വി­ലകു­റഞ്ഞ മനു­ഷ്യർ


അന്പിളിക്കല - അന്പിളിക്കുട്ടൻ 

രോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും ധർമ്മശാസ്ത്രങ്ങൾ പഠിപ്പിക്കുന്നു. മനുഷ്യന് സൃഷ്ടിക്കാനാവാത്ത ജീവനെ ഇല്ലായ്മ ചെയ്യാനുള്ള അവകാശം മനുഷ്യനില്ല എന്നത് യുക്തിസഹവും മാനവികവുമായ ധാരണയാണ്. എന്നാൽ സർവ്വ തത്വശാസ്ത്രങ്ങൾക്കും അതീതമായി ഹിംസയുടെ ദൂതന്മാർ ലോകം വാഴുന്നു. എന്നാൽ ഏറ്റവും വിചിത്രമായത് അറിവോ പരിചയമോ ഇല്ലാത്ത കൗമാര ജീവിതങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങളുമായി ലോകം കറങ്ങുന്ന ചില അധമ കന്പ്യൂട്ടർ ഗെയിമുകൾക്കു മുന്നിൽ സ്വയം അടിയറ വെയ്ക്കാൻ തക്കവിധം മനസ്സിന്റെ മേൽ നിയന്ത്രണം ഇല്ലാതായ കൗമാര മനസ്സുകളുടെ രോഗാതുരതയാണ്. അത് എന്നെ അത്ഭുതപ്പെടുത്തുന്നു. എവിടെയോ ഉള്ള ഏതോ മനോരോഗിയും സാഡിസ്റ്റുമായ ഓരു കന്പ്യൂട്ടർ പ്രോഗ്രാമറുടെ ആജ്ഞാനുവർത്തിയായി അവരുടെ കയ്യിലെ കളിപ്പാട്ടമാവാൻ സ്വയം സമർപ്പിക്കുന്ന മനസ്സുകളിലെ ചിന്തയുടെ രൂപരേഖ എത്തരത്തിലായിരിക്കും? മറ്റെന്തിലും ഉപരിയായി ഈ ഗെയിമിൽ കൈവരിക്കുമെന്ന് അവർ കരുതുന്ന വിജയത്തെ കാണുന്നു അവരുടെ മനസ്സ്. അതിന്റെ വരും വരായ്കകളെപറ്റിയോ അത്തരം ഒരു സാങ്കൽപ്പിക വിജയത്തിന്റെ പൂർണ്ണമായ അർത്ഥമില്ലായ്മകളെപ്പറ്റിയോ അതിനുവേണ്ടി തുനിഞ്ഞിറങ്ങുന്പോൾ ഉണ്ടാവുന്ന ആരോഗ്യപരവും വ്യക്തിപരവുമായ നഷ്ടങ്ങളെപ്പറ്റിയോ ഉള്ള ചിന്തകളിലേയ്ക്ക് വഴിമാറാതെ ഏകാഗ്രമായി ഈ വിജയത്തെ സ്വപ്നം കാണുന്നവരായി അവരെ മാറ്റുന്നവർ ആ മനസ്സുകളുടെ പൂർണ്ണമായ നിയന്ത്രണം ഏറ്റെടുക്കുന്നു. മനുഷ്യമസ്തിഷ്ക്കത്തെ ബാധിക്കുന്ന വൈറസ്സാണ് ഇക്കൂട്ടർ കണ്ടുപിടിച്ചത്. സ്വയം പൊട്ടിച്ചിതറാൻ തയ്യാറാവുന്ന ഭീകരർ എപ്രകാരം സൃഷ്ടിക്കപ്പെടുന്നു എന്ന അന്വേഷണം വിരൽ ചൂണ്ടുന്നതും ഈ വൈറസ്സിലേയ്ക്കാണ്. രണ്ടിനും ഉപയോഗിക്കുന്ന ഈ വൈറസ് മനുഷ്യമനസ്സിന്റെ ഏറ്റവും ശക്തമായ പ്രതിഭാസമായ ചിന്തക്കും അപഗ്രഥനത്തിനും ഉള്ള ശേഷിയെ ഇല്ലാതാക്കുക എന്ന ജോലിയാണ് ആദ്യം നിർവഹിക്കുന്നത്. അതിൽ വിജയിച്ചാൽ പിന്നെ ജോലി എളുപ്പമാണ്. ഒരു യന്ത്രം കണക്കെ ആ മനസ്സിനെ വെറുമൊരു ഉപകരണമാക്കി മാറ്റാൻ പിന്നീട് ബുദ്ധിമുട്ടില്ല. ലഭിക്കുന്ന ആജ്ഞ നടപ്പാക്കുക എന്നതിൽ കവിഞ്ഞുള്ള യാതൊരു ചിന്തയും ആ മനസ്സിൽ പിന്നീട് കാണില്ല.സ്വയം ഇല്ലാതാക്കാൻ പറഞ്ഞാൽ അത് അതുതന്നെ ചെയ്യും. ചിന്ത മരിച്ച മനസ്സ് പിന്നീട് മനുഷ്യശരീരത്തിന്റെ പുറന്തോടിൽ ഒളിച്ചിരിക്കുന്ന ജീവനുള്ള യന്ത്രമാണ്.

ഇത്തരത്തിൽ മരവിച്ച മനസ്സുകൾ രൂപീകരിക്കപ്പെടുന്നതിന്റെ മൂലകാരണം വഴിപ്പെടുന്ന മനസ്സുകളുടെ ദൗർബല്യം തന്നെയാണ്. ഫലപ്രദമായ പ്രതിരോധമില്ലാത്ത കന്പ്യൂട്ടർ സംവിധാനത്തിൽ വൈറസുകൾ വഴി കടന്നാക്രമിച്ച് വിലപ്പെട്ട വിവരങ്ങൾ ചോർത്തിയെടുത്തു ദ്രോഹിക്കുന്നതുപോലെ ഇത്തരം ആരോഗ്യമില്ലാത്ത മനസ്സുകളെ ആക്രമിച്ച് അവയിൽ അപകടകരമായ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്ത് അപരിചിതനായ ഒരു വ്യക്തി വിദൂരതയിലിരുന്ന് നിയന്ത്രിച്ചു എന്തും ചെയ്യിക്കുന്ന അവസ്ഥയാണിത്. റോബോട്ടിക് സാങ്കേതികതയിലൂടെ കന്പ്യൂട്ടറുകൾ മനുഷ്യന്റെ സ്ഥാനം ഏറ്റെടുക്കുകയും ഭീകര സാങ്കേതികതയിലൂടെ മനുഷ്യൻ റോബോട്ട് തന്നെയായി മാറുകയും ചെയ്യുന്ന വൈചിത്ര്യമാർന്ന ഒരു സാഹചര്യമാണിത്. ഇത് സംഭവിക്കുന്നതിന്റെ മൂലകാരണം വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമില്ലായ്മ തന്നെയാണ്. സ്വന്തം പരിസരവും സമൂഹവും രക്തബന്ധങ്ങളുമായി അകന്ന് അവനവനിലേയ്ക്ക് ഒതുങ്ങിക്കൂടുന്നവരുടെ ഉള്ളിൽ കൂടുകൂട്ടുന്നത് ഏതു ചെകുത്താനായിരിക്കുമെന്ന് അറിഞ്ഞു വരുന്പോഴേയ്ക്കും ആ ഹിംസയുടെ ശക്തി ചിലപ്പോൾ അത് കൂടുകൂട്ടിയ ദേഹമുൾപ്പടെ ഉള്ളതെല്ലാം നശിപ്പിക്കുക മാത്രമല്ല അതിനു ചുറ്റുമുള്ള ലോകവും നശിപ്പിക്കുന്നത്ര ഹിംസാത്മകത കൈവരിച്ചിരിക്കും.

കൗമാര മനസ്സുകളിൽ തങ്ങളുടെ ജീവൻ നിലനിർത്തുന്നതിനേക്കാൾ ആവശ്യമായത് ഒരു ഗെയിം ജയിക്കുക എന്നതാണെന്നൊരു ചിന്ത കടന്നുവരുന്നത് എന്താണ് ജീവന്റെ വില, അത് നഷ്ടപ്പെടുത്തുന്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാനുള്ള പ്രാഥമികമായ ശേഷി നഷ്ടമാകുന്നതിനാലാണ്. കുട്ടികളോട് ചൊരിയേണ്ട സ്നേഹവാത്സല്യങ്ങളുടെ മാനം എങ്ങിനെയൊക്കെയെന്നു തിരിച്ചറിയാത്ത അജ്ഞരായ മാതാപിതാക്കളാണ് ഇതിന്റെ യഥാർഥ കാരണക്കാർ. സ്മാർട് ഫോണുകളുടെ പുതുതലമുറകളെ ഓരോ വർഷവും തങ്ങളുടെ മക്കൾക്ക് കാഴ്ച വെക്കുന്പോൾ അതിലൂടെ തങ്ങളുടെ സ്നേഹം മക്കൾ തിരിച്ചറിയും എന്നൊക്കെ ചിന്തിച്ചുവശാകുന്ന മാതാപിതാക്കൾക്കാണ് ആദ്യം ചികിത്സ വേണ്ടത്. ഇത്തരം സാങ്കേതികതകളിൽ അഭിരമിക്കുന്നവർക്കു മാതാപിതാക്കളെയോ സ്നേഹത്തെയോ പറ്റി ഓർക്കാൻ സമയമില്ല. മനുഷ്യരായി ജീവിക്കാൻ അനുവദിക്കാത്ത വിദ്യാഭ്യാസ സന്പ്രദായത്തിന് അവരെ വിധേയരാക്കിയ വിചക്ഷണന്മാരാണ് ചികിത്സ ആവശ്യമുള്ള അടുത്ത കൂട്ടർ. ഈ രണ്ടു കൂട്ടർക്കും ശേഷം മാത്രമേ ഇത്തരം അധമ ഗെയിമുകൾ തയ്യാറാക്കി അയക്കുന്ന മനോരോഗികളും കൊലപാതകികളും വരുന്നുള്ളു. അജ്ഞാതമായ ഏതോ ഇടത്തിരുന്ന് വലയെറിയുന്ന ഒരുത്തന്റെ കുബുദ്ധിക്ക് സ്വയം അടിയറവെയ്ക്കുന്ന നിലയിലുള്ള ഒരു മാനസികാവസ്ഥ സ്വന്തം വീടിനുള്ളിൽ സംഭവിക്കുന്നത് അറിയാതിരിക്കുന്നത് ഒരു രക്ഷിതാവിന്റെ ദുര്യോഗം തന്നെയാണ്. ഒരു മനുഷ്യമനസ്സിന്റെ ജീർണ്ണാവസ്ഥയാണത്...

 

You might also like

Most Viewed