വിനയം മഹത്വത്തിന്റെ മകുടം
ഡോ. ജോൺ പനയ്ക്കൽ
john.panackel@gmail.com
ഒരു വ്യക്തിക്ക് മഹത്വത്തിന്റെ അങ്കി അണിയിക്കുന്ന ഗുണ വിശേഷമാണ് വിനയം. വിനയം ഒരു ബാഹ്യപ്രകടനം മാത്രമല്ല; ആന്തരികഭാവം കൂടെയാണ്. പണ്ധിതർ വിനയത്തെ നിർവ്വചിക്കുന്നത് ശ്രദ്ധിക്കുക. ആത്മസംയമനം അഹംഭാവമില്ലായ്മ, മറ്റുള്ളവർക്ക് അസ്വസ്ഥത സൃഷ്ടിക്കാത്ത പ്രകൃതം, സംഭാഷണത്തിലെ മിതത്വം, പെരുമാറ്റത്തിൽ മര്യാദ ഈ വക ഗുണങ്ങളുടെ സമ്മോഹന സമ്മേളനമാണ് വിനയം. ആർജിക്കാൻ ക്ലേശകരവും എന്നാൽ ജീവിത വിജയത്തിന് അത്യന്താപേക്ഷിതവുമാണ് വിനയം. സ്വന്തം മേന്മയെ പറ്റിയോ നേട്ടത്തെ പറ്റിയോ പ്രഘോഷിക്കുന്നത് വിനയത്തിന്റെ ലക്ഷണമല്ല. നമ്മുടെ നാവിൽ നിന്ന് നമ്മുടെ ഗുണത്തെപ്പറ്റി ഒന്നും ഉത്ഭവിക്കാതിരിക്കട്ടെ, അത് മറ്റുള്ളവരിൽ നിന്ന് ആരംഭിക്കട്ടെ. നമുക്ക് എന്തെങ്കിലും നന്മയോ മേന്മയോ ഉണ്ടെങ്കിൽ അത് മറ്റുള്ളവർ അറിയാതെയിരിക്കില്ല. നമ്മുടെ നന്മയെ വിനയം കൊണ്ട് ആവരണം ചെയ്‌താൽ അത് ശോഭയോടെ കത്തുകയും പുറമേ ദൃശ്യമാവുകയും ചെയ്യും.
വിനയം നടിക്കുന്നവരുണ്ട്. അവരുടെ സംസാരത്തിൽ നടനം വ്യക്തമാകും. യഥാർത്ഥ വിനയത്തെയും കപട വിനയത്തെയും വേഗത്തിൽ തിരിച്ചറിയാം. കപട വിനയം അഹങ്കാരത്തിന്റെ മറ്റൊരു രൂപമാണ്. വിനയത്തിൽ ഔന്നത്യം പ്രാപിച്ചവരൊക്കെ അഹന്തയെ കീഴടക്കിയവരാണ്. ഇന്ന് സിദ്ധന്മാർ ധാരാളം നമ്മുടെ ഇടയിലുണ്ട്; ആധുനിക സിദ്ധന്മാർ! പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അസ്സീസിയിലെ ഫ്രാൻസിസ് എന്ന സിദ്ധൻ ആത്മസംയമനത്തിലൂടെ ആത്മീയ ശക്തി ആർജിച്ച് അനേകം അസ്വസ്ഥരെ സുഖപ്പെടുത്തിയ ഒരാളായിരുന്നു. എന്നാൽ അദ്ദേഹത്തിനു കുറെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. മറ്റുള്ളവരെ സുഖപ്പെടുത്തുവാൻ കഴിവുള്ള അദ്ദേഹം എന്തുകൊണ്ട് സ്വന്തം രോഗങ്ങളെ സുഖപ്പെടുത്തുന്നില്ല എന്ന് ചിലർ അദ്ദേഹത്തിനോട് ചോദിച്ചു. സൗഖ്യദായകൻ താനല്ലെന്നും അത് മറ്റുള്ളവർ ഗ്രഹിക്കുവാൻ തന്റെ അസ്വസ്ഥതകൾ ഉപകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ലഭിച്ച സിദ്ധികളെ കുറിച്ച് ആരെയും അറിയിക്കുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്നാൽ ആധുനിക സിദ്ധന്മാർ സ്വയം പലതും അവകാശപ്പെട്ടുകൊണ്ട് പരമാവധി പ്രസിദ്ധി കൈവരിക്കുവാൻ ശ്രമിക്കുന്നു. ആദ്ധ്യാത്മികതയുടെ മറവിലാണ് ഇത്തരം തട്ടിപ്പും വെട്ടിപ്പും നടത്തി വിശ്വാസികളിൽ നിന്ന് പണം പറ്റുന്നത്. വൈദ്യശാസ്ത്രം വിജയിക്കാത്ത ചില രോഗങ്ങൾക്ക് അടിമകളായവരും ജീവിതത്തിൽ ഒരു ഗതിയും ലഭിക്കാത്തവരും, നിരന്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരാവുന്നവരും ആധുനിക സിദ്ധന്മാരുടെ പാദാരവിന്ദങ്ങളിൽ തിരുമുൽ കാഴ്ചയുമായി പ്രതിവിധി തേടി തള്ളിക്കയറാറുണ്ട്. ഇത്തരം അവസരങ്ങളെ പരമാവധി മുതലെടുക്കാൻ ‘മാസ് ഹിപ്നോട്ടിസ’ത്തിലൂടെ സിദ്ധന്മാർ ശ്രമിക്കാറുമുണ്ട്. മനുഷ്യ മനസ്സിന്റെ സ്വയം ചികിത്സാ തലത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കാറുണ്ട്. ഈ വക മനഃശാസ്ത്ര സത്യങ്ങളെ വികലമാക്കി മുതലെടുക്കുകയാണ് ചില ആൾ ദൈവങ്ങൾ ഇന്ന്.
ഒരു പ്രസിദ്ധമായ സിദ്ധന്റെ പ്രകൃതത്തെ കുറിച്ച് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ചെന്നിരുന്ന് കഴിഞ്ഞാലുടനെ ചില സ്ഥിതി വിവരണ കത്തുകൾ നമ്മെ കുറിച്ച് അദ്ദേഹം ചോദിക്കും. ഉടനെ കണ്ണുകൾ അടച്ച് “നോക്കാം” എന്ന് നീട്ടി ഉച്ചത്തിൽ പറയും. ഇത് കേൾക്കുന്പോൾ ‘ദക്ഷിണ’ വെയ്ക്കാൻ ദൂതന്മാർ പറയും. അപ്പോൾ ആയിരത്തിന്റെ നോട്ട് മുന്നിൽ വെയ്ക്കണം. സിദ്ധൻ പതുക്കെ കണ്ണ് തുറന്ന് നോട്ടിലൊന്ന് നോക്കും. ആയിരത്തിന്റെ നോട്ടല്ലെങ്കിൽ അദ്ദേഹം വീണ്ടും കണ്ണുകൾ അടച്ചിട്ട് ‘നോക്കാം..’ ആവർത്തിക്കും. ദൂതന്മാർ വീണ്ടും പണം വെയ്ക്കാൻ ആവശ്യപ്പെടും. വീണ്ടും സിദ്ധൻ കണ്ണ് തുറന്ന് നോട്ടിന്റെ എണ്ണം അനുമാനിക്കും. പ്രതീക്ഷക്കനുസൃതമായി കാഴ്ച കിട്ടിയെങ്കിൽ പിന്നെ മുന്നിലിരിക്കുന്ന ആളിന് ഗ്രഹിക്കാൻ സാധിക്കാത്ത കുറെ പദ പ്രയോഗങ്ങളുടെ മാലപ്പടക്കമാണ്. ഒടുവിൽ ഇത് ദുഷ്ക്കാലമാണെന്നും ശത്രു ദോഷമുണ്ടെന്നും വരുത്തി തീർക്കും. പ്രതിവിധിയും നിശ്ചയിക്കും. ഓരോ മത വിശ്വാസിയുടെയും ആരാധനാലയങ്ങളുടെ ലിസ്റ്റ് അദ്ദേഹത്തിനു കാണാപ്പാഠമാണ്. അവിടേയ്ക്ക് തന്നെ അവരെ പറഞ്ഞയക്കും പരിഹാരക്രിയകൾക്കും നേർച്ച കാഴ്ചകൾക്കുമായി. ആർദ്രമായ മനോഭാവത്തോടെ ഈശ്വര ചൈതന്യത്തിനു മുന്പിൽ കരുണക്കായി യാചിക്കുന്ന മനുഷ്യ മനസ്സുകൾക്ക് സ്വാന്തനം ലഭിക്കുകയും ചെയ്യും. ദിവസേന കുറെയാളുകളെ ഇങ്ങനെ കാണുന്ന സിദ്ധന്റെ വരുമാനം ഊഹിക്കാവുന്നതേയുള്ളൂ. ഇദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പ്രകീർത്തിച്ച് കൊണ്ട് മാർക്കറ്റിംഗ് നടത്തുവാൻ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ആദ്ധ്യാത്മികതയുടെ പേരിലുള്ള തട്ടിപ്പിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇവിടെ വിനയത്തിനെന്തു സ്ഥാനം!
സംസാരിക്കാൻ താൽപര്യം കാട്ടാതെ ഗൗരവത്തിൽ ഒതുങ്ങിയിരിക്കാൻ ഇഷ്ടപ്പെടുന്ന ചിലരെ നമ്മുടെ ഇടയിൽ കാണാം. ഇതിനെ വിനയമെന്നു വിളിക്കാൻ പറ്റില്ല. അതിനെ വെള്ളപൂശിയ വിനയമെന്നേ വിളിക്കാൻ സാധിക്കൂ. വിനയം സ്വർണ്ണമാണെങ്കിൽ മൗനം അവലംബിക്കുന്ന വിനയം അഥവാ ഗർവ് സ്വർണ്ണം പൂശിയ ചെന്പ് പോലെയാണ്. ജനമദ്ധ്യത്തിൽ മൗനികളായ ഇത്തരം ഗർവുള്ളവർ ജനത്തിന്റെ അഭാവത്തിൽ വാചാലരാകും. മറ്റുള്ളവരുടെ കുറ്റവും കുറച്ചിലും പറയുകയായിരിക്കും അവർ ചെയ്യുന്നത്. മുഖപ്പട്ട വച്ച ഇവർ സമൂഹത്തിലെ കടന്നലുകളാണന്നുള്ളതിനു സംശയം വേണ്ട. പല മാന്യന്മാരും സമ്മേളിച്ച ഒരു യോഗത്തിൽ ഒരു പൊതു വിഷയത്തെ പറ്റി വാദപ്രതിവാദം നടക്കുകയായിരുന്നു. പലരും അവരുടെ വാചാലത പ്രകടിപ്പിക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചു. ആ വിഷയത്തിൽ തങ്ങളുടെ വൈദഗ്ദ്ധ്യം എത്രയുണ്ടെന്ന് വെളിപ്പെടുത്താൻ വ്യഗ്രത പൂണ്ടവരും, ന്യായ വാദത്തിൽ തങ്ങളുടെ പാടവം പ്രകടിപ്പിക്കാൻ വെന്പൽ കൊണ്ടവരും എല്ലാം സദസ്യരെ ശബ്ദധോരിണി കൊണ്ട് വധിക്കുകയായിരുന്നു. എന്നാൽ തനിക്ക് പറയാനുള്ളത് കാര്യകാരണ സഹിതം മിതഭാഷയിൽ സഹജമായ വിനയത്തോടെ ഒരാൾ പറയുവാൻ ഒരുന്പെട്ടപ്പോൾ സദസ്യർ ശ്രദ്ധയോടെയും താൽപര്യത്തോടെയും അത് കേൾക്കുവാൻ സന്നദ്ധരായി. അദ്ദേഹത്തിന്റെ അഭിപ്രായം യോഗം സ്വീകരിച്ചു. വാദിച്ചും തർക്കിച്ചും നിന്നവർ ഇളിഭ്യരായി. ഇദ്ദേഹത്തോട് അവർക്ക് അസൂയ ഉണ്ടാകുമാറു വിനയത്തോടെയുള്ള പ്രകടനമായിരുന്നു അത്; അല്ലെങ്കിൽ വിനയം നേടിയ വിജയം. വിനയം ഹൃദയം ശുദ്ധീകരിക്കുന്നു. ഉപരി വിപ്ലവമായ അഭിപ്രായങ്ങൾക്ക് ഒരുന്പെടാതെ പക്വമായി ചിന്തിക്കുന്നതിനും വിലയിരുത്തുന്നതിനും വിനയം ചാലക ശക്തിയായി പ്രവർത്തിക്കും. വിനയം വളർത്തി എടുക്കുന്നതിന് അനുഗുണമായ ചില സുകൃതങ്ങളുണ്ട്. ക്ഷമ, ധൈര്യം, സഹിഷ്ണുത, നിഷ് കപടത, ഔദാര്യം എന്നിവയാണവ. ഈ സുകൃതങ്ങൾ നിറയുന്ന മനസ്സിലാണ് വിനയം മുളയ്ക്കുന്നതും വളരുന്നതും. ഓരോ വസ്തുതയെയും അവയുടെ സ്ഥാനത്തിനും നിലയിലും വിലയിരുത്തുവാനുള്ള മനോധൈര്യം ലഭിക്കുന്നതും വിനയത്തിലൂടെയാണ്. ജീവിതത്തെ കുറിച്ച് സ്വന്തമായി ഒരു സമഗ്ര വീക്ഷണം വളർത്തി കൊണ്ട് വരുന്നവർക്ക് വിനയം അന്യമല്ല. അഹന്തയെ അമർത്തുവാൻ കഴിയുന്പോൾ വിനയത്തിന്റെ വരവിനു വഴി തുറക്കും.
പുരാതന ചൈനയിലെ ഗുരുവര്യനായ ലാവോട്സ് പറയുന്നു, “എല്ലാ നദികളും സമുദ്രത്തിലേയ്ക്ക് ഒഴുകുന്നു; കാരണം അത് നദികളെക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്നു. താഴ്മയാണ് ആഴിക്ക് കരുത്ത് നൽകുന്നത്”. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രസിദ്ധ ആംഗലേയ കവി അലക്സാണ്ടർ പോപ്പിന്റെ ‘ഏകാന്തത’(solitude) എന്ന കവിത സമാപിക്കുന്നത്, “അജ്ഞാതനായും ആരുടേയും കണ്ണിൽപ്പെടാതെയും ഞാൻ ജീവിക്കട്ടെ. വിലപിക്കപ്പെടാതെ ഞാൻ വിട പറയട്ടെ ഒരു ശിലാഖണ്ഡം പോലും എന്റെ ശവകുടീരമെവിടെയെന്നു കാണിക്കാനില്ലാതെയിരിക്കട്ടെ” എന്ന ശക്തമായ വരികളോടെയാണ്. വിനയത്തിന്റെ മൂർത്തീഭാവമാണ് ഈ വരികളിലുള്ളത്. നമ്മുടെ ഇടയിലുള്ള ചില സാമൂഹ്യ നായകന്മാർ അവാർഡുകൾ വാരിക്കൂട്ടുവാൻ പലരെയും സ്വാധീനിക്കുന്നതിന്റെ തിക്കിലും തിരക്കിലും ആകാറുള്ളതിന്റെ ദൃക്സാക്ഷിയാണ് ഞാൻ. പണം അങ്ങോട്ട് നൽകി സ്വാധീനിച്ചും മാധ്യമങ്ങളെ ‘മണി’ നൽകി മണിയടിച്ചും ഇത്തരക്കാർ സമൂഹത്തിന്റെ വക്താക്കളാകുന്നു. മന്ത്രിമാരും ജനനായകരും അവരുടെ വലയത്തിലാണ് പ്രവാസ ലോകത്തെത്തുന്പോൾ. ഇതൊരുതരം ഫോബിയ (ഭ്രമം) ആണ്. ഹാസ്യരസം കലർത്തി ഇതിനെ ‘അവാർഡോ ഫോബിയ’ എന്ന് വിളിക്കാം. ഇത്തരം ഫോബിയ ബാധിച്ചവർ വെള്ളതേച്ച ശവക്കല്ലറകൾ പോലെയാണ്; പുറമേ മോഡി, അകമേ ചീഞ്ഞഴിഞ്ഞ മാംസവും എല്ലിൻ കഷ്ണങ്ങളും. വിനയത്തിന്റെ പൊടി പോലും ഇവരിൽ കാണുകയില്ല. അങ്ങാടിയിൽ മുഖ്യാസനവും അരങ്ങിൽ അത്യാകർഷണവും ഇവർ കാംക്ഷിക്കുന്നു. നന്മ ഇവരിൽ തുലോം ചുരുക്കം!
ശ്രീബുദ്ധനെ പറ്റി പ്രസിദ്ധമായ ഒരു കഥയുണ്ട്. അക്രമാരാഹിത്വത്തിൽ ഉറച്ചു നിന്ന അദ്ദേഹം എന്ത് നേരിട്ടാലും വിനയവും ശാന്തിയും കൈവിടാതെ ഉറച്ചു നിന്നിരുന്നു. ഇത് പരീക്ഷിച്ചറിയാൻ ഒരാൾ ദൂരെയാത്ര ചെയ്തു ബുദ്ധസന്നിധിയിലെത്തി. മൂന്നു ദിവസത്തേക്ക് അയാൾ ബുദ്ധനോട് അപമര്യാദയായി പെരുമാറി, പുലഭ്യം പറഞ്ഞു. എങ്ങനെയും ബുദ്ധനെ ചൊടിപ്പിക്കണമെന്നായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷെ ശ്രീബുദ്ധൻ അക്ഷോഭ്യനായി കാണപ്പെട്ടു എന്ന് മാത്രമല്ല കൂടുതൽ വിനയത്തോടും സ്നേഹത്തോടും ഇടപെട്ടു. ഒടുവിൽ വിമർശകൻ തോൽവി സമ്മതിച്ചു കൊണ്ട് ബുദ്ധഭഗവാനോട് ചോദിച്ചു, “ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയിട്ടും അങ്ങ് പ്രതികരിക്കാതിരിക്കുന്നത് എങ്ങനെ?” ഭഗവാന്റെ മറുപടി ഒരു ചോദ്യ രൂപത്തിലായിരുന്നു, “ആരെങ്കിലും നിങ്ങൾക്ക് ഒരു സമ്മാനം തന്നാൽ അത് നിങ്ങൾ സ്വീകരിക്കാത്ത പക്ഷം ആ സമ്മാനം ആരുടെ പക്കലായിരിക്കും?” ആ മറുപടി കുറിക്കു കൊണ്ടു. നിങ്ങളുടേതല്ലാത്ത ഒന്നിന്റെ പേരിൽ നിങ്ങൾ ചൊടിക്കേണ്ട കാര്യമില്ല. ക്രിസ്തുവിന്റെ ധാർമ്മികതയും ഗാന്ധിജിയുടെ അക്രമരാഹിത്വവും ആത്മാർത്ഥമായി പിൻതുടർന്ന മാർട്ടിൻ ലൂഥർ കിംഗ് എഴുതി: ‘അക്രമരാഹിത്വ സമീപനം മർദ്കന്റെ മനസ്സിനെ ക്ഷണത്തിൽ മാറ്റി എന്ന് വരില്ല. ആ തത്വം അംഗീകരിക്കുന്നവന്റെ മനസ്സിനും ആത്മാവിനും അത് ആദ്യമേ വ്യതിയാനം വരുത്തുന്നു. അത് അയാളിൽ ആത്മാഭിമാനം ജനിപ്പിക്കുന്നു. അയാളുടെ ശക്തിസ്രോതസ്സിനെ പറ്റിയും ധൈര്യത്തെ പറ്റിയും അയാൾ ബോധവാനാകുന്നു. അവസാനം അത് ശത്രുവിന്റെ മനസാക്ഷിയെ സ്പർശിച്ച് അയാളിൽ അനുരഞ്ജനത്തിന്റെ സാധ്യത ഉളവാക്കുന്നു’. ലൂഥർ കിങ്ങിന്റെ ഈ വാക്കുകൾ എത്ര പ്രസക്തമാണിന്ന്!
ഭാര്യയുമായി എപ്പോഴും വഴക്കടിക്കുന്ന ഒരു ഭർത്താവ് തന്റെ അനുഭവ സാക്ഷ്യം എന്നോട് വിവരിക്കുകയുണ്ടായി. അതേ നാണയത്തിൽ തിരികെ കൊടുക്കുന്നതിനു പകരം ശാന്തമായും സൗമ്യമായും വിനയത്തോടെയും അവർ പ്രതികരിക്കും. ‘എനിക്ക് നിങ്ങളോട് വഴക്കിടാൻ ഇഷ്ടമില്ല’ എന്ന് പറയാതെ തന്നെ അവളുടെ സൗമ്യമായ പെരുമാറ്റം മൂലം അവർ ഇത് വെളിപ്പെടുത്തി. ഒടുവിൽ ഭർത്താവ് മനസ്സിലാക്കി. വഴക്കിടാൻ താല്പര്യപ്പെടാത്ത ഒരാളുമായി ശണ്‍ഠ കൂടാൻ എളുപ്പമല്ല. എന്നിൽ മാനസാന്തരമുണ്ടാക്കാൻ അവൾ ശ്രമിക്കുകയായിരുന്നില്ല. മറിച്ച് വിനയത്തോടും സൗമ്യതയോടുമുള്ള അവളുടെ ദൃഡവൃതം അവൾ മുറുകെ പിടിക്കുകയായിരുന്നു. അവരുടെ കുടുംബ ജീവിതം സ്വസ്ഥതയോടെയും സമാധാനത്തോടെയും മുന്നോട്ടു നീങ്ങി. നമ്മുടെ മനസ്സിന്റെ ശാന്തിയും സമാധാനവും അഭംഗുരം കാത്തു സൂക്ഷിക്കുവാൻ നാം ശ്രമിക്കുന്പോൾ, നമുക്കെതിരെ വരുന്ന വിമർശനങ്ങളും വിദ്വേഷങ്ങളും നാം കൈപ്പറ്റാതെയിരുന്നാൽ, ഒരു പോറൽ പോലും എൽപ്പിക്കാതെ അവ നമ്മെ കടന്നു പോകും. അതാണ് വിനയത്തിന്റെ ശക്തി!
ഒരു ചൈനീസ് പഴമൊഴിയുണ്ട്; സിദ്ധൻ സംസാരിക്കുന്നില്ല, സംഭാഷണ ചതുരൻ സംസാരിച്ചു കൊണ്ടേയിരിക്കുന്നു, മൂഡൻ വാദപ്രതിവാദം ചെയ്യുന്നു. വിനയ ഭാവമുള്ളവർ സ്വയം സംയമനം പാലിക്കുകയും പരിസരത്തെ സംയമനത്തിൽ ലയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതാണ് വിനയം. വിനയം മഹത്വത്തിന്റെ മകുടമാണ്!