ബുദ്ധനും സമാധാനവും
വി.ആർ. സത്യദേവ്
sathya@dt.bh
ഭൂമിയുടെ അവകാശികൾ ആര് എന്നത് എപ്പോഴും ഉയർന്നു കേൾക്കുന്നൊരു ചോദ്യമല്ല. എന്നാലത് സർവ്വകാല പ്രസക്തമായൊരു പ്രശ്നവുമാണ്. ഇതേ ചോദ്യം നമ്മൾ സർവ്വജ്ഞനായ ഗൂഗിളിനോടാണ് ചോദിക്കുന്നതെങ്കിൽ ബ്രിട്ടീഷ് റാണി എലിസബത് സെക്കൻഡ് എന്നാവും ഉത്തരം. 54 കോമൺവെൽത്തു രാജ്യങ്ങളുടെ നായികയും 32 രാജ്യങ്ങളുടെ രാജ്ഞിയുമായ എലിസബത്തിന്റെ പേരിലാണ് ഭൂമിയുടെ ആറിലൊന്നു ഭാഗവും എന്നാണ് േസ്റ്ററ്റ്സ്മാൻ പത്രം പറയുന്നത്. പേരിലുള്ളതൊക്കെ ആരുടെ കൈവശമാണ് എന്ന കാര്യം അന്വേഷിച്ചാൽ ഈ അവകാശവാദവും പേരിനു മാത്രമാണെന്നു വ്യക്തമാകും. ലോകത്തെ ഏറ്റവും പ്രമുഖരായ പത്തോ പന്ത്രണ്ടോ കോർപ്പറേറ്റുകളാണ് ശരിക്കും നമ്മളധിവസിക്കുന്ന ഭൂമിയുടെ അവകാശികൾ എന്നതാണ് ഇനിയുമൊരു വാദം.
ലാഭലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾ മനുഷ്യ സമൂഹങ്ങൾക്കുമേൽ പലവിധത്തിൽ അധീശത്വം നേടാൻ ശ്രമിക്കാറുണ്ട് എന്നതും അവർ അതിൽ വലിയൊരളവു വിജയിക്കാറുണ്ട് എന്നതും നിഷേധിക്കാനാവില്ല. എന്നാൽ ചൂഷണകലയിൽ വിദഗ്ദ്ധരായതു കൊണ്ടു മാത്രം അവരാണ് ഭൂമിയുടെ അവകാശികളെന്ന് സമ്മതിക്കാൻ തരമില്ല. പൂർവ്വകാലത്തെ അധികാരപ്രമത്തരായ ഒരുപാടു ഭരണാധികാരികളുടെ വീരഗാഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കരുത്തുകൊണ്ട് സ്വന്തം രാജ്യാതിർത്തികൾ അനുക്ഷണം വിസ്തൃതമാക്കിയ വീരന്മാർ. ചോരപ്പുഴകളൊഴുക്കി അവർ ശ്രമിച്ചത് കൂടുതൽ ഭൂമിയുടെ അവകാശികളാകാനായിരുന്നു. നമ്മുടെ നാട്ടുരാജ്യങ്ങളിലെ ബന്ധുക്കളും പരിചയക്കാരും ഒക്കെയായ നാട്ടരചന്മാർ നിരന്തരം യത്നിച്ചതും അതിനു തന്നെയായിരുന്നു. അലക്സാണ്ടറും ഗസ്നിയും ബാബറും ഒക്കെ ചെയ്തതും കൂടുതൽ ഭൂമിയുടെ അവകാശികളെന്ന ബഹുമതി വെട്ടിപ്പിടിക്കാനുള്ള യത്നങ്ങളായിരുന്നു. അതിൽ അവരൊക്കെ വലിയൊരളവു വിജയിച്ചു എന്ന് ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്ര രേഖകൾ അങ്ങനെ നിലനിൽക്കുന്പോഴും അന്ന് അങ്ങനെ രേഖപ്പെടുത്തിയതൊക്കെ ആത്യന്തികമായി സത്യമായിരുന്നോ എന്ന വലിയ ചോദ്യം നമ്മെ തുറിച്ചു നോക്കുകയാണ്. മേൽ പരാമർശിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതത്തിൽ നിന്നുള്ള ഒരേട് ഈ ചോദ്യത്തിന് ബലം പകരുന്നു. ഇന്ത്യ കീഴടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് മടക്കയാത്രയിൽ മരണത്തിൽ വിലയം പ്രാപിക്കുന്നതിനു തൊട്ടു മുന്പ് അലക്സാണ്ടർ മൂന്ന് അന്ത്യാഭിലാഷങ്ങൾ വിശ്വസ്ത സുഹൃത്തുക്കളോടും ഭൃത്യന്മാരോടുമായി ആവശ്യപ്പെട്ടു എന്നാണ് കഥ. അതിൽ മൂന്നാമത്തേതാണ് ഇവിടെ പ്രസക്തം. അന്ത്യ യാത്രക്കായി തന്റെ മൃതദേഹം മൂടി പൊതിഞ്ഞു കെട്ടുന്പോൾ ഇരു കൈകളും എല്ലാവർക്കും കാണാവുന്ന വിധം ഇരു വശത്തേക്കും വിടർത്തിയിടണമെന്നതായിരുന്നു അലസ്കാണ്ടറുടെ മൂന്നാമത്തെ അഭിലാഷം. മടിച്ചു മടിച്ച് അത് എന്തിനാണ് എന്ന് വിശ്വസ്ഥനായ ജനറൽ അദ്ദേഹത്തേട് ചോദിച്ചു. ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട താൻ ഈ ലോകത്തിലേക്കു വന്നത് വെറും കൈയോടെ ആണെന്നും തിരിച്ചുള്ള പോക്കിൽ തന്റെ കൈകളിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ലോകത്തെ മനസ്സിലാക്കാനാണ് അതെന്ന് അലക്സാണ്ടർ പ്രതിവചിച്ചു.ഭൂമിയുടെ അവകാശം സംബന്ധിച്ച് ധാരണകളൊക്കെ തികച്ചും ആപേക്ഷികമാണെന്ന വാദത്തിന് ഇത് ബലം പകരുന്നു. എന്നാൽ അതീവ ഹൃസ്വമായ ജീവിത കാലയളവിൽ ഈത്തരം വാസ്തവങ്ങളൊന്നും മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ല.
ലൗകിക ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് സ്വയം തിരിച്ചറിയുകയും ലോകത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ അവുന്നത്ര യത്നിക്കുകയും ചെയ്ത മഹാത്മാവാണ് ശ്രീ ബുദ്ധൻ. ശാന്തിയുടെയും സമാധാനത്തിന്റെയും സാർവ്വ ലൗകിക പ്രതിരൂപം. ബുദ്ധമതം ശാന്തിയുടെ മതമാണ്. ലോക മനസ്സാക്ഷിക്കു മേൽ വലിയ സ്വാധീനം നേടിയിട്ടുള്ള മതമാണ് അത്. നമ്മുടെ അയൽ രാജ്യമായ മ്യാൻമറിൽ ബുദ്ധമതത്തിന് വലിയ മേൽക്കോയ്മയാണുള്ളത്. രാജ്യത്തിന്റെ നയവും ഭരണകാര്യ
ങ്ങളുമെല്ലാം തീരുമാനിക്കുന്നതിൽ ആ മതത്തിനും ബുദ്ധമത സന്യാസികൾക്കുമെല്ലാം വലിയ പങ്കാണുള്ളത്. അങ്ങനെയല്ല, അവർ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എന്നു പറയാം. ജീവിതത്തിന്റെ നിസ്സാരതകളെക്കുറിച്ചും ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം എന്നതുമൊക്കെ ലോകത്തിന് ഓതിക്കൊടുത്ത മഹാത്മാവാണ് ശ്രീബുദ്ധൻ. ശ്രീബുദ്ധന്റെ അനുയായികളാണ് തങ്ങൾ എന്നതാണ് മ്യാൻമറെന്ന പഴയ ബർമ്മയിലെ ബുദ്ധഭിക്ഷുക്കളുടെ പക്ഷം. എന്നാൽ അവരുടെ പുതിയനിലപാടുകളിൽ ദുഃഖ കാരണങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ ഒരൽപ്പം മാറ്റമുണ്ട്. ശരാശരി ബുദ്ധ ഭിക്ഷുവിന്റെ അഭിപ്രായത്തിൽ ആശയല്ല റോഹിങ്ക്യകളാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ പിൻമുറക്കാരാണ് റോഹിങ്ക്യകൾ എന്നറിയപ്പെടുന്നത്. അനധികൃതമായി കുടിയേറിയവരുടെ പിന്മുറക്കാർ ജനിച്ചതും വളർന്നതുമൊക്കെ മ്യാൻമറിലാണ്. ആ തലമുറയെ സംബന്ധിച്ചിടത്തോളം മ്യാൻമറാണ് അവരുടെ ജന്മഭൂമി. മുത്തച്ഛന്മാരുടെയും മുതുമുത്തശ്ശന്മാരുടെയുമൊക്കെ മണ്ണായ ബംഗ്ലദേശ് അവർക്ക് കേട്ടുകേൾവി മാത്രമുള്ള മണ്ണാണ്. അവരവകാശപ്പെട്ടാലും ബംഗ്ലദേശ് അവരെ സ്വന്തം പൗരന്മാരായി കാണാനും സാദ്ധ്യതയില്ല.
സമാധാനത്തിന്റെയും ഭൂതദയയുടെയും വിശ്വാസക്കാരായ മ്യാൻമർ ബുദ്ധിസ്റ്റുകൾ സ്വന്തം മണ്ണിൽ അതിക്രമിച്ചു കടന്നവരായാണ് റോഹിങ്ക്യകളെ പരിഗണിക്കുന്നത്. തങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുന്നവരായാണ് അവർ റോഹിങ്ക്യകളെ കരുതുന്നത്. മ്യാൻമർ സർക്കാരും ഇതേ സമീപനമാണ് റോഹിങ്ക്യകളോടു പുലർത്തുന്നത്. പലയിടങ്ങളിലും റോഹിങ്ക്യകൾ തികച്ചും ഒറ്റപ്പെട്ട വാസസ്ഥലങ്ങളിലാണ് കൂട്ടത്തോടെ കഴിയുന്നത്. അവിടങ്ങളിലേത് തികച്ചും നരക ജീവിതം തന്നെയാണ് ഇത്തരം ഗ്രാമങ്ങളിൽ നിന്നും പുറത്തിറങ്ങാൻ അവിടങ്ങളിലുള്ളവർക്കു കഴിയുന്നില്ല. ഈ ഗ്രാമങ്ങളിൽ നിന്നും പുറത്തിറങ്ങിയാലേ ദരിദ്രരായ റോഹിങ്ക്യകൾക്ക് ജോലിചെയ്ത് ഒരു നേരത്തേ ആഹാരം സന്പാദിക്കാനാവൂ. ജോലിയും കൂലിയുമില്ലാതായതോടേ കടുത്ത പട്ടിണിയിലാണ് ഇവർ. ഭക്ഷണമില്ലാത്ത അവസ്ഥയിൽ ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പ്രത്യേകം പരാമർശിക്കേണ്ടതില്ലോ. സോമാലിയയിൽ നിന്നും പണ്ടു നമ്മൾ കണ്ടിരുന്നതു പോലുള്ള ചിത്രങ്ങളാണ് ഇപ്പോൾ രോഹിങ്ക്യൻ പ്രശ്നവുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
റോഹിങ്ക്യൻ വംശജർക്കെതിരേ കരളലിയുക്കുന്ന ആക്രമണമാണ് ബുദ്ധിസ്റ്റുകളും സർക്കാരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. അധിവാസകേന്ദ്രങ്ങൾക്കു പുറത്തു കടക്കാൻ ശ്രമിക്കുന്നറോഹിങ്ക്യകളെ തല്ലിക്കൊല്ലുന്നു എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. അത്തരം അധിവാസ കേന്ദ്രങ്ങളിൽ റോഹിങ്ക്യകളെ പട്ടിണിക്കിട്ടു കൊല്ലുക എന്നതാണ് അവരുടെ തന്ത്രം. ദുരിതം മടുത്ത് വലിയ ബോട്ടുകളിൽ അന്യരാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന റോഹിങ്ക്യകളുടെ എണ്ണം ദിനം പ്രതി അധികരിക്കുകയാണ്. മതിയായ ആഹാരമോ വെള്ളമോ പോലുമില്ലാത്ത വലിയ വള്ളങ്ങളിലും ചങ്ങാടങ്ങളിലുമാണ് രക്ഷപെടൽ ശ്രമം. റോഹിങ്ക്യകളുടെ കൈയിലുള്ളതെല്ലാം കൂലിയായി വാങ്ങിയാണ് വള്ളക്കാരുടെ ലോബി ഈ ആളെക്കടത്തു നടപ്പാക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആഴ്ചകളോളം ആഹാരവും വെള്ളവും കിട്ടാതെ കടലിലലഞ്ഞ് ജലസമാധിയടയാനാണ് ഇതിൽ പലരുടെയും ദുർവ്വിധി.
റോഹിങ്ക്യകളും തദ്ദേശീയ ബുദ്ധിസ്റ്റുകളും തമ്മിലുള്ള സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ പാരമ്യതയിലാണ് എന്നാണ് റിപ്പോർട്ടുകൾനൽകുന്ന സൂചന. സൈന്യവും നാട്ടുകാരും ചേർന്ന് റോഹിങ്ക്യകളുടെ വീടുകൾക്ക് തീയിടുന്നതായും വീടുകൾക്കു നേർക്ക് ബോംബു പ്രയോഗിക്കുന്നതായും വാർത്തയുണ്ട്. ബംഗ്ലദേശിൽ നിന്നുംഅഭയാർത്ഥികളുടെ ഒഴുക്കില്ലാതാക്കാൻ അതിർത്തിയിൽ കുഴിബോംബു പാകുന്നതായും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.
റോഹിങ്ക്യകൾ തങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നു എന്ന ആരോപണം ബുദ്ധിസ്റ്റുകൾക്ക് പണ്ടേയുണ്ട്. ഇതിനിടെ റോഹിങ്കകളുടെ പ്രതിരോധ സംഘടനകൾ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. അത് സായുധ ചെറുത്തു നിൽപ്പ് എന്ന തലത്തിലേക്കെത്തിയതോടെയാണ് റോഹിങ്ക്യ വിരുദ്ധ നീക്കം അതിശക്തമായത്. റോഹിങ്ക്യ സാൽവേഷൻ ആർമിയെന്ന സംഘടനയാണ് റോഹിങ്ക്യകളുടെ നിലനിൽപ്പിനായി ആയുധമെടുത്തു പോരാടുന്നത്. അവർ ആഗസ്ത് 25 നടത്തിയ ആക്രമണം ബുദ്ധിസ്റ്റുകളുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തുന്ന പ്രത്യാക്രമണമാണ് റോഹിങ്ക്യകൾക്ക് നേരിടേണ്ടി വന്നത്.
അതീവ ദയനീയമാണ് നിലവിൽ റോഹിങ്ക്യകളുടെ കാര്യം. പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. അടിയന്തിരമായ 77 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ ധനസഹായം മേഖലയിൽ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മ്യാൻമറിന്റെ മണ്ണിൽ പിറന്ന റോഹിങ്ക്യകൾക്കു വേണ്ടിയുള്ള യു.എന്നിന്റെ അഭ്യർത്ഥന ബധിരകർണ്ണങ്ങളിൽ പതിക്കാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പിക്കാനും കൂടുതൽ അധീശത്വം നേടാനുമുള്ള പല രാജ്യങ്ങളുടെയും വാർഷിക സൈനിക ബജറ്റുകൾ പരിഗണിക്കുന്പോൾ റോഹിങ്ക്യൻ പുനരധിവാസത്തിന് ആവശ്യമുള്ളത് കുറഞ്ഞ തുകയാണ്. ഭൂമിയുടെ അവകാശികൾ തങ്ങൾ മാത്രമാണെന്ന് സ്ഥാപിക്കാൻ അളവില്ലാത്ത തുകകൾക്ക് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നവർ പക്ഷേ ഭൂമിക്കുമേൽ ജന്മം കൊണ്ട് അതേ അവകാശമുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണ്. ഇത്തരം ഇരട്ടത്താപ്പുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
മ്യാൻമർ പ്രശ്നത്തിൽ ഇനിയുമൊരു ഒരു ഇരട്ടത്താപ്പിന്റെ മുഖം കൂടി നമുക്കു കാണാം. സാങ്കേതികമായല്ലെങ്കിലും മ്യാൻമറിന്റെ ഇപ്പോഴത്തെ നായിക ആംഗ് സാൻ സു കിയാണ്. ബർമ്മീസ് ജനാധിപത്യത്തിന്റെ മാത്രമല്ല ലോക സമാധാനത്തിന്റെതന്നെ പ്രതിരൂപം. സമാധാനത്തിനുള്ള പരമോന്നത പുരസ്കാരമായ നോബൽ സമ്മാന ജേത്രി. വർഷങ്ങളോളമുള്ള സുകിയുടെ ജയിൽ വാസം ലോക മനസ്സാക്ഷിക്കു നെഞ്ചിലെ നൊന്പരമായിരുന്നു. സുകിയുടെ മോചനത്തിനായി ലോകം മുറവിളികൂട്ടി. ഒടുവിൽ സു കിയുടെ മോചനത്തിലും അവരുടെ പാർട്ടിയുടെ വിജയത്തിലുമെല്ലാം ലോകം ഏറെ ആഹ്ലാദിച്ചു. എന്നാൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയുമെല്ലാം ആ ആഗോള പ്രതിരൂപം റോഹിങ്ക്യൻ മുസ്ലീങ്ങൾക്കുവേണ്ടി ഇതുവരെ ഒരുവാക്ക് ഉരിയാടിയിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആഗോള മനുഷ്യാവകാശത്തിന്റെ പ്രതിരൂപം ഇരട്ടത്താപ്പിന്റെകൂടി പ്രതിരൂപമാവുകയാണ്.
അലക്സാണ്ടർ അവസാന യാത്രയിൽ നിശ്ശബ്ദം പ്രഘോഷിച്ചതു പോലെ, വെറും കൈയോടേ ഈ ലോകത്തേയ്ക്കു വന്ന നമ്മൾ തിരിച്ചു പോകുന്നതും വെറും കൈയുമായി തന്നെ ആയിരിക്കും. ആറടി മണ്ണിന്റെ അവകാശികളെന്ന സങ്കൽപ്പം പോലും പൂർണ്ണമല്ല. യഥാർത്ഥത്തിൽ ഈ ഭൂമിയിലെ ഒരു തരി മണ്ണു പോലും നമ്മുടേതാണ് എന്ന് അവകാശപ്പെടുന്നത് നിരർത്ഥകമാണ്. എന്നിട്ടും എല്ലാം തങ്ങൾക്കു മാത്രമാക്കാൻ, റോഹിങ്ക്യകളെപ്പോലുള്ള സ്വന്തം കൂടപ്പിറപ്പുകളെ ദുരിതത്തിന്റെ നടുക്കടലിൽ തള്ളാൻ നമ്മൾ തന്ത്രങ്ങൾ മെനയുന്നു. സംഘച്ഛത്വം− അഥവാ ഒന്നു ചേർന്ന് മുന്പോട്ടു പോകാം എന്ന അടിസ്ഥാന തത്വം ബുദ്ധന്റെ അനുയായികൾ തന്നെ മറക്കുന്പോൾ റോഹിങ്ക്യകളുടെ കാര്യം ഏറെ കഷ്ടത്തിലാവുകയാണ്. ഇന്ന് ഇരുപക്ഷവും തമ്മിൽ പ്രഖ്യാപിച്ച വെടി നിർത്തൽ ശാശ്വതമാകട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. അവരും നമ്മുടെ അവകാശികളാണ്. അവരും ഈ ഭൂമിയുടെ അവകാശികളാണ്.