എന്റെ നോട്ടത്തിലെ ഓണം
അന്പിളിക്കല - അന്പിളിക്കുട്ടൻ
ജീവിച്ച കാലഘട്ടത്തിന്റെ പരിമിതിയിൽ ഒതുങ്ങി വിസ്മൃതിയുടെ മാറാലക്കെട്ടുകളിൽ രക്ഷപ്പെടാനാകാതെ കുടുങ്ങിപ്പോകുമായിരുന്ന ഒരു അസുരജന്മം ആ നശ്വരതയിൽ നിന്നും അനശ്വരതയിലേക്ക് ഉയർത്തപ്പെട്ടതാണ് ഓണമായി നാം ആഘോഷിക്കുന്നത്. അജ്ഞാന തിമിരം അകന്ന് സത്യം വെളിച്ചപ്പെടുന്പോൾ നാം ആ അനശ്വരതയെ തിരിച്ചറിയുന്നു, വാമനനെപ്പോലെ സൂക്ഷ്മമായി നമ്മിൽത്തന്നെ അവതരിച്ച് നമ്മിൽത്തന്നെ പടർന്നു പന്തലിച്ച് നമ്മുടെ ചിദാകാശത്തിനുമപ്പുറം ഹിമാലയത്തോളം വളരുന്ന സത്യദർശനം ഉണ്ടാകുന്പോൾ ആ അറിവിന്റെ മുന്നിൽ തലകുനിക്കേണ്ടി വരുന്നു മഹാബലിയെപ്പോലെ നമുക്കും.സത്യത്തെ ബഹുമാനിക്കുക, അതിന്റെ മുന്നിൽ അഹന്ത കൂടാതെ തലകുനിക്കുക. അത് അമരത്വം കൈവരുത്തുന്നു. ഇത് ഓണത്തിന്റെ ഒരു മാനവിക സന്ദേശമാണ്. വളരെ കുറച്ചു മാത്രം തിരിച്ചറിയപ്പെടുന്ന ഒരു സന്ദേശം.
സത്യം എപ്പോഴും ഒന്ന് മാത്രമാണ്. അത് ഏറ്റവും ശക്തമായ ഒരു കവചവും ആയുധവുമാണ്. ഹിംസക്കുള്ളതല്ല, സംരക്ഷണത്തിന് വേണ്ടിയുള്ളതെന്ന് മാത്രം. ദുരൂഹമായ സത്യം എന്നും നമ്മെ ചിന്തിപ്പിക്കുന്നു, കൗതുകപ്പെടുത്തുന്നു. ഉദാഹരണത്തിന് ഭൗമേതര നാഗരികതകളുണ്ടോ എന്ന മനുഷ്യരാശിയുടെ നിതാന്തമായ അന്വേഷണത്തിന് ഉത്തരമായി ഒരു സത്യം മാത്രം. ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന രണ്ട് സാധ്യതകളിൽ ആ സത്യം കാലാകാലങ്ങളിലായി മറഞ്ഞിരിക്കുന്നു. സത്യത്തെ അസത്യവും അസത്യത്തെ സത്യവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ഈ ലോകത്തെ നിർമ്മിക്കുന്നതും അപനിർമ്മിക്കുന്നതും. എന്നാൽ ഈ രണ്ട് പ്രക്രിയയും യഥാർത്ഥത്തിൽ സംഭവിക്കുന്നില്ല. സത്യം അസത്യമാവില്ല, അസത്യം സത്യവും. എന്നാൽ ഇങ്ങനെയൊക്കെ ഈ ലോകജീവിതത്തിൽ സംഭവിക്കുന്നതായി തോന്നുന്നു. അതുകൊണ്ടാവാം ലോകം മായയാണ് എന്ന ചിന്തയിലേക്ക് ശങ്കരനടക്കമുള്ള ദാർശനിക മനീഷികൾ എത്തിച്ചേർന്നത്. അതിന്റെ ആഴമേറിയ ചിന്താ പ്രപഞ്ചത്തിലേയ്ക്ക് പോകാതെ ഉപരിപ്ലവമായി നോക്കുന്പോൾത്തന്നെ തെളിയുന്ന ചിന്തയുടെ വെട്ടമാണിത്.
പക്ഷെ ഉദാത്തമായ ചിന്തയുടെ ഔന്നത്യങ്ങളിലേക്കൊന്നും എത്തിപ്പറ്റാനുള്ള ബൗദ്ധികമായ ആഴം ഭൗതികപ്പാച്ചിലിൽ നമ്മുടെ ലോകത്തിന് ധൃതഗതിയിൽ കൈമോശം വന്നുകഴിഞ്ഞു. കൂണുകളും കുമിളകളുമായി പൊട്ടിമുളയ്ക്കുന്ന ആൾദൈവങ്ങൾക്ക് അനുയായികൾ കോടികൾ ആവുന്നത് മനുഷ്യചിന്തയുടെ മരണം മാത്രമാണ് കാണിക്കുന്നത്.വഴിപ്പെടുക, കീഴടങ്ങുക, സമർപ്പിക്കുക, വിധേയരാവുക ഇതൊക്കെയാണ് ഇന്ന് കൂടുതലായി കാണുന്നത്. ഒരു കാലത്ത് തമോരന്ധ്രങ്ങളെപ്പോലെ ഉള്ളിലെ ഘനത്വമാർന്ന ബൗദ്ധികതക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന വെളിച്ചത്തിന്റെ ആഴങ്ങളിൽ അഭിരമിച്ച മഹാമനീഷികൾ ഉണ്ടായിരുന്നു.അവർ ബുദ്ധിക്കുള്ള ഭക്ഷണം അന്വേഷിച്ചു നടന്നവരാണ്. ശരീരം അവർക്കു അതിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. യുഗങ്ങളുടെ ഭാവപ്പകർച്ച മനുഷ്യനെ ശരീരത്തിനു മാത്രമുള്ള ഭക്ഷണം ആഗ്രഹിക്കുന്നവനാക്കി.ബുദ്ധി ശരീരത്തെ പോഷിക്കാനുള്ള ഉപാധിയും. ഇത് സാംസ്കാരികമായി അവനെ ദിനോസാറുകൾ ആക്കിത്തീർക്കുന്ന അവസ്ഥയാണ്. ഭീമാകാരമായ ശരീരവും ഒരു വളരെ ചെറിയ തലയും മാത്രമായിരുന്നു ദിനോസറുകൾക്ക്. പ്രകൃതിയുടെ സന്ദേശങ്ങളോ അനുഭവങ്ങളുടെ പാഠങ്ങളോ ഒന്നും ഉൾക്കൊള്ളാനാവാത്ത ഒരു ജൈവവ്യവസ്ഥ ആയിരുന്നു അവരുടേത്. ഇന്ന് ആൾദൈവങ്ങൾക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറായി നടക്കുന്ന കോടികൾ ഇത്തരം ദിനോസാറുകളുടെ ഇരുകാലി അവതാരമായി മാറിയവരാണ്. ക്രമാതീതമായി വളരുന്ന ശരീരവും അതിനെ വേണ്ട വഴിക്ക് നയിക്കാൻ കെൽപ്പില്ലാത്ത വളരെ ചെറിയ, വ്യക്തിപരമായ, യുക്തിഭദ്രമായ അപഗ്രഥനത്തിനുള്ള ശേഷി കൈമോശം വന്ന ഒരു തലച്ചോറും അവർ പേറി നടക്കുന്നു. ആൾദൈവങ്ങൾക്കും ഭീകരനേതാക്കൾക്കും മുന്നിൽ സ്വയം അടിയറ വെക്കാൻ...
ഓണത്തിലേക്ക് തിരികെവരാം. സത്യസന്ധനും ധാർമ്മിഷ്ടനും പ്രജാക്ഷേമ തല്പരനുമായ ഒരു അസുരരാജാവ് ദേവപദം നേടാതിരിക്കാൻ മഹാവിഷ്ണു നടത്തിയ ഗൂഡാലോചനയാണ് ഓണം എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് ഏതിന്റെയും യഥാർത്ഥ ദാർശനികത അവഗണിച്ച് അതിന്റെ പുറന്തോട് വികൃതമാക്കി അവതരിപ്പിക്കുന്പോൾ കിട്ടുന്ന അശാന്തമായ സുഖത്തിന് വേണ്ടിയാണ്. ആഘോഷങ്ങൾ എപ്പോഴും ഏതെങ്കിലും നന്മയിലോ മനുഷ്യരാശിയുടെ മൂല്യ വ്യവസ്ഥയിലോ വേരുകളാഴ്ത്തി നിൽക്കുന്നവ ആയിരിക്കും. ആചാരങ്ങൾ ചിലപ്പോൾ ഒരു വ്യത്യസ്തമായ സാമൂഹ്യ ദാർശനിക അനുഭവത്തിന്റെ വ്യക്തി സാക്ഷാത്ക്കാരം ആയിരിക്കാം. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി ഒരു സദ്ഭരണത്തെ ഇല്ലാതാക്കിയെങ്കിൽ അതൊരിക്കലും സാമൂഹികമായി ആഘോഷിക്കപ്പെടേണ്ട ഒന്നല്ല. അപ്പോൾ അതിലെവിടെയോ ഒരു ഓർക്കപ്പെടേണ്ട ഘടകമുണ്ട്. മഹാബലി തന്നെത്തന്നെ സ്വയം കണ്ടെത്തി ആ ഉണർവിന് കാരണമായ സത്യദർശനത്തിന് മുന്നിൽ തലകുനിച്ചു കൊടുക്കുന്നു. സത്യദർശനം മനുഷ്യനെ അമരനാക്കുന്നു. ഒരു കാലഘട്ടത്തിൽ ഒതുങ്ങാതെ മാവേലിയെ മലയാള മനസ്സുകളിലെ അനശ്വരനായ തന്പുരാൻ ആക്കിയതിൽ ഒരു മനോഹാരിതയുണ്ട്. അക്കാലത്ത് അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും കൊടുത്ത നന്മകൾ ഇന്നും ഓർക്കപ്പെടുന്നു, പ്രകീർത്തിക്കപ്പെടുന്നു. എല്ലാ വർഷവും ഒരു സാമൂഹ്യ നീതിയിൽ അടിയുറച്ച സമത്വസുന്ദരമായ ഒരു രാജ്യത്തെപ്പറ്റിയുള്ള സങ്കല്പം മലയാള മനസ്സുകളിൽ ചർച്ചാ വിഷയമാകുന്നു. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുമായി തട്ടിച്ചുനോക്കി മാറ്റുരയ്ക്കാനുള്ള ഒരു ഉരകല്ലായി ആ രാജ്യസങ്കല്പം ഓർമ്മകളിൽ മധുരം പടർത്തുന്നു, എക്കാലത്തേയ്ക്കും...