മൗ­ലി­ക അവകാ­ശങ്ങളെ­ മാ­നി­ച്ച കോ­ടതി­ വി­ധി­യെ­ സ്വാ­ഗതം ചെ­യ്യു­ക


ഇ.പി അനിൽ

epanil@gmail.com 

ജനാധിപത്യം സജീവമായി പ്രവർത്തിക്കുന്നത് വ്യക്തികളുടെ പരിസരങ്ങളിലാണ്. അവിടെ ഉണ്ടാകുന്ന ഒരോ പരിമിതികളും ജനാധിപത്യത്തിന്റെ കരുത്തു ചോർത്തി കളയും. ജന്മിത്താനന്തര കാലത്ത്, അന്നുണ്ടായിരുന്നതിൽ നിന്നും വ്യക്തി സ്വാതന്ത്ര്യത്തെ പറ്റി മെച്ചപ്പെട്ട പുതിയ ധാരണകൾ ഉണ്ടായി. അതിന് വ്യക്തമായ കുതിപ്പുകൾ നൽകിയ ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാന ആശയങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യത്തെ മനുഷ്യന്റെ വ്യക്തിപരമായ അവകാശങ്ങളായി അംഗീകരിക്കുന്നു. കഴിഞ്ഞ 250 വർഷത്തിലധികം വിവിധ രൂപത്തിൽ പ്രവർത്തിച്ചു വന്ന ജനാധിപത്യ പരീക്ഷണങ്ങൾ ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യത്തെ പ്രതിനിധാനം ചെയ്ത ഇന്ത്യയിൽ മൗലിക അവകാശങ്ങളെ മുഖ്യമായി പരിഗണിക്കുവാൻ നമ്മുടെ ജനാധിപത്യത്തിന് 70 വർഷം വരെ കാത്തിരിക്കേണ്ടി വന്നു.

വ്യക്തികളെ അവരുടെ സന്പൂർണ്ണ വളർച്ചയ്ക്കായി അവസരം ഒരുക്കുന്ന സംവിധാനത്തിലൂടെ മാത്രമെ ഉത്തരവാദിത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു. അങ്ങനെ ഉണ്ടാകുന്ന സമൂഹത്തിൽ വ്യക്തികൾ അവരുടെ സർക്കാരിനോടും സർക്കാർ ജനങ്ങളോടും ബാധ്യതയുണ്ടായിരിക്കും. അവിടെ ജനങ്ങളുടെ അധികാരം ഭരണാധിപന്മാരെ കാര്യക്ഷമമുള്ളവരാക്കി മാറ്റും. മനുഷ്യാവകാശങ്ങളെ വലിയ നിലയിൽ അംഗീകരിക്കുന്ന നൊറാഡിക്, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അഴിമതിക്കും സ്ത്രീവിരുദ്ധതക്കും കുറവുള്ള, ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ട പരിഗണന നൽകുന്ന സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. ഓരോ വ്യക്തിയും പരമാവധി അദ്ധ്വാനം സമൂഹത്തിന് നൽകി മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി ഉണ്ടാക്കുക. ആ വ്യവസ്ഥയിൽ നിന്നും ജനങ്ങൾക്ക് ആവശ്യമായ സംവിധാനം ലഭ്യമാക്കുക. ഇത്തരം ആരോഗ്യകരമായ സാമൂഹിക പ്രവർത്തനം വിജയകരമാക്കുന്നതിൽ മനുഷ്യവകാശങ്ങൾക്കു മുൻഗണന ലഭിക്കുന്ന ഇത്തരം ഇടങ്ങൾ വിജയിക്കുന്നുണ്ട്. 

മനുഷ്യാവകാശങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന യു.എൻ പ്രഖ്യാപനം എല്ലാ മനുഷ്യരുടെയും ജീവിക്കുവാനുള്ള അവകാശങ്ങളെ ഒരു പോലെ മാനിക്കണമെന്ന് ലോക രാജ്യങ്ങളെ ഓർമ്മിപ്പിച്ചു. ഭക്ഷണത്തിന് മുകളിലുള്ള അവകാശം, നല്ല വെള്ളവും വായുവും തൊഴിൽ അവസരങ്ങളും ഏവർക്കും ലഭിക്കണമെന്ന് അത് നിർബന്ധിക്കുന്നു. ബാലവേലയും വ്യഭിചാരവും നിയമത്തിന്റെ മുന്നിൽ തെറ്റായി പ്രഖ്യാപിച്ചയു.എൻ പ്രമേയം പ്രകൃതി വിഭവങ്ങൾ ഉത്തരവാദിത്വത്തോടെ ഏവർക്കും ലഭ്യമാക്കണമെന്ന് പറയുന്നു.

മാനവികതയെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു കേട്ട കാലമായിരുന്നു 1920 മുതൽ 45 വരെ നീണ്ടു നിന്നത്. മുതലാളിത്ത പ്രതിസന്ധിയെ മറയാക്കി അധികാരം പിടിച്ച നാസികളും ഫാസിസ്റ്റുകളും വ്യക്തികളുടെ അവകാശങ്ങൾക്ക് രണ്ടാം സ്ഥാനം നൽകി. ദേശീയതക്കു മുകളിൽ േസ്റ്ററ്റിന് പ്രാധാന്യം കൊടുത്തു. വ്യക്തികൾ േസ്റ്ററ്റിന് വേണ്ടി എല്ലാം ത്യജിക്കേണ്ടവരാണ് എന്ന ധാരണ ജനിപ്പിച്ചു. രാജ്യത്തിനു വേണ്ടി മരിക്കുക, രാജ്യത്തിന്റെ പേരിൽ വ്യക്തികളുടെ സ്വകാര്യതയെ പരിഗണിക്കാതിരിക്കുക തുടങ്ങിയ സമീപനങ്ങൾ അവിടെ ശക്തമായി. രാജ്യത്തിന്റെ നേതാവിന് കീഴ്പ്പെട്ട് രാജ്യത്തെ സേവിക്കുക എന്ന നിലപാട് ജനങ്ങളുടെ അവകാശങ്ങളിൽ ഉള്ള സർക്കാർ ഇടപെടലായി. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്തു മരണപ്പെടുന്നവരെ ആരാധിക്കുകയും രാജ്യത്തിനു വേണ്ടി ജീവൻ നൽകുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുവാൻ ഫാസിസ്റ്റുകൾ തൽപ്പരരാണ്.

ഇന്ത്യൻ ഭരണഘടന എഴുതി ഉണ്ടാക്കിയ കാലത്ത് മൗലിക അവകാശങ്ങളുടെ പട്ടികയിൽ മനുഷ്യാവകാശങ്ങളെ ഉൾപ്പെടുത്തി. ഭരണഘടനയുടെ 13, 14, 15, 19 വകുപ്പുകൾ വ്യക്തിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ രാജ്യസുരക്ഷക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന കോടതി പരാമർശങ്ങൾ (1956ലും 1978ലും) ഉണ്ടായി. രണ്ട് വർഷത്തോളം നീണ്ടു നിന്ന അടിയന്തിരാവസ്ഥ കാലം േസ്റ്ററ്റിന് കൂടുതൽ മുൻഗണന ലഭിക്കുന്ന തരത്തിലായിരുന്നു. ‘നാവടക്കൂ പണി എടുക്കൂ’ എന്നും ‘ജയ് കിസാൻ ജയ് ജവാൻ’ എന്നും ഉയർന്ന മുദ്രവാക്യങ്ങൾ യഥാർത്ഥത്തിൽ വ്യക്തിയുടെ സ്വകാര്യതയെക്കാൾ ദേശീയതയുടെ മറവിൽ സർക്കാരിന് മുഖ്യ പങ്കാളിത്തം നൽകുന്നതായിരുന്നു. (അദ്ധ്വാനം നിങ്ങളെ വിമോചിപ്പിക്കും എന്ന ഹിറ്റ്ലറുടെ ആഹ്വാനവും ശ്രീമതി ഇന്ദിരയുടെ വാക്കുകളും തമ്മിലുള്ള പൊരുത്തം ഇവിടെ ഓർക്കുക). മനുഷ്യന്റെ മൗലിക അവകാശങ്ങളെ മുഖ്യ വിഷയമായി പരിഗണിക്കുവാൻ വിജയിച്ച നൂറിലധികം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഒരിടം നേടുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. 

ആഗോളവൽക്കരണ കാലത്ത് ജനധിപത്യത്തിന്റെ ശാക്തീകരണത്തെ പുതിയ രീതിയിൽ സർക്കാരുകൾ തടസപ്പെടുന്നു എന്നതാണു വാസ്തുത. വ്യവസായ പാർക്ക്, സെസ്, വ്യവസായ കോറിഡോറുകൾ തുടങ്ങിയ സംവിധാനങ്ങൾ രാജ്യത്തിന്റെ സാന്പത്തിക രംഗത്തെ പ്രധാന വിഷയങ്ങളായി പരിഗണിച്ച് തൊഴിലവകാശത്തെ അവഗണിക്കുകയാണ്. ഇവക്കായി ഇന്ത്യയിൽ പുതുക്കി കൊണ്ടിരിക്കുന്ന നിയമങ്ങൾ തൊഴിൽ അവകാശങ്ങളെ ഹനിക്കുന്നവയാണ്. കൂടുതൽ സമയം പണി ചെയ്യേണ്ട അവസ്ഥ. Hire and fireസംവിധാനം, സർക്കാർ മേഖലയിലെ തൊഴിലാളികൾക്കുൾപ്പെടെ പെൻഷൻ, ശന്പള കമ്മീഷൻ തുടങ്ങിയ അവകാശങ്ങൾ നഷ്ടപ്പെടുന്നത്, ബാലവേല നിയമത്തെ അശക്തമാക്കുന്നത് ഒക്കെ മനുഷ്യാവകാശങ്ങളെ കൂടുതൽ മങ്ങലേൽപ്പിക്കുന്നു. 

ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ കർഷകർ ആത്മഹത്യ ചെയ്യുകയും അവരുടെ വരുമാനം ഇടിയുകയും ചെയ്യുന്പോൾ കോർപ്പറേറ്റുകൾ ലാഭം കൊയ്തെടുക്കുന്നത് ആശ്വാസകരമല്ല. പ്രകൃതി വിഭവങ്ങൾ കാത്തു സൂക്ഷിച്ച ആദിവാസികളെ അവരുടെ വാസ വ്യവസ്ഥയിൽ നിന്നും പുറത്താക്കി, വിഭവങ്ങൾ കൊള്ള ചെയ്യുവാൻ ഖനന സ്ഥാപനങ്ങൾക്ക് നൽകുന്ന അവസരങ്ങളെ ഏറെ ക്രൂരമായി വിലയിരുത്തേണ്ടതുണ്ട്.

ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് ഇന്ത്യക്കാരെ അടിച്ചമർത്തുവാൻ പടച്ചുണ്ടാക്കിയ നിയമം AFSPA, UaPA, ഗുണ്ടാ നിയമം പോലെയുള്ള നിരവധി സംസ്ഥാന നിയമങ്ങൾ ജനാധിപത്യത്തിന് എതിരു നിൽക്കുന്നു. ലോക്കപ്പ് മർദ്ദനങ്ങൾ, വിചാരണ തടവുകാർ, തൂക്കിക്കൊല തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നിലല്ല. വർഗ്ഗീയ കലാപങ്ങളുടെ കാരണക്കാർ വേണ്ട വിധേന ശിക്ഷിക്കപ്പെടുന്നില്ല. അഭയാർത്ഥി വിഷയത്തിലും മറ്റും വിവേചനപരമായി ഇടപെടുന്ന സർക്കാർ മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്നു. ജാതി മത വർണ്ണവിവേചനത്തിന് ഇടം ഉണ്ടാകുന്ന സംവിധാനം വലിയ തിരിച്ചടികൾ നാടിനു നൽകും.

മൻമോഹൻ സിംഗും പിന്നീട് മോഡി സർക്കാരും നിർബന്ധം പിടിക്കുന്ന ആധാർ എന്ന ബയോമെട്രിക്ക് സംവിധാനം കാനഡ, നെതർലഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഒഴിവാക്കുകയും ഫ്രാൻസ്, സ്പെയിൻ മുതലായവ നിർബന്ധമാക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ഇന്ത്യ ആലോചിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ഒരു തിരിച്ചറിയൽ സംവിധാനം ഉണ്ടായിരിക്കുക സാമാന്യ നീതിയാണ്. എന്നാൽ ബയോമെട്രിക്ക് സംവിധാനം എല്ലാ പ്രജകൾക്കും ഉണ്ടാകണമെന്നു ഭരണ കൂടം നിർബന്ധിക്കുന്നു എങ്കിൽ? അതും ഇന്ത്യയെപ്പോലെയുള്ള രാജ്യത്ത്!

ആഗോളവൽക്കരണത്തിൽ ഉൽപ്പാദനം മുഖ്യവിഷയവും ലാഭത്തിനായി എല്ലാം വഴി മാറിയിരിക്കണം എന്ന ധാരണയിൽ തൊഴിലിടങ്ങളിലെ ഒളിഞ്ഞു നോട്ടം േസ്റ്ററ്റിന്റെ (മുതലാളിയുടെ) അവകാശമായി മാറിക്കഴിഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യതയിലും പ്രധാനം േസ്റ്ററ്റ് ആണെന്നു വിശ്വസിക്കുന്നവർ മാനവികതയേക്കാൾ മറ്റു പലതിനും മൂല്യങ്ങൾ നൽകുന്നവരാണ്. ഇന്ത്യൻ ഭരണകൂടം ഇത്തരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു.

ആദ്യമായി ലോകത്ത് തിരിച്ചറിയൽ കാർഡുകൾ നടപ്പിൽ വന്നത് ഒന്നാം ലോക യുദ്ധ സമയത്താണ്. പല രാജ്യങ്ങളും അത് തുടർന്നു. ഹിറ്റ്ലർ തിരിച്ചറിയിൽ രേഖയെ ഭരണകൂട അടിച്ചമർത്തലിനായി സൂക്ഷ്മമായി ഉപയോഗിച്ചു. ഐ.ബി.എംഎന്ന ബഹുരാഷ്ട്ര കന്പ്യൂട്ടർ കുത്തക, തങ്ങളുടെ ഇലക്ടോണിക് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയ ജർമ്മനിയിലെ ജനങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ചാണ് ഹിറ്റ്ലർ റിച്ച് സ്റ്റാഗ് സംഭവത്തിന് തൊട്ടടുത്ത ദിവസം മുതൽ യഹൂദ −കമ്യുണിസ്റ്റ് വേട്ടകൾ തുടങ്ങിയത്. രഹസ്യങ്ങൾ ചോർത്തി രാജ്യത്തെ അട്ടിമറിക്കുന്ന അമേരിക്കൻ പരിപാടികളിലെ വൈകൃതങ്ങൾ അസാൻചൻ, വിക്കീലീക്ക് തുടങ്ങിയവയിലൂടെ നമ്മൾ വൈകി എങ്കിലും അറിഞ്ഞു. ഇൻ്റർനെറ്റ് എന്ന പേര് അർത്ഥമാക്കുന്നതു പോലെ തന്നെ വിവരങ്ങളുടെ കൈമാറ്റം വേഗത്തിൽ നടന്നുകൊണ്ടിരിക്കെ ലോകജനതയുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുവാൻ സാമ്രാജത്വം വല്ലാതെ ആഗ്രഹിക്കുന്നു.

ഗൂഗിൾ, ഫേസ്ബുക്ക്, യൂടൂബ് തുടങ്ങിയ അമേരിക്കൻ കേന്ദ്രീകൃത സംവിധാനങ്ങൾ, ഐ.ബി.എം, മൈക്രോസോഫ്റ്റ് കന്പനികൾ സിയോണിസ്റ്റുകൾക്കും അമേരിക്കക്കും ഏറെ പ്രിയപ്പെട്ടവരാണ്. പരിഷ്ക്കരിച്ച വോട്ടിംഗ് കാർഡും പാസ്പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും അടിസ്ഥാന രേഖയായി അംഗീകരിക്കാതെ സർക്കാർ ചെലവേറിയ ബയോമെട്രിക്ക് കാർഡിലേക്ക് (40000 കോടി) പോകുവാൻ എന്തായിരിക്കും കാരണം? (ഭൂട്ടാൻ എന്ന വിദേശ രാജ്യം പോലും ഇന്ത്യക്കാരന്റെ വോട്ടിംഗ് കാർഡ് പ്രധാന തിരിച്ചറിയൽ സംവിധാനമായി അംഗീകരിച്ചിട്ടുണ്ട്)

ആധാർ ഇന്ത്യയിൽ നടപ്പിലാക്കുന്പോൾ അതിന്റെ ഉത്തരവാദിത്വം മൻമോഹൻ ഏൽപ്പിച്ചു കൊടുത്തത് കോർപ്പറേറ്റ് ഫാൻ ആയ നന്ദൻ നിലേക്കനിക്കാണ്. (ഇൻഫോസിസിന്റെ പുതിയ ചെയർമാൻ). അദ്ദേഹത്തെ നിയമനിർമ്മാണ സഭയിൽ എത്തിക്കുവാനും കോൺഗ്രസ് ശ്രമിച്ചു. ആധാർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിലും പെന്റഗൺ ബന്ധമുള്ള ക്രോസ് വേൾഡ് പങ്കാളിയാണ് എന്ന വാർത്ത വളരെ ഗൗരവതരമായ വിഷയമാണ്. അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ Express Laneഅമേരിക്കൻ സ്വാധീനത്തിലാണ്. 

വ്യക്തിയുടെ 10 വിരലടയാളങ്ങൾ, രണ്ടു റെറ്റിനകൾ അങ്ങനെ സംഭരിക്കുന്ന ഡേറ്റകൾ സൂക്ഷിക്കുവാൻ കഴിയുന്ന സെർവറുകൾ ഇന്ത്യക്കില്ല എന്നാണു വസ്തുത. എങ്കിൽ എവിടെയായിരിക്കും ഇന്ത്യക്കാരന്റെ രഹസ്യങ്ങൾ സൂക്ഷിക്കുക? ആധാറുമായി നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ തുടങ്ങി തീവണ്ടി യാത്രയെ പോലും ബന്ധിപ്പിക്കുന്ന സംവിധാനം വ്യക്തികളുടെ സമസ്ത രംഗത്തുമുള്ള പലരുടെയും കടന്നുകയറ്റമായി കാണണം. സ്വകാര്യ ഫോൺ കന്പനിജിയോ തുടങ്ങി വെച്ച ആധാർ വിവര ശേഖരണം കോർപ്പറേറ്റുകളുടെ കൈയിലേക്കു ജനങ്ങളുടെ സ്വകാര്യത കൈമാറലായിരുന്നു.

കോടതികൾ കഴിഞ്ഞ കാലത്ത് പുറത്തുവിട്ട സ്വകാര്യതയെ പരിഗണിക്കാത്ത പരാമർശങ്ങൾ തിരുത്തുവാൻ സുപ്രീംകോടതി ഇപ്പോൾ കാട്ടിയ താൽപ്പര്യത്തെ അനുമോദിക്കേണ്ടതുണ്ട്. എൽ.ജി.ബി.ടിവിഭാഗത്തിൽ പെട്ടവരുടെ അവകാശങ്ങളെ ഹനിച്ചു വന്ന വിധികളെ മറികടന്ന് ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകളെ മാനിച്ച കോടതി കാലത്തിന്റെ മാറ്റത്തെ അംഗീകരിക്കുന്നു. (377ാം വകുപ്പ് നിരായുധമാക്കുവാൻ പുതിയ കോടതി വിധി സഹായകരമാണ്).

ഭരണകൂട ഭീകരതകൾ ശക്തമായി കൊണ്ടിരിക്കുന്ന ഇന്ത്യയിൽ സ്വകാര്യ വിഷയങ്ങളായ വസ്ത്രധാരണം, ആഹാരം, വിശ്വാസം തുടങ്ങിയവയിൽ ആർ.എസ്.എസ് നേതൃത്വങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളെ ചെറുക്കുവാൻ ജനകീയ പ്രതിരോധങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഏറ്റവും അവസാനമായി കർണ്ണാടകയിലെ മുതിർന്ന പത്രപ്രവർത്തക വെടിയേറ്റു മരിച്ചത് ഇതിനു മുന്പ് നടന്ന സമാനമായ കൊലപ്പെടുത്തലുകളുടെ തുടർച്ചയാണ്. മനുഷ്യന്റെ മൗലിക അവകാശങ്ങളെ വേണ്ട വിധം പരിഗണിക്കാത്ത ഇന്ത്യയിൽ നമ്മുടെ പരമോന്നത കോടതി നടത്തിയ വിധിന്യായം എന്തുകൊണ്ടും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. 

You might also like

Most Viewed