സന്തോഷത്തിന്റെ ഉറവകൾ
വഴിവിളക്ക് - വിഭിഷ് തിക്കോടി
സന്തോഷം എന്നത് നമ്മുടെ കൈവശമുള്ള പണം കൊണ്ട് അളന്നു നോക്കാൻ സാധ്യമല്ല. പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തികൾ സമ്മാനിച്ച സുന്ദര നിമിഷങ്ങൾകൊണ്ട് അത് അളക്കാം. എല്ലാം നല്ലതായതു കൊണ്ടു മാത്രമല്ല നാം സന്തോഷിക്കുന്നത്, മറിച്ച് എല്ലാത്തിലും നല്ലത് കാണാൻ സാധിക്കുന്പോളാണ് സന്തോഷം കൈവരിക്കാനാവുക. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈവശം തന്നെയായിരിക്കണം. അതു മറ്റുള്ളവരുടെ കീശയിൽ ആവരുത്.” സ്നേഹമെന്ന വികാരമാണ് സന്തോഷത്തിന്റെ താക്കോൽ”.അത് മറ്റുള്ളവരുമായി പങ്കുവക്കുന്പോഴാണ് വർദ്ധിക്കുന്നത്.
നമ്മുടെ പ്രവൃത്തിയിലൂടെ തിരിച്ചറിവിലൂടെ മാത്രം നമുക്കനുഭവിക്കാൻ സാധിക്കുന്ന അദ്ധ്യത്മികാനുഭൂതിയാണ് അത്. നാം എന്ത് ചിന്തിക്കുന്നു, പറയുന്നു, ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് സന്തോഷം കടന്നുവരുന്നത്. നമ്മുടെ ജീവിതത്തിൽ നമുക്ക് പലയിടങ്ങളിൽ പലതരം റോളുകൾ ആണ്. മകൻ, മകൾ, അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ് സഹോദരൻ, സഹോദരി , മുത്തശ്ശൻ, മുത്തശ്ശി, ബന്ധു, അയൽക്കാരൻ, നാട്ടുകാരൻ, കൂട്ടുകാരൻ, കൂട്ടുകാരി, സഹപ്രവർത്തകൻ, സഹപ്രവർത്തക, പ്രണയിനി എന്നിങ്ങനെ പോവുന്നു ആ പട്ടിക. ഒരോ സ്ഥാനത്തും നാം അവശ്യം നിർവഹിക്കേണ്ടതായ ചില കാര്യങ്ങളും ചുമതലകളും ഉണ്ട്. അത് സ്വമേധയ നിർവഹിക്കുന്പോൾ നമുക്ക് സന്തോഷം പ്രാപ്യമാവും. മറിച്ചാണെങ്കിൽ ദുഃഖത്തിന്റെ കരിനിഴലാൽ പ്രശ്ന സങ്കീർണ്ണമാവും ജീവിതം.
നൈമിഷകമായ സുഖഭോഗങ്ങൾക്ക് പിന്നാലെ ഓടാതെ ധാർമ്മികമായ ജീവിതത്തിലൂടെ പരസ്പര സ്നേഹത്തിലതിഷ്ഠിതമായ സന്തോഷം നേടാൻ ഒരോരുത്തരും വ്യക്തി ചാരിത്ര്യം കാത്ത് സുക്ഷിക്കണം. നാം എന്താണോ നമ്മളോട് ചേർന്ന് നിൽക്കുന്നവർക്ക് കൊടുക്കേണ്ടത് അത് കണ്ടറിഞ്ഞ് നൽകുക. ശാരീരികവും മാനസികവും, ആത്മീയവുമായ ഊർജ്ജം വർദ്ധിപ്പിക്കാനുതകുന്ന ജീവിതക്രമങ്ങൾ കാത്ത് സൂക്ഷിക്കുക. അപ്പോൾ സന്തോഷം എന്നും കൂടെയുണ്ടാവും.
എപ്പോഴും സന്തോഷമായിട്ടിരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്, പക്ഷെ..പല ആളുകൾക്കും സന്തോഷമില്ല എന്നതാണ് സത്യം. അതിന്റെ കാരണം സന്തോഷത്തിന്റെ രഹസ്യം അറിയില്ലെന്നത് തന്നെയാണ്. നേടുന്നതിൽ അല്ല മറിച്ച് പങ്കുയ്ക്കുന്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത്. നമുക്കുള്ളതു മറ്റുള്ളവർക്ക് കൂടി കൊടുക്കുക, അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കുക. സ്നേഹിക്കുകയും, സേവിക്കുകയും ചെയ്യുക. അപ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത്.
ഇങ്ങനെ സമൂഹത്തിലെ മുഴുവൻ ആളുകളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌താൽ ഭൂമിയിൽത്തന്നെ നമുക്ക് സ്വർഗ്ഗതുല്ല്യമായ ജീവിതം നയിക്കാം.ഇതാണ് സന്തോഷത്തിലേയ്ക്കുള്ള യഥാർത്ഥ വഴി. മറിച്ച് സ്വാർത്ഥപരമായ ചിന്തയിൽ തന്റെ സുഖം മാത്രം കാംക്ഷിച്ചു പ്രവർത്തിക്കുന്നവർ ക്രമേണ ദു:ഖത്തിന്റെ ആഴക്കടലിലേയ്ക്കാണ് നീങ്ങുന്നത്. സന്തോഷം നേടുന്നതിനായി ജീവിതം പോലും അപകടപ്പെടുത്തി, അരുതായ്മകളിലൂടെ പണവും മറ്റും സന്പാദിക്കുന്നു.ഇങ്ങനെ നേടുന്ന സന്തോഷം നൈമിഷികമാണ്. സന്തോഷമുണ്ടാകാൻ ജൈവികമായ ആവശ്യങ്ങൾ തടസ്സമില്ലാതെ നിർവ്വഹിക്കപ്പെടണം. പണം ഇത്തരം ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള ഒരു ഉപാധി മാത്രമാണ്.
നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കുറുക്കു വഴികളൊന്നും ഇല്ല. പണം തീർച്ചയായും ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താൻ ഉപകരിക്കും. പക്ഷെ, അതോടൊപ്പം തന്നെ മാനസികമായ സന്തോഷത്തിനും കൂടി മാർഗ്ഗങ്ങൾ നാം കണ്ടെത്തിയില്ലെങ്കിൽ സന്തോഷം വളരെ അകന്നുതന്നെ നിൽക്കും.
ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക, മറ്റുള്ളവരിൽ അസൂയപ്പെടാതിരിക്കുക, ജീവിതത്തിൽ നിരാശപ്പെടാതിരിക്കുക, മറ്റുള്ളവർക്ക് നമ്മളോടുള്ള വിശ്വാസം നിലനിർത്താൻ പ്രയത്നിക്കുക, ദൈവികതയിൽ വിശ്വസിക്കുക, സഹജീവികളെ സേവിക്കുക, ധാർമ്മികമായ ജീവിതം നയിക്കുക, വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക, നല്ല വാക്കുകൾ ഉപയോഗിക്കുക... തുടങ്ങിയ സദ്പ്രവൃത്തികൾ ശീലിക്കുക. ക്രമേണ നമ്മുടെ ജീവിതത്തിൽ നാമറിയാതെ തന്നെ മാറ്റങ്ങൾ കൈവരും. അത് നമ്മെ സന്തോഷത്തിലേക്ക് നയിക്കും.
ഭാരതത്തിലെ വേദമന്ത്രങ്ങളിലെ ഒരു പ്രധാന ശാന്തി മന്ത്രമാണിത്;
“ഓം സർവ്വേ ഭവന്തു സുഖിന :”
“സർവ്വേ സന്തു നിരാമയ :”
“സർവ്വേ ഭദ്രാണി പശ്യന്തൂ”
“മാ കശ്ചിത് ദുഃഖ ഭാഗ് ഭവേത് “
എല്ലാവർക്കും സുഖം ഭവിക്കട്ടെ, എല്ലാവരും രോഗമുക്താരായിരിക്കട്ടെ, എല്ലാവരും ശുഭാരംഭമായത് മാത്രം ദർശിക്കട്ടെ, ആരും തന്നെ ദുഃ:ഖിക്കുകയും കഷ്ടപ്പെടാതെയും ഇരിക്കട്ടെ. ഇതാവണം നമ്മുടെ പ്രാർത്ഥന. എന്റെ സുഖം എന്നല്ല മറിച്ച് സർവ്വചരാചരങ്ങളുടെയും സുഖവും ക്ഷേമവും ആണ് നാം ആഗ്രഹിക്കേണ്ടത്. ജാതി മത ദേശ− ഭാഷ − ലിംഗ വ്യത്യാസമില്ലാതെ മാനവ പക്ഷത്ത് നിന്ന് കൊണ്ട് ലോകത്തെ ആസ്വദിക്കണം. അപ്പോഴാണ് യഥാർത്ഥ സുഖം എന്താണെന്ന് അറിയുക. “ലോക സമസ്ത സുഖിനോ ഭവന്തു“ എന്നതാകണം നമ്മുടെ കാഴ്ചപ്പാട്. ഭാരതത്തിലെ രാജാക്കന്മാരിൽ പ്രബലനായ രന്ദിദേവന്റെ പ്രാർത്ഥന നമുക്കു മാതൃകയാക്കാം .
“നത്വഹം കാമയോ രാജ്യം ,
ന സ്വർഗ്ഗം ന പുനർഭവം ,
കാമ യേ ദുഃഖ തപതാനം ,
പ്രാണിനാം ആർത്തി നാശിനം “
എനിക്ക് രാജ്യമോ, സ്വർഗ്ഗമോ വേണ്ട. എനിക്കു മോക്ഷം പോലും വേണ്ട, വേദന അനുഭവിക്കുന്നവരുടേയും, ദുഃഖിക്കുന്നവരുടേയും മോചനവും സന്തോഷവുമാണ് എനിക്ക് വേണ്ടത്. എത്ര ഉദാത്തമായ പ്രാർത്ഥനയാണ്. ഈയൊരു സങ്കൽപ്പത്തിൽ ജീവിതം നയിക്കാൻ സാധിക്കുമെങ്കിൽ ലോകത്തിനു മുഴുവൻ സന്തോഷവും ശാന്തിയും പകരാൻ നമുക്കു സാധിക്കും.