ഫാസ്സിസത്തിന് കൊലപാതകം എന്നും അർത്ഥമുണ്ട്
ഇ.പി അനിൽ
epanil@gmail.com
എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്ന് നമ്മൾ അഭിമാനിക്കുന്നത്? ജനാധിപത്യത്തെ പറ്റി ഗന്ധിജി പറഞ്ഞ വിശേഷണത്തെ സർക്കാരുകൾ മറന്നിട്ടുണ്ട് എന്ന് ഏവർക്കും അറിയാം. ജനാധിപത്യത്തിൽ നിന്നും ലോകം പ്രതീക്ഷിക്കുന്നത് ഏറ്റവും പാവപ്പെട്ടവന് മുന്തിയ പരിഗണന എന്നായിരിക്കണം എന്ന് അദ്ദേഹം പറയാറുണ്ട്. പാമരനും ഒപ്പം അഭിപ്രയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവനും ജനാധിപത്യത്തിൽ നീതി ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള ജനാധിപത്യം നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നില്ല എങ്കിൽ കൂടി അതിനോട് കൂറ് പുലർത്തുവാൻ ഏവരും ബാധ്യസ്തരാണ് എന്ന പൊതു ബോധം നാട്ടിൽ ശക്തമാണ്. ഈ വികാരം നാടിനെ ജനാധിപത്യ സംവിധാനത്തിൽ തന്നെ തുടരുവാൻ ഇടം നൽകുന്നു.
ജനാധിപത്യം ഏറെ വലിയ സാധ്യതകൾ സമൂഹത്തിനൊരുക്കുന്നു എങ്കിലും മറുവശത്ത് ജനങ്ങളുടെ അഭിപ്രായങ്ങൾ, അവയെ മാനിക്കൽ, തുടങ്ങിയ അവസരങ്ങൾ തീരുമാനങ്ങൾ എടുക്കുവാൻ കാല താമസം ഉണ്ടാക്കും എന്നത് ഒരു വസ്തുതയാണ്. ഏകാധിപതികൾ ജനത്തെ ചരിത്രം സൃഷ്ടിക്കുന്നവരായി കാണുന്നില്ല. എല്ലാ തീരുമാനവും ഒരു വ്യക്തിയിലൂടെ ഉണ്ടാകുമെന്നും ആ വ്യക്തിക്ക് മറ്റുള്ളവർ കീഴടങ്ങി ജീവിക്കണം എന്നും ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാന ധാരണയായ എല്ലാവരും സമൂഹത്തിൽ ഒരേ പോലെ പ്രധാനികൾ, ആരും ആരെക്കാളും പിന്നോക്കമോ മുന്നോക്കമോ അല്ല എന്ന വീക്ഷണം− സമത്വ−സഹോദര്യ അതിഷ്ടിതമായ ഒരു ലോകത്തെയാണ് സമ്മാനിക്കുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത രാഷ്ടീയ നിലപാടുകാർ ഭാഷാ-വംശ-വർണ്ണ-ജാതി-−മത ആശങ്ങൾക്ക് മുൻഗണന നൽകികൊണ്ട് അധീശത്വങ്ങൾക്ക് ന്യായീകരണങ്ങൾ കണ്ടെത്തി മറ്റൊരു കൂട്ടരിൽ തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുന്നു.
നമ്മുടെ ജനാധിപത്യ സങ്കൽപ്പങ്ങൾ ശക്തമാകുന്നതിൽ വലിയ പങ്ക് നൽകിയത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ആയിരുന്നു. അങ്ങനെ സ്വാതന്ത്ര്യ സമരം ഒരു ജനതയെ കൂടുതൽ ജനാധിപത്യത്തോട് അടിപ്പിച്ചു എന്ന് കാണാം. ജനാധിപത്യത്തിലൂടെ കടന്നു പോകുവാൻ അവസരം കിട്ടാത്ത രാജ്യങ്ങളിൽ വലിയ രൂപത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടും അതിനൊപ്പം ജനാധിപത്യത്തിന്‍റെ സാദ്ധ്യതകൾ വേണ്ടവണ്ണം ശക്തി പ്രാപിച്ചില്ല. അവയിൽ പലതും പിന്നീട് ഏകാധിപതികൾക്ക് വാഴുവാനുള്ള അവസരങ്ങൾ ഒരുക്കിയതായി കാണാം.
ലോകത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ജനാധിപത്യത്തിന്‍റെ പേരിൽ നിരവധി പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ പിൻബലത്തിൽ സ്വാതന്ത്ര്യം നേടിയ അമേരിക്കയും ഇന്ത്യയും പാകിസ്ഥാനും മറ്റു പല ഏഷ്യൻ രാജ്യങ്ങളും തെക്കേ ആഫ്രിക്കയും മറ്റൊരിടത്ത് വിപ്ലവത്തിലൂടെ അധികാരം പിടച്ച സോഷ്യലിസ്റ്റു ചേരിയും ജനങ്ങളെ മുൻ നിർത്തി അധികാരത്തെ വ്യാഖ്യാനിക്കുന്നു. ഇവരുടെ പൊതു സമീപനങ്ങളിൽ മാനവികത പ്രഥമ ലക്ഷ്യമാണ്. രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങൾ വർണ്ണ-വംശ-ഭാഷാ-−മത വിവേചനത്തിനു വിധേയരാകരുത് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ ജനാധിപത്യത്തെതന്നെ തള്ളിപറയുന്ന വിഭാഗം ജനാധിപത്യത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അധികാരത്തിൽ എത്തിയ ചരിത്രം നമ്മുടെ മുന്നിൽ ഉണ്ട്. അവർ അധികാരത്തിൽ എത്തുന്നതിനു മുന്‍പും പിന്‍പും ജനാധിപത്യത്തെ പുച്ഛിക്കുവാൻ മടികാണിച്ചിട്ടില്ല. അവരെ തിരിച്ചറിയുവാൻ ജനാധിപത്യത്തിനു കഴിഞ്ഞില്ല എങ്കിൽ ആ അജ്ഞത നമ്മെ വളരെ അപകടകരമായ അവസ്ഥയിൽ എത്തിക്കും.
ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങൾ നമ്മെ പഠിപ്പിച്ച സ്വാതന്ത്ര്യ സമരങ്ങളോട് എക്കാലത്തും മുഖം തിരിഞ്ഞു നിന്ന വിഭാഗം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. ആരാണവർ? ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും വിട്ടു നിൽക്കുകയും അതേസമയം വൈദേശിക ശക്തികൾ ഒരുക്കി കൊടുക്കുന്ന വേദികളിൽ എത്തി (ജനങ്ങളെ മതത്തിന്‍റെ തണലിൽ തളച്ച്) വിഭജന തന്ത്രങ്ങൾ നടപ്പിൽ കൊണ്ടുവരുവാൻ 1857നു ശേഷം ചിലർ രാജ്യത്ത് തയ്യാറായിരുന്നു. ഹൈന്ദവ മത മൗലിക വാദികൾ ഉത്തർപ്രദേശിൽ നിന്നും പശുവിന്‍റെ പേരിലും ഹിന്ദു മതത്തിലേയ്ക്ക് മടങ്ങുക, (ഘർ വാപസി) എന്ന മുദ്രാവാക്യം ഉയർത്തിയും ജനങ്ങളെ ഭിന്നിപ്പിക്കുവാൻ പരിശ്രമിച്ചു. ഹിന്ദുക്കൾ നമ്മൾ ഒന്നാണ്, ജാതി വിവേചനം അവാസാനിപ്പിക്കുക തുടങ്ങിയ മന്ത്രങ്ങൾ പറഞ്ഞ് പരിപാടികൾ ഒരുക്കിയ ദയനാഥ സരസ്വതിയും പിൻഗാമികളും ഒരിക്കലും പൂർണ്ണ സ്വരാജിനെ അംഗീകരിച്ചിട്ടില്ല. ബ്രിട്ടൻ എന്ന ശക്തിയുടെ മേൽകോയ്മയിൽ ഉൽകണ്‍ഠപ്പെടാത്തവർക്ക് തങ്ങളുടെ മത−ജാതി മേൽക്കോയ്മ നിലനിർത്തുന്ന രാജ്യം എന്ന സങ്കൽപ്പമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം ജനങ്ങളുടെ രാജ്യം അവിടെ എല്ലാവരും എല്ലാവർക്കും വേണ്ടി, രാജ്യത്തിന്‍റെ വിഭവങ്ങൾ ഏവർക്കും ലഭിക്കുവാൻ അവസരം, എല്ലാവർക്കും രാജ്യത്ത് തുല്യ മാന്യതയിൽ ജീവിക്കുവാൻ അവകാശങ്ങൾ ഒക്കെ അവരുടെ അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു. അതുകൊണ്ട്തന്നെ ഒരിക്കൽ സ്വാതന്ത്ര്യത്തിൽ പങ്കാളിയായിരുന്ന വീർ സവർക്കറും പിൻഗാമികളും പിൽക്കാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാടുകൾ ശക്തമായി തുടർന്നു. ഹിന്ദു മഹാസഭയുടെ ഹൈന്ദവ മത മൗലികത ചാതുർവർണ്യത്തെ പൂർണ്ണമായും അംഗീകരിച്ചിരുന്നില്ല. പശുവിനെ മാതാവായി കരുതുക, മാംസം നിഷിധമാക്കുക തുടങ്ങിയ പിൽക്കാല ബ്രാഹ്മണ വാദങ്ങളെ സവർക്കറും കൂട്ടരും എതിർത്തു. എന്നാൽ അതിനു പകരം വെയ്ക്കുവാനായി മനുവാദത്തിൽ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യയുടെ സമസ്ത ഭാഗധേയവും തീരുമാനിക്കുവാനുള്ള അവകാശം നഗപ്പൂർ ബ്രാഹ്മണന് മാത്രം എന്ന വാദം ഉയർത്തി രൂപീകരിച്ച ആർഎസ്എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്നും എക്കാലത്തും വിട്ടുനിന്നു എന്ന് മാത്രമല്ല കോൺഗ്രസ് ഉയർത്തിയ എല്ലാ മുദ്രാവാക്യങ്ങളെയും ചിഹ്നങ്ങളെയും (പതാക, ചർക്ക, ഖാദി) മറ്റും അവഗണിക്കുവാൻ വ്യഗ്രത കാട്ടി. നിയമ ലംഘന പ്രസ്ഥാനം, ബ്രിട്ടൻ ഇന്ത്യ വിടുക തുടങ്ങിയ നിർണ്ണായക സമര പോരാട്ടങ്ങളിൽ ബ്രിട്ടീഷ് പക്ഷപാതം മുതൽ പരസ്യമായി ബ്രിട്ടീഷ് അനുകൂല നിലപാടുകൾ എടുത്ത സംഘടനകൾക്ക് ജനാധിപത്യത്തോട് (ഇന്ത്യൻ) അത്രകണ്ട് പ്രതിപത്തത ഉണ്ടാകുക എളുപ്പമല്ല. പിൽക്കാല ഇന്ത്യൻ ചരിത്രത്തിൽ ഹിന്ദു മഹാസഭ, ആർഎസ്എസ്, −വിശ്വഹിന്ദു പരിഷത്ത്, −ബജ്്രംഗ്ദൾ തുടങ്ങിയ ഒരു ഡസ്സനോളം സംഘടനകളുടെ ചെയ്തികൾ പരിശോധിച്ചാൽ അവർ ഇന്ത്യൻ ജനാധിപത്യത്തോട് കാട്ടുന്ന സമീപനങ്ങൾ വ്യക്തമാണ്. ഗാന്ധി വധവും ഗോ സംരക്ഷണ സമരത്തിലൂടെ ഡൽഹിയിൽ നടത്തിയ കലാപവും വെടിവെപ്പും എണ്ണി തിട്ടപെടുത്തുവാൻ കഴിയാത്ത നിരവധി ജനാധിപത്യ ധ്വംസനങ്ങളുടെ അണിയറ നീക്കങ്ങൾ ആയിരുന്നു. പിൽക്കാലത്ത് രാജ്യം സാക്ഷ്യം വഹിച്ച വർഗ്ഗീയ കലാപങ്ങൾ, ദളിത് കൂട്ടകൊലകൾ, ഖാപ്പ് പഞ്ചായത്ത് തീരുമാനങ്ങൾ, ന്യൂനപക്ഷ വിരുദ്ധ കലാപങ്ങൾ, അന്യദേശ വിരുദ്ധ പ്രചരണങ്ങൾ, ആരാധനാ നിഷേധങ്ങൾ, ഘർ വാപസി, സ്ത്രീ വിരുദ്ധത, ആരാധനാലയങ്ങൾ തകർക്കൽ, ഭക്ഷണം, വസ്ത്ര ധാരണം, ചരിത്രത്തെ വളച്ചൊടിക്കൽ, ശാസ്ത്രത്തെ തള്ളിപറയൽ, വിദ്യാലയങ്ങൾ പിടിച്ചടക്കൽ, പട്ടാളത്തെ മഹത്വവൽക്കൽ തുടങ്ങി നമ്മുടെ സാമൂഹിക മണ്ധലങ്ങളിൽ എല്ലാം ജനാധിപത്യത്തിന്‍റെ ഉള്ളടക്കത്തെ അട്ടിമറിച്ചു കൊണ്ടാണ് ആർഎസ്എസ്സും കൂട്ടാളികളും പ്രവർത്തിച്ചുവരുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ കളങ്കം വരുത്തി വെച്ച അടിയന്തിരാവസ്ഥയുടെ ആദ്യ ഘട്ടത്തിൽ എതിർപ്പുമായി നിന്ന ആർഎസ്എസ് പിന്നീട് അന്നത്തെ സംഘചാലക് ദേവരശിലൂടെ ശ്രീമതി ഇന്ദിരയെ ന്യായീകരിക്കുവാൻ മുന്നോട്ടുവന്നു. അവരുടെ ആദ്യകാലത്തെ എതിർപ്പുകൾ കേവലം രാഷ്ട്രീയ താൽപര്യങ്ങൾക്കായിരുന്നു എന്ന്് വ്യക്തമാണ്.
ജനാധിപത്യത്തെ വംശീയതകൊണ്ട്/വർഗ്ഗീയത കൊണ്ട് പകരം വെയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ ഫാസിസ്റ്റു രാഷ്ട്രീയം എന്ന് വിളിക്കാം. ഫാസിസ്സം അധികാരത്തിൽ എത്തിയ ഇടങ്ങളിൽ എന്തൊക്കെ സമീപനങ്ങൾ ആണ് അക്കാലത്തെ കൈകൊണ്ടത് എന്ന് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം പഠിക്കുന്നവർ ഓർക്കേണ്ടതുണ്ട്. ദേശീയ ഭക്തി (അതിന്‍റെ ഭാഗമായി രാജ്യത്തിനുള്ളിൽ അന്യരോടുള്ള അവിശ്വാസം, അയൽപക്ക പക), സന്പന്നരുടെ താൽപര്യ സംരക്ഷണം തുടങ്ങിയവക്കായി കള്ളങ്ങൾ പ്രചരിപ്പിക്കൽ, ഗുണ്ടാ ആക്രമണം, ദേശീയ നേതാക്കളെ, സാഹിത്യ സംസ്കാരിക മറ്റു ബുദ്ധി ജീവികളെ കൊലപെടുത്തൽ, സദാചാര ഗിരി പ്രഭാഷണങ്ങൾ, മാധ്യമങ്ങളെ പിടിച്ചെടുക്കൽ, സാന്പത്തിക പരിഷ്ക്കാരങ്ങളെ പറ്റി കെട്ടുകഥകൾ (സാന്പത്തിക അടിയന്തിരാവസ്ഥയും മറ്റും) പ്രച്ചരിപ്പിക്കൽ, തൊഴിലാളി അനുകൂല വാചാടോപങ്ങൾ തുടങ്ങി ഇറ്റലിയിലും ജർമ്മനിയിലും അവരുടെ സാമന്ത രാജ്യങ്ങളിലും നടപ്പിലാക്കിയ ചെയ്തികൾ മറ്റു രൂപത്തിൽ ഇന്ത്യയിൽ കഴിഞ്ഞ കുറെ നാളുകളിലായി ആർഎസ്എസ് നിയന്ത്രിക്കുന്ന സംസ്ഥാന−കേന്ദ്ര സർക്കാരുകൾ നടപ്പിൽ വരുത്തുകയാണ്. ഇന്ത്യൻ ദേശീയ ചരിത്രത്തെ ഹൈന്ദവ മൗലിക ധാരയിൽ എത്തിക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യൻ ഫാസിസ്സവും യൂറോ ഫാസിസ്സം ഒരുക്കിയ വഴികളിൽകൂടി എല്ലാം സഞ്ചരിക്കുകയാണ്. അവർ പ്രചരിപ്പിച്ച നുണക്കഥകൾ ഇന്ത്യൻ പശ്ചാത്തലത്തിൽ ആർഎസ്എസ് സംഘടനകൾ ശക്തമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഗാന്ധിജിയുടെ കൊലപാതകത്തെ ഒരിക്കലും അപലപിക്കാത്ത ആർഎസ്എസ് എന്നാൽ കൊലയ്ക്ക് നേതൃത്വം കൊടുത്ത ഗോഡ്സേ സഹോദരങ്ങളെയും സവർക്കറെയും ആപ്തെയും മറ്റും വേണ്ട അവസരങ്ങളിൽ തള്ളി പറയുവാൻ മടിക്കുന്നില്ല. അതും കടന്ന് ഒരു കാലത്ത് integral humanism പ്രചരിപ്പിക്കയും പിന്നീട് ഗാന്ധിയൻ സോഷ്യലിസത്തിന്‍റെ പ്രചാരകരാകുകയും ചെയ്ത ആർഎസ്എസും ബിജെപിയും ഹിറ്റ്ലർന്‍റെ വിശ്വസ്തന്‍ ഗീബൽസ്സ് മുന്നോട്ട് വെച്ച പ്രചരണ തന്ത്രത്തെ ഉപയോഗിക്കുന്നു.
(ഞാനാണ് രാജ്യം എന്ന് പല നിലയിൽ ഹിറ്റ്ലറും മുസോളിനിയും പറഞ്ഞത് ഓർക്കുക, ഹോസ്നീ മുബാറക്ക് തന്‍റെ വസ്ത്രത്തിൽ സ്വന്തം പേർ ആലേഖനം ചെയ്തത് മറന്നുപോകരുത്, റേഡിയോയിലൂടെ ഹിറ്റ്ലർ നടത്തിയ പ്രസംഗങ്ങൾ ഒപ്പം അദ്ദേഹം പത്രപ്രവർത്തകരുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്നത് ശ്രദ്ധിക്കുക, എനിക്കും എന്നിൽ വിശ്വസിക്കുന്നവർക്കും മാത്രമേ രാജ്യസ്നേഹം ഉള്ളൂ എന്ന ഇറ്റാലിയൻ നേതാവ് മുസോളിനിയുടെ വരികളെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങൾ 2014 മുതൽ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ നിന്നും നമ്മൾക്ക് കേൾക്കുവാൻ കഴിയും)
ഇന്ത്യയിൽ നിരവധി രാഷ്ട്രീയക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപിതാവിന് ശേഷം രണ്ടു പ്രധാനമന്ത്രിമാർ അങ്ങനെ പലരും. അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യങ്ങൾ പെട്ടെന്ന് ആർക്കും മനസ്സിലാക്കുവാൻ കഴിയും. അതിൽ ഗാന്ധിജിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികൾ ആ കൊലപാതകത്തിന് ശേഷം ചെറിയ ഒരു ഇടവേള ഒഴിച്ച് നിർത്തിയാൽ കൂടുതൽ സജീവമാകുന്നത് നമുക്ക് കാണാം. അതിനു പിന്നീട് ഇരയായത് ബോംബയിലെ കമ്യുണിസ്റ്റ് നേതാവ് ആയിരുന്നു. 1970 ജൂൺ 5ന് കൃഷണ ദേശായി (എന്ന സിപിഐ നേതാവും എംഎൽഎയും) ബോംബ നഗരത്തിൽ വെച്ച് വെടിയേറ്റ് മരിച്ചു. AITUC ആപ്പീസ് തീയിട്ടു നശിപ്പിച്ചു. ബോംബയിൽ ശക്തമായിരുന്ന കമ്യുണിസ്റ്റ് തൊഴിലാളി യുണിയൻ പ്രവർത്തനത്തെ തകർക്കുകയായിരുന്നു ലക്ഷ്യം. അതിനു നേതൃത്വം കൊടുത്ത ബാൽ താക്കറെ യെയും മറ്റു പ്രതികളെയും രക്ഷിക്കുവാൻ അന്നത്തെ മറാത്ത കോൺഗ്രസ് സർക്കാർ വളരെ സഹായങ്ങൾ നൽകി. ശ്രീ റാം ജഠ്മലാനി അവർക്കായി വാദിച്ചു. ഒരാൾ പോലും ശിക്ഷിക്കപെട്ടില്ല. 1997ൽ എംപി ആയിരുന്ന ദത്താ സമാന്ത് എന്ന വളരെ പ്രസിദ്ധി നേടിയ തൊഴിലാളി നേതാവിനെ (5ലക്ഷം തുണിമിൽ തൊഴിലാളികളെ സംഘടിപ്പിച്ച) ഒരു സംഘം ഗുണ്ടകൾ വെടിവെച്ചു കൊന്നു. ഇതിനു പിന്നിലും RSS രാഷ്ടീയമായിരുന്നു പ്രവർത്തിച്ചത്. ഖനി രംഗത്തെ വന്‍ കിടക്കാരുടെ ചൂഷണത്തിനെതിരെ ജനങ്ങളെ സംഘടിപിച്ച് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാന്‍ ച്ചത്തീസ്ഗട്ടിൽ സമരങ്ങൾ നടത്തിവന്ന ശങ്കർ ഗുഹാ നിയോഗിയെ ഖനി മാഫിയാകളുടെ പ്രതിനിധികൾ (1991) കൊലപെടുത്തിയത്തിന് പിന്നിൽ ഇന്ത്യൻ ജനാധിപത്യത്തെ അസ്ഥിരപെടുത്തുവാൻ പ്രവർത്തിക്കുന്ന ഹിന്ദു മതമൗലിക− കോർപ്പറേറ്റ് ശക്തികൾ ആയിരുന്നു ഉണ്ടായിരുന്നത്.
2014ൽ ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്പോൾ അതിന്‍റെ നേതൃത്വത്തിൽ പൊതുവെ രണ്ടാം നിരയിൽ പെട്ട ഒരാൾ പ്രധാനമന്ത്രി കസേരയിൽ എത്തിയത് എന്തുകൊണ്ടായിരിക്കും? ഇന്ത്യൻ ജാനാധിപത്യത്തിൽ വലിയ തിരിച്ചടികൾക്ക് കാരണമായ സംവരണ വിരുദ്ധ സമരം, ബാബറി മസ്ജീദ് പൊളിക്കൽ തുടങ്ങിയ രാജ്യത്തിന്‍റെ ചരിത്രത്തിൽ തന്നെ വൻദുരന്തങ്ങൾ ആയി രേഖപ്പെടുത്തേണ്ടി വന്ന സംഭവങ്ങൾക്ക് നേതൃത്വം കൊടുത്ത മുൻ ഉപ പ്രധാനമന്ത്രിയും മുരളി മനോഹർ ജോഷിയും പിന്തള്ള പ്പെടുവാൻ കാരണം മുൻ പറഞ്ഞ വ്യക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ മതനിരപേക്ഷ മൂല്യങ്ങളിൽ അട്ടിമറികൾ നടത്തുവാൻ അരനൂറ്റാണ്ടായി ശ്രമിക്കുകയും ഭാഗികമായി വിജയിക്കുകയും ചെയ്തിരുന്നു. അവർ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കലാപങ്ങൾ സംഘടിപ്പിച്ചു കൂട്ട കൊലകൾ നടത്തുവാൻ നേരിട്ട് നേതൃത്വം നൽകിയിരുന്നില്ല. എന്നാൽ ഇവർ ഒരുക്കിയ പാതയിലൂടെ വർഗ്ഗീയ വിഷം ചീറ്റുന്ന ആശയങ്ങളും കലാപങ്ങളും ആസൂത്രണം നടത്തി ആയിരങ്ങളെ കൊല്ലുകയും ഇരകൾക്ക് നീതി നിക്ഷേധിക്കുകയും കൊലപതങ്ങൾക്ക് നേതൃത്വം കൊടുത്തവരെ സ്വന്തം മന്ത്രി സഭയിൽ ഉൾപ്പെടുത്തുകയും ചെയ്ത വ്യക്തിയെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാക്കുവാൻ ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു. ഒപ്പം വർഗ്ഗീയ അജണ്ടകൾ നടപ്പിൽ വരുത്തുന്നതിൽ വലം കൈയ്യായി പ്രവർത്തിച്ച തന്‍റെ മുൻകാല മന്ത്രിസഭയിലെ ഒരു ജൂനിയറിനെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തിരുത്തി ഇന്ത്യയുടെ ജനാധിപത്യ ലോകത്ത് വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു. തങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെ കൊലപ്പെടുത്തി നിശബ്ദമാക്കുവാൻ ഒരിക്കലും ഫാസിസ്റ്റുകൾ മടിച്ചിട്ടില്ല. ബിജെപിയുടെ ഏറ്റവും മുതിർന്ന രണ്ടു നേതാക്കളുടെ (ശ്യാമപ്രസാദും ദീന ദയാൽ ഉപാധ്യായയും) മരണം പോലും ദുരൂഹമായിരുന്നു എന്നത് ഫാസിസ്റ്റു ലോകത്ത് സാധാരണമാണ്.
നരേന്ദ്ര ദബോൽക്കാർ എന്ന യുക്തിവാദി 2013ൽ രാവിലെ വെടിയേറ്റ് മരിച്ചത് അദ്ദേഹം അന്തവിശ്വസങ്ങൾക്കെതിരെ നടത്തിയ പ്രചരങ്ങളിൽ കലിതുള്ളിയ വർഗ്ഗീയ സംഘടനകളുടെ പ്രതിനിധികളാൽ ആയിരുന്നു. ഗോവിന്ദ് പൻസാര എന്ന കമ്യുണിസ്റ്റിനെ വേടിവെച്ചു വീഴ്ത്തിയതും ഇതേ ശക്തികൾ തന്നെ. കന്നഡ സാഹിത്യത്തിലെ പ്രധാനിയും മുൻ വൈസ് ചാൻസലറുമായ കൽബുർഗിയെ വെടിവെച്ചു കൊന്നതും ഇന്ത്യൻ ഫാസിസ്റ്റുകൾ ആകുന്നത് അവിചാരിതമല്ല. ഏറ്റവും അവസാനം പത്രപ്രവർത്തകയും സാമൂഹിക രംഗങ്ങളിൽ നിരന്തരം പ്രവർത്തിച്ചു വന്ന ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടതും ഇന്ത്യൻ ജനാധിപത്യത്തെ മത ഭീകരതയുടെ ഫസിസ്റ്റു സ്വരൂപം കീഴ്പ്പെടുത്തുന്നതിൽ ലക്ഷ്യം കാണുന്നതുകൊണ്ടാണ്. ഇന്ത്യ അകപെട്ട അത്യപൂർവ്വമായ രാഷ്ടീയ പ്രതിസന്ധികളെ തരണം ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ ഇന്ത്യൻ ജനാധിപത്യം ഒരോർമ്മ മാത്രമായി അവശേഷിക്കും. അത് ലോകത്തെ വിവിധ രാജ്യങ്ങളിൽ ഫസിസ്സത്തിനു പുതു ജീവൻ നൽകും. അതിനു ഇന്ത്യൻ ജനാധിപത്യം അവസരം ഒരുക്കില്ല എന്ന് കരുതാം...