NEET കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്...
ഇ.പി അനിൽ
epanil@gmail.com
തിരുവനന്തപുരം പേട്ടയിൽ 1863ൽ ജനിച്ച പൽപ്പു എന്ന കുട്ടി 1884ലെ പ്രീ ക്വാളിഫിക്കേഷൻ പരീക്ഷയിൽ നാലാം റാങ്കു നേടുകയുണ്ടായി.എന്നാൽ വിദ്യാർത്ഥിക്ക് മെഡിക്കൽ പഠനത്തിനുള്ള അവസരം തിരുവിതാംകൂർ രാജഭരണം നൽകിയില്ല. പൽപ്പുവിന് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മദ്രാസ്സിൽ പഠനം നടത്തേണ്ടി വന്നു.പഠനം കഴിഞ്ഞു വന്ന ആ ചെറുപ്പക്കാരനെ രാജഭരണം അറിയിച്ചത്, താങ്കൾ ചികിത്സിക്കുവാൻ പോയാൽ നാട്ടിൽ തെങ്ങ് കയറുവാൻ ആരുണ്ടാകും എന്നായിരുന്നു. പിന്നീട് മൈസൂരിൽ ഭിഷഗ്വരനായി ആ ചെറുപ്പക്കാരൻ ജോലിചെയ്തു.
നൂറ്റാണ്ടിനിപ്പുറം കേരളത്തിലെ മെഡിക്കൽ, മറ്റുപ്രൊഫഷണൽ വിദ്യാഭ്യാസങ്ങൾ മിടുക്കിന്‍റെ അളവുകോലിനു പകരം പണത്രാസ്സിന്‍റെ ചലന നിയമത്താൽ കാര്യങ്ങൾ തീരമാനിക്കുന്നു. എന്തൊക്കെ വിശദീകരണം ആരൊക്കെ നൽകിയാലും കേരളത്തിൽ പണം പഠനത്തിനുള്ള അളവുകോലായി തീർന്നു എങ്കിൽ നമ്മുടെ നാട് അതിന്‍റെ മൂല്യങ്ങൾ കളഞ്ഞു കുളിക്കുകയാണ് എന്ന് പറയേണ്ടിവരുന്നു.
നവോത്ഥാനക്കാരുടെ പിൻഗാമികളായ കമ്യുണിസ്റ്റുകാർ കേരള സംസ്ഥാനത്തിന്‍റെ ആദ്യ ഭരണ സാരഥികൾ ആയിതീർന്നു. ആദ്യ മന്ത്രിസഭ അട്ടിമറിക്കപ്പെടുവാൻ പ്രധാനമായും കാരണമായത് വിദ്യാഭ്യാസ രംഗത്ത് സർക്കാർ എടുത്ത ജനകീയ നിലപാടുകൾ ആയിരുന്നു. കാലം ഒട്ടേറെ മാറ്റങ്ങൾ കേരളത്തിലും എത്തിച്ചു. ജനാധിപത്യവും മാനവികതയും മുന്നേറിയ ലോക സാഹചര്യങ്ങൾ നമ്മുടെ രാജ്യത്തും മാറ്റങ്ങൾ ഉണ്ടാക്കി. സാക്ഷരതയും ആരോഗ്യ രംഗവും വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചു. ശാസ്ത്ര രംഗത്ത് മുന്നേറ്റങ്ങൾ ജീവിതത്തിന്‍റെ വേഗത വർദ്ധിപ്പിച്ചു. മൊത്തത്തിൽ ലോകത്ത് കൂടുതൽ പുരോഗമന സാമൂഹിക ഇടങ്ങൾ ഉണ്ടായി എന്ന് മനസ്സിലാക്കാം. എന്നാൽ കേരളത്തിൽ സ്വാശ്രയ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ഓരോ വാർത്തകളും നമ്മുടെ നാട് പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തു വളരെ വേഗത്തിൽ പിന്നോക്കം സഞ്ചരിക്കുകയാണ് എന്ന്തോന്നിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ പദ്ധതികൾ, സൗജന്യവും നീതിയുക്തവുമായ വിദ്യാഭ്യാസ ഇടങ്ങൾ, പഠനത്തിന് ശേഷം രാജ്യത്തെ സേവിച്ച് സുരക്ഷിതമായ അവസ്ഥകൾ ഉണ്ടാക്കി എടുക്കൽ തുടങ്ങിയിട്ടുള്ള സങ്കൽപ്പങ്ങൾ ഇടതു പക്ഷ സർക്കാരിന്‍റെ കാലത്തും അട്ടിമറിക്കപ്പെടുന്നത് നിരാശ ഉണ്ടാക്കുന്നതാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും തമിഴ്നാട് കർണ്ണാടക തുടങ്ങിയവയിൽ നിന്നും വ്യത്യസ്തമായി സർക്കാർ സംവിധാനത്തിൽ പ്രവർത്തിച്ചു വന്നതും പ്രവേശനവും പഠനവും മറ്റും മിടുക്കിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിക്കുകയും ചെയ്തുപോന്നിരുന്നു. പണക്കാരായ ചില ആളുകളും സംഘടനകളും നടത്തിയ സ്ഥാപനങ്ങളിൽ പോലും ഭൂരിപക്ഷ പ്രവേശനവും സർക്കാർ നിയന്ത്രണത്തിൽ ആയിരുന്നതിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. വിദ്യാഭ്യാസം സുരക്ഷിതമായി (വരുമാനത്തിൽ) ജോലി ലഭിക്കുവാനുള്ള അവസരവും സാമൂഹിക അംഗീകാരങ്ങൾ (വിവാഹവും മറ്റും) പിടിച്ചു പറ്റുവാനുള്ള മാർഗ്ഗവുമായി മധ്യവർഗ്ഗ സമൂഹം കേരളത്തിൽ കാണുവാൻ തുടങ്ങിയതോടെ കേരളത്തിൽ നിന്നും കൂടുതൽ കുട്ടികൾ തലവരി പണം വാങ്ങിപഠിപ്പിക്കുന്ന തൊട്ടടുത്ത സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേയ്ക്ക് പോയിരുന്നു. (സാധാരണ വിദ്യാഭ്യാസത്തിലൂടെയുള്ള വരുമാനത്തിലും പ്രൊഫഷണൽ വിദ്യാഭ്യാസയോഗ്യതയിലൂടെ നേടിതരുന്ന സൗകര്യങ്ങളുടെ ആകർഷകത്വം ഇവിടെ പ്രധാന കാരണമാണ്). എന്നാൽ അത്തരം പരീക്ഷണങ്ങൾ സാമൂഹിക പ്രശ്നമായി എങ്ങും വളർന്നു വന്നില്ല. താൽപര്യം ഉള്ള ആളുകൾ അവരുടെ കഴിവിനും സൗകര്യങ്ങൾക്കും അനുസരിച്ച് മറ്റു സംസ്ഥനങ്ങളിൽ കുട്ടികളെ വിട്ട് എൻജീനിയറിങ്ങ്, എം.ബി.ബി.എസ്, നേഴ്സിങ്ങ് തുടങ്ങിയ കോഴ്സുകൾ പഠിപ്പിച്ചു. അവരുടെ ലക്ഷ്യം രാജ്യത്തിനു പുറത്തുള്ള തൊഴിൽ അവസരങ്ങൾ ആയിരുന്നു.
ഇന്ത്യയിൽ സജീവമായി തുടങ്ങിയ ആഗോളവൽക്കരണ ഫോർമുല കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി നടപ്പിൽ വരുത്തുവാൻ ശ്രമിച്ചതിനു പിന്നിൽ പ്രവർത്തിച്ച ഘടകം കേരളത്തിന് പുറത്തെ പ്രൊഫഷണൽ വിദ്യാലയങ്ങളിലേയ്ക്ക് ഒഴുകുന്ന പണത്തെ കേരളത്തിൽ തടഞ്ഞു നിർത്തുക എന്ന വാദമായിരുന്നു. (1984 മുതൽ തന്നെ സെൽഫ് ഫൈ നാൻസിംഗ് വിദ്യാലയങ്ങൾ ആരംഭിക്കുവാൻ ഇടതു സർക്കാർ തയ്യാറായത് പിൽക്കാല സ്വാശ്രയ സ്ഥാപനങ്ങളുടെ ആദ്യ മാതൃകകളായി കാണണം). മണിക്കൂറിനുള്ള കൂലിക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകർ, (തുച്ഛവേദനക്കാർ) കുട്ടികൾ തന്നെ പഠന ചെലവുകൾ വഹിക്കൽ മുതലായ സ്വഭാവങ്ങൾ ഉള്ള വിദ്യാലയങ്ങളെ മുഖ്യധാരാ പാർട്ടികൾ ആരും എതിർത്തില്ല. നീതിമാൻ എന്ന പേരിൽ രാഷ്ട്രീയ ജീവിതം നയിക്കുവാൻ പരിശ്രമിക്കുന്നു എന്ന് സ്വയം മറ്റുള്ളവരെ ബോധ്യപെടുത്തുവാൻ ഏറെ പണിപ്പെടുന്ന ശ്രീ എ.കെ ആന്‍റണി തന്നെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പണം ഉള്ളവർ പണമുള്ളവർക്കായി നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ തെറ്റില്ല എന്ന് വാദിച്ചു. ആ വാദത്തെ എതിർക്കുവാൻ കമ്യുണിസ്റ്റ് ഗ്രൂപ്പുകൾ തുടക്കത്തിൽ തയ്യാറായി. ശ്രീ ആന്റണി ആകർഷകമായി പദ്ധതികൾ വിശദീകരിച്ചു. സർക്കാരിനു ചിലവുകൾ ഇല്ലാതെ രണ്ടു സ്വാശ്രയ വിദ്യാലയം സമം ഒരു സർക്കാർ വിദ്യാലയം എന്ന സംവിധാനം നടപ്പിലാക്കാം എന്ന നിലപാടിനെ മാധ്യമങ്ങൾ ആഘോഷമാക്കി. മധ്യവർഗ്ഗ മലയാളി സമൂഹം വിഷയത്തെ വിപ്ലവമായി ചിത്രീകരിച്ചു. കാര്യങ്ങൾ സുതാര്യമാകുവാൻ ശ്രീ അന്തോണി അപേക്ഷിക്കുന്നവർക്ക് എല്ലാം വിദ്യാലയം എന്ന നിലപാട് സ്വീകരിച്ചു.
കേരളത്തിലെ ജനങ്ങളുടെ പണം കേരളത്തിൽ തന്നെ പരമാവധി നിൽക്കണം എന്ന വാദത്തിന് സാന്പത്തികമായ ഒരു മുഖമുണ്ട്. ജനങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന പണം കേരളത്തിൽ തന്നെ കൈമാറ്റം നടക്കുവാൻ അവസരം കൂടുതൽ ഉണ്ടായാൽ അത് കേരളത്തിൽ പണത്തിന്‍റെ ക്രയവിക്രയ തോത് കൂട്ടും എന്നത് ശരിതന്നെയാണ്. എന്നാൽ ഈ യുക്തി 30 ലക്ഷം മലയാളികൾ പണി എടുക്കുന്ന നാട്ടിലെ ആളുകളും തീരുമാനിച്ചാൽ അന്തോണിയുടെയും സമാന ചിന്തഗതിക്കാരുടെയും അവസ്ഥ എന്തായിതീരും? കുറേക്കൂടി വിശദീകരിച്ചാൽ, കേരളീയരുടെ സാന്പത്തിക ക്രയ വിക്രയങ്ങൾ പരമാവധി കേരളത്തിൽ തന്നെ നിലനിർത്തുവാൻ സർക്കാരുകൾ എന്ത് താൽപര്യമാണ് മറ്റുവിഷയങ്ങളിൽ എടുത്തിട്ടുള്ളത് എന്ന് പരിശോധിക്കാം. മലയാളികളുടെ ഭക്ഷ്യവിഭവമായ അരിയുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ സാന്പത്തികയുക്തി പ്രവർത്തിക്കാത്തത്? കേരളത്തിന് 365 ദിവസത്തിൽ 45 ദിവസം വേണ്ട അരി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ കുണ്ഠിതരാകാത്ത സർക്കാർ തലവരിപണമൊഴുക്കിൽ എടുത്ത താൽപര്യങ്ങൾ മറക്കരുത്? പ്രതിവർഷം അരി ഇറക്കുമതിക്കായി കേരളം കുറഞ്ഞത് 5000 കോടി രൂപ അന്യസംസ്ഥങ്ങൾക്ക് നൽകുന്നു. പച്ചക്കറിയുടെ കാര്യത്തിലും ഗൃഹ ഉപകരണങ്ങളുടെയും മറ്റും കാര്യങ്ങളിലും എല്ലാം ഇതു ബാധകമാണ്. ഇത്തരം വിഷയങ്ങളിൽ സ്വയം പര്യത്പതയെപറ്റി മൗനം അവലംബിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വാശ്രയ വിദ്യാഭ്യസ വിഷയത്തിലുള്ള അന്യ നാട്ടിലേയ്ക്കുള്ള പണം ഒഴുക്കിൽ കാണിക്കുന്ന ആശങ്കയുടെ അടിസ്ഥാനം മറ്റുപലതുമാണ്.
വിദ്യാഭ്യാസം സേവന രംഗമായി തുടരേണ്ടതും സംശുദ്ധമായ വിദ്യാഭ്യാസ അന്തരീക്ഷം നിലനിർത്തുകയും ചെയ്യേണ്ടതും അനിവാര്യമാണ്. മാത്രവുമല്ല പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് എത്ര സ്ഥാപനങ്ങൾ ഉണ്ടാകണം അതിൽ ഏതെല്ലാം കോഴ്സുകൾ ഉണ്ടായിരിക്കണം, അവയുടെ എണ്ണം എത്രയായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങളും തീരുമാനങ്ങളും ഉണ്ടായിട്ടുവേണം പ്രസ്തുത രംഗത്ത് വിദ്യാലയങ്ങൾ അനുവദിക്കുവാൻ.എന്നാൽ ഇത്തരത്തിലുള്ള പഠനങ്ങൾ നടത്താതെ പണം ഉള്ളവർ പണം മുടക്കി പഠിക്കട്ടെ, പണമില്ലാത്തവർ കിട്ടുന്ന ഒൗദാര്യങ്ങൾ വാങ്ങി കൊള്ളുക എന്ന രൂപത്തിൽ പിറന്നു വീണ സ്വാശ്രയ വിദ്യാലയങ്ങൾ ഇന്നു കേരളത്തിൽ ഉണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങൾ പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്. കുടത്തിൽ നിന്നും തുറന്നു വിട്ട ഭൂതം കണക്കെ സ്ഥാപന മുതലാളിമാർ സാമൂഹികമായി മലയാളിയുടെ വിദ്യാഭ്യാസ അവകാശങ്ങളെ വെല്ലു വിളിക്കുന്പോൾ ഇടതുപക്ഷ വിപ്ലവ വിദ്യർത്ഥി− യുവജന സംഘടനകൾ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. എ.കെ ആന്റണി 2002−03 കാലത്ത് തുടങ്ങിവെച്ച മെഡിക്കൽ −പാരാ മെഡിക്കൽ, എൻജിനീയറിംഗ് കോേളജുകൾ ഇന്ന് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?. 120ലധികം എൻജിനീയറിംഗ് കോളേജുകൾ, ഒരു ഡസ്സനിലധികം മെഡിക്കൽ കോളേജുകൾ, അനവധി മറ്റു സ്ഥാപനങ്ങൾ. ഇത്തരം സ്ഥാപനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ വലിയ ചർച്ചകൾക്ക് ഇടം ഉണ്ടാക്കുവാൻ കാരണം നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമൂഹിക ഉത്തരവാദിത്തങ്ങൾ നടപ്പിൽ വരുത്തുവാൻ ബാധ്യതയുണ്ട് എന്ന ജനങ്ങളുടെ പൊതു ബോധം ഇവിടെ ശക്തമായതുകൊണ്ടാണ്.
ആർക്കും സ്ഥാപനങ്ങൾ ആരംഭിക്കാം എന്ന നിലപാടുമായി നീങ്ങിയ സർക്കാർ തീരുമാനം എന്തൊക്കെ പ്രതിസന്ധികളാണ് കേരളത്തിൽ കഴിഞ്ഞ 20 വർഷമായി കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്.? തുടക്കത്തിൽ തന്നെ സുപ്രീംകോടതി നിയമിച്ച കെ.ടി തോമസ് കമ്മിഷൻ, അതിന്‍റെ തുടർച്ചയായ നിരവധി കോടതി ഇടപെടലുകൾ എല്ലാം ഫലത്തിൽ നടത്തിപ്പുകാർക്ക് അനുഗുണമായി മാറി. 90കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന st stephens vs delhi കോടതി വിധിയിൽ പകുതി സീറ്റുകൾ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാറ്റിവെയ്ക്കുകയും ബാക്കി പകുതി സീറ്റുകൾ കൂടുതൽ ഫീസ് നൽകി പഠിക്കുവാൻ കഴിയുന്നവർക്കായി അംഗീകരിച്ചു. എന്നാൽ TMA പൈ ഫൗണ്ടേഷൻകേസ്, ഇസ്ലാമിക് acadamy of education കേസ് തുടങ്ങിയവയിലൂടെ 2003ൽ കോടതി ക്രോസ് സബ്സ്സിഡി രീതി ഒഴിവാക്കി. ഇതോടെ സ്വകര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം ഈടാക്കുവാൻ അവസരം ഉണ്ടായി. കേരളത്തിൽ ഇടതു മുന്നണി തങ്ങളുടെ പഴയ നിലപാടുകളിൽ അയവ് വരുത്തി സ്വാശ്രയ സ്ഥാപനങ്ങൾ ഒരു യാഥാർഥ്യമാണ് എന്ന സമീപനത്തിൽ എത്തി. ഇതോടെ സ്ഥാപന ഉടമകൾ അടിക്കടി കോടതികളിൽ നിന്നും കച്ചവടങ്ങൾ കൊഴിപ്പിക്കുവാൻ വേണ്ട വിധികൾ വാങ്ങിയെടുത്തു. അതിനായി ന്യൂനപക്ഷ സ്ഥാപങ്ങൾ ഭരണഘടന ഉറപ്പു കൊടുത്ത മൗലിക അവകാശങ്ങളെ വേണ്ടതിലധികം ഉപയോഗപ്പെടുത്തി. കോടതികൾ സാമൂഹിക യാഥാർത്‍ഥ്യങ്ങളെ അവഗണിച്ച് കേവലം നിയമവ്യാഖ്യാതാക്കൾ ആയി. കേരളത്തിലെ വി.എസ് മന്ത്രിസഭ കൊണ്ടുവന്ന സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കൽ നിയമം അസധുവക്കുവാൻ സുപ്രീംകോടതി വിജയിച്ചതോടെ ഇടതുപക്ഷം പറഞ്ഞുവന്ന സ്വാശ്രയ വിരുദ്ധ നിലപാടുകൾ പൂർണ്ണമായും അവസാനിപ്പിച്ചു എന്ന് കാണാം.
സുപ്രീംകോടതി നിയമിച്ച കെ.ടി തോമസ് കമ്മീഷൻ നിശ്ചയിച്ച ഫീസ്(2004) എംബിബിഎസ്സിന് 1.13ലക്ഷം, ബിഡിഎസ്സിന് 76000, എൻജിനീയറിംഗിന് 36000 രൂപയുമായിരുന്നു. അതുവരെ സർക്കാർ സംവിധാനത്തിൽ ഉണ്ടായിരുന്ന എംബിബിഎസ്സിന് 11000 രൂപ സർക്കാർ ഫീസ് (എൻജിനീയറിംഗിന് 6600) സ്വാശ്രയ സ്ഥാപനത്തിൽ മെരിറ്റ് കുട്ടികൾക്ക് പഠിക്കാവാൻ അവസരം ഉണ്ടായിരുന്നു. കെ.ടി തോമസ് കമ്മിഷൻ അതിന് അന്ത്യം കുറിച്ചു. (ക്രോസ് സബ്സിഡി പാടില്ല എന്നതായിരുന്നു ന്യായം). സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ഫീസ് നിയന്ത്രിക്കുവാനുള്ള സമിതി 2006 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്നു. അവർക്ക് പ്രവേശനത്തിന് മേൽ പരിശോധനകൾ നടത്തുവാൻ അവസരം ഉണ്ടാകും. എന്നാൽ പലപ്പോഴും അവരുടെ തീരുമാനങ്ങളെ കാറ്റിൽ പറത്തുവാൻ കോടതി വിധികൾ സഹായകരമാകുന്നു.
കുഴഞ്ഞു മറിയുന്ന പ്രൊഫഷണൽ പ്രവേശനത്തിൽ ഒരു ദേശീയ ഫോർമുല ഉണ്ടാക്കുവാൻ സുപ്രീംകോടതി ഒടുവിൽ 2016ൽ തീരുമാനിച്ചു. അതിനു മുന്‍പ് 2013ൽ കേന്ദ്ര സർക്കാർ National Eligibility and Entrance Test നടപ്പിൽ വരുത്തുവാൻ ശ്രമിച്ചു. എന്നാൽ കോടതി ആ തീരുമാനം റദ്ദുചെയ്തു. പിന്നീട് 5 അംഗ ബഞ്ച് വിഷയത്തിൽ ഇടപെടുകയും ഇന്ത്യയിൽ എല്ലാം ഒരു പ്രവേശന പരീക്ഷ എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. മൊത്തം 53400 ലധികം സീറ്റുകളിൽ കുട്ടികളുടെ മെഡിക്കൽ പ്രവേശനം NEET പരീക്ഷയിലൂടെ തീരുമാനിക്കും എന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മെഡിക്കൽ സീറ്റിൽ 85% സംസ്ഥാനങ്ങൾക്കും ബാക്കി 15% ദേശിയ തലത്തിലും പ്രവേശനം മാറ്റിവെയ്ക്കുന്നു. പ്രവേശനത്തിന് തലവരി പണം ഒഴിവാക്കുവാൻ കോടതി നിർദേശിക്കുന്നു. എന്നാൽ ഫീസ് നിശ്ചയിക്കുവാൻ സംസ്ഥാനത്തിന് അവകാശം ഉണ്ടായിരിക്കും. കച്ചവട താൽപര്യങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ ശ്രദ്ധിക്കണം എന്നും കോടതി ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെ വിവിധ കോേളജുകൾ സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ ഫീസ് ഭീമമായി വർദ്ധിപ്പിച്ച് കോടതി ആഗ്രഹിച്ച നിലപാടിനെ അട്ടിമറിച്ചു. അതിനുള്ള അവസരം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരുകൾ ആണ്. മറ്റു സംസ്ഥാനത്തെ സർക്കാരുകൾ ഇത്തരം വിദ്യാഭ്യാസ കച്ചവടങ്ങളെ എക്കാലത്തും പ്രോത്സഹിപ്പിച്ചു പോന്നിരുന്നവരാണ്, എന്നാൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് എതിരായ സമരത്തിൽ പങ്കാളിയായിരുന്ന സിപിഐഎം ഭരിക്കുന്ന കേരളത്തിൽ എന്താണ് NEET നു ശേഷം സംഭവിച്ചത്? കേരളത്തിൽ NEET പ്രവേശന പരീക്ഷയെ പറ്റി സുപ്രീംകോടതി പറഞ്ഞ തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ കിട്ടിയ അവസരത്തെ ഇടതു സർക്കാർ എങ്ങനെയാണ് അട്ടിമറിച്ചത്? ഒരിക്കൽ കോഴപ്പണവും മറ്റും നിയന്ത്രിക്കുവാൻ ശ്രമിച്ച ഇടതു പക്ഷ സർക്കാർ തീരുമാനത്തെ അട്ടിമറിച്ച അതേ കോടതി തന്നെ പഴയതിൽ നിന്നും മാറി മെച്ചപ്പെട്ട തീരുമാനവുമായി എത്തിയപ്പോൾ എന്താണ് സർക്കാർ എടുത്ത സമീപനം?
സർക്കാർ മെഡിക്കൽ കോേളജുകളിൽ 1990 വരെ വാർഷിക ഫീസ് 1000 രൂപയ്ക്ക് താഴെയായിരുന്നത് 25000ത്തിൽ എത്തി. 2004ലെ സ്വാശ്രയ MBBS ഫീസ്സ് 1.13ലക്ഷം ആയിരുന്നത്, 2012ൽ 1.5 ലക്ഷം. 2014ൽ 1.75 ലക്ഷം. 2015ൽ 1.85 ലക്ഷം, 2016ൽ 2.5 ലക്ഷം, (വർദ്‍ധന 65000 രൂപ, ശ്രീ പിണറായി സർക്കാർ അധികാരത്തിൽ) ഇപ്പോൾ ഫീസ് 11 ലക്ഷം, വർദ്ധന 8.5 ലക്ഷം എന്താണ് ഇതിൽ നിന്നും അർത്ഥമാക്കേണ്ടത്? കഴിഞ്ഞ കാലത്ത് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ 50%ത്തിൽ 20% കുട്ടികൾക്ക് 25000 രൂപയ്ക്കും 30% കുട്ടികൾക്ക് 2.5 ലക്ഷവും കൊടുത്തു പഠിക്കുവാൻ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും പ്രവേശനം ദേശീയ പരീക്ഷയുടെ അടിസ്ഥാനത്തിലും തലവരി പണം ഒഴിവാക്കി, മിടുക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നൽകണം എന്ന് സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെയാണ് അട്ടിമറിച്ചത് എന്നാലോചിക്കുക. ജനകീയ വിദ്യാഭ്യാസം, ജനകീയ ആരോഗ്യം തുടങ്ങിയ പദ്ധതികളെ പറ്റി നിരന്തരം പറഞ്ഞു വന്നവർ ആർക്കുവേണ്ടിയാണ് കഴിഞ്ഞ നാളിൽ കാൽ ലക്ഷം രൂപ ഫീസ്സിൽ പഠിച്ച ഒരു കുട്ടിയുടെ പിന്തുടർച്ചക്കാർക്ക് ഈ വർഷം അതിന്‍റെ 44 ഇരട്ടി കൊടുത്തു പഠിക്കണം എന്ന് നിഷ്ക്കർഷിച്ചത്? പഠിക്കുവാൻ വരുന്ന കുട്ടികൾക്ക് ലോൺ നൽകി സഹായിക്കുവാൻ ഞങ്ങൾ ഉണ്ട് എന്ന് സർക്കാർ പറയുന്പോൾ കച്ചവടക്കാർക്ക് വ്യവസായം കൊഴിപ്പിക്കുവാൻ വഴിയുണ്ടാക്കുകായാണ് സർക്കാർ ചെയ്യുന്നത്. പ്രൊഫഷണൽ വിദ്യാഭ്യാസം എന്നാൽ MBBS പഠനം മാത്രമല്ല. മറ്റു തരം കോഴ്സുകളിലും കാട്ടുനീതി തുടരുന്നു. അതിന്‍റെ ഇരകളാണ് നെഹ്‌റു കോേളജിൽ മരിച്ചുവീണ വിദ്യർത്ഥിയും ബിലിവേർസ്സ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത ദളിത് ചെറുപ്പക്കാരനും. അടൂരിൽ ആത്മഹത്യ ചെയ്ത രജനിയും അങ്ങനെ പുതിയ തലമുറയിൽ പെട്ട നിരവധിപേരും.
പഠനം മിടുക്കിന്‍റെയും സാമൂഹിക പ്രതിപത്തതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം. അതിൽ നടക്കുന്ന ഏതുതരം വെള്ളം ചേർക്കലും നാടിന്‍റെ ഭാവിയെ ഇരുൾ അണിയിക്കും. കഴിഞ്ഞ നാളുകളിൽ താരതമ്യേന കുറഞ്ഞ ഫീസിൽ പഠിച്ചവർക്കും വലിയ ഫീസ് നൽകി പഠിക്കേണ്ട സാഹചര്യം കേരളത്തിന്‍റെ പൊതു സമൂഹം നേരിടുന്ന വെല്ലുവിളിയാണ്.ഒരിക്കൽ ശ്രീ പൽപ്പു വിദ്യാഭ്യാസ പ്രവേശനത്തിൽ നിന്നും അയോഗ്യനാക്കപെട്ടത് ജാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എങ്കിൽ ഇന്നു പണം പലരുടെയും ആഗ്രഹങ്ങളെ അട്ടിമറിക്കുന്നു.