സൈബർ ലോകവും സ്ത്രീ മുന്നേറ്റവും....
കൂക്കാനം റഹ്്മാൻ
നവമാധ്യമ ഇടപെടൽ സ്ത്രീ മുന്നേറ്റത്തിന് വേഗത കൂട്ടിക്കൊണ്ടിരിക്കുന്നു. എന്തും, എപ്പോഴും തുറന്നടിക്കാൻ ഇന്റർനെറ്റ് സംവിധാനവും ഫേസ്ബുക്കും, ട്വിറ്ററും വാട്ട്‌സ്ആപ്പും സ്ത്രീകൾക്ക് സാധ്യമാക്കിക്കൊടുത്തിരിക്കുന്നു. സ്ത്രീകളെ വഞ്ചിക്കാനും, കെണിയിൽ വീഴ്ത്താനും, ലൈംഗിക ചൂഷണത്തിനും പ്രയോജനപ്പെടുത്തുന്ന പുരുഷോപാധിയാണിതെല്ലാമെന്ന് ചിന്തിക്കുന്നവർക്ക് തിരിച്ചടി നൽകാൻ സ്ത്രീകളും പെൺകുട്ടികളും പ്രാപ്തി നേടിക്കഴിഞ്ഞു.
തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പത്ര ദൃശ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന റിപ്പോർട്ടർമാർ, എഡിറ്റർമാർ, പത്രാധിപർമാർ എന്നിവർ കനിഞ്ഞാലെ ഇതേവരെ സാധിക്കുമായിരുന്നുള്ളൂ. മേൽസൂചിപ്പിച്ചവരുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ ആശയസംവാദങ്ങൾ നടത്താൻ ശക്തമായൊരു ഇടമാണ് സൈബർ സംവിധാനങ്ങളെന്ന് സ്ത്രീകൾ കണ്ടെത്തുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണിന്ന്.
പെൺശരീരത്തെ വഞ്ചനക്ക് ഇരയാക്കാനുള്ള എളുപ്പവഴിയായി സൈബർ ലോകത്തെ പുരുഷവർഗ്ഗം കണക്കാക്കിയിരിക്കുന്നു. അത്തരം ചൂഷണങ്ങൾ കണ്ടെത്തി ശക്തിയോടെ തിരിച്ചടിക്കാനുള്ള കരുത്ത് സ്ത്രീകൾ ആർജ്ജിച്ചു കഴിഞ്ഞു. സൈബർ ചാറ്റിങ്ങിലൂടെ ഇടപെടുന്ന അപരിചിതൻ നൽകുന്ന സൂചനകളും, സാധ്യതകളും, അവയിലെ നല്ലതും, അപകടങ്ങളും മുൻകൂട്ടി കാണാൻ സ്ത്രീകളും പെൺകുട്ടികളും വിവേക പൂർണ്ണമായ ബോധം നേടിയെടുത്തതിനാൽ അപകടക്കെണിയിൽ അകപ്പെടുത്താൻ ഇനി അവരെ കിട്ടില്ല.
സ്വകാര്യത എന്ന സങ്കൽപ്പം ഏറ്റവും ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. വ്യക്തിക്ക് രഹസ്യങ്ങളില്ലാതാവുന്ന അവസ്ഥയും ഇന്നുണ്ട്. എത്ര പൊതിഞ്ഞു സൂക്ഷിച്ചാലും അത് വെളിച്ചത്തിലെത്തിക്കാൻ ആധുനിക സംവിധാനങ്ങൾ വഴി സാധ്യമാവുന്നു. സ്വകാര്യ സംഭാഷണങ്ങളും പ്രവൃത്തികളും ഒപ്പിയെടുക്കാനും പരസ്യപ്പെടുത്താനും മാർഗ്ഗങ്ങൾ വന്നു കഴിഞ്ഞു.
ഇത്തരം കാര്യങ്ങൾ സാധ്യമാവുന്നതുകൊണ്ടുതന്നെ പുരുഷമേധാവിത്വം ഉയർത്തുന്ന രഹസ്യമായതോ പരസ്യമായതോ ആയ വെല്ലുവിളികളെ നേരിടാൻ, കരുത്തുറ്റ പ്രതിരോധങ്ങൾ തീർക്കാൻ സോഷ്യൽ മീഡിയകൾ വഴി സാധ്യമാകുന്നുണ്ട്. പ്രതിരോധങ്ങൾ ആശയസംവാദത്തിലൂടെ സൃഷ്ടിച്ചെടുക്കാൻ പെട്ടെന്ന് സാധ്യമാകുന്നു എന്നതും അവയ്ക്ക് അപരിചതരുടേയോ, അല്ലാത്തവരുടേയോ ആശയപരമായ പിന്തുണ ആർജ്ജിക്കാനും സാധ്യമാകുന്നുണ്ട് എന്നതും നിഷേധിക്കാനും, അനുകൂലിക്കാനും, തെറ്റും ശരിയും തിരിച്ചറിയാനും സോഷ്യൽ മീഡിയകൾ സാധ്യമാക്കിത്തരുന്നുണ്ട് എന്നതും പ്രതിരോധത്തിന്റെ ശക്തികൂട്ടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നു.
സമൂഹത്തെ ഭയന്ന് തങ്ങളുടെ ഫോട്ടോകൾ പോലും ഫേസ്ബുക്കിലും, വാട്ട്‌സ്ആപ്പിലും ഇടാൻ സ്ത്രീകൾക്ക് ഭയമായിരുന്നു. തങ്ങളുടെ ഫോട്ടോയ്ക്ക് പകരം പക്ഷികളുടെയോ, മൃഗത്തിന്റെയോ, സിനിമാനടികളുടെയോ ഒക്കെ ചിത്രം കൊടുത്തിരിക്കുന്ന അവസ്ഥ മാറി സ്വന്തം ചിത്രം തന്നെ തൂക്കിയിടാൻ പെൺമനസ് സജ്ജമായിക്കഴിഞ്ഞു. തങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നതോ, ഡൗൺലോഡ് ചെയ്യുന്നതോ തെറ്റാണെന്നും നിയമപരമായ നടപടികൾ കൈക്കൊള്ളാൻ തങ്ങൾ തയ്യാറാണെന്നും ഉച്ഛൈസ്തരം പ്രഖ്യാപിക്കാൻ സ്ത്രീകൾ ത്രാണി നേടി.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയമായ മേഖലകളിലേക്കുകൂടി കടന്നുവരാനുള്ള അവസരമായി സ്ത്രീസമൂഹം ഇതിനെ പ്രയോജനപ്പെടുത്തുന്നു. എത്രനേരം വേണമെങ്കിലും പരസ്പരം സംവാദിക്കാനും, ആശയവിനിമയം നടത്താനും കണ്ടും കാണാതെയും സംസാരിക്കാനും സാധ്യമാകുന്നുണ്ടിവിടെ. പ്രണയിക്കാനും സൗഹൃദയം പങ്കുവെയ്ക്കാനും, ലോകകാര്യങ്ങൾ പരസ്പരം ചർച്ചചെയ്യാനും, കള്ളവും, സത്യവും തിരിച്ചറിയാനുമൊക്കെ സൈബർ മേഖല സ്ത്രീകൾക്ക് ഇടം നൽകുന്നു.
നവമാധ്യമങ്ങളിലൂടെ ജനഹിതമറിയാനും, ജനഹൃദയം കവരാനും, ജനാരവം മുഴക്കാനും സാധ്യമാകുന്നുണ്ടിന്ന്. ഇവയുടെ സഹായത്താൽ നിരവധി സാമൂഹ്യ സമരങ്ങൾ നടത്താൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. അവയിൽ മിക്കതിലും സ്ത്രീ സാന്നിദ്ധ്യമായിരുന്നു കൂടുതൽ. ചുംബന വിപ്ലവം, നിൽപ്പുസമരം, ഇരിക്ക സമരം, നാപ്കിൻ പ്രൊട്ടസ്റ്റ്, ചലോ മുതലമട, തുടങ്ങിയവ നവമാധ്യമകൂട്ടായ്മ തെരുവിലേക്കിറങ്ങി വിജയിപ്പിച്ച സമരങ്ങളാണ്. ഇവയുടെ വിജയം സ്ത്രീസമൂഹത്തിന് പ്രത്യേകമായൊരു ഊർജ്ജം നൽകുന്നുണ്ട്. തങ്ങൾക്കെതിരെ വളോങ്ങിനിൽക്കുന്നവരെ സധൈര്യം നേരിടാൻ പറ്റുമെന്നൊരു ആത്മവിശ്വാസം ഇവരിൽ അങ്കരിച്ചുകഴിഞ്ഞു.
സമൂഹം ‘നല്ലപെണ്ണ്’ എന്നംഗീകാരം നൽകണമെങ്കിൽ ചില ചട്ടങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. അടക്കവും ഒതുക്കവും വേണം എന്നാണൊന്ന്. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, അന്യപുരുഷന്മാരോട് ഇടപഴകരുത്, ചിരിയും സംസാരവും ഒതുക്കത്തോടെയാവണം, മാന്യമായ ഡ്രസ്സേ ധരിക്കാവൂ, കന്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്പോൾ ശ്രദ്ധവേണം ഇങ്ങിനെ നിരവധി കാര്യങ്ങൾ പാലിച്ചാലെ നല്ല പെണ്ണാവൂ. ഇന്നത്തെ പെൺകുട്ടികളിൽ പലരും തെരുവുകളിൽ രാത്രി നടത്തത്തിൽ ഏർപ്പെടുന്നു, കുത്തിയിരിപ്പു സമരങ്ങളിലും മറ്റും പങ്കാളിയാവുന്നു. വീറുറ്റ ചർച്ചകളിൽ സജീവമാകുന്നു. ഇങ്ങിനെയൊക്കെയുള്ളതാണ് പെണ്ണിന്റെ സൈബർ ജീവിതം ഇന്ന്. സമൂഹം കൽപ്പിച്ചു നൽകുന്ന ‘നല്ലപെണ്ണ്’ ചട്ടങ്ങളെ കാറ്റിൽ പറത്തി സ്വന്തം ശരീരത്തെയും, അതിന്മേലുള്ള അവകാശത്തെ പറ്റിയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയെന്നുള്ളതാണ് സൈബർ സ്ത്രീകളുടെ പോരാട്ടമുഖം.
ഫേസ്ബുക്ക് ഒരു പോർക്കളമാക്കി മാറ്റിയിരിക്കുകയാണ് ആധുനികസ്ത്രീത്വം. സമൂഹം കൽപ്പിച്ച അരുതായ്മകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്താനും, അവയ്‌ക്കെതിരായി പോരാടാനും ഉറച്ച മനസ്സോടെ അവർ നിലകൊള്ളുന്നു. ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞ പഴയ കാഴ്ചപ്പാട് മാറ്റാൻ അവർ കണ്ടെത്തിയ വഴി നാപ്കിനുകൾ പ്രൊഫൈൽ ചിത്രമാക്കിയിടാനാണ്. അവയോടുള്ള പുച്ഛം മാറ്റിയെടുക്കാനാണ് നവവഴികൾ കണ്ടെത്തിയത്.
ലെഗ്ഗിൻസും ജീൻസും അശ്ലീലമാണെന്ന് പ്രഖ്യാപിക്കുന്ന ആൺനായകന്മാർക്കെതിരെയും അവർ ഗർജ്ജിക്കുകയാണ്. പെണ്ണുടലിനോടും, വസ്ത്രത്തിനോടും കാണിക്കുന്ന പുരുഷമേൽക്കോയ്മയെ കുടഞ്ഞെറിയാനുള്ള തന്റേടം സൈബർ മേഖലയുടെ സഹായത്താൽ സ്ത്രീകൾ നടത്തിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ പിടിച്ചുവെയ്ക്കപ്പെട്ട കെട്ടുപഴകിയ സമൂഹ്യനിയന്ത്രണങ്ങളിൽ നിന്ന് മോചനം നേടാനുള്ള സ്ത്രീ വ്യഗ്രതയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ആധുനിക സ്ത്രീ സമൂഹം കാണിക്കുന്ന ധൈര്യത്തേയും, സമൂഹത്തിൽ അവർ അനുഭവിച്ചിരുന്ന പ്രയാസങ്ങളെ അതിജീവിക്കാനുള്ള പോരാട്ടത്തെയും പ്രോൽസാഹിപ്പിക്കാൻ പുരുഷമനസ്സ് സന്നദ്ധമാവണം. പുതുവഴികൾ തേടി പുതുചിന്തകളുമായി മുന്നേറുന്ന സഹോദരിമാർ തെറ്റുകളിലേക്കാണ് നീങ്ങുന്നത് എന്ന പഴഞ്ചൻ ധാരണ മാറ്റിയെടുക്കണം. അവർ തെറ്റുകൾ ചൂണ്ടികാണിക്കുകയും ശരികൾ പിന്തുടരുകയും ചെയ്യുകയാണ്...