ഹാ­ർ­വി­, ഗോ­ർ­ക്ക, ട്രംപ്


വി.ആർ. സത്യദേവ് 

sathya@dt.bh

അമേരിക്ക അതിശക്തമാണ്. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം അമേരിക്കൻ ഐക്യ നാടുകളാണ് എന്നതാണ് നിലവിലെ സങ്കൽപ്പം. സൈനിക പരമായ ശക്തിയാണ് പ്രധാനമായും അതിനു പിന്നിൽ. ലോകത്ത് പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പോലും കടന്നു കയറി ഇടപെടാൻ മടി കാട്ടാത്ത സൈനിക ശക്തി. അധിനിവേശങ്ങളെ അവകാശമായി കാണുന്ന കരുത്ത്. മനുഷ്യ നിർമ്മിതമായ ധനശേഷിയുടെയും ആയുധ ശേഷിയുടെയും പിൻബലത്തിലുള്ള മേധാവിത്വം. ആ കരുത്ത് പലപ്പോഴും അവരെ അഹങ്കാരികളും രാഷ്ട്രീയപരമായി താന്തോന്നികളും ആക്കുന്നുമുണ്ട് എന്ന ആരോപണമുണ്ട്. ഈ കരുത്തും അപ്രമാദിത്വവുമൊക്കെ നിത്യവും ശാശ്വതമാണെന്ന അഹംബോധം ആ രാജ്യത്തിന്റെ കാഴ്ചപ്പാടുകളിലും കാണാം. എന്നാൽ അതിന്റെ നിസ്സാരത ചിലപ്പോഴെങ്കിലും നിയതി വ്യക്തമാക്കുന്നു. പ്രകൃതിയുടെ പ്രചണ്ധ താണ്ധവങ്ങൾ മനുഷ്യൻ കെട്ടിപ്പൊക്കിയ അഹങ്കാര ഗോപുരങ്ങളെ അതി നിസ്സാരമായി തച്ചുടയ്ക്കുന്നു. എന്നിട്ടും നമ്മളൊന്നും പഠിക്കുന്നില്ല എന്നതാണ് വാസ്തവം. അമേരിക്ക അത്തരമൊരു പ്രകൃതി താണ്ധവത്തിന്റെ ആഘാതത്തിലാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയുടെ തെക്കൻ തീരസംസ്ഥാനങ്ങളിൽ വീശിയടിക്കുന്നു. പതിനായിരങ്ങളാണ് ഹാർവി ചുഴലിക്കൊടുങ്കാറ്റ് വിതച്ച നാശത്തിന്റെ ദുരന്തമേറ്റുവാങ്ങേണ്ടിവന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയ്ക്ക് തികച്ചും ദുഃഖ വെള്ളി തന്നെയായിരുന്നു. വെള്ളിയാഴ്ചയാണ് ഹാർവി അമേരിക്കൻ മണ്ണിൽ ആഞ്ഞടിച്ചത്. കൊടുങ്കാറ്റ് അതിശക്തമായിരിക്കും എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷേ അത് ടെക്സസിനെ തച്ചു തകർക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരും പ്രതീക്ഷിച്ചിരുന്നില്ല. കടലിൽ നിന്നും കരയ്ക്ക് കയറിയ ചുഴലി ടെക്സസിന്റെ സാധാരണ ജീവിതം തകർത്ത് കളഞ്ഞു. മുൻകരുതലുകളെടുത്തിരുന്നതിനാൽ മരണ സംഖ്യ കുറയ്ക്കാനായി. എങ്കിലും കാറ്റു വിതച്ച നാശനഷ്ടങ്ങൾ കനത്തതു തന്നെയായി. വീടുകൾ തകർന്നടിഞ്ഞു. ദേശീയ പാതകളടക്കം വെള്ളത്തിനടിയിലായി. വൈദ്യുതി വിതരണം പാടേ തകരാറിലായി. നൂറുകണക്കിനു വാഹനങ്ങൾ തകരാറിലായി. ഏറെപ്പേർ വീടുകളിൽ കുടുങ്ങി. വാസ്തവത്തിൽ മരണ സംഖ്യ എത്രയാണെന്ന് കൃത്യമായറിയാൻ തന്നെ ഇനിയും സമയമെടുക്കും. ദുരന്തത്തിന്റെ വ്യാപ്തിയേറ്റിക്കൊണ്ട് മഴ തുടരുന്നത് ആശങ്ക ഏറ്റുന്നുമുണ്ട്.

മഴതുടരുമെന്നും കൂടുതൽ നാശനഷ്ടങ്ങൾക്ക് അതു വഴിവയ്ക്കുമെന്നുമാണ് ദേശീയ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. ടെക്സസിലെ പ്രമുഖ നഗരമായ ഹൂസ്റ്റണും ഗാൽവസ്റ്റണുമൊക്കെ ദുരന്ത ബാധിതമാണ്. നാസയുടെ പരിശീലന കേന്ദ്രമടക്കം സുപ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്ന നഗരമാണ് ഹൂസ്റ്റൺ. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മേഖലയിലേക്ക് 100 ദേശീയ സുരക്ഷാ ഗാർഡുമാരെക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് ടെക്സസ് ഗവർണർ അറിയിപ്പു. ഇന്നലെയും ആൽവിൻ, ഫ്രണ്ട്സ്വുഡ്, ലീഗ് സിറ്റി, പസദേന, പേൾലാൻഡ്, സീബ്രൂക്, വെബ്സ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ കർഫ്യൂ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മേഖലയിലെ നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്ക അധികരിപ്പിക്കുന്നു. ഫോർട് ബെൻഡിലെ ബ്രാസോസ് നദീ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. നദികളിലെ ജലനിരപ്പുയർന്നതോടെ അണക്കെട്ടുകളും അപകടാവസ്ഥയിലായി. ഗാൽവസ്റ്റണിലെ അഡിക്സ്, ബാൽക്കർ അണക്കെട്ടുകളിൽ നിന്നും നിയന്ത്രിത അളവിൽ കൂടുതൽ ജലം തുറന്നു വിട്ടു തുടങ്ങി. അണക്കെട്ടിന്റെ സമീപത്തു നിന്നും ജനങ്ങളെ മാറ്റുന്ന ജോലിയും പുരോഗമിക്കുകയാണ്. 

മഴ കനത്തതോടേ അന്തർ സംസ്ഥാന പാതകളടക്കം ദേശീയ പാതകൾ പലതും വെള്ളത്തിനടിയിലായി. ഇന്റർ േസ്റ്ററ്റ് ഹൈവേ 10, 45, 610 എന്നിവ വെള്ളത്തിനടിയിലാണ്. ഇവിടങ്ങൾ വഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വെള്ളക്കെട്ടുകളിലേയ്ക്ക് വണ്ടിഓടിച്ചിറക്കിയ നിരവധി പേർ അപകടത്തിൽ പ്പെട്ടു. അതിശക്തമായ കാറ്റിനുമുന്നിൽ വലിയ വാഹനങ്ങളും വീടുകളുമൊക്കെ കളിപ്പാട്ടങ്ങൾ പോലെ തകർന്നടിഞ്ഞു. മൂന്നര ലക്ഷം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് എന്ന് പറയുന്പോൾ തന്നെ ഒരു പരിഷ്കൃത സമൂഹത്തിൽ ജനങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന കാര്യം വ്യക്തമാകുന്നു.

ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ടെക്സസിലേയ്ക്ക് സഹായ പ്രവാഹം തുടരുകയാണ്. പ്രകൃതി ദുരന്തത്തെതുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ഡാലസിൽ മെഗാ ദുരിതാശ്വാസ കേന്ദ്രം തുറന്നു. 500 പേരാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. 

ടെക്സസിലെ റോക് പോർട്ടിൽ മഴ ഒരൽപ്പം ശക്തി കുറഞ്ഞതോടെ ജനങ്ങൾ വാസസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി. എന്നാൽ വീടുകൾ തകർന്നടിഞ്ഞതിന്റെ ദുരന്ത ചിത്രമാണ് ആയിരങ്ങളെ കാത്തിരുന്നത്. ഇവിടങ്ങൾ സാധാരണ നിലയിലേയ്ക്ക് മടങ്ങാൻ ഇനിയും കാലം ഏറെയെടുക്കും എന്നുറപ്പ്. ഇന്നലെ (ഞായറാഴ്ച) രാത്രിയും മഴതുടരുന്നത് ആശങ്ക അധികരിപ്പിക്കുന്നു. പന്ത്രണ്ട് വർഷത്തിന് മുന്പ് 2005ൽ വീശിയടിച്ച വിൽമ ചുഴലിക്കൊടുങ്കാറ്റിന് ശേഷം രാജ്യത്ത് ഏറ്റവുമധികം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റാണ് ഹാർവി. നാളെ (ചൊവ്വാഴ്ച) പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മേഖലയിൽ സന്ദർശനം നടത്തുന്നുണ്ട്. വലിയ രാഷ്ട്രീയ ചുഴലികളുടെ നടുവിൽ നിന്നാണ് ട്രംപ് ടെക്സസിലെത്തുന്നത്.

ട്രംപ് സർക്കാരിന്റെ പോക്ക് തന്നെ എങ്ങോട്ടെന്ന വലിയ ചോദ്യമാണ് വർത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങൾ ഉയർത്തുന്നത്. ലക്കും ലഗാനുമില്ലാത്ത ഒരു പോക്കാണ് ട്രംപ് തുടരുന്നത് എന്ന് വിലയിരുത്താതെ വയ്യ. ഒരു സ്ഥാപനത്തിലോ സർക്കാരിലോ നിന്ന് ക്രമാതീതമായ കൊഴിഞ്ഞ് പോക്കുണ്ടാക്കുന്നത് ആ സ്ഥാപനത്തിന്റെ ആരോഗ്യവും നിലനിൽപ്പും സംബന്ധിച്ച വ്യക്തമായ ദുസൂചനയാണ് നൽകുന്നത്. കൊഴിഞ്ഞ് പോക്കുകൾക്ക് കുപ്രസിദ്ധമായിക്കഴിഞ്ഞു ട്രംപ് ഭരണകൂടം. ഇന്നലത്തെ മനസാക്ഷി സൂക്ഷിപ്പുകാരൻ ഇന്ന് എതിർപാളയത്തിൽ എന്നതാണ് നടപ്പു രീതി. കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ക്യാന്പിൽ നിന്നും ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൻ വഴിപിരിഞ്ഞിരുന്നു. ബ്രെയ്റ്റ്ബാർട്ടെന്ന സ്വന്തം ന്യൂസ് പോർട്ടലിനെ ട്രംപ് വിരുദ്ധത ആക്രമണത്തിന്റെ കുന്തമുനയാക്കുമെന്ന് തുറന്നടിച്ചായിരുന്നു ബാനന്റെ പടിയിറക്കം. വന്ന് വന്ന് വെള്ളിയാഴ്ചകൾ ഇപ്പോൾ വൈറ്റ് ഹൗസ് പടിയിറക്കങ്ങളുടെ കാലമായിക്കഴിഞ്ഞു എന്നാണ് ദുഷ്ടലാക്കുകൾ ആക്ഷേപിക്കുന്നത്. ഈയാഴ്ച സെബാസ്റ്റ്യൻ ഗോർക്കയുടെ ഊഴമായിരുന്നു. 

പ്രസിഡണ്ട് ട്രംപിന്റെ തീവ്രവാദ വിരുദ്ധ ഉപദേശക സ്ഥാനത്ത് നിന്നാണ് ഗോർക്ക രാജിവയ്ക്കുന്നത്. ടെലിവിഷനിലും നവമാധ്യമങ്ങളിലുമൊക്കെ ട്രംപിന്റെ ആശയങ്ങളുടെയും നിലപാടുകളുടെയും കരുത്തുറ്റ ശബ്ദമായിരുന്നു ഏറെക്കാലമായി സെബാസ്റ്റ്യൻ ഗോർക്ക. ഗോർക്കയുടെ രാജി തിങ്കളാഴച വരെ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അദ്ദേഹം വഴിപിരിഞ്ഞു എന്ന് സൂചിപ്പിച്ചിട്ടുമുണ്ട്. 2015 മുതൽ ട്രംപിനൊപ്പമാണ് ഗോർക്ക. കഴിഞ്ഞയാഴ്ച പിണങ്ങിപ്പിരിഞ്ഞ ബാനന്റെ ബ്രെയ്റ്റ്ബാർട് ന്യൂസ് പോർട്ടലിന്റെ നാഷണൽ സെക്യൂരിറ്റി എഡിറ്ററായിരുന്നു ഗോർക്ക. ഗോർക്കയെ നിർണ്ണായക കാര്യങ്ങളിൽ നിന്നൊക്കെ മാറ്റി നിർത്തി പുകച്ചു പുറത്താക്കുകയായിരുന്നു എന്നാണ് അറിയുന്നത്. 

വിശ്വസ്തരെയും വിദഗ്ദ്ധരെയുമൊക്കെ പുകച്ചു പുറത്താക്കി ട്രംപ് ഭരണകൂടം എങ്ങോട്ടാണ് കുതിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും തലപുകയ്ക്കുന്നത്. ചീഫ് ഓഫ് സ്റ്റാഫായിരുന്ന റെയ്ൻ പ്രീബസ്, പ്രസ് സെക്രട്ടറി സീൻ സ്പൈസർ എന്നിവരാണ് ബാനനും ഗോർക്കക്കും മുന്നേ ട്രംപുമായി വഴി പിരിഞ്ഞത്. രാജിച്ചുഴലികൾക്കൊപ്പം ട്രം രാജിവച്ചേക്കുമെന്ന മറ്റൊരു വലിയ ചുഴലിസാധ്യതയും അമേരിക്കയുടെ രാഷ്ട്രീയ മണ്ധലത്തിൽ രൂപം കൊള്ളുന്നതായും സൂചനകളുണ്ട്. ഏതായാലും പ്രകൃതിയും മനുഷ്യനും ഒരേ പോലെ കലുഷിതമാക്കുകയാണ് അമേരിക്കൻ ഐക്യനാടുകളെ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.

You might also like

Most Viewed