എല്ലാവരിലും നന്മകൾ കാണുക


വിഭിഷ് തിക്കോടി

ിത്യജീവിതത്തിൽ നാം അനുദിനം നിരവധി വ്യക്തികളുമായി അടിത്തിടപിഴകുന്നു. പലരും പലതരത്തിലുള്ളവരാണ്. അഭിരുചികളിലും കാഴ്ച്ചപ്പാടുകളിലും, കഴിവുകളിലും ന്യൂനതകളിലുമൊക്കെ ഒരോരുത്തരും വ്യതസ്തരാണ്. പക്ഷെ എല്ലാവരിലും ഏതെങ്കിലും നന്മകൾ ഉണ്ട്. നമ്മുടെ ചുറ്റുപാടിലുള്ളവരുടെ ഗുണങ്ങൾ, നന്മകൾ കാണുവാനും വാഴ്ത്തുവാനും അംഗീകരിക്കുകയും ചെയ്യുന്ന ജീവിത രീതി വളർത്തണം.

മറ്റുള്ളവരുടെ ദോഷങ്ങൾ, കുറവുകൾ കാണാതെ നന്മകളെ മാത്രം കാണുന്ന സ്വാഭാവത്തിനുടമയാവണം. അന്യരുടെ ദോഷങ്ങൾ കാണുകയും അതിനെ പറ്റി പറയുകയും ചെയ്താൽ അത്യന്തികമായി നമ്മുടെ മനസ്സ് ചീത്തയാവും അല്ലെങ്കിൽ മലിനപ്പെടും. അതിന് പകരമായി എല്ലാവരുടെയും ഗുണങ്ങൾ അംഗീകരിക്കുന്പോൾ അവർ അവരുടെ ദോഷങ്ങൾ സ്വയം കുറച്ച് നന്മയുടെ പ്രതീകങ്ങളായി മാറുന്നത് നമ്മുക്ക് കാണാൻ സാധിക്കും. അന്യരുടെ ഗുണഗണങ്ങളിൽ സന്തോഷിക്കുന്നതോടെപ്പം സ്വന്തം തിന്മകളെ ദോഷങ്ങളെ ഇല്ലാതാക്കാൻ നിരന്തരം ശ്രമിക്കണം ഇതാണ് നന്മകളിലേയ്ക്കുള്ള വഴി.

സ്വന്തം കുട്ടികളുടെ കഴിവുകൾ, ഭാര്യയുടെ സ്നേഹം, സഹോദരങ്ങളുടെ താൽപര്യങ്ങൾ, അയൽക്കാരന്റെ നന്മകൾ, സഹപ്രവർത്തകരുടെ ഗുണങ്ങൾ സമൂഹത്തിലെ നല്ല കാര്യങ്ങൾ, എന്നിങ്ങനെ എല്ലാ നന്മകളെയും കണ്ടറിഞ്ഞ് അംഗികരിക്കുവാനും അർഹിക്കുന്ന തരത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം അപ്പോൾ നമുക്ക് ചുറ്റു നന്മയുടെ പ്രകാശം ആനന്ദം നിറയ്ക്കും.

നിർഭാഗ്യവശാൽ പലരും ചുറ്റുപാടുമുള്ളവരുടെ നന്മകളെ കാണാതെ കുറ്റം മാത്രം കാണുന്ന രീതിയിലാണ് പെരുമാറുന്നത്. ഇത് സാഹചര്യങ്ങള വഷളാക്കുക മാത്രമെ ചെയ്യുകയുള്ളു. മറ്റുള്ളവർക്ക് ദോഷങ്ങൾ ഉള്ളത് പോലെ തന്നെ നമുക്കും ചില ദോഷങ്ങൾ ഉണ്ട് എന്ന തിരിച്ചറിവിൽ സ്വന്തം ദോഷങ്ങളെ ഇല്ലാതാക്കാൻ നിരന്തരം ശ്രമിക്കണം. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല. തെറ്റുകൾ സംഭവിച്ചാൽ അതിനുള്ള പരിഹാരം കണ്ടെത്തി മുന്നേറണം. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിച്ചു നയിക്കുന്ന അനന്തശക്തിയുടെ കീഴിലാണ് നാം വസിക്കുന്നത്. തെറ്റുകളെ തിരുത്താനും, പുതിയ വഴികൾ കണ്ടെത്താനും ആ ദിവ്യശക്തി നമുക്കു ലഭ്യമാണ്. വിവേക ബുദ്ധിയുള്ള മനുഷ്യന് സ്വയം ഉദ്ധരിക്കുവാൻ സാധിക്കും. സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും ദുർഗുണങ്ങളെ ജയിക്കാനും നമ്മളിൽ തന്നെ ശക്തിയുണ്ട്. അതുകൊണ്ട് ജീവിതത്തിലെ ഒരോ സാഹചര്യത്തെയും നന്മകളെ വളർത്താൻ മാത്രം ഉപയോഗിക്കുക.

ആരും പൂർണരല്ല. പൂർണ്ണതയിലേക്കുള്ള യാത്രയാവണം ജീവിതം.ഞാൻ മാത്രം പരമ യോഗ്യൻ എന്ന ചിന്തയിൽ പ്രവർത്തിക്കുവാനും സംസാരിക്കാനും പാടില്ല. മറ്റുള്ളവരെ കുറിച്ച് നല്ലത് പറയാൻ ഒന്നുമില്ലെങ്കിൽ തികഞ്ഞ മൗനം പാലിക്കുക. ഏഷണി, പരദൂഷണം, അസൂയ, ക്രൂര വിമർശനങ്ങൾ എന്നിവ തീർച്ചയായും വർജ്ജിക്കേണ്ട ദുർഗണങ്ങളാണ്. മറ്റുള്ളവരുടെ വാക്കും പ്രവർത്തിയും ചിലപ്പോൾ നമുക്ക് മനോവിഷമങ്ങൾ സൃഷ്ടിക്കും അപ്പോൾ അതിനെ ആത്മസംയമനം പാലിച്ച്  അവർക്ക് മാപ്പ് നൽകുന്പോൾ നാം ശ്രേഷ്ഠതയിലേക്കാണ് ഉയരുന്നത്. മധുരതരമായ നന്മ നിറഞ്ഞ ഭാഷണങ്ങളിലൂടെ ബന്ധുമിത്രാദികളെ നേടാൻ കഴിയും എന്നാൽ പരദൂഷണത്തിലൂടെ ഉള്ളവരെ അകറ്റാൻ മാത്രമെ കഴിയുകയുള്ളു.

മനസ്സിൽ സ്നേഹം, ക്ഷമ എന്നിവ നിറയുന്പോൾ ജീവിതം അനുഗ്രഹമായി മാറും. വെറുപ്പും വിദ്വേഷവും നിറയുന്പോൾ ജീവിതം ദുസഹമാവും. അതിനാൽ നന്മയെ സദാ നേഞ്ചോട് ചേർത്ത് എല്ലാവരിലും നന്മകൾ കണ്ട് സ്വജീവിതം നയിക്കണം.

You might also like

Most Viewed