പേരിൽ മാത്രം ഡോക്ടർമാർ !
ജെ. ബിന്ദുരാജ്
ആത്യന്തികമായി ഒരു വിപ്ലവകാരിക്കു വേണ്ടത് മനുഷ്യത്വവും സഹാനുഭൂതിയുമാണ്. ഒരു ഡോക്ടർക്കു വേണ്ടതും അതുതന്നെ. വിപ്ലവകാരിയാകുന്നതിനു മുന്പ് ഏണസ്റ്റോ ചെഗുവേര ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഒന്പതാം വയസ്സുവരെ കടുത്ത ആസ്തമ രോഗത്തിന്റെ പിടിയിലായിരുന്ന ചെഗുവേരയെ സംബന്ധിച്ചിടത്തോളം രോഗത്തിന്റെ യാതനകൾ നന്നായി അറിയുകയും ചെയ്യാമായിരുന്നു. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കേ, സുഹൃത്ത് ആൽബർട്ടോയ്‌ക്കൊപ്പം മോട്ടോർസൈക്കിളിൽ തെക്കേ അമേരിക്കയിലൂടെ നടത്തിയ 4500 കിലോമീറ്റർ നീണ്ട സഞ്ചാരമാണ് ജനങ്ങളേയും അവരുടെ ദുരിതജീവിതത്തേയും തിരിച്ചറിയുന്നതിന് ചെഗുവേരയെ സഹായിച്ചത്. പിന്നീട് 1953−ൽ ചെഗുവേര ഡോക്ടർ ബിരുദം നേടിയശേഷം ചില ആശുപത്രികളിലൊക്കെ തൊഴിലെടുത്തെങ്കിലും വിപ്ലവകാരികൾക്കൊപ്പമായി തുടർ ജീവിതം. 1956−ൽ ക്യൂബൻ മലനിരകളിലേക്ക് ഗറില്ലാസംഘം പുറപ്പെട്ടപ്പോൾ അവരുടെ ഡോക്ടറായി ഗുവേരയുമുണ്ടായിരുന്നു. മുറിവേൽക്കുന്ന ഗറില്ലാ പോരാളികളുടേയും ബാറ്റിസ്റ്റാ പടയാളികളുടേയും ചികിത്സകനായിരുന്നു അദ്ദേഹം. ലോകം വിപ്ലവകാരിയെന്ന് ചെഗുവേരയെ വിളിക്കുന്നതിനു പിന്നിൽ ജനസാമാന്യത്തിനായുള്ള അദ്ദേഹത്തിന്റെ സായുധ പോരാട്ടങ്ങളായിരുന്നു പ്രേരകമെങ്കിലും മനുഷ്യത്വത്തിന്റെ പ്രതീകമായ പ്രതിബദ്ധതയുള്ള ഡോക്ടറുടെ റോളാണ് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ ഉണർത്തുകയും വിപ്ലവപ്രസ്ഥാനങ്ങളിലേയ്ക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തതെന്നതാണ് വാസ്തവം.
സ്വാശ്രയമെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പ്രവേശനത്തെപ്പറ്റിയുള്ള ചർച്ചകൾ പൊടിപൊടിക്കുന്ന സമയമാണിത്. കോടതിവിധിയോടെ സാന്പത്തികശേഷി കുറഞ്ഞ നിരവധി വിദ്യാർത്ഥികൾക്ക് ഡോക്ടറാകാനുള്ള മോഹം പൊലിഞ്ഞു. തമിഴ്‌നാട്ടിലാകട്ടെ, എംബിബിഎസ്സിന് സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തു. പക്ഷേ ന്യായമായും സംശയങ്ങൾ ഉണ്ടാകാം. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും ആത്മാർപ്പണം വേണ്ടതും യാതനകൾ നിറഞ്ഞതുമായ ഈ തൊഴിൽ ഏറ്റെടുക്കാൻ ഇത്രയേറെപ്പേർ കൊതിക്കുന്നതെന്തുകൊണ്ടാണ്? നന്മയുടെ വിസ്‌ഫോടനമാണ് അതെന്നും ആശുപത്രികളിലെത്തുന്നവരെ ചികിത്സിക്കാൻ മനസ്സുനൊന്തിരിക്കുന്നവരാണ് അവരെന്നും നമുക്ക് വിശ്വസിക്കാനാവില്ല. ലക്ഷക്കണക്കിനു രൂപ ചെലവിട്ട് പാവപ്പെട്ടവനെ ചികിത്സിച്ച് സായൂജ്യമടയാൻ മാത്രമുള്ള ആത്മാർത്ഥതയൊന്നും സ്വാർത്ഥതയുടെ പരമകാഷ്ഠയിലെത്തി നിൽക്കുന്ന ഈ സമൂഹത്തിലുണ്ടെന്ന് വിശ്വസിക്കാൻ മാത്രം മഠയന്മാരല്ല നമ്മൾ. അപ്പോൾ ഒരു കാര്യം ഉറപ്പാണ്. പണവും സ്റ്റാറ്റസും തൊഴിൽ സുരക്ഷയുമാണ് ഡോക്ടർ തൊഴിലിനു പിന്നാലെ പായാൻ ആയിരക്കണക്കിനു പേരെ പ്രേരിപ്പിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയോ സന്മനസ്സോ ഉള്ള ഡോക്ടർമാരേക്കാൾ പണക്കൊതിയും കമ്മീഷൻ ഭ്രമവുമൊക്കെയുള്ള ഡോക്ടർമാരുടെ പടയെയാണ് ഇന്ന് കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമൊക്കെ പടച്ചുവിടുന്നത്. അത്തരക്കാരായവരാണ് നിർദ്ധനരായ രോഗികൾ അപകടത്തിൽപ്പെട്ട് ആശുപത്രികളിലെത്തുന്പോൾ അവർക്കു മുന്നിൽ ഐസിയുവിന്റേയും വെന്റിലേറ്ററിന്റേയും വാതിലുകൾ അടച്ച് അവരെ നടുറോഡിട്ടിലിട്ട് കൊല്ലുന്നത്. അത്തരക്കാരാണ് പണത്തിനു വേണ്ടി പാവപ്പെട്ടവരുടെ അവയവങ്ങൾ അവനറിയാതെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സന്പന്നന്മാർക്ക് വെച്ചുകൊടുക്കുന്നത്. അത്തരക്കാരാണ് മരുന്നുലോബിയുടേയും ഉപകരണ മാഫിയയുടേയും കമ്മീഷൻ വാങ്ങി അനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും രോഗികൾക്ക് നിർദ്ദേശിക്കുന്നത്. അത്തരക്കാരാണ് അനാവശ്യ ടെസ്റ്റുകൾക്കായി നിർദ്ധനരായ രോഗികളിൽ നിന്നും പണം പിഴിഞ്ഞെടുത്ത് അവരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
ഡോക്ടർമാരെ ദൈവങ്ങളായി രോഗികളും അവരുടെ ബന്ധുക്കളും മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, പണ്ട്. ചികിത്സയ്ക്ക് ഏറ്റവും ചുരുങ്ങിയ തുക മാത്രം പ്രതിഫലം വാങ്ങുകയോ പാവപ്പെട്ട രോഗികളെ ചികിത്സാചെലവിൽ നിന്നും ഒഴിവാക്കുകയോ ചെയ്തിരുന്ന ഡോക്ടർമാരുമുണ്ടായിരുന്നു. പക്ഷേ ഇന്ന് അത്തരക്കാരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. ഇന്ത്യയിൽ നിലവിൽ 9,38,861 അലോപ്പതി ഡോക്ടർമാരാണുള്ളതെന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഹെൽത്ത് ഇന്റലിജൻസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത്. അതായത് 1000 രോഗികൾക്ക് കേവലം ഏഴു ഡോക്ടർമാർ മാത്രം. സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത് മഹാരാഷ്ട്രയിലും ബീഹാറിലുമാണ്. മഹാരാഷ്ട്രയിൽ 27,790 രോഗികൾക്ക് ഒരു ഡോക്ടറും ബീഹാറിൽ 28,391 രോഗികൾക്ക് ഒരു ഡോക്ടറുമാണുള്ളത്. വളരെ ദയനീയമായ ഒരവസ്ഥയാണത്. ഉത്തരപ്രദേശിന്റെ അവസ്ഥയും ഭിന്നമൊന്നുമല്ല. ഗോരഖ്പൂരിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ടായ ശിശുമരണങ്ങൾ ഈ സംസ്ഥാനങ്ങളിലെ പൊതുജനാരോഗ്യ സംവിധാനത്തെ അപ്പാടെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. കണക്കുകൾ അത്ര ശോഭനവുമല്ല. ഇന്ത്യയിലുള്ള 400−ഓളം മെഡിക്കൽ കോളേജുകളിൽ നിന്നും ഒരു വർഷം പുറത്തിറങ്ങുന്ന 16,000−ത്തോളം ഡോക്ടർമാരിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഗ്രാമീണമേഖലകളിൽ തൊഴിൽ ചെയ്യാൻ സന്നദ്ധരാകുന്നതെന്നത് ആരോഗ്യരംഗത്തേയ്ക്ക് നമ്മുടെ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് പണമല്ലാതെ മറ്റൊന്നുമല്ലെന്നതിന്റെ തെളിവുമാണ്. പക്ഷേ അതിനുമുണ്ട് രണ്ടുവശം. കേരളത്തിൽ മെഡിക്കൽ പ്രവേശനരംഗത്ത് പ്രതിസന്ധി ഉടലെടുത്തപ്പോൾ സർക്കാർ ബാങ്ക് ഗ്യാരണ്ടി വാഗ്ദാനം നൽകുകയും ഒഴിവു വരുന്ന എൻആർഐ സീറ്റ് പൊതുവിഭാഗത്തിലേക്കുമാക്കി മാറ്റിയപ്പോൾ കുറെയേറെപേർക്കു കൂടി മെഡിക്കൽ പ്രവേശനത്തിന് അവസരം ലഭിച്ചെങ്കിലും എംബിബിഎസിനുശേഷം സ്‌പെഷ്യലൈസേഷന് ഈ വിദ്യാർത്ഥികൾ പോകുന്പോൾ ഭീമമായ തുക അവർ പോസ്റ്റ് ഗ്രാജുവേഷന് നൽകേണ്ടി വരുമെന്ന് ഡോക്ടർ ബി.ഇക്ബാലിനെപ്പോലുള്ള ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാൻ ഇവർ വലിയ തോതിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ചെറുതല്ലാത്ത ഒരു പ്രതിസന്ധി തന്നെയാണ് മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ചിരിക്കുന്നതെന്ന് പറയാ
തെ വയ്യ. കൂടുതൽ ശന്പളം ലഭിക്കുന്ന ആശുപത്രികൾ മാത്രം തേടി ഡോക്ടർമാർ പോകാനും മരുന്നു കന്പനികളുടേയും ഉപകരണ മാഫിയയുടേയും കമ്മീഷനുകൾ അവരിൽ പലരും തേടേണ്ടി വരുന്നതിനും പിന്നിൽ വായ്പ അടച്ചുതീർക്കാനുള്ള ഇവരുടെ ഈ ബദ്ധപ്പാടുകളുമുണ്ടാകാം. അങ്ങനെ വരുന്പോൾ ഡോക്ടറുടെ പ്രാഥമിക ചുമതലയിൽ നിന്നും കരിയറിന്റെ കാണാക്കുരുക്കുകളിലേയ്ക്ക് അവർ വഴിമാറിപ്പോകുകയും ചെയ്യും.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ (ഐഎംഎ) കേരളാ ഘടകം സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഡോക്ടർമാർക്കു നേരെയും ആശുപത്രികൾക്കുനേരെയും 130−ഓളം ചെറുകിട ആക്രമണങ്ങളും 40കടുത്ത ആക്രമണങ്ങളും ഉണ്ടായിട്ടുള്ളതായി പറയുന്നുണ്ട്. ഡോക്ടർമാരോടും ആശുപത്രികളോടുംനാട്ടുകാർക്കിടയിൽ വർദ്ധിച്ചുവരുന്ന അവിശ്വാസ്യതയുടേയും എതിർപ്പിന്റേയും പ്രതിഫലനമാണ് ആ ആക്രമണങ്ങൾ. ഒരു കാലത്ത് ദൈവത്തെപ്പോലെയാണ് ഡോക്ടർമാരെ ജനം കണക്കാക്കിയിരുന്നതെങ്കിൽ ഇന്ന് തങ്ങളുടെ കൈയിലെ പണം അപഹരിക്കാൻ പലവിധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന ചൂഷകരായാണ് പല ഡോക്ടർമാരേയും രോഗികളും അവരുടെ ബന്ധുക്കളും കാണുന്നത്. പല ഡോക്ടർമാരും കമ്മീഷൻദാഹികളാണെന്നും അനാവശ്യമായാണ് പല ടെസ്റ്റുകളും തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതെന്നുമൊക്കെ അവർ കരുതുന്നു. ഡോക്ടർമാർക്കെതിരെ നടന്നിട്ടുള്ള 49ശതമാനം ആക്രമണങ്ങളും ശസ്ത്രക്രിയക്ക് വിധേയമായശേഷം രോഗി ഐസിയുവിൽ കിടക്കുന്ന സമയത്ത് ബന്ധുജനങ്ങൾ ഡോക്ടർമാർക്കെതിരെ നടത്തിയിട്ടുള്ളതാണെന്നാണ് ഐഎംഎ ദേശീയതലത്തിൽ നടത്തിയ പഠനം പറയുന്നത്. 75ശതമാനത്തിലധികം ഡോക്ടർമാരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നാട്ടുകാരുടെ ആക്രമണങ്ങൾക്ക് പാത്രീഭവിച്ചിട്ടുണ്ടെന്നും ഐഎംഎ ദേശീയതലത്തിൽ നടത്തിയ പഠനം പറയുന്നു.
ഡോക്ടർമാർ രോഗികളെ ചികിത്സിക്കുകയാണ് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം എന്ന കടമ മറന്ന്, മരുന്നു കന്പനികളെ സഹായിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് കരുതാൻ പല കാരണങ്ങളുമുണ്ട്. രാജ്യത്തെ പല മെഡിക്കൽ കോൺഫ്രൻസുകളുടേയും പ്രധാന സ്‌പോൺസർമാർ പല മരുന്നു കന്പനികളുമാണെന്നത് ഡോക്ടർമാരും ഈ കന്പനികളും തമ്മിലുള്ള അവിശുദ്ധബന്ധംതന്നെയാണ് വെളിവാക്കുന്നത്. ഡോക്ടർമാരുടെ അസോസിേയഷനുകളാണ് ഫാർമ കന്പനികളുടെ സ്‌പോൺസർഷിപ്പ് അവരുടെ കോൺഫ്രൻസുകൾക്കായി തേടുന്നതെങ്കിലും ഈ കന്പനികളുടെ മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കുന്നതിൽ പിന്നീട് ഡോക്ടർമാർ പ്ര
ത്യേക താൽപര്യമെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പല മരുന്നു കന്പനികളും ഡോക്ടർമാർക്ക് വിലപിടിപ്പുള്ള പല ഇലക്ട്രോണിക് ഉപകരണങ്ങളും സമ്മാനമായി നൽകുകയും ചില അവസരങ്ങളിൽ വിദേശയാത്രകൾ വരെ സൗജന്യമായി വാഗ്ദാനം ചെയ്യുകയും ചെയ്യാറുണ്ട്. ഡോക്ടർമാരുടെ ഇത്തരം നടപടികൾക്കു നേരെ പലപ്പോഴും ഐഎംഎ കണ്ണടയ്ക്കുകയുമാണ് പതിവ്.
ഡോക്ടർമാരോടുള്ള വിശ്വാസം വലിയൊരു പരിധി വരെ രോഗികൾക്കും അവരുടെ ബന്ധുജനങ്ങൾക്കും നഷ്ടപ്പെട്ടതു മൂലം ഏതെങ്കിലും ഒരു ഡോക്ടറെ കാണുന്നതിനു പകരം ഒന്നിലധികം ഡോക്ടർമാരെ കൺസൾട്ട് ചെയ്തതിനുശേഷം മാത്രം ഇന്ന് പലരും രോഗമെന്തെന്ന് തീർച്ചപ്പെടുത്തുന്നുള്ളു. ആരോഗ്യകരമായി കൂടുതൽ അവബോധം മാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്നതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളിൽ ടെസ്റ്റ് ചെയ്ത പരിശോധനാഫലവുമായാണ് പല രോഗികളും ഡോക്ടർമാരെ കാണാനെത്തുന്നതു തന്നെ. ഇതിനു പുറമേ, ചില സംഘടനകളും വ്യക്തികളും അലോപ്പതി വൈദ്യരീതിക്കെതിരെ നടത്തുന്ന പ്രചരണങ്ങളും ഡോക്ടർമാരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥ കൊണ്ട് ഒരു രോഗിയുടെ മരണം സംഭവിക്കുകയോ രോഗിയുടെ നില വഷളാകുകയോ ചെയ്താൽ ഡോക്ടർക്കെതിരെ രോഗിയുടെ ബന്ധുക്കൾ നൽകുന്ന പരാതിയിൽ പോലീസ് കേസ്സെടുത്താൽ തന്നെയും പലപ്പോഴും ആ കേസ്സുകളിൽ ഡോക്ടർമാർ ശിക്ഷിക്കപ്പെടുന്നത് അപൂർവ്വമായാണ്. കാരണം പോലീസ് ഈ കേസ്സുകൾ പ്രാഥമിക പരിശോധനയ്ക്ക് വിടുന്നത് ഒരു ഫോറൻസിക് ഡോക്ടർക്കടുത്തേക്കാണ്. അവരുടെ നിഗമനം പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസർ ചെയർമാനായ ഒരു മെഡിക്കൽ ബോർഡിനു വിടുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് വിദഗ്ദ്ധനും പൊലീസ് സർജനും പ്രസ്തുത വിഭാഗത്തിൽപ്പെട്ട മെഡിക്കൽ കോളെജിലെ ഡോക്ടർമാരടങ്ങിയ സംഘവുമാണ് അന്വേഷണത്തിനൊടുവിൽ ഡോക്ടറുടെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നത്. പലേപ്പാഴും ഇത്തരം കേസ്സുകളിൽ ഈ മെഡിക്കൽ ബോർഡ് മുട്ടാന്യായങ്ങളുന്നയിച്ച് കുറ്റാരോപിതനായ ഡോക്ടറെ സംരക്ഷിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. മെഡിക്കൽ അനാസ്ഥ കേസ്സുകളിൽ ഡോക്ടർമാർക്കെതിരെ വിധിയുണ്ടാകാത്തതു മൂലം കേരളത്തിൽ ഇത്തരം കേസ്സുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നതാണ് വാസ്തവം. 2014−ൽ 529 പരാതികളാണ് മെഡിക്കൽ അനാസ്ഥ സംബന്ധിച്ച് ഉണ്ടായിരുന്നതെങ്കിൽ 2017 മേയിൽ അത് കേവലം 42 ആയി മാറിയിരിക്കുന്നു. 2015−ൽ ഡോക്ടർമാർക്കെതിരെ 192 പരാതികൾ കേരളത്തിലെ വിവിധ കോടതികളിലുണ്ടായിരുന്നുവെങ്കിൽ 2016−ൽ അത് കേവലം 80 ആയി കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും രോഗികൾക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ തോത് ഉയർന്നിട്ടുണ്ടെന്നാണ് ഐഎംഎയുടെ കണക്കുകൾ. 2013 ഒക്ടോബർ മുതൽ 2017 ജൂൺ മാസം വരെ 16 കേസ്സുകളിലായി 24.88 ലക്ഷം രൂപ വിവിധ കോടതികൾ രോഗികളുടെ ബന്ധുക്കൾക്കും രോഗികൾക്കും നഷ്ടപരിഹാരമായി വിധിച്ചിട്ടുണ്ട്. പക്ഷേ കേവലം 5 ശതമാനം കേസ്സുകൾ മാത്രമേ വിചാരണഘട്ടത്തിലേയ്ക്ക് പോകുന്നുള്ളുവെന്നത് ഡോക്ടർമാർക്കൊപ്പമാണ് നിയമസംവിധാനമെന്നതിന്റെ തെളിവാണ്.
ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പിടിയിലമർന്നശേഷമാണ് വൈദ്യരംഗത്ത് മോശപ്പെട്ട നിരവധി പ്രവണതകൾ വർദ്ധിച്ചതെന്നത് ആർക്കും നിഷേധിക്കാനാകാത്ത സത്യമാണ്. പല ആശുപത്രികളും ഡോക്ടർമാരെ അവർക്ക് പണമെത്തിക്കുന്ന ഉപകരണങ്ങളായാണ് കാണുന്നത്. അവരുടെ കണ്ണിൽ രോഗിയിൽ കൂടുതൽ ടെസ്റ്റുകൾ നടത്താൻ ആവശ്യപ്പെടുന്ന ഡോക്ടറും രോഗിയിൽ നിന്നും പരമാവധി പണം പിടുങ്ങി നൽകാൻ ശേഷിയുള്ള ഡോക്ടറുമാണ് മികച്ചവർ. അധാർമ്മികമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഡോക്ടർമാർ സംരക്ഷിക്കപ്പെടുകയും കൂടുതൽ പ്രതിഫലം വാങ്ങുകയും ചെയ്യുന്പോൾ മറ്റു ഡോക്ടർമാരും മനസ്സാക്ഷിക്കു വിരുദ്ധമായി അത്തരം പാതകളിലൂടെ സഞ്ചരിക്കാൻ തീരുമാനിക്കുമെന്നതാണ് വേറെ കാര്യം. സർക്കാർ ഡോക്ടർമാരുടെ അവസ്ഥയും ഭിന്നമല്ല. പൊതുജനാ
രോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് അവരുടെ വസതിയിൽ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ടെങ്കിലും കൊമേഴ്‌സ്യൽ കെട്ടിടങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നത് നിയമപരമല്ല. എന്നാൽ സർക്കാർ ഡോക്ടർമാർ സ്വകാര്യ ലാബുകളോ മെഡിക്കൽ സ്റ്റോറുകളോ നൽകുന്ന സ്ഥലങ്ങളിലിരുന്ന് ചികിത്സ നടത്തുന്നത് കേരളത്തിൽ സാധാരണമായ കാര്യമാണ്. ഈ ഡോക്ടർമാർ ഈ ലാബുകളോടും മെഡിക്കൽ സ്റ്റോറുകളോടും വിധേയത്വം പുലർത്തുന്നവരാണെന്ന കാര്യത്തിൽ സംശയമില്ല. ഇതിനു പുറമേ, ഇന്റേണുകളായ മെഡിക്കൽ വിദ്യാർത്ഥികൾ പല ക്ലിനിക്കുകളിലും ചികിത്സ നടത്തുന്ന കാഴ്ചയും സാധാരണയാണ്. ഒരു മുതിർന്ന ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ ഇന്റേണുകൾ പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിയമമെങ്കിലും പല ക്ലിനിക്കുകളും ഇന്റേണുകളെ ചെറിയ തുകയ്ക്ക് നിയമിച്ച് വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. മുതിർന്ന ഡോക്ടർ എന്തെങ്കിലും കാര്യങ്ങൾക്കായി പോകേണ്ടി വരുന്പോൾ ഈ ഇന്റേണുകളുടെ കൈയിലാണ് രോഗിയുടെ ജീവിതം. അക്ഷരാർത്ഥത്തിൽ വ്യാജ ഡോക്ടർമാർ തന്നെയാണ് ഈ ഇന്റേണുകൾ.
അപകടത്തിൽപ്പെട്ട്, ചികിത്സ ലഭിക്കാതെ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി മുരുഗന് വെന്റിലേറ്റർ സൗകര്യമില്ലെന്ന കാരണത്താൽ തിരുവനന്തപുരത്തേയും കൊല്ലത്തേയും അഞ്ചു ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ആ സമയത്ത് പല ആശുപത്രികളിലും വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നാണ് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു രാത്രി മുഴുവൻ അപകടത്തിൽപ്പെട്ട ഒരു രോഗിയുടെ ജീവനുമായി ഒരു ആംബുലൻസ് ഡ്രൈവർ നഗരപാതകളിലൂടെ പാഞ്ഞു നടന്നതും രാവിലെ മുരുഗൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞതിനും പിന്നിൽ ഡോക്ടർമാരുടെ ദയാരഹിതമായ പെരുമാറ്റം തന്നെയാണുള്ളത്. അതീവ ദുഷ്‌കരമായ ഒരു തൊഴിലാണ് ഡോക്ടറുടേത് എന്ന കാര്യത്തിൽ തർക്കമില്ല. ഒരേസമയം നൂറുകണക്കിനു രോഗികളെ കൈകാര്യം ചെയ്യുന്പോൾ സമനില തെറ്റിപ്പോകുന്നതും സ്വാഭാവികം മാത്രം. പണത്തിനും തൊഴിൽ സുരക്ഷയ്ക്കും മാത്രമായി സ്വീകരിക്കേണ്ടുന്ന ഒരു തൊഴിലല്ല ഡോക്ടറുടേത് എന്നതാണ് നമ്മുടെ കുട്ടികൾ ഓർമ്മിക്കേണ്ടത്. ആത്യന്തികമായി സമൂഹത്തെ സേവിക്കാനുള്ള പ്രതിബദ്ധതയും സഹജീവികളോട് സ്‌നേഹവും പുലർത്താത്ത ഒരാൾക്ക് ആ തൊഴിൽ ചെയ്യാനാവില്ല. മെഡിക്കൽ സീറ്റുകൾക്കായി നെട്ടോട്ടം ഓടുകയും ലക്ഷങ്ങൾ മക്കൾക്കായി നിക്ഷേപിക്കുകയും ചെയ്യാനൊരുങ്ങുന്നവർ ആത്യന്തികമായി പരിശോധിക്കേണ്ടത് തങ്ങളുടെ മക്കൾക്ക് ആ നന്മയും സഹാനുഭൂതിയുമൊക്കെ ഉണ്ടോയെന്നു തന്നെയാണ്.
പണവും സ്റ്റാറ്റസും തൊഴിൽ സുരക്ഷിതത്വവും മാത്രം മുന്നിൽക്കണ്ട് മക്കളെ ഡോക്ടർമാരാക്കാൻ ലക്ഷങ്ങൾ വാരിയെറിയുന്ന മാതാപിതാക്കൾ വാസ്തവത്തിൽ സമൂഹത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. പ്രതിബദ്ധതയില്ലാത്ത ഡോക്ടർനാമധാരികൾ ആ പ്രൊഫഷന്റെ വില കളഞ്ഞുകുളിക്കുമെന്ന് ആർക്കാണറിയാത്തത്?