നി­മി­ഷങ്ങളിൽ വളരു­ന്ന ഇന്നത്തെ­ ലോ­കം


വൽസ ജേക്കബ്

ഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ച് ഈ നൂറ്റാണ്ടിൽ‍ ലോകത്തിന്‍റെ വളർ‍ച്ചയും ഉയർ‍ച്ചയും വളരെ അഭൂതപൂർ‍വ്വമാണ്. അത് ഭൗതികമായും ബൗദ്ധികമായും ശാസ്ത്രീയമായും ഉള്ള വികാസത്തെ സൂചിപ്പിക്കുന്നു. വികസനം കൃഷിയിലും, ആരോഗ്യമേഖലയിലും, വിദ്യാഭ്യാസതലത്തിലും മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഉണ്ടാകുന്നു. അതിന്‍റെ മാറ്റം പ്രകടമാണ്. ശാസ്ത്ര വളർ‍ച്ചകൾ‍ മുഴുവനായി എല്ലാവരിലും എത്തിച്ചേരുകയോ, എല്ലാവരും ഈ ലോകത്തിൽ‍ എന്തു നടക്കുന്നുവെന്ന് അറിയുകയോ ചെയ്യുന്നില്ല. എല്ലാം എല്ലാവരിലും അറിവ് പകരുന്നില്ല. പുരാതന കാലത്തു തീയിൽ‍, ചക്രത്തിൽ‍, ലോഹനിർ‍മ്മിതിയിൽ‍, വാഹനത്തിൽ‍, അച്ചടിയിൽ‍ തുടങ്ങി വിവരശാസ്ത്രസാങ്കേതിക വിദ്യയിൽ‍ ഉണ്ടായ തുടർ‍ച്ചയായ കണ്ടുപിടിത്തങ്ങൾ‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് ഇന്ന് എവിടെയാണ്. കഴിഞ്ഞ 20 വർ‍ഷത്തിനിടയിലുണ്ടായ ശാസ്ത്ര നേട്ടവും വളർ‍ച്ചയും അഭൂതപൂർ‍വ്വമായ ഒരു കുതിച്ചുചാട്ടത്തിലാണ്  എത്തിനിൽ‍ക്കുന്നത്.  

നമ്മെ സാധാരണ പരിചയപ്പെടുത്തുന്പോൾ‍ രാജ്യവും ദേശവും വീടും വീട്ടുപേരും പിന്നീട് മാതാപിതാക്കളുടെ നാമത്തിലും അറിയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നു പറയുന്ന സ്ഥിതിയിലേയ്ക്ക് നാം എത്തി നിൽ‍ക്കുന്നു. ഉപകരണങ്ങൾ‍ തുറക്കുവാൻ‍ താക്കോലും, പൂട്ടുവാൻ‍ കൊളുത്തും ഉപയോഗിച്ചിരുന്ന കാലത്തിൽ‍ നിന്നും റിമോട്ട് ഉപയോഗിച്ച് തുറക്കലും അടയ്ക്കലും പൂട്ടലും നടന്ന കാലവും കഴിയാറായി. കന്പ്യൂട്ടർ‍ തുറക്കുവാനും പാസ്്വേർ‍ഡ് ഉപയോഗിച്ചു. എന്തിനധികം നമ്മുടെ ഫോണിൽ‍ വന്ന മാറ്റങ്ങൾ‍ അതിശയിപ്പിക്കുന്ന വേഗത്തിൽ‍ ആയിരുന്നു. ഇന്ന് പാസ്സ് വേർ‍ഡ് മാറി ഫിംഗർ‍ പ്രിന്‍റിൽ‍ പല ഉപകരണങ്ങളും കന്പ്യൂട്ടറിനെപ്പോലെ പ്രവർ‍ത്തിക്കുന്നു.

അവിടെയും തീരുന്നില്ല ശാസ്ത്രത്തിന്‍റെ വളർ‍ച്ച. ഇന്ന് കണ്ണുകളിൽ‍ നോക്കി കാര്യങ്ങൾ‍ തീരുമാനിക്കാൻ‍ ഈ ഉപകരണങ്ങൾ‍ക്കു കഴിയുന്നു. നോക്കുക ഇനി അടുത്തത് തുടങ്ങിക്കഴിഞ്ഞു. ലോകവും ഉപകരണങ്ങളും സ്മാർ‍ട്ട് ആയിക്കഴിഞ്ഞു. നമ്മൾ‍ ഇനി അതിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു. പൈസയും രൂപയും മാറി കാർ‍ഡുകൾ‍ ആയി. ഇന്നത് നേരിട്ട് ഓൺ‍ലൈൻ‍ വഴി കൊടുക്കൽ‍ വാങ്ങലുകൾ‍ക്ക് വഴിതുറന്നു. നമുക്കും ഇന്ന് നന്പറുകൾ‍ കിട്ടി. പേരും സ്ഥലവും അല്ല നമ്മെ തിരിച്ചറിയാൻ‍ വേണ്ടത്. ഓരോരുത്തർ‍ക്കും ഓരോ നന്പറുകൾ‍.

അൽ‍പകാലത്തിനകം നമ്മുടെ ശരീര ഭാഗങ്ങളിൽ‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചിപ്പുകളിലൂടെ നമ്മെ തിരിച്ചറിയാൻ‍ ഉള്ള സംവിധാനം ഉണ്ടാകും. അതും മാറി കൈകളിൽ‍ അല്ലെങ്കിൽ‍ നെറ്റിയിൽ‍ അല്ലെങ്കിൽ‍ വേറേതെങ്കിലും ദൃശ്യമായ ശരീരഭാഗങ്ങളിൽ‍ എഴുതപ്പെട്ട തിരിച്ചറിയൽ‍ അടയാളങ്ങൾ‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

പ്രവചിക്കാനാവാത്ത വിധം നിയന്ത്രണങ്ങൾ‍ ശാസ്ത്രവും ഭരണകർ‍ത്താക്കളും ലോകത്തിൽ‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ശാസ്ത്രസാങ്കേതിക മേഖലയിൽ‍ പലയിടങ്ങളിലായി നടക്കുന്ന ഗവേഷണം “Artificial Intelligence and Machine learning” എന്ന വിഷയത്തിലാണ്. മനുഷ്യരെപ്പോലെ സ്വയം ചിന്തിക്കാനും പ്രവർ‍ത്തിക്കാനും കന്പ്യൂട്ടർ‍ പോലുള്ളതോ അതിലും മികച്ചതോ ആയ ഉപകരണങ്ങൾ‍, മെഷീനുകൾ‍ ഉണ്ടാക്കുക. ഇവയുടെ വികാസത്തോടെ ഒരു പക്ഷേ  ഭാവിയിൽ‍  ഈ മെഷീനുകൾ‍ നമ്മെ നിയന്ത്രിക്കില്ല എന്ന് പറയുവാൻ‍ കഴിയുമോ? ശാസ്ത്രവളർ‍ച്ചയിലും സൗകര്യങ്ങളുടെ ആധിക്യത്തിലും നമുക്ക് നമ്മുടെ സ്വകാര്യതയും സ്വത്വവും കാത്തുസൂക്ഷിക്കാൻ‍ കഴിയുമെന്നതിന് ഒരു ഉറപ്പുമില്ല. ദിനംപ്രതി നിയന്ത്രണങ്ങൾ‍ നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും നാമെല്ലാം സന്തോഷവാന്‍മാരാണ്. ലോകവും നാമും പുരോഗമിക്കുവാണ് എന്ന വിശ്വാസത്തിൽ‍.

ഈ ‘പുരോഗതിക്കിടയിലും’, ‘സ്മാർ‍ട്ട് ആകുന്ന രാജ്യങ്ങളിലും’ പകുതിയിലധികം ജനങ്ങൾ‍ ദൈനംദിനജീവിതം എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുന്നു എന്ന് ഇടക്കെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. കഷ്ടപ്പാടിന്റെയും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും നില സാമാന്യജനങ്ങളിൽ‍ ഏറിവരുന്പോൾ‍, വളർ‍ച്ചയുടെ തോത് കണ്ടെത്തുന്ന അളവുകോൽ‍ ഏതെന്ന് അറിയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ‍ ഒരു ഉരുൾ‍പൊട്ടലിന്‍റെ വക്കിലെത്തി നിൽ‍ക്കുന്ന നമ്മുടെ ഭൂമി അതിന് വഴിപ്പെടുമോ?

You might also like

Most Viewed