഭർത്താവ് ഭാര്യയെയും മക്കളെയും ശ്രദ്ധിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, പഠനകാര്യം ഇതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. മദ്യപാനം, സ്ത്രീ വിഷയതാൽപര്യം ഇവ രണ്ടേ അദ്ദേഹത്തിനുള്ളു. ജോലി ചെയ്തുകിട്ടിയ തുക മുഴുവൻ ഇവയ്ക്ക് രണ്ടിനും ചെലവിടും. വീട്ടിലെത്തിയാൽ മർദ്ദനം മുഴുവൻ ഭാര്യയ്ക്കും. കൂടാതെ മക്കളുണ്ടോ എന്നൊന്നും ശ്രദ്ധിക്കാതെ അവളെ ലൈംഗികതയ്ക്ക് നിർബന്ധിക്കും. അവൾക്ക് അയാളുമായി ബന്ധപ്പെടാൻ ഭയമാണ്. പരസ്ത്രീകളുമായി ബന്ധപ്പെടുന്ന അയാൾക്ക് എച്ച്.ഐ.വി അണുബാധ പിടിപെട്ടിട്ടുണ്ടോ എന്ന ഭയം. അതുകൊണ്ട് അയാളുടെ പ്രലോഭനങ്ങൾക്കും, മർദ്ദനത്തിനും വഴങ്ങാതെ ഒഴിഞ്ഞുമാറി കഴിയുകയാണിന്ന്.
ഇവിടെയും ദുരിതക്കയത്തിൽ സ്ത്രീയാണ് പെട്ടുപോകുന്നത്. എല്ലാദുരിതങ്ങളും സഹിക്കേണ്ടി വരുന്നത് സ്ത്രീകൾ മാത്രം. ശാസ്ത്രം വളർന്നിട്ടും, വിദ്യാഭ്യാസം നേടിയിട്ടും, സ്ത്രീകൾക്ക് നട്ടെല്ലുയർത്തി പ്രതിരോധിക്കാനുള്ള ശക്തി ആർജ്ജിക്കാൻ കഴിയാത്തതെന്തുകൊണ്ട്? ദുരിതമനുഭവിക്കുന്ന സ്ത്രീ ഒറ്റയ്ക്കുതന്നെ പ്രതിരോധത്തിനിറങ്ങണം. ഇത്തരം പുരുഷ സമീപനങ്ങളോട് സ്ത്രീകൾ ആർദ്രത കാണിച്ചു കൊണ്ടുള്ള സമീപനത്തെക്കാൾ രൂക്ഷപ്രതികരണങ്ങളായിരിക്കും കരണീയം.