സ്നേഹ സന്പന്നമാവട്ടെ ജീവിതം
വഴിവിളക്ക് - വിഭിഷ് തിക്കോടി
വ്യക്തിത്വ വികസനത്തിന്റെ നാലു തലങ്ങൾ ആയ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ ഉദ്ഗ്രഥനത്തിന് ഏറ്റവും അനിവാര്യമായ മാനസിക അനുഭൂതിയാണ് സ്നേഹം. മനസ്സ് വികാരങ്ങളുടെ ഇരിപ്പിടമാണ്. അതിലെ ഏറ്റവും ശ്രേഷ്ഠവും ആനന്ദപ്രദവുമായ സദ് വികാരമാണ് സ്നേഹം. മനുഷ്യമനസ്സിന്റെ മറ്റു വികാരങ്ങളുമായി താരതമ്യം ചെയ്യുന്പോൾ സ്നേഹത്തിന് സ്ഥായിയായ ഒരു നിർവ്വചനം നൽകാൻ സാധ്യമല്ല. മഹത്തമായ മനുഷ്യ ജന്മം ലഭിച്ചിരിക്കുന്നത് സ്നേഹത്തോട് കൂടി സത്കർമ്മങ്ങൾ ചെയ്തു ജീവിക്കാൻ വേണ്ടി മാത്രമാണ് എന്ന് നാം ഒരാരുത്തരും അറിയണം.
അച്ഛൻ, അമ്മ, മക്കൾ, ഭാര്യ, സഹോദരൻ, ബന്ധുക്കൾ, മിത്രങ്ങൾ ഇവയെയെല്ലാം കോർത്തിണക്കുന്ന ധർമ്മമന്നെ ചങ്ങലയുടെ കണ്ണിയാണ് സ്നേഹം. ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ∍സ്നേഹമാണഖില സാരമൂഴിയിൽ∀ എന്ന് കവി പാടിയത് അതിന്റെ അർത്ഥവ്യാപ്തിയുടെ അഗാധത വ്യക്തമാക്കുന്നു. എല്ലാ മത ഗ്രന്ഥങ്ങളും, പുണ്യ ആത്മാക്കളും നിരന്തരം സ്നേഹത്തെ കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കുന്നു. പക്ഷെ യാന്ത്രികമായ ജീവിത ചുറ്റുപാടിൽ തിരക്കേറിയ നിത്യ ജീവിതത്തിൽ നാം പലരും സ്നേഹത്തിന്റെ സുന്ദരമായ ഫലങ്ങൾ അനുഭവിക്കുന്നില്ല. നമ്മളിൽ പലരും നമ്മുടെ ഉറ്റവരെയും, ഉടയവരെയും, പ്രിയമുള്ളവരെയും, ബന്ധുക്കളെയും സ്നേഹിക്കാൻ അറിയാതെ മറന്ന് പോവുന്നു. അപ്പോൾ ഗൃഹാന്തരീക്ഷത്തിൽ നിന്ന് സ്‌നേഹം കുടിയൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. ഇയൊരു അവസ്ഥാവിശേഷം തുടർന്നാൽ മനസ്സുകൾ മരുഭൂമികൾ ആയി മാറും. സ്നേഹം ഉള്ളിൽ സൂക്ഷിക്കാനുള്ളതല്ല. അത് വേണ്ട സമയത്ത് പ്രകടിപ്പിക്കുന്പോഴാണ് മനസ്സിന്റെ ആർദ്രത നമുക്ക് നിലനിർത്താൻ കഴിയുകയുള്ളു.
വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഇതര ജീവജാലങ്ങുമായി ഇണങ്ങി സ്നേഹപൂർണ്ണമായി പ്രവർത്തിക്കുന്പോൾ മാത്രമേ യഥാർത്ഥ സന്തോഷം സാധ്യമാവു. ഉള്ളിൽ േസ്റ്റനാഹാനുഭൂതി ഇല്ലാത്തവർ അവരെ മാത്രമെ സ്നേഹിക്കു. എല്ലാം തനിക്ക് മാത്രം സ്വന്തമാക്കണമെന്ന സ്വാർത്ഥതയോടെ അവർ ജീവിതം നയിക്കും. മറുള്ളവരും തന്നെ പോലെയാണ് എന്ന് കരുതുന്നില്ല ഇവർ. എന്നാൽ യഥാർത്ഥ സ്നേഹം ഉള്ളവർ തന്നെക്കാൾ ഉപരി അന്യരെ സ്നേഹിക്കുകയും, അന്യദുഃഖത്തിൽ അലിയുകയും സ്വയം സമർപ്പണം ചെയ്യുന്നവരുമാണ്.
പ്രാവിന്റെ പ്രാണൻ രക്ഷിക്കാൻ സ്വന്തം മാംസം അരിഞ്ഞ് കൊടുത്ത ശിബി ചക്രവർത്തി, സ്വന്തം നട്ടെല്ല് തന്നെ ഇന്ദ്രനു കൊടുത്ത ധധീചി മഹർഷി ഇവരുടെയൊക്കെ ത്യാഗപൂർണ്ണമായ സ്നേഹ ജീവിതത്തിന്റെ വെളിച്ചം നാം ഉൾകൊള്ളേണ്ടതായിട്ടുണ്ട്. സ്നേഹം നമുക്ക് ആരോടും എന്തിനോടും എപ്പോഴും ആവാം. മനുഷ്യന്റെ അതിജീവനത്തിന് വെള്ളം വെളിച്ചം വായു എന്നിവ പോലെ അത്യന്താപേക്ഷിതമാണ് സ്നേഹമെന്ന ആന്തരിക വികാരം. വിവേകപൂർണ്ണമായ, വിചാര പൂർണ്ണമായ സ്നേഹം നമ്മെ ഉത്തമൻമാരാക്കി മാറ്റുന്നു. സമൂഹത്തിലെ എല്ലാവരെയും തന്നെ പോലെ കണ്ട് ഈശ്വര രുപമായി കരുതി ഹൃദയത്തിന്റെ ഭാഷയിൽ സംസരിക്കാനും, മനസ്സ് കൊണ്ട് സ്നേഹിക്കാനും, കരങ്ങൾ കൊണ്ട് സേവിക്കാനും കഴിയുന്പോൾ നമ്മുടെ വ്യക്തിത്വം ഉന്നതതലങ്ങൾ കൈവരിക്കും. ഇത് ആത്മബോധത്തിന്റെ ശ്രേഷ്ഠ ഭാവം പകരുകയും വികാസത്തിന്റെ പൂർണ്ണതയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ആത്മാർത്ഥമായ സ്നേഹം ജീവിതത്തിൽ സമഗ്രമായ മാറ്റം വരുത്തും.നല്ല വാക്ക്, നല്ല പ്രവൃത്തി, സംരക്ഷണം, പങ്കുവെക്കൽ, കരുതൽ, കരുണ, പരസ്പര സഹായം, പരസ്പരവിശാസം, വിട്ടുവീഴ്ച മനോഭാവം, എന്നിവയിലൂടെ നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാം. പ്രണയം അനുരാഗം, പ്രേമം, വാത്സല്യം ഇവയെല്ലാം ഉദാത്തമായ സ്നേഹത്തിന്റെ ചില തലങ്ങൾ മാത്രമാണ്. ഇതിലൂടെയെല്ലാം നമുക്ക് ആനന്ദം കണ്ടെത്താൻ സാധിക്കും. ആനന്ദമെന്നത് സ്വയം കണ്ടെത്തേണ്ടതും അനുഭവിക്കേണ്ടതുമാണ് അതിന്റെ നിർവ്വചനങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസകരമാണ്.
സ്നേഹമില്ലാത്ത ഹൃദയം നാശത്തിന്റെ പാതയിലാണ്. എല്ലാറ്റിലും പുതുമകൾ കണ്ടെത്തുന്ന ഒരു മനുഷ്യൻ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സ്നേഹം കൊണ്ട് നിറയ്ക്കാൻ ശ്രമിക്കും. അപ്പോഴാണ് യഥാർത്ഥ ജീവിതത്തിന്റെ ആനന്ദധാര അനുഭവേദ്യമാവുന്നത്. സ്നേഹ നിരാസമാണ് ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും മൂലഹേതു.
സന്തോഷത്തിന് വേണ്ടി പ്രകൃതിയെയും, ബന്ധങ്ങളെയും ഉപഭോഗതൃഷ്ണയോടെ മാത്രം നോക്കി കൊണ്ട് സ്വാർത്ഥതയോടെ ചുഷണം ചെയ്യുന്ന രീതി ജീവിതത്തിന്റെ നാനാ രംഗങ്ങളിലും വർദ്ധിച്ച് വരുന്ന അവസ്ഥാവിശേഷം ഇന്നുണ്ട്. ഈ പ്രവണത വെറും നൈമിഷകമായ സുഖവും സന്തോഷവും മാത്രമെ പ്രദാനം ചെയ്യുകയുള്ളു.
മാതൃസ്നേഹം, പിതൃസ്നേഹം ഗുരുനേഹം, സഹോദര സ്നേഹം, പത്നി സ്നേഹം, പുത്ര സ്നേഹം, ബന്ധു സ്നേഹം, സമാജസ്നേഹം, പരിസ്ഥിതി സ്നേഹം, രാജ്യസ്നേഹം വിശ്വസേനഹം, എന്നിങ്ങനെയുള്ള മാനവികതയുടെ അനുഭൂതികൾ സദാ പ്രകടിപ്പിച്ച് കൊണ്ട് ഈ ലോകം മുഴുവൻ സുഖവും ശാന്തിയും സമാധാനവും പരത്താൻ നമുക്ക് സാധിക്കണം. വിദ്വേഷംകളഞ്ഞ് കൊണ്ട് ജീവിതത്തിന് ശുഭാപ്തി വിശ്വാസവും അർത്ഥവും, ആനന്ദവും തരുന്ന സ്നേഹമാർഗ്ഗത്തിലൂടെ സദാ സഞ്ചരിക്കണം. സ്വയം സന്തോഷിക്കുവാനും മറ്റുള്ളവർക്ക് സന്തോഷം നൽകാനും സാധിക്കുന്ന ഉത്തമമായ സ്നേഹപൂർണ്ണമായ വ്യക്തി ജീവിതം നയിക്കാൻ നമുക്ക് സാധിക്കട്ടെ.