തൃക്കാക്കരയ്ക്ക് പോം പാതയേതോ?
കന്മന ശ്രീധരൻ
നഷ്ടപ്പെട്ട സമതയുടെ ദർശനമാണ് മഹാകവി പി. കുഞ്ഞിരാമൻ നായർക്ക് ‘തൃക്കാക്കര’. നഷ്ടസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തപ്ത നിശ്വാസവുമാണാത്. ഒരൊറ്റയാന്റെ മുക്തി മോഹമല്ല അത്.. മാനവരാശിയുടെ ആകെ സായൂജ്യമാണ് കവി തേടിയലയുന്നത്. നഷ്ടപ്പെട്ട എല്ലാ ജീവിത സ്മൃതികളുടെയും പ്രതീകമാണ് ‘പി’യുടെ കവിതകളിൽ ഓണം. കവിക്ക് ജീവിതം തന്നെ നഷ്ടവസന്തത്തെ ചൊല്ലിയുള്ള മധുരനൊന്പരമാണ്. അത് വീണ്ടെടുക്കാനുള്ള സാധനയാണ് കാവ്യോപാസന. ആ സുവർണയുഗത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഇരുവിടുന്ന സങ്കീർത്തനങ്ങളാണ് ‘പി’യുടെ ഓണക്കവിതകൾ.
കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം. മാനുഷരെല്ലാരുമൊന്നുപോലെ കഴിഞ്ഞ സമത്വസുന്ദരമായ നാളുകൾ. ആ വാഗ്ദത്ത ഭൂമിക്കുവേണ്ടിയുള്ള കാത്തിരുപ്പ്. നൂറുരുപാടിക്കേട്ട ശ്രാവണ സംഗീതത്തിനു വേണ്ടി കാതോർക്കുന്ന മലയാളി. ഈ ഓണസങ്കൽപ്പങ്ങൾക്കിടയിലും ചരിത്രത്തിന്റെ ഏടുകളിലൂടെ കണ്ണോടിച്ചാൽ കൗതുകകരമായ പലതും കണ്ടെത്താൻ കഴിയും. ഓണം പിന്നിട്ട വഴികൾ. വികാസ പരിണാമങ്ങൾ. എല്ലാം രസകരമായി അനുഭവപ്പെടും.
ഓണം ഒരു വസന്തോത്സവമാണെന്നും അത് നമ്മുടെ കാർഷിക സംസ്കൃതിയുടെ അഭേദ്യമായ ഭാഗമാണെന്നും കാണുന്ന വിഖ്യാത ചരിത്രകാരനാണ് കെ.പി പത്മനാഭമേനോൻ. കൊയ്ത്തുകാല ഉത്സവമായ ഓണത്തിനായി ഒരുങ്ങിനിൽക്കുന്ന കേരളത്തിന്റെ കരളും മിഴിയും കവരുന്ന ദൃശ്യഭംഗിയെ അദ്ദേഹം വാഴ്ത്തുന്നുണ്ട്. തൃക്കാക്കരയിലെ ഇരുപത്തിയെട്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. ചക്രവർത്തിയുടെ അനുശാസനമനുസരിച്ച് എല്ലാ രാജാക്കന്മാരും സാമന്തന്മാരും ഇടപ്രഭുക്കന്മാരുമെല്ലാം അവിടെ എത്തിച്ചേരുമായിരുന്നു. അത്തച്ചമയത്തിലൂടെ ഇന്നും ആ ഓർമ്മയാണ് നാം പുതുക്കുന്നത്. ഓണക്കോടിയും ഓണസദ്യയും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു എന്ന പരാമർശവുമുണ്ട്.
മുവ്വായിരം കൊല്ലം മുന്പ് അസ്സറീയായിലെ നിനവേ എന്ന നഗരത്തിലുണ്ടായിരുന്ന ഒരു രാജാവോ രാജപരന്പരയോ ആയിരിക്കും മാവേലി എന്ന നിഗമനത്തിലാണ് എൻ.വി കൃഷ്ണവാരിയർ എത്തുന്നത്. അസ്സിറിയായിൽ താമസിച്ചിരുന്ന നമ്മുടെ പ്രപിതാമഹന്മാർ ആഘോഷിച്ചിരുന്നതായിരിക്കണം ഓണം എന്ന് പണ്ധിതോചിതമായ രീതിയിൽ സമർത്ഥിക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ ഓണം പാണ്ധ്യരാജധാനിയായിരുന്ന മധുരയിൽ മഹോത്സവമായി കൊണ്ടാടിയിരുന്നതായും കൃഷ്ണവാര്യർ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഓണത്തിന്റെ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, എൻ.വി കൃഷ്ണവാരിയരുടെ ചിന്തകളുമായി യോജിക്കുന്നു. ആദി കേരളീയർ ബാബിലോണിയക്കാരനാണെന്നും ഐതിഹ്യത്തിലെ മാബൽ രാജാവാണ് മഹാബലിയെന്നും ചേരരാജാക്കന്മാരുമായി ഈ രാജവംശത്തിന് രക്തബന്ധമുണ്ടായിരുന്നതിനാലാണ് അവർ മഹാബലിയുടെ ഓർമ്മ നിലനിർത്താൻ ഓണം കൊണ്ടാടി വരുന്നതെന്നുമാണ് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്.
മഹാകവി ഉള്ളൂർ, ആറ്റുർ കൃഷ്ണപിഷാരടി തുടങ്ങിയവർ ഭാസ്ക്കരവിവർമ്മൻ എന്ന ചേരമാൻ പെരുമാളാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് കരുതുന്നത്. മാമാങ്കത്തിലെ തീരുമാനമനുസരിച്ചാണ് ഇതെന്നാണ് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെടുന്നത്. മഹാബലിയെ മുൻനിർത്തി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഒരു ദേശീയോത്സവം ആഘോഷിക്കാൻ ചേരമാൻ പെരുമാൾ വിളംബരം ചെയ്യുകയായിരുന്നുത്രേ. ബുദ്ധമത പ്രചാരണങ്ങൾ തടയുന്നതിനും ജനങ്ങൾക്കിടയിലെ വിഭാഗീയതകൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ പ്രഖ്യാപനം. മലയാളികളുടെ ദേശാഭിമാനം ഉണർത്തുന്നതിനും ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ഇത് സഹായകമായി എന്നാണ് പണ്ധിതമതം.
വില്യം ലോഗനും ചേരമാൻ പെരുമാളുടെ കാലവുമായി ബന്ധപ്പെടുത്തിയാണ് ഓണത്തെ കാണുന്നത്. ഇസ്്ലാം മതം സ്വീകരിച്ച് മക്കത്തേക്ക് പോയ ചേരമാൻ പെരുമാൾ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ഓണം ആഘോഷിക്കുന്നതെന്ന സൂചനയും ‘മലബാർ മാന്വ’ലിലുണ്ട്. മതസൗഹാർദ്ദത്തിന്റെ മധുരോദാരമായ ഈ ചരിത്രവീക്ഷണം എന്തുകൊണ്ടോ തമസ്കരിക്കപ്പെടുകയാണുണ്ടായത്. ശബരിമല അയ്യപ്പന്റെയും വാവരുടെയും ഹൃദയൈക്യം പോലും അരോചകമായി കാണുന്നവർ നമ്മുടെയിടയിൽ ഇന്നുമുണ്ടല്ലോ.
ഓണം, തിരുവോണം എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തത്ഭവങ്ങളാണ്. ഓണക്കോടിയായി നൽകുന്നത് മഞ്ഞമുണ്ടാണ്. ഓണത്തപ്പാ കുടവയറാ എന്ന വിളിയും ശ്രദ്ധേയമാണ്. ഇതെല്ലാം ബുദ്ധമതവുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന വാദമുണ്ട്. ശ്രാവണപദത്തിലേക്ക് പ്രവേശിച്ചവർക്ക് ബുദ്ധദേവൻ മഞ്ഞവസ്ത്രം നൽകിയതിന്റെ ഓർമ്മകളാണത്രേ ഓണക്കോടി. ബൗദ്ധവിഹാരമായയ പള്ളിയിൽ വാണ പെരുമാളുടെ പൂർവ്വികനായിരുന്നു മഹബലി എന്നാണവരുടെ വിശ്വാസം.
മലയാളികൾ എന്നും സ്നേഹാദരങ്ങളോടെ ഓർക്കുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് ഓണം എന്ന പദത്തിന് ശ്രാവണം, ഒരു നക്ഷത്ര സമൂഹം എന്നൊക്കെയാണ് അർത്ഥം നൽകിയിട്ടുള്ളത്. പരശുരാമൻ കേരളം സന്ദർശിക്കുന്നതാണ് ഓണം എന്നാണദ്ദേഹത്തിന്റെ പക്ഷം. ഓണക്കാഴ്ച ഓണത്തല്ല് എന്നിവയ്ക്ക് ഓണാഘോഷവുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലാണ് അർത്ഥം നൽകിയിരിക്കുന്നത്. മലബാറിലെ നായകന്മാരുടെ ചരി്രതമെഴുതിയ ഫൗസ്റ്റ് രേഖപ്പെടുത്തിയ ഓണത്തിൽ മഹാബലിക്കും വിഷ്ണുവിനും ഒരു സ്ഥാനവുമില്ല. കുറന്പ്രനാട്ടിലെ അന്പെയ്ത്ത്, പാലക്കെട്ടെ ജന്മിമാരുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ഓണത്തല്ല് എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
ഫ്രാൻസിസ് ബുക്കാനൻ ഓണത്തെ കുരുമുളകുമായി ബന്ധപ്പെടുത്തിയാണ് കണ്ടത്. ചുരുങ്ങിയ വിലയ്ക്ക് ആണെങ്കിൽ പോലും കുരുമുളക് വിറ്റ് ചിങ്ങത്തിലെ ഓണം ആഘോഷിച്ചിരുന്ന ജനതയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇക്കാലത്താണ് കുരുമുളക് വിൽക്കുക. എന്നിട്ട് ആകർഷക വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടും. ആർഭാടത്തിനും ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടിയും മടിയില്ലാതെ പണം ചിലവഴിക്കും. ഓണനാളുകളിൽ ഇതെല്ലാം അനുവദിനീയമായിരുന്നത്രേ. നിലവിലുണ്ടായിരുന്ന നിയമങ്ങൾക്ക് മുന്പിൽ ഇതൊന്നും ശിക്ഷാർഹമായ കുറ്റങ്ങൾ ആയിരുന്നില്ല.
1777 മുതൽ 1789 വരെ മലയാളക്കരയിലുണ്ടായിരുന്ന ബർത്തലോമിയ ഐശ്വര്യ സമൃദ്ധമായ ഒരാണ്ടിനു വേണ്ടിയുള്ള സമൂഹമനസിന്റെ പ്രാർത്ഥനയായിരുന്നു ഓണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി മാലോകരെല്ലാം വീടും പരിസരവും ശുചിയാക്കി വെക്കും. ചാണകം മെഴുകി ശുദ്ധിയാക്കും. പഴയ മൺപാത്രങ്ങൾ ഉപേക്ഷിച്ച് പുതിയവ വാങ്ങും. എല്ലാവരും പുതുവസ്ത്രം അണിയും. ഓണക്കളികളിൽ പ്രധാനം അന്പെയ്ത്തായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ കേരളത്തിലുണ്ടായിരുന്ന കാന്റർ വിഷർ പറയുന്നത് ഓണം ശ്രീരാമ പത്നിയായ സീതാദേവിയുടെ ജന്മദിനാഘോഷമാണെന്നാണ്. ആഘോഷം ഏഴ് ദിവസം നീണ്ടുനിന്നിരുന്നു. ഗൃഹാങ്കണത്തിൽ ഒരു മൺകൂന്പാരമുണ്ടാക്കി ചാണകം മെഴുകി പൂക്കൾ കൊണ്ടലങ്കരിച്ച് ആടയാഭരണങ്ങളണിയിച്ച വിഷ്ണുബിംബം വെച്ച് പൂജിക്കുക ചടങ്ങുകളിലൊന്നായിരുന്നു. പ്രധാന നിവേദ്യം നാളീകേരമായിരുന്നു. മത്സ്യമാംസാദികൾ ഈ ദിവസങ്ങളിൽ വർജ്യമായിരുന്നു. ഓണത്തല്ലായിരുന്നു പ്രധാന കായിക വിനോദം.
ജേക്കബ് ഫിനിഷ്യൊയുടെ കൃതിയിൽ ആഗസ്റ്റ് മാസത്തിൽ നടക്കുന്ന ഒരാഘോഷമാണ് ഓണം. മഹാവിഷ്ണു മാവേലിയെ ഭരണത്തിൽ നിന്നൊഴിവാക്കി. പകരം സ്വർഗത്തിന്റെ കാവൽക്കാരനായി നിയമിച്ചു. ആണ്ടിലൊരിക്കൽ പ്രജകളെ കാണാനുള്ള അനുമതിയും നൽകി. ഇതാണ് ഓണാഘോഷം. അഞ്ചുകൂട്ടം കറികളടങ്ങിയ ഓണസദ്യ ഒരുക്കണം. ഉച്ചനീചത്വങ്ങളൊന്നും ഈ ആഘോഷവേളയിൽ പാടില്ല. ആയുധങ്ങൾ ഉപയോഗിക്കാത്ത മത്സരയുദ്ധങ്ങൾ സംഘടിപ്പിക്കും.
അതിപ്രാചീന കാലം മുതൽ പുറംരാജ്യങ്ങളുമായി നിലനിന്ന കച്ചവടബന്ധങ്ങൾ പല സഞ്ചാരികളെയും കേരളത്തിലേക്ക് ആകർഷിച്ചിരുന്നു. ആ സഞ്ചാരികളുടെ ഗീതങ്ങളിലൊക്കെയും ഓണം ആഹ്ലാദകരമായ ഒരു ആഘോഷമായി നിറഞ്ഞുനിൽക്കുന്നത് കാണാം.
ഏതായാലും ഒരു സാമൂഹികാഘോഷമെന്ന നിലയിലാണ് ചരിത്രകാരന്മാരെല്ലാം ഓണത്തെ വിലയിരുത്തിയിട്ടുള്ളത്. സമതയുടെ സന്ദേശമാണ് അത് ഉയർത്തിപ്പിടിക്കുന്നത്. നമ്മുെട ബഹുദേശീയതയുടെയും ബഹുസ്വരതയുടെയും സവിശേഷതകൾ ഈ ആഘോഷത്തിലും ദർശിക്കാം. ഓണപ്പൂക്കളുടെ വർണശബളിമ ഈ ഉത്സവത്തിന്റെ എല്ലാ തലങ്ങളിലും കാണാം. അതുകൊണ്ട് തന്നെ ഓണം എല്ലാവരുടേതുമാണ്. ഒരുമയുടെതാണ്. നമുക്കെല്ലാവർക്കും ചേർന്ന് ഇത്തവണയും ഓണം ആഘോഷിക്കാം.