പുരുഷന്മാർക്ക് ഇപ്പോഴും ഫ്യൂഡൽ മനസ്സ്
കൂക്കാനം റഹ്്മാൻ
ജനാധിപത്യസന്പ്രദായത്തിൽ സ്ത്രീക്കും പുരുഷനും ഭരണ സാരഥ്യത്തിൽ തുല്യ പങ്കാളിത്തം വേണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നിട്ടും ഭരണ നേതൃത്വം പലപ്പോഴും പുരുഷന്റെ കൈകളിൽ ഒതുങ്ങുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ വ്യക്തികൾ മത്സരത്തിനിറങ്ങുന്നത്. പല രാഷ്ട്രീയ പാർട്ടികളും സ്ത്രീകളെ സ്ഥാനാർത്ഥികളാക്കാൻ തീരുമാനിക്കുന്നത് റിസർവേഷന്റെ പരിഗണന ഉള്ളതുകൊണ്ടുമാത്രമാണ്. രാഷ്ട്രീയമായ ഇടപെടലുകളിൽ മുഖ്യപങ്കുവഹിക്കാനുള്ള അവസരം സ്ത്രീകൾക്ക് ലഭ്യമല്ലാതെ പോകുന്നു. അതുകൊണ്ട് തന്നെ നേതൃസ്ഥാനങ്ങളിൽ എത്തിപ്പെടാനുള്ള അവസരം ഇല്ലാതാകുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനമാനങ്ങൾ ലഭ്യമായാലും ഭരണ നിർവ്വഹണ നൈപുണ്യം ഉണ്ടെന്നിരിക്കിലും രാഷ്ട്രീയമായ പ്രവർത്തന കുറവുമൂലം അവിടെ സ്ത്രീകൾക്ക് വേണ്ടത്ര ശോഭിക്കാൻ കഴിയാതെ പോകുന്നു. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60−ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്ത്രീ പാർലമെന്റിൽ രണ്ട് കേരള സംസ്ഥാന വനിതാ മന്ത്രിമാർ നടത്തിയ പരാമർശം ശ്രദ്ധേയമാണ്. കേരളാ അസംബ്ലിയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചാണ് അവർ സംസാരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. 1957ലെ സംസ്ഥാന അസംബ്ലിയിൽ ഉണ്ടായിരുന്ന 114 അംഗങ്ങളിൽ ആറു പേരുണ്ടായിരുന്നു വനിതകളായി. 2017ൽ എത്തിയപ്പോൾ സംസ്ഥാന അസംബ്ലിയിലെ അംഗസംഖ്യ 140 ആയെങ്കിലും വനിതാപ്രതിനിധികൾ കേവലം ഏഴ് പേർ മാത്രമാണ്. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടി അമ്മ പ്രതികരിച്ചത് ഇങ്ങിനെയാണ്. സ്ത്രീയും പുരുഷനും ഭരണഘടനപ്രകാരം തുല്യരാണ് എന്ന് പറയുന്നുണ്ടെങ്കിലും പ്രയോഗിക തലത്തിൽ സ്ത്രീയെ ഒരിക്കലും തുല്യരായി കാണാത്ത അവസ്ഥയുണ്ട്.
സി.പി.ഐഎമ്മിന്റെ പ്രമുഖരായ വനിതാ നേതാക്കളാണ് നിയമസഭയിലെ സ്ത്രീ പങ്കാളിത്തക്കുറവിനെക്കുറിച്ച് ഇങ്ങിനെ പരാമർശിച്ചത്. പ്രദേശിക സർക്കാരുകളുടെ ഭരണ സാരഥ്യത്തിൽ സ്ത്രീ പങ്കാളിത്തം അൽപം മുന്നോട്ടാണെങ്കിലും ഭരണം കൈയ്യാളുന്നത് പുരുഷ നേതൃത്വം തന്നെയാണ്. കേരളത്തിൽ 1200 പ്രദേശിക സ്വയം ഭരണ സ്ഥാപനങ്ങളുണ്ട്. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്കുപഞ്ചായത്തുകളും 14 ഡിസ്ട്രിക്റ്റ് പഞ്ചായത്തുകളും 87 മുനിസിപാലിറ്റികളും 7 കോർപ്പറേഷനുകളുമുണ്ട്. ഈ സ്ഥാപനങ്ങളിൽ 54 ശതമാനവും സ്ത്രീ പ്രതിനിധികളാണ്. പല പ്രദേശിക സർക്കാരുകളുടെയും പ്രസിഡണ്ട് പദവിയിലും മറ്റും ഇരിക്കുന്ന വനിതകൾ ഭർത്താക്കന്മാരുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ നിർദ്ദേശോപദേശങ്ങൾക്ക് വഴിപ്പെട്ട് ഭരണം നിർവ്വഹിക്കേണ്ടി വരുന്നു. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ മെന്പർ (പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത) പറയുന്നത് രാഷ്ട്രീയമായ പരിചയക്കുറവുമൂലം അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണ സാരഥിയായ സ്ത്രീ പഞ്ചായത്ത് ഭരണം മുരടിപ്പിക്കുകയാണ്. അവർക്ക് ആ സ്ഥാനം കിട്ടിയത് റിസർവേഷൻ മൂലം മാത്രമാണ്. അതിപ്രധാനമായ കാര്യങ്ങളിലൊന്നും സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവർക്കാവുന്നില്ല. വനിതാഭരണ സാരഥികളെക്കുറിച്ച് ഇങ്ങിനെയുള്ള പ്രതികരണം പലകോണുകളിൽ നിന്നും കേൾക്കാറുണ്ട്.
കേരളത്തിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികൾക്ക് നയരൂപീകരണത്തിൽ ഒരു ക്രിയാത്മക ശക്തിയായി മാറാൻ കഴിഞ്ഞില്ലെന്നാണ് സാന്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ എം.എ ഉമ്മൻ അഭിപ്രായപ്പെട്ടത്. പുരുഷ പ്രതിനിധികൾ ഇന്നും സ്ത്രീപ്രതിനിധികളോട് ഫ്യൂഡൽ മനസ്സ് വെച്ചുപുലർത്തുന്നതായി കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള എല്ലാ വനിതാ പ്രതിനിധികളും തമ്മിൽ രാഷ്ട്രീയ ചേരിതിരിവില്ലാതെ പരസ്പരം ബന്ധപ്പെടാനുള്ള നെറ്റ്‌വർക്ക് സിസ്റ്റം ഉണ്ടാക്കിയെടുക്കണം. ഈ രംഗത്തെ പുരുഷമേധാവിത്വത്തെ അതിജീവിക്കാനുള്ള തന്ത്രങ്ങളും, അനുഭവങ്ങളും പരസ്പരം കൈമാറണം. ലോക്കൽ സെൽഫ് ഗവൺമെന്റിൽ എത്തിപ്പെടുന്ന വനിതകളിൽ കുടുംബശ്രീ പ്രസ്ഥാനങ്ങളിൽ നിന്നും വരുന്നവർ കാര്യനിർവ്വഹണ പ്രവർത്തനങ്ങളിൽ പുരുഷന്മാരെ വെല്ലുവിളിക്കും രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
2015ൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 38,268 സ്ത്രീകളാണ് മത്സര രംഗത്തുണ്ടായത്. അതിൽ 13,100 പേരും കുടുംബശ്രീ പ്രസ്ഥാനത്തിൽ നിന്നും വന്നവരായിരുന്നു. ഏതാണ്ട് 34 ശതമാനം വരും കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീ പോലുള്ള സേവന മേഖലകളിൽ നിന്നും പരിചയം നേടി വരുന്ന വനിതാപ്രതിനിധികൾക്ക് സ്വയം തീരുമാനമെടുക്കാനും, സ്വതന്ത്രമായി പ്രവർത്തിക്കാനും സാധിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും തീരുമാനങ്ങളെടുക്കുന്നതിൽ പ്രായോഗിക പരിചയം നേടാനും കഴിഞ്ഞ സ്ത്രീകൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലെ നേതൃത്വം ആരുടെയും ആശ്രയമില്ലാതെ വിജയകരമായി ഏറ്റെടുക്കാനും പ്രവർത്തിക്കാനും സാധ്യമാവും. കൊച്ചിമേയർ സൗമിനിജയിൻ തുറന്നു പറയുന്ന ഒരു പ്രസ്താവന ഇങ്ങിനെയാണ്. ഞാൻ മേയർ സ്ഥാനത്തെത്തിയത് സ്ത്രീകൾക്കായി റിസർവ് ചെയ്തുവെച്ച സ്ഥാനമായതുകൊണ്ടാണ് എന്ന് ചില നേതാക്കന്മാർ കരുതുന്നുണ്ട്. അത്തരം പറച്ചിലുകളും സമീപനങ്ങളും ഞാൻ അറപ്പോടെയും വെറുപ്പോടെയും തള്ളിക്കളയുകയാണ്. ഞാൻ എത്തിപ്പെട്ട സ്ഥാനത്തിന്റെ വിലയും, അതെങ്ങിനെ കൈകാര്യം ചെയ്യണമെന്നും എനിക്ക് നന്നായി അറിയാം.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജലക്ഷ്മി അമ്മാൾ പ്രതികരിക്കുന്നതിങ്ങിനെയാണ്. പുരുഷമേധാവിത്വം ഞാൻ അനുഭവിച്ചിട്ടേയില്ല. പുരുഷന്മാരുടെ ഇടപെടൽ പൂർണ്ണമായി ഇല്ലാതാക്കാനും എനിക്കാവും. മഹിളാപ്രധാൻ ഏജന്റായിട്ട് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്. 52 വയസ്സുകാരിയായ അമ്മാൾ 3 ടേമിൽ പ്രസ്തുത ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. നാലാം ടേമിൽ പഞ്ചായത്തുപ്രസിഡണ്ട് പദവിയും വഹിക്കുന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലതയും സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള വ്യക്തിയാണെന്നും, ആരുടെയെങ്കിലും ഉപദേശ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കേണ്ട ഗതികേടില്ലെന്നും പറയുന്നു. മേയർ എന്ന എന്റെ സ്ഥാനത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും എനിക്കു പൂർണ്ണ ബോധ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭരണ നിർവ്വഹണ പ്രക്രിയയിലായാലും, പൊതുപ്രവർത്തന രംഗത്തായാലും പുരുഷമേധാവിത്വത്തിന് അടിമപ്പെടാതെ സ്ത്രീകൾക്ക് മുന്നേറാൻ കഴിയും. അതിനുള്ള ശേഷി നേടിയിരിക്കണമെന്നുമാത്രം.