ഇത് നല്ല കാൽവെപ്പുകൾ...
കൂക്കാനം റഹ്്മാൻ
കുറച്ചുകാലം മുന്പുവരെ മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ സൗകര്യമുണ്ടാക്കണം എന്ന ആവശ്യമുന്നയിച്ച് ചില മതസംഘടനകളും സ്ത്രീകളും മുന്നോട്ടുവന്നിരുന്നു. ഇന്ന് അതൊക്കെ മാറി ചില മുസ്ലിം പള്ളികളിലും പ്രാർത്ഥനയ്ക്ക് സ്ത്രീകൾക്ക് സൗകര്യമൊരുക്കി കഴിഞ്ഞു. മഹല്ല് ഭരണസമിതിയിൽ സ്ത്രീകളെ ഉൾപെടുത്തിക്കൊണ്ട് കേരളത്തിൽ രണ്ട് മൂന്ന് മഹല്ലുകൾ മാതൃക കാണിച്ചു തുടങ്ങി.
യഥാർത്ഥത്തിൽ പ്രവാചകൻ പഠിപ്പിച്ചത് എല്ലാ കാര്യത്തിലും സ്ത്രീകൾക്ക് മുൻഗണനയും പ്രവർത്തനങ്ങളിൽ പദവികളും നൽകണം എന്നാണ്. പുരുഷമേൽക്കോയ്മയുടെ ഫലമായി സ്ത്രീകളെ അന്തർഭാഗത്ത് തന്നെ പിടിച്ചു നിർത്താനുള്ള പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്. നബി വചനങ്ങളുടെ പ്രസക്തി കണക്കിലെടുത്താവണം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിൽ മൂന്നോളം മഹല്ലുകളിൽ വനിതാ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റികൾ രൂപീകൃതമായത്. 2011 മുതൽ കോഴിക്കോട് ജില്ലയിലെ ശിവപുരം വില്ലേജിലും 2012 മുതൽ മലപ്പുറം ജില്ലയിലെ ശാന്തപുരത്തും, വളരെ അടുത്ത കാലത്തായി കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരും വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മഹല്ലുകമ്മറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.
ശാന്തപുരം മഹല്ലിൽ പള്ളിക്കുന്ന് ജുമാമസ്ജിദ്, ചുങ്കം ജുമാമസ്ജിദ്, മുള്ളിക്കുരിശ് ജുമാമസ്ജിദ് എന്നിവ അടങ്ങിയതാണ് ശാന്തപുരം മഹല്ല്. ഈ മഹല്ലിൽ 18 വയസ്സിനുമുകളിലുള്ള 5,400 ഓളംഅംഗങ്ങളുണ്ട്. ഈ മഹല്ലിലെ കമ്മിറ്റി മെന്പർ ആയ പി ഫാത്വിമ എന്ന അറബി ടീച്ചർ നേരിട്ട് കണ്ടപ്പോൾ പറഞ്ഞതിങ്ങിനെയാണ്. ‘നബിയുടെ ഉദ്‌ബോധനമനുസരിച്ചാണ് ഇത്തരം പ്രവൃത്തികളുമായി സ്ത്രീകളായ ഞങ്ങൾ മുന്പോട്ട് പോകുന്നത്. ഞാൻ വർഷങ്ങൾക്കു മുന്‍പ് തന്നെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് ചെല്ലാറുണ്ട്. ഇപ്പോൾ പള്ളിക്കമ്മിറ്റിയിലും അംഗമായതിൽ അഭിമാനിക്കുന്നുമുണ്ട്.’
ജമാഅത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് ശാന്തപുരം മഹല്ലിൽ നടക്കുന്നത് മാതൃകാപരമായാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് രണ്ട് വർഷ പ്രവർത്തന കാലാവധി ആണ്. ഇവിടെ സാധാരണ പള്ളിക്കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുക്കുവാനുള്ള നടപടി ക്രമങ്ങളിൽ നിന്ന് വ്യത്യസ്ത രീതിയാണ് അവലംബിക്കുന്നത്. തെരെഞ്ഞെടുപ്പ് തീയ്യതി മൂന്ന് ആഴ്ചകൾക്ക് മുന്‍പ് പള്ളി ജമാം പ്രഖ്യാപിക്കും. മഹല്ല് കമ്മിറ്റി മെന്പറും പാണക്കാട് തങ്ങൾ മെമ്മോറിയൽ യുപി സ്‌കൂൾ ഹെഡ്മാസ്റ്ററും ആയ ഇസ്ഹാഖ് അലി പറയുന്നു. ‘ഈമഹല്ലിലെ എല്ലാ മെന്പർമാർക്കും വോട്ട് ചെയ്യാം. തെരെഞ്ഞെടുപ്പ് ദിവസം വോട്ടർമാരായ എല്ലാ സ്ത്രീ പുരുഷന്മാർക്കും 20 ലൈനുള്ള പേപ്പർ നൽകും. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളുകൾ കമ്മിറ്റി അംഗങ്ങളാവുന്നു. ഇതിൽ എട്ട് അംഗങ്ങൾ നിർബന്ധമായും വനിതകളായിരിക്കണം.’
മഹല്ല് കമ്മിറ്റികളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇവരിൽ സ്‌കൂൾ അദ്ധ്യാപികമാർ, മദ്രസാ അദ്ധ്യാപികമാർ, വീട്ടമ്മമാർ എന്നിവരൊക്കെ ഉൾപ്പെടും. ശാന്തപുരം മഹല്ല് കമ്മിറ്റിയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ബഷീറ പറയുന്നു. ‘പ്രസ്തുത കമ്മിറ്റിയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും അഭിമാനവും തോന്നി. ഇതിലൂടെ സാമൂഹ്യ രംഗത്ത് ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുവാൻ പറ്റുമല്ലോ എന്ന് പ്രത്യാശിച്ചു.’
മഹല്ല് കമ്മിറ്റികളിൽ തെരെഞ്ഞെടുക്കപ്പെടുന്ന വനിതാഅംഗങ്ങൾ മഹല്ല് അംഗങ്ങളുടെ വീടുകളിൽ നിത്യവും സന്ദർശിക്കും. കുടുംബാംഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കും. അക്കാര്യങ്ങൾ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. കമ്മിറ്റി അതിനുള്ള പരിഹാരം കണ്ടെത്തും. അതു നടപ്പിലാക്കാൻ വനിതാ അംഗങ്ങൾ സജീവമായി രംഗത്തുണ്ടാവും. മഹല്ല് ഏരിയകളിലെ മുസ്ലീം വീടുകൾ കേന്ദ്രീകരിച്ച് മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതര മതങ്ങളിൽ പെട്ട കുടുംബങ്ങൾക്കും സഹായം നൽകാറുണ്ട്. ഓണക്കാലത്ത് മഹല്ല് കമ്മിറ്റിയുടെ തീരുമാന പ്രകാരം പ്രസ്തുത ഏരിയയിലെ ഹിന്ദു കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ നൽകാറുണ്ട്.
മാസത്തിൽ ഒരു തവണയെങ്കിലും കമ്മിറ്റി കൂടുകയും പരിധിയിലെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുടെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും പതിവാണ്. മഹല്ല് കമ്മിറ്റി സെക്രട്ടറി എംടി കുഞ്ഞലവി വനിതകൾ അടങ്ങിയ കമ്മിറ്റിയെ കുറിച്ച് വിലയിരുത്തുന്നത് ഇങ്ങനെയാണ്. ‘സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ കണ്ടെത്താൻ വനിതാ മെന്പർമാർക്കാണ് പുരുഷ മെന്പർമാരെക്കാൾ നിപുണത കൂടുതൽ. മാത്രമല്ല, മതത്തിന്റെ അംഗീകാരത്തോടെ നടത്തുന്ന സാമൂഹ്യ പ്രവർത്തനത്തിന് അവർക്ക് കൂടുതൽ അംഗീകാരവും കിട്ടുന്നു. ‘ശാന്തപുരം കമ്മിറ്റിയിലെ അംഗമായ ഷക്കീല പറയുന്നു. ‘ഈ കമ്മിറ്റിയിൽ അംഗമാകുന്നതുവരെ എനിക്ക് മറ്റുള്ളവരുമായി സംസാരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. എന്നാൽ കഴിയുന്ന സേവനം സമൂഹത്തിന് സമർപ്പിക്കുവാനും അവരുടെ വേദനകൾ അറിഞ്ഞ് സമാശ്വസിപ്പിക്കുവാനും ഒക്കെയുള്ള ആത്മവിശ്വാസം കൈവരിച്ചിരിക്കുകയാണ്.’
സ്ത്രീകൾ സമൂഹ നന്മയ്ക്ക് പ്രവർത്തിക്കുന്ന സംഘങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിച്ചാൽ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമാവും. മത സ്ഥാപനങ്ങളിലും സ്ത്രീകളുടെ കർമ്മ ശേഷിയും ഭൗതിക ശേഷിയും പ്രയോജനപ്പെടുത്തിയാൽ ഗുണകരമാവുമെന്നുള്ളതിന് സംശയമില്ല. കേരളത്തിൽ ഇന്ന് സ്ത്രീ പങ്കാളിത്തത്തോടെ രൂപീകരിച്ചിരിക്കുന്ന മഹല്ല് കമ്മിറ്റികളിലെ പ്രവർത്തനം തന്നെ ഇതിനുദാഹരണമാണ്. മുസ്ലീം സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ വനിതകൾ എത്രയോ പേരുണ്ട്. അവർക്ക് പ്രവർത്തിക്കാനും പ്രചോദനം നൽകാനും കഴിവുകൾ ഉണ്ട്. ഇന്ന് പ്രാദേശിക സർക്കാരുകളുടെ തലപ്പത്തിരിക്കുന്നവരിൽ മുസ്ലീം വനിതകൾ ഏറെയുണ്ട്. അവർ കാണിക്കുന്ന ഭരണ നിപുണതയും, സാമർത്ഥ്യവും, നമ്മൾ അനുഭവിച്ചറിയുന്നുമുണ്ട്. അതേപോലെ പള്ളി മഹല്ല് കമ്മിറ്റികളിൽ സ്ത്രീ സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചാൽ അത് സമൂഹത്തിനും പ്രത്യേകിച്ച് സമുദായത്തിനും ഗുണകരമാകുമെന്നതിൽ സംശയമില്ല.