ഇത് സംഭാ­വനയല്ല, പച്ചയാ­യ കൈ­ക്കൂ­ലി­!


ജെ. ബിന്ദുരാജ്

‘പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കോരായണ’ എന്നത് അധികാരത്തിലേറുന്ന ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റേയും ആപ്തവാക്യമാണ്. ദരിദ്രനാരായണന്മാരുടേ ക്ഷേമത്തിനായി തങ്ങൾക്കാവുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറുന്നവർ, അധികാരത്തിലേറി അതിനടുത്ത നിമിഷം മുതൽ തന്നെ നാരായണന്മാർക്കിട്ട് പണി കൊടുക്കുകയും കോർപ്പറേറ്റ് കോരായണന്മാർക്കായി തങ്ങൾക്കാവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായുമെല്ലാം അധികാരത്തിന്റെ പൊതുസ്വഭാവമാണ് പണമുള്ളവനൊപ്പം അധികാരകേന്ദ്രങ്ങൾ വർത്തിക്കുമെന്നുള്ള കാര്യം. കേരളത്തിൽ വേദനിക്കുന്ന കോടീശ്വരന്മാരായ തോമസ് ചാണ്ടിക്കും പിവി അൻവറിനും വേണ്ടി വിപ്ലവപാർട്ടിയുടെ മൂത്ത സഖാക്കന്മാർ കണ്ണീരു പൊഴിക്കുന്നത് ഒരു വശത്തു നടക്കുന്പോൾ കോർപ്പറേറ്റുകൾക്കായി ഫാക്ടറീസ് നിയമത്തിൽ വെള്ളം ചേർത്ത് തൊഴിലാളികളുടെ നില പരിതാപകരമാക്കി മുതലാളിക്ക് കൂടുതൽ നേട്ടമുണ്ടാക്കി നൽകാനും പരിസ്ഥിതിയെ അവതാളത്തിലാക്കാനുമാണ് കേന്ദ്ര സർക്കാർ പണിപ്പെടുന്നത്. ഒപ്പം ആശുപത്രിയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. അധികാരത്തിലേറാനുള്ള വോട്ട് പാവപ്പെട്ടവന്റേതാണെങ്കിലും തിരഞ്ഞെടുപ്പ് നേരിടാനുള്ള ഭീമമായ സംഭാവനത്തുക നൽകിയത് കോർപ്പറേറ്റുകൾ ആയതിനാൽ കോർപ്പറേറ്റുകളോടാണ് ദരിദ്രനാരായണന്മാരോടുള്ള നന്ദിയേക്കാൾ രാഷ്ട്രീയക്കാർക്ക് സ്‌നേഹം. അതുകൊണ്ടു തന്നെ ലൈസൻസ് ആവശ്യമില്ലാതെ പോലും ഫാക്ടറികൾ തുറക്കാമെന്നും പരിസ്ഥിതി സുരക്ഷാ മാനദണ്ധങ്ങളില്ലാതെ അവ പ്രവർത്തിപ്പിക്കാമെന്നുമുള്ള നിലയിൽ ഫാക്ടറീസ് നിയമം പൊളിച്ചെഴുതാനും തൊഴിലാളികളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും പുല്ലുവില കൽപ്പിക്കാതെ, മുതലാളിത്ത വ്യവസ്ഥിതിയോട് പൂർണമായും രാജ്യത്തെ ചേർത്തുനിർത്തി അടിമപ്പണി സന്പ്രദായം ശക്തിപ്പെടുത്താമെന്നും കേന്ദ്രം പ്രത്യാശിക്കുന്നു. സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിലാണെങ്കിൽ ജനപ്രതിനിധി ആകുന്നതോടെ രാജ്യം സ്വന്തമാണെന്നും സ്വന്തക്കാർക്കൊക്കെ വീതിച്ചുനൽകാനുള്ളതാണെന്നുമാണ് പല നേതാക്കന്മാരുടേയും വിചാരം.

ബിജെപിയുടെ വ്യവസായമന്ത്രി ബന്ദാരു ദത്താത്രേയയ്ക്ക് അങ്ങനെ മാത്രമേ പ്രവർത്തിക്കാനാകുകയുള്ളു. കാരണം ബിജെപിയാണ് 2012-−13നും 2015-16നും ഇടയിലുള്ള കാലയളവിൽ കോർപ്പറേറ്റുകളുടെ കൈയിൽ നിന്നും ഏറ്റവുമധികം തുക സംഭാവനയായി കൈപ്പറ്റിയിട്ടുള്ളത്. 2987 കോർപ്പറേറ്റ് കന്പനികളിൽ നിന്നായി 705.81 കോടി രൂപ. തൊട്ടുപിന്നിൽ നിലകൊള്ളുന്ന കോൺഗ്രസ് കേവലം 167 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും കേവലം 198.16 കോടി രൂപ! രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാലയളവിൽ കോർപ്പറേറ്റുകൾ മൊത്തം നൽകിയിട്ടുള്ള സംഭാവനയാകട്ടെ 956.77 കോടി രൂപയും. ഈ തുകയുടെ 45.22 ശതമാനം നൽകിയിരിക്കുന്നത് ട്രസ്റ്റുകളും ഗ്രൂപ്പ് ഓഫ് കന്പനികളുമാണെങ്കിൽ 12.93 ശതമാനം നൽകിയിട്ടുള്ളത് ഫാക്ടറികളുൾപ്പെടുന്ന നിർമ്മാണമേഖലയും 12.67 ശതമാനം റിയൽ എസ്റ്റേറ്റ് കന്പനികളും 9.11 ശതമാനം ഖനന, കെട്ടിടനിർമ്മാണ, കയറ്റുമതി, ഇറക്കുമതിക്കാരുമാണ്. ഭരിക്കുന്ന പാർട്ടികളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നയനിലപാടുകൾ ആരെയാകും സഹായിക്കുക എന്നറിയാൻ ഈ ശതമാനക്കണക്കുകൾ കീറിമുറിച്ചു പരിശോധിച്ചാൽ മതിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടന്ന 2014-−15 കാലയളവിലാണ് ഈ സംഭാവനകളെല്ലാം തന്നെ അഞ്ച് ദേശീയ പാർട്ടികൾക്കും (ബി.ജെ.പി, കോൺഗ്രസ്, എൻസിപി, സിപിഐ (എം), സിപിഐ) ലഭിച്ചിട്ടുള്ളത്. അതായത് മൊത്തം സംഭാവനയുടെ 60 ശതമാനവും ലഭിച്ചത് ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ! ഏത് പാർട്ടി അധികാരത്തിലേറിയാലും തങ്ങളുടെ താൽപ്പര്യങ്ങളായിരിക്കണം അവർ സംരക്ഷിക്കേണ്ടതെന്ന് ഉറപ്പാക്കാൻ കോർപ്പറേറ്റ് ഭീമന്മാർ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് നൽകുന്ന ഭിക്ഷയാണ് വാസ്തവത്തിൽ ഈ സംഭാവനകൾ. 

ഭാരതി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സത്യ ഇലക്ട്രറൽ ട്രസ്റ്റാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഏറ്റവുമധികം തുക സംഭാവന ചെയ്തിട്ടുള്ളത്. ബിജെപിക്ക് 193.62 കോടി രൂപയും കോൺഗ്രസിന് 57.25 കോടി രൂപയും എൻസിപിക്ക് 10 കോടി രൂപയുമാണ് അവർ നൽകിയത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ആദിത്യ ബിർളാ ഗ്രൂപ്പിന്റെ ജനറൽ ഇലക്ട്രറൽ ട്രസ്റ്റാണ്. ബിജെപിക്ക് ഇവർ 70.7 കോടി രൂപയും കോൺഗ്രസിന് 54.1 കോടി രൂപയുമാണ് നൽകിയത്. ഇനി ഈ രണ്ടു കോർപ്പറേറ്റുകളുടേയും പ്രധാന ബിസിനസുകൾ എന്താണെന്നു നോക്കാം. സുനിൽ ഭാരതി മിത്തൽ ചെയർമാനായിട്ടുള്ള ഭാരതി എന്റർപ്രൈസസിന് ടെലികമ്യൂണിക്കേഷൻസിലും മാനുഫാക്ചറിങ്ങിലും അഗ്രിബിസിനസിലും ഫിനാൻഷ്യൽ സർവീസസിലുമാണ് പ്രധാന ഇടപാടുകൾ. 17 രാജ്യങ്ങളിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന ഭാരതി ലോകത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ് വർക്കായ എയർടെല്ലിന്റെ ഉടമകളുമാണ്. കുമാർ മംഗളം ബിർളയുടെ കീഴിലുള്ള ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രവർത്തനം ഏതാണ്ട് 70 ശതമാനത്തോളവും മാനുഫാക്ചറിംഗ് മേഖലയിലാണ്. വിസ്‌കോസ് സ്റ്റേപ്പിൾ ഫൈബർ, ലോഹങ്ങൾ, സിമെന്റ് (ഇന്ത്യയിൽ നന്പർ 1) വിസ്‌കോസ് ഫിലമെന്റ് ചണം, ബ്രാൻഡഡ് വസ്ത്രങ്ങൾ, കാർബൺ ബ്ലാക്ക്, വളം എന്നിങ്ങനെ പോകുന്നു അത്. ഫാക്ടറീസ് നിയമത്തിൽ ഭേദഗതി വരുത്താനും കോർപ്പറേറ്റുകൾക്ക് അനുകൂലമായി തൊഴിലാളി വിരുദ്ധ നിലപാടുകൾ പോലും ഫാക്ടറീസ് നിയമത്തിൽ പുതുതായി കൊണ്ടുവരാനും ബിജെപിയെ പ്രധാനമായും പ്രേരിപ്പിക്കുന്നത് ബിർളയോടും ഭാരതിയോടും ബിജെപിക്കുള്ള ഈ വിധേയത്വം തന്നെയാണ്. ടെലികമ്യൂണിക്കേഷൻ രംഗത്ത് ബിഎസ്എൻഎല്ലിനെ കുളത്തിലാക്കാൻ നടത്തുന്ന നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന വികാരമാകട്ടെ ഭാരതിയോടുള്ള വിധേയത്വവും!

കോർപ്പറേറ്റുകൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് സംഭാവന നൽകാൻ ഇലക്ട്രറൽ ട്രസ്റ്റുകൾ രൂപീകരിക്കുന്നതിന്റെ ലോജിക് വളരെ ലളിതമാണ്. ഇലക്ട്രറൽ ട്രസ്റ്റുകളിലൂടെ പണം നൽകുന്പോൾ ഏത് പാർട്ടികൾക്കാണ് തങ്ങൾ പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ട ആവശ്യം ഈ കന്പനികൾക്കില്ലെന്നതാണ് അതിനു പ്രധാന കാരണം. ഉദാഹരണത്തിന് തങ്ങൾ പിന്തുണയ്ക്കുന്ന പാർട്ടി അധികാരത്തിലേറിയില്ലെങ്കിൽ വിജയിച്ച എതിരാളിയായ രാഷ്ട്രീയകക്ഷി തങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തുമെന്ന ഭയമാണ് അതിനുള്ള പ്രധാന കാരണം. 1951ലെ ജനപ്രാതിനിധ്യനിയമത്തിന്റെ 29 എ വകുപ്പു പ്രകാരമാണ് ഇലക്ട്രറൽ ട്രസ്റ്റുകൾ എന്ന നോൺപ്രോഫിറ്റ് കന്പനികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏതെങ്കിലുമൊരു വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സംഘങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ സംഭാവന സ്വീകരിക്കാനും അത് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാനുമാണ് ഈ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ സാന്പത്തികവർഷവും തങ്ങൾക്ക് ലഭിച്ച സംഭാവനയുടെ 95 ശത്മാനവും യോഗ്യരെന്ന് അവർ വിലയിരുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അവർ നൽകുകയും വേണം. ഉദാഹരണത്തിന് ഭാരതിയുടെ നിയന്ത്രണത്തിലുള്ള സത്യ ഇലക്ട്രറൽ ട്രസ്റ്റിൽ അവർക്കു പുറമേ, ഡിഎൽഎഫ്, ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹീറോ മോട്ടോകോർപ്പ്, ജെകെ ടയേഴ്‌സ് തുടങ്ങി നിരവധി കന്പനികളാണുള്ളത്. 2013 ഏപ്രിൽ 1നും 2016 മാർച്ച് 31നുമിടയിൽ രാജ്യത്തെ ഏഴ് പ്രധാനപ്പെട്ട ഇലക്ട്രറൽ ട്രസ്റ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് മൊത്തം 442 കോടി രൂപയാണ് നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പരിശോധിച്ചാൽ കന്പനികളിൽ നിന്നും ട്രസ്റ്റുകളിലേക്കും ട്രസ്റ്റുകളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കുമുള്ള പണത്തിന്റെ സഞ്ചാരം വ്യക്തമാകുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ അതിനെ പ്രതിരോധിക്കാൻ പുതിയ നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

2017ലെ ഫിനാൻസ് ബില്ലിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ‘ഇലക്ട്രറൽ ബോണ്ട്’ ആണ് ജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഫണ്ട് മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ രംഗത്തിറക്കിയിരിക്കുന്ന പുതിയ ആയുധം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഇലക്ട്രൽ ബോണ്ട് കന്പനികൾക്ക് വാങ്ങാനും സംഭാവന നൽകുന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അത് തങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനുമുള്ള അവസരം നൽകുന്നു. കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ബിജെപി സർക്കാർ വാസ്തവത്തിൽ കോർപ്പറേറ്റുകളിൽ നിന്നും കൂടുതൽ പണം കൈപ്പറ്റി അവരുടെ ഇഷ്ടാനുസരണം ഇന്ത്യയിലെ നിലവിലുള്ള തൊഴിൽ നിയമങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് പുതിയ മുതലാളി താൽപ്പര്യം സംരക്ഷിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ അത് വഴിവയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ മൂടിവയ്ക്കാനും അതുവഴി കോർപ്പറേറ്റുകൾക്ക് തങ്ങൾ ചെയ്യുന്ന സഹായങ്ങൾ സംഭാവനയുടെ പിൻബലത്തിലല്ലെന്ന് വാദിക്കാനും ഭരണക്കാർക്ക് അവസരമൊരുങ്ങുകയാണ് ചെയ്യുന്നത്. നിലവിൽ പോലും ദേശീയ പാർട്ടികൾക്ക് 1933 സംഭാവനകളിലൂടെ ലഭിച്ച 384.04 കോടി രൂപ പാൻ നന്പർ ഇല്ലാതെയാണ് ലഭിച്ചതെന്ന് അറിയുക. പാനില്ലാതെ ലഭിച്ച 99 ശതമാനം സംഭാവനകളും ബിജെപിക്കായിരുന്നുവെന്നത് വേറെ കാര്യം. കള്ളപ്പണത്തിനെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനിറങ്ങിയ ബിജെപിയുടെ സംഭാവനകളാണ് കള്ളത്തരത്തിൽ മുന്നിട്ടുനിൽക്കുന്നതെന്നതാണ് രസകരമായ വൈരുദ്ധ്യം. 

നിലവിൽ തൊഴിലാളി സംഘടനകളെ വെല്ലുവിളിച്ചുകൊണ്ട് ഫാക്ടറീസ് നിയമം അട്ടിമറിക്കാൻ സമഗ്ര പരിഷ്‌കരണത്തിന് ഫാക്ടറീസ് നിയമത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതും പൊതുമേഖലാ ആശുപത്രികളെ അപകടാവസ്ഥയിലാക്കും വിധം പൊതുമേഖലയിലേക്ക് സ്വകാര്യ ഇടപാടുകാരെ എത്തിക്കാൻ ആരോഗ്യനയത്തിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നതും വാസ്തവത്തിൽ കോർപ്പറേറ്റുകൾക്ക് ഉദ്ദിഷ്ട കാര്യത്തിന് സർക്കാരിന്റെ ഉപകാരസ്മരണകളാണ്. ഖനനം, റിയൽ എേസ്റ്ററ്റ്, മാധ്യമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ട്രസ്റ്റുകളും ഗ്രൂപ്പ് ഓഫ് കന്പനികളുമാണ് ദേശീയ പാർട്ടികൾക്ക് ഏറ്റവുമധികം തുക സംഭാവന ചെയ്തതെങ്കിൽ (419.69 കോടി രൂപ) മാനുഫാക്ചറിംഗ് മേഖലയാണ് ഏറ്റവുമധികം ഫണ്ടു നൽകിയ രണ്ടാമൻ (123.67 കോടി രൂപ). ഫാക്ടറീസ് നിയമത്തിലെ വ്യവസ്ഥകളെല്ലാം തന്നെ തൊഴിലാളി വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാകാനുള്ള കാരണവും മറ്റൊന്നല്ല തന്നെ. ഫാക്ടറി തുറക്കുന്നതിനു അപേക്ഷ നൽകി രണ്ടു മാസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികൾ അതിന് അനുമതി നൽകിയില്ലെങ്കിൽ ഫാക്ടറി തുടങ്ങാനും പരിസ്ഥിതി, സുരക്ഷാ സംബന്ധിയായ നിയമങ്ങൾ കാറ്റിൽ പറത്തി ഏതു തരത്തിലും അത് പ്രവർത്തിപ്പിക്കാനും ഉടമയ്ക്ക് അനുവാദം നൽകുന്നതാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്ന ഭേദഗതി. മുന്നറിയിപ്പില്ലാതെ ഫാക്ടറി പരിശോധന നടത്താനാകില്ലെന്ന ചട്ടമാകട്ടെ, ഫാക്ടറിയുടമയ്ക്ക് സുരക്ഷാമാനദണ്ധങ്ങൾ പാലിക്കാതിരിക്കാനും തോന്നിയപടി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും ഒത്താശ ചെയ്യുന്നതുമാണ്. പ്രത്യേക സാന്പത്തികമേഖലകളിൽ ഇപ്പോൾ തന്നെ തൊഴിൽ നിയമങ്ങളിൽ ഇളവു ചെയ്ത് നൽകിയിട്ടുണ്ടെന്നിരിക്കേ, പുറത്തുള്ള ഫാക്ടറികളിലേക്കും അത്തരം രീതികൾ എത്തിക്കുന്നതിലൂടെ തൊഴിലാളി ചൂഷണം വർധിക്കാനുള്ള സാധ്യതകളാണുള്ളത്. ബിജെപിയുടെ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ സംഘു(ബിഎംഎസ്)പോലും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തോട് അതിശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും കോർപ്പറേറ്റുകളുടെ താൽപര്യത്തിനനുസരിച്ച് ബിജെപി സർക്കാർ നിയമഭേദഗതിയുമായി മുന്നോട്ടുപോകുകയാണ്. 

ഏകാധിപത്യപ്രവണതയുള്ള ഒരു സർക്കാരാണ് നരേന്ദ്ര മോഡിയുടേത്. നോട്ട് നിരോധനം പോലെയുള്ള സുപ്രധാന തീരുമാനം മതിയായ മുന്നൊരുക്കങ്ങളില്ലാത്ത അദ്ദേഹം നടപ്പാക്കിയത് രാജ്യത്തെ സാന്പത്തികാവസ്ഥ തകർക്കുന്നതും തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതുമൊക്കെ നാം കണ്ടതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ അപ്പാടെ സ്വകാര്യവൽക്കരിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ മോഡിക്കുള്ളത്. ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും സ്വകാര്യ കുത്തക മുതലാളിമാർക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമാണത്. അതാണ് തിരഞ്ഞെടുപ്പുകാല സംഭാവനയ്ക്ക് പിന്നിലുള്ള കൈക്കൂലി രാഷ്ട്രീയം! ലാഭത്തിലോടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഓഹരി ഇടിഞ്ഞുനിൽക്കുന്നതിനു പിന്നിൽ ചില ദുരൂഹതകളുണ്ടെന്നും ഇപ്പോൾ ആരോപിക്കപ്പെടുന്നുണ്ട്. മോഡിയുടെ കഴിഞ്ഞ മൂന്നു വർഷക്കാല ഭരണകാലയളവിൽ ബാങ്കുകളിലെ നിഷ്‌ക്രിയാസ്തി മൂന്നു മടങ്ങായി വർധിച്ചുവെന്നത് ഈ വിധേയത്വത്തിന്റെ മറ്റൊരു ഗുരുതരമായ പരിണതി. 6.8 ലക്ഷം കോടി രൂപയാണ് നിലവിൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയാസ്തി. ഇന്ത്യയിലെ പല പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുമാണ് ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി ഇത്തരത്തിൽ വർധിച്ചുവരാനുള്ള പ്രധാന കാരണമെന്ന് പക്ഷേ ആരും തിരിച്ചറിയുന്നില്ല. യുപിഎയുടെ കാലത്ത് നൽകിയ വായ്പകളുടെ തിരിച്ചടവാണ് മുടങ്ങിയതെന്നു പറഞ്ഞ് നിഷ്‌ക്രിയാസ്തി പ്രശ്‌നത്തെ ലഘൂകരിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പോലും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വന്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം ആർബിഐയുടെ സഹായത്തോടെ അവർക്കായി ഉദാരമായ വായ്പാ തിരിച്ചടവ് രീതികൾ കൊണ്ടുവരികയാണ് മോഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തിന്, മോഡിയുടെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയായ അദാനി പൊതുമേഖലാ ബാങ്കുകൾക്ക് മൊത്തം 72,000 കോടി രൂപയാണത്രേ കൊടുത്തു തീർക്കാനായുള്ളത്. മോഡി അധികാരമേറ്റയുടനെ തന്നെ അദാനിയുടെ രണ്ട് ഊർജ കന്പനികൾക്ക് പൊതുമേഖലാ ബാങ്കുകൾ 15,000 കോടി രൂപയുടെ വായ്പാ പുനസ്സംഘടന നടത്തിക്കൊടുത്തതിനു പിന്നിൽ മോഡിയുടെ കരങ്ങളുണ്ടെന്ന് ആർക്കാണറിയാത്തത്? അദാനിയുടെ വായ്പ തിരിച്ചടവ് കാലാവധി പത്തു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകി ‘ഉദാരമനസ്‌കനായ’ മോഡി. മുകേഷ് അംബാനിയുടെ കന്പനിക്കും കൊടുത്തു ഇളവ്. 4500 കോടി രൂപയുടെ വായ്പാ പുനസ്സംഘടനയും പത്ത് വർഷത്തേക്ക് തിരിച്ചടവ് ദീർഘിപ്പിച്ചും നൽകി പൊതുമേഖലാ ബാങ്കുകൾ. കോർപ്പറേറ്റുകൾക്ക് മോഡി വെറുതെയല്ല ഈ ആനുകൂല്യങ്ങളൊക്കെ നൽകുന്നതെന്നൊക്കെ തിരിച്ചറിയാനുള്ള ബോധമൊക്കെ ഇന്നാട്ടിലെ സാധാരണക്കാർക്കുപോലുമുണ്ട്. കോർപ്പറേറ്റുകളുടെ കീശയാണല്ലോ മോഡിയെ അധികാരത്തിലേറ്റിയത്! എന്നിട്ടാണ് ഇപ്പോൾ മന്ത്രിമാർ പൊതുമേഖലയെ ചൂഷണം ചെയ്യരുതെന്നൊക്കെ ഓരോ ഉപദേശം വച്ചുകാച്ചി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്!

തിരഞ്ഞെടുപ്പ് സംഭാവനകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇലക്ട്രറൽ ബോണ്ട് എന്ന സുതാര്യമല്ലാത്ത പുതിയ രീതിയുമായി മുന്നോട്ടുപോകാനിരിക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരണങ്ങൾക്കായി വാദിക്കുന്ന അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടന തങ്ങളുടെ പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. രാഷ്ട്രീയകക്ഷികൾക്ക് ലഭിക്കുന്ന സംഭാവനകൾ സുതാര്യമാക്കി മാറ്റാനുള്ള നിരവധി നിർദ്ദേശങ്ങൾ അവർ ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ ഒരു ഭാഗവും പൂരിപ്പിക്കാതെ ഒഴിവാക്കാൻ പാടില്ലെന്നും രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകളുടെ പട്ടിക സമർപ്പിക്കുന്പോൾ ഫോം 24 എയിൽ ഒരു ഭാഗവും പൂരിപ്പിക്കാതെ വിടാൻ അനുവദിക്കരുതെന്നും അവർ നിർദ്ദേശിക്കുന്നു. 20,000 രൂപയ്ക്കു മേൽ സംഭാവന നൽകിയവരുടെ പാൻ വിവരങ്ങളും പരസ്യമാക്കണം. ഫോം 24 എയിൽ ഏതു ദിവസമാണ് സംഭാവന ലഭിച്ചതെന്ന കാര്യവും പാർട്ടി രേഖപ്പെടുത്തണമെന്നും ഒക്ടോബർ 31നു മുന്പ് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ സംഭാവന ലഭിച്ചതിന്റെ വിവരങ്ങൾ സമർപ്പിക്കാത്ത രാഷ്ട്രീയ പാർട്ടികളെ പിഴ ചുമത്തണമെന്നും അവരുടെ വരുമാനത്തിന് നികുതി ഈടാക്കണമെന്നും എഡിആർ നിർദ്ദേശിക്കുന്നു. ഇതിനു പുറമേ, കോർപ്പറേറ്റുകൾ തങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകളുടെ കണക്കുകൾ തങ്ങളുടെ വെബ്‌സൈറ്റിലും വാർഷിക റിപ്പോർട്ടിലും ഉൾപ്പെടുത്തണമെന്നും എഡിആർ നിർദ്ദേശിക്കുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വ്യാജ (ഷെൽ) കന്പനികളിൽ നിന്നുള്ള സംഭാവനകൾ കണ്ടെത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ വാർഷിക പരിശോധനകൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു. 

പക്ഷേ അധികാരത്തിലെത്തിക്കഴിഞ്ഞാൽ തങ്ങൾ നിയമത്തിന് അതീതരാണെന്ന മട്ടിലാണ് ഒട്ടുമിക്ക രാഷ്ട്രീയപ്രസ്ഥാനങ്ങളും പെരുമാറുന്നത്. തങ്ങളുടെ ആസ്തി എത്രയെന്നു പോലും വെളിപ്പെടുത്താൻ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറാകാത്തതിനു പ്രധാന കാരണം തങ്ങളുടെ രഹസ്യ സാന്പത്തിക സ്രോതസ്സുകൾ പുറത്താകുമെന്ന ഭയമല്ലാതെ മറ്റൊന്നുമല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ, കള്ളപ്പണം വെളുപ്പിക്കാൻ മാത്രം രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർക്കെതിരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇനി നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ നയനിലപാടുകളെപ്പോലും സ്വാധീനിക്കാൻ സംഭാവനയെന്ന പേരിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കൈക്കൂലി നൽകുന്ന കോർപ്പറേറ്റുകളെയാണ്. അവർക്കെതിരെ ശക്തമായ നടപടികൾക്ക് കമ്മീഷൻ മുതിരാത്തപക്ഷം രാജ്യത്തെ നിയമങ്ങളും സ്ഥാപനങ്ങളുമെല്ലാം കോർപ്പറേറ്റുകളുടെ താൽപര്യസംരക്ഷണത്തിനായി മാത്രം മാറ്റിയെഴുതപ്പെടും. അധികാരത്തിന്റെ ബലത്തിൽ എന്തുമാകാമെന്ന ധാരണ വെച്ചുപൊറുപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ആണിക്കല്ലു തന്നെ ഇളക്കുമല്ലോ!

You might also like

Most Viewed