മുത്തലാഖും സുപ്രീംകോടതി വിധിയും
ഇ.പി അനിൽ
epanil@gmail.com
1500 വർഷങ്ങൾ മുന്‍പ് സ്ത്രീകളെ ചരക്കായി മാത്രം കണ്ട് കൈമാറ്റം ചെയ്യുകയും ജനിച്ചു വീഴുന്ന പെൺകുട്ടികളെ കുഴിച്ചുമൂടുവാനും മടിക്കാത്ത സാമൂഹിക സാഹചര്യങ്ങൾ ലോകത്ത് പലയിടങ്ങളിലും ഉണ്ടായിരുന്നു. ക്രിസ്താബ്ദം 610ൽ അന്ത്യ പ്രവാചകനിലൂടെ ലോകത്തിനു ലഭിച്ചു എന്ന് വിശ്വസികൾ കരുതുന്ന ഗ്രന്ഥത്തിൽ “പുരുഷനാകട്ടെ സ്ത്രീയാകട്ടെ യാതൊരാൾ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മമാചരിക്കുന്നുവോ ഈ ലോകത്ത് അവനെ നാം വിശുദ്ധമായ രീതിയിൽ ജീവിപ്പിക്കും” എന്ന് പറയുന്നു. ഈ വരികളിലൂടെ സ്ത്രീകളെയും പുർഷന്മാരെയും തുല്യരായി ദൈവത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
എന്നാൽ മതങ്ങൾ അധികാര കേന്ദ്രങ്ങളായി മാറിയതിനുശേഷം മത ഗ്രന്ഥങ്ങളെ വ്യാഖാനിച്ചു തന്നെ സ്ത്രീ വിരുദ്ധ നിലപാടുകൾ എല്ലാ മതങ്ങളിലും കൂടുതൽ ശക്തമായി. സ്വത്തിലും അധികാരങ്ങൾ പങ്കുവെയ്ക്കുന്നതിലും സ്ത്രീ വിരുദ്ധ നിലപാടുകൾ പരമാവധി നടപ്പിൽ വരുത്തുന്നതിൽ വിജയിച്ചു. അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ജാനാധിപത്യത്തെ വളരെ ഗൗരവതരമായി ഉപയോഗിക്കുന്നവരുടെ നാട്ടിൽ സ്ത്രീ സമൂഹം മതങ്ങൾ മുന്നോട്ടു വെച്ച പല മാമൂലുകളെയും തിരുത്തി കുറിച്ചു. ഇത്തരം മുന്നേറ്റങ്ങൾ യൂറോപ്പിൽ കൂടുതൽ ലക്ഷ്യങ്ങളിലേയ്ക്ക് അടുക്കുന്നുണ്ട്. രാജഭരണങ്ങളും പട്ടാള ഭരണങ്ങളും നിലനിൽക്കുന്ന ഇടങ്ങളിൽ സ്ത്രീ അവകാശങ്ങളെ കൂടുതൽ അവഗണിച്ചു.
മത നിയമങ്ങൾ ദൈവികവചനങ്ങൾ ആണ് എന്നും അതിലെ തിരുത്തലുകൾ ദൈവ നിഷേധമായി കരുതുന്ന മതങ്ങൾ, (പ്രത്യേകിച്ച് സെമറ്റിക് മതങ്ങൾ) ഭരണകർത്താക്കളുടെ ഇടപെടലുകളെ എക്കാലത്തും എതിർക്കുവാൻ തയ്യാറായിരുന്നു. മതങ്ങൾ സജീവമായി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഇന്ത്യയിൽ, മത സ്പർദ്‍ധകൾ വിഭജനത്തിലേയ്ക്ക് തന്നെ നയിച്ച സംഭവം മറക്കുവാൻ കഴിയില്ല. മതത്തിന്‍റെ പേരിൽ ദശലക്ഷത്തിലധികം ജനങ്ങൾ കൊല ചെയ്യപ്പെടുകയും കോടിയിലധികം ജനങ്ങളെ അനാഥത്വത്തിൽ എത്തിക്കുകയും ചെയ്ത ഇവിടെ മതങ്ങൾ പൊതു നിയമങ്ങളെ വെല്ലു വിളിക്കുവാൻ മടിച്ചിട്ടില്ല. വിവിധ മതങ്ങൾ അവരുടെ മത നിയമങ്ങളെ പൊതു നിയമങ്ങൾക്ക് മുകളിലായി കാണുവാൻ കാട്ടിയ ശ്രമങ്ങൾ യഥാർത്‍ഥത്തിൽ ലക്ഷ്യം വെച്ചത് സാധരണക്കാരുടെ താൽപര്യങ്ങൾക്കോ സ്ത്രീകളുടെ അവകാശങ്ങൾക്കോ അല്ലാ എന്നത് വിചിത്രമായ വസ്തുതയാണ്.
ഇന്ത്യ മത നിരപേക്ഷ ജനാധിപത്യ രാജ്യമാണ് എന്ന് നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്പോൾ ഇന്ത്യൻ സമൂഹം ശക്തമായ മത നിഷ്ടതയിൽ തുടരുന്നു. ക്രിസ്തുമതത്തിനു (പ്രത്യേകിച്ച് പ്രോട്ടസ്ട്ടണ്ടു വിശ്വാസത്തിന്) പ്രത്യേക ഭരണകൂട ചടങ്ങുകളിൽ പ്രാധാന്യം ഉണ്ടെങ്കിലും മറ്റും ഏതെങ്കിലും മതത്തിന് മുൻഗണന ലഭിക്കുന്ന അവസരം ഉണ്ടാകുന്നില്ല. അവിടെയുള്ള വിവിധ മത നേതൃത്വങ്ങൾ മതത്തെ മുന്നിൽ നിർത്തി വിലപേശലുകൾ നടത്താറില്ല. നമ്മുടെ മത നിരപേക്ഷ രാജ്യത്ത് അവസ്ഥ മറിച്ചാണ്. സംഘടിതമായി മാത്രമല്ല ഉന്നത സ്ഥാനങ്ങളിൽ എത്തിയ വ്യക്തികൾ തന്‍റെ വ്യക്തിപരമായ വിശ്വാസത്തെ സമൂഹത്തിൽ ഊട്ടി ഉറപ്പിക്കുന്നതിൽ അധികാര സ്ഥാനങ്ങളെ ഉപയോഗിച്ച ചരിത്രം നമ്മുടെ മുന്നിൽ ഉണ്ട്. ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇന്ത്യൻ ചരിത്രത്തെ മതത്തിന്‍റെ പേരിൽ രേഖപ്പെടുത്തിയതുതന്നെ ഇന്ത്യൻ സമൂഹത്തിൽ മതങ്ങൾ വില്ലനായി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ആണ്.
ബ്രിട്ടിഷ് ഭരണത്തിൽ വിവിധ മത വിശ്വാസികൾക്ക് അവരുടെ മതഅധിഷ്ടിത ജീവിതം തുടരുവാൻ അവസരം നൽകുന്ന നിയമങ്ങൾ ഉണ്ടാക്കി. മതനേതൃത്വങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുവാൻ ബ്രിട്ടിഷ് ഭരണം വേണ്ടത്ര ശ്രദ്ധിച്ചു. 1937ൽ ഇന്ത്യൻ മുസ്ലിം മതത്തിനെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ശരിയത്ത് ആന്റ് മുസ്ലിം വ്യക്തി നിയമം നിലവിൽ വന്നു. നിയമത്തിൽ വിവാഹം, വിവാഹമോചനം, സ്വത്ത് വീതം വെയ്ക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയ്ക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നു. ലോകത്തെ വിവിധ മുസ്ലിം സമൂഹത്തിൽ നാലു തരം ചിന്താധാരകളായ ഹനാഫിയ, മാലിക്കിയ, ഷാഫിയ, ഹനാബാലിയ തുടങ്ങിയവയാണ് ശക്തമായിട്ടുള്ളത്. ഇന്ത്യയിൽ ഹനാഫിയ ചിന്തകൾ ആണ് ഇന്ത്യൻ മുസ്ലിം വ്യക്തി നിയമത്തിന്‍റെ അടിസ്ഥാനമായി എടുത്തത്. അതിൽ ഷിയാ വിഭാഗമോ അഹമ്മദീയ വിഭാഗമോ ഉൾപ്പെടുന്നില്ല.
1772ൽ ആൻഗ്ലോ ഹിന്ദു നിയമം നിലവിൽ വന്നു. ആദ്യ നിയമം 1864ൽ വരെ ഉണ്ടായിരുന്നു. രണ്ടാം ഹിന്ദു നിയമം 1864 മുതൽ 1947 വരെ പ്രവർത്തിച്ചു. ഹിന്ദു നിയമത്തിനടിസ്ഥാനം വേദങ്ങളും സ്മൃതികളുമായിരുന്നു(മനു). ക്രിസ്തിയൻ നിയമം 1872 മുതൽ പ്രാബല്യത്തിൽ വന്നു. (ഗോവ ഈ നിയമത്തിനു പുറത്തായിരുന്നു). അതിലെ വിവാഹ നിയമം തിരുവിതാംകൂറിനും കൊച്ചിക്കും ബാധകം ആയിരുന്നില്ല. ഇവിടെ കുടുംബ സ്വത്തിൽ പെൺകുട്ടികൾക്ക് പുരുഷൻ കൊടുക്കുന്നതിന് നാലിൽ ഒന്ന് അതില്ലെങ്കിൽ 5000 രൂപ ഇതിൽ ഏതാണോ കുറവ് അത് കിട്ടുവാനെ അവകാശം ഉണ്ടായിരുന്നുള്ളു. ഈ നിയമത്തെയാണ് മേരി റോയ് 1986ൽ ചോദ്യം ചെയ്തതും അനുകൂല വിധി സന്പാദിച്ചതും.
മുസ്ലിം ജീവിത പരിസരങ്ങൾക്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന വീക്ഷണം, ദൈവ വചനമായി വിശ്വാസികൾ കരുതി വരുന്ന ഖുറാൻ ആണ്. അതിനു ശേഷം പ്രവാചകവചനങ്ങളെ (ശരിയത്ത്) പരിഗണിക്കുന്നു. ഖുറാനിൽ വിവാഹത്തെ പറ്റിയും വിവാഹ മോചനത്തെ പറ്റിയും രണ്ടാം അദ്ധ്യായത്തിൽ (അൽ ബഖ്‌റ) വിശദമാക്കുന്നു. വിവാഹം ഒഴിയേണ്ടിവരുന്ന അവസരം അനുവദിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അത് അനുവദിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് പരമാവധി ഒഴിവാക്കപ്പെടേണ്ടാതാണ് എന്ന് ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. എങ്ങനെയാണ് വിവാഹ ജീവിതം രണ്ടു പേർ തമ്മിൽ ഒഴിവാക്കേണ്ടത് എന്ന് അൽ ബക്ര അദ്ധ്യായത്തിൽ (തലാഖിനെ പറ്റി) 229ാം ഖണ്ണിക മുതൽ വിശദമാക്കുന്നുണ്ട്. രണ്ടു പേർ തമ്മിൽ ഒന്നിച്ചു ജീവിക്കുവാൻ കഴിയാത്ത അവസരത്തിൽ, ഇരുവർക്കും പിണക്കം തീർക്കുവാൻ 4 മാസം സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒന്നുകിൽ ബന്ധം പഴയ അവസ്ഥയിൽ കൊണ്ടുവരുവാൻ ശ്രമിക്കണം. അതിനു കഴിഞ്ഞില്ല എങ്കിൽ വിവാഹ ബന്ധം അവസാനിപ്പിക്കുവാൻ മുന്നുമാസ്സം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടക്ക് ഇരുവർക്കും വീണ്ടും ഒന്നിച്ചു ജീവിക്കുവാൻ അവസരം നൽകുന്നു. (തലാഖ് രണ്ടു വെട്ടം പറഞ്ഞ ശേഷവും ജീവിത പങ്കാളിക്കൊപ്പം ഒന്നിച്ചു ജീവിക്കുവാൻ തീരുമാനം എടുക്കാം. തലാഖ് മൂന്നുവെട്ടം (മൂന്ന് മാസകാലത്ത്) പറഞ്ഞാൽ മാത്രമേ വിവാഹം വേർപെടുത്തുവാൻ ഖുറാൻ അനുവദിച്ചിട്ടുള്ളൂ.) എന്നാൽ മത പൗരോഹിത്യത്തിൽ പലരും മത ഗ്രന്ഥത്തെ തങ്ങളുടെ ആഗ്രഹപ്രകാരം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്‍റെ മറവിൽ സ്ത്രീകളുടെ അവകാശങ്ങൾ മതങ്ങളുടെ ധാരണകൾക്കും പുറത്ത് അവഗണിക്കുകയും അവരുടെ ജീവിതത്തെ പ്രതികൂലമാക്കി തീർക്കുകയും ചെയ്യുന്ന സംഭവങ്ങൾ വിവിധ രാജ്യങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുന്നു. ഇതിന്‍റെ ഭാഗമായി പാകിസ്ഥാൻ, മൊറോക്കോ, ഈജിപ്റ്റ്, തുർക്കി തുടങ്ങിയ ഒട്ടുമിക്ക ഇസ്ലാമിക് രാജ്യങ്ങളിലും വിവാഹ മോചനം, സ്ത്രീകളുടെ സ്വത്തവകാശം മുതലായ വിഷയങ്ങളിൽ അവരുടെ ദേശിയ ഇസ്ലാം നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പിൽ വന്ന മുസ്ലിം വ്യക്തി നിയമത്തിലെ ദത്തെടുക്കൽ, സ്ത്രീ അവകാശങ്ങൾ തുടങ്ങിയ വിഷയത്തിൽ കുറേ കൂടി സ്ത്രീ പക്ഷ നിലപാടുകൾ ഉണ്ടാകേണ്ടി ഇരിക്കുന്നു എന്ന് ഹമീദ് ദൽവായി, M.C ചഗ്ലയെപോലെയുള്ള സാമൂഹിക പ്രവർത്തകരും പല അവസരങ്ങളിൽ ആവശ്യങ്ങൾ ഉന്നയിച്ചു. അങ്ങനെയുണ്ടായ പൊതു വികാരത്തെ മാനിച്ച് കേന്ദ്രസർക്കാർ 1973ൽ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് രൂപീകരിച്ചു.
ഇന്ത്യയിൽ നിലനിന്നു വന്ന ശരിയത്ത് നിയമത്തിനെതിരെ ശ്രദ്ധയാകർഷിക്കുന്ന പരാമർശം ഉണ്ടായത് ഷബാനു എന്ന 62 വയസ്സ് കഴിഞ്ഞ സ്ത്രീ, നിയമ പണ്ധിതനും 43 വർഷം ജീവിത പങ്കാളിയുമായിരുന്ന ആളിൽ നിന്നും ജീവനാംശം തേടി മധ്യപ്രദേശിലെ ഇൻഡോർ കോടതിയെ സമീപിച്ചു. (1978) അവർക്ക് അനുകൂലമായി വിധി വന്നെങ്കിലും കൂടുതൽ തുകയ്ക്കായി അവർ ഹൈക്കോടതിയിൽ എത്തി. കോടതി 179.20 രൂപ നൽകുവാൻ നിർദ്ദേശിച്ചു. എന്നാൽ ഈ കാലത്തിനു ശേഷം (3 മാസം) ജീവനാംശം നൽകേണ്ടതില്ല എന്ന മുസ്ലിം വ്യക്തി നിയമത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനം റദ്ധു ചെയ്തു കിട്ടുവാനായി ശബനുവിന്‍റെ മുൻ ഭർത്താവ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതി ശബാനുവിന്‍റെ വാദം ശരിവെച്ചുനൽകി. ഈ കോടതി വിധി രാജ്യത്ത് മുസ്ലിം മത നേതൃത്വത്തിൽ വലിയ തോതിൽ ചർച്ചകൾക്ക് അവസരം ഉണ്ടാക്കി. തങ്ങളുടെ മത നിയമങ്ങളിൽ ഇടപെടുവാൻ കോടതി എടുത്ത സമീപനം മതവിശ്വാസം സംരക്ഷിക്കും എന്ന ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ (അനുച്ഛേദം 25−28) വെല്ലു വിളിക്കുകയാണ് എന്ന് അവർ ആവർത്തിച്ചു. ഇർഫാൻ ഹബീബ്, എ.എം.എസ്സ്, ശബാനാ അസ്മി, കെഇഎൻ, സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ തുടങ്ങിയവർ വിധിയെ സ്വാഗതം ചെയ്തു. രാജീവ്‌ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ്, മുസ്ലിം ലീഗ്, മറ്റു മുസ്ലിം സംഘടനകളുടെ അഭ്യർത്ഥനയെ പരിഗണിച്ച് സുപ്രീം കോടതി വിധി അസാധുവക്കുവാൻ നിയമ ഭേദഗതി കൊണ്ടുവന്നു. (മുസ്ലിം സ്ത്രീ വിവാഹമോചന സംരക്ഷണ നിയമം 1986 ഫെബ്രുവരി). മുസ്ലിം സമുദായത്തിലെ ജീവിത പരിസരത്തെ പറ്റി നീണ്ട ചച്ചകൾക്ക് ഇടം ഉണ്ടാക്കിയ ശബാനു കേസ്സിൽ മുസ്ലിം മത നേതൃത്വത്തിനു വഴങ്ങി ശ്രീ രാജീവ്ഗാന്ധി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ കൂടുതൽ അംഗീകരിക്കുവാൻ കിട്ടിയ അവസരത്തെ അട്ടിമറിക്കുകയായിരുന്നു. ഇതിനെ രാഷ്ട്രീയ ആയുധമാക്കുവാൻ ആർഎസ്എസ് നടത്തിയ പ്രചരണങ്ങൾ പിൽക്കാലത്ത് വളരെ അപകടകരമായ വർഗ്ഗീയ രാഷ്ട്രീയത്തിന് ശക്തി പകർന്നു എന്ന് ഇന്നു തിരഞ്ഞു നോക്കുന്പോൾ മനസ്സിലാക്കാം.
ആർഎസ്എസ്എന്ന സ്ത്രീകൾക്ക് അംഗത്വം നൽകാത്ത ഒരു സംഘടന എങ്ങനെയാണ് സ്ത്രീ വിഷയത്തിൽ പുരോഗമനം എന്ന് തോന്നിപ്പിക്കുന്ന നിലപാടുകൾ എടുത്തത് എന്ന് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം സമുദായം തികച്ചും സ്ത്രീ വിരുദ്ധവും സമുദായം രാഷ്ട്രീയപാർട്ടികളെ നിർബന്ധിച്ച് തങ്ങളുടെ മത നിലപാടുകൾ നടപ്പിൽ വരുത്തുവാൻ കുറുക്കുവഴികൾ തെടുന്നവരുമാണെന്ന പൊതു ധാരണ ഉണ്ടാക്കുവാൻ അന്നത്തെ മുഖ്യധാര മാധ്യമങ്ങളും ബിജെപിയുടെ വിവിധ സംഘടനകളും കിണഞ്ഞു ശ്രമിച്ചു. മുസ്ലിം മത മൗലിക പ്രീണനം നടത്തി എന്ന പേരുദോഷം ഉണ്ടായതിന് പ്രത്യുപകാരം എന്ന നിലക്ക് ശ്രീ രാജീവ് ബാബറി മാസ്ജീദ് വിഷയത്തിൽ ഹൈന്ദവ മത മൗലികരുടെ അഭ്യർഥനയെ മാനിച്ച് പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന രാമ വിഗ്രഹം ആരാധനക്കായി തുറന്നു കൊടുത്തു. ഇതേ കാലത്ത് മണ്ധൽ− മസ്ജീദ് വിഷയം സജീവമാക്കുവാൻ ആർഎസ്എസ് വേണ്ടതെല്ലാം ചെയ്തു. ശബാനു എന്ന സ്ത്രീക്ക് ജീവിത പങ്കാളിയിൽ നിന്നും തുടർന്നു ജീവിക്കുവാൻ പ്രതിമാസം ഒരു തുക നൽകണമെന്ന വിഷയത്തെ മത വിശ്വാസത്തിലുള്ള കടന്നു കയറ്റമായി പ്രചരിപ്പിച്ച ഇന്ത്യയിലെ മുസ്ലിം മത−രാഷ്ട്രീയ സംഘടനകൾ ഭൂരിപക്ഷ വർഗ്ഗീയതക്ക് വളരുവാൻ കൂടുതൽ അവസരം ഒരുക്കി എന്ന് കാണേണ്ടതുണ്ട്.
ശബാനു വിഷയം ഒരു വ്യക്തി കോടതിയിൽ ആരംഭിച്ച വ്യാഹാരം ആയിരുന്നു എങ്കിൽ മുത്തലാക്ക് (ജീവിത പങ്കാളിയായ സ്ത്രീയെ മൂന്ന്‍ പ്രാവശ്യം തലാഖ് എന്ന് ഒരു സമയത്ത് തന്നെ പറഞ്ഞ്(അറിയിച്ച്) വിവാഹമോചനം നേടുന്ന രീതി)നെതിരെ കോടതിയെ സമീപിച്ച ഉത്തരാഖണ്ധിലെ കാശിപ്പൂർകാരിയായ സയറ ബാനൂ, തന്നെ കത്തിലൂടെ മുത്തലാഖു അറിയിച്ചു വിവാഹ മോചനം നടത്തിയ രീതിക്കും ബഹുഭാര്യത്വം, നിക്കാഹ് ഹലാല (വിവാഹ മോചനം നേടിയ സ്ത്രീ വീണ്ടും ആദ്യ ഭർത്താവിനെ സ്വീകരിക്കണമെങ്കിൽ മറ്റൊരാളെ വിവാഹം കഴിച്ച് ഒഴിയണമെന്ന വ്യവസ്ഥ) തുടങ്ങിയവ മൗലിക അവകാശ ലംഘനമാണെന്നും അത് അവസാനിപ്പിക്കണമെന്നും കോടതിയോട് അവാശ്യപെട്ടു. ഈ വിഷയത്തിൽ ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ രാജ്യത്ത് പ്രചരണങ്ങൾ സംഘടിപ്പിച്ച് ഒപ്പ് ശേഖരണം നടത്തി സുപ്രീം കോടതിയിൽ കക്ഷിചേർന്നു. ഈ ഹർജികളിൽ കോടതി നീണ്ട വാദങ്ങൾ കേൾക്കുകയും കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ് ഇവരൊക്കെ മുത്തലാഖ് അവസാനിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രയപെടുകയും ചെയ്തു.
സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് നീണ്ട തെളിവെടുപ്പുകൾക്ക് ശേഷം മുസ്ലിം സ്ത്രീകളും തുല്യ അവകാശങ്ങൾക്ക് അർഹരാണ് എന്ന് വിധിച്ചു. വിധിയുടെ മുന്നോടിയായി വിവിധ സമുദായത്തിൽ ജനിച്ച ജഡ്ജിമാരുടെ അഭിപ്രായങ്ങൾ കേൾക്കുവാൻ കോടതി സമയം കണ്ടെത്തി. ഒപ്പം മുസ്ലിം വിശ്വാസികളുടെ അഭിപ്രായങ്ങളും കേട്ടു. ചീഫ് ജസ്റ്റിസ് CJI ഖഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, R.Fനരിമാൻ, ലളിത്, അബ്ദുൽ നസീർ ഉൾപ്പെടുന്ന ബെഞ്ച് മുതലാഖ് നിയാമ വിരുദ്ധമാണ് എന്ന് വിധിച്ചു. മൂന്നുതരം തലാഖുകളിൽ −തലാഖ് ഇ ഹസൻ, തലാഖ് ഇ അഹ്സൻ എന്ന രണ്ടുതരം രീതികളെ അംഗീകരിക്കുകയും മുന്നാമത്തെ രീതിയിലുള്ള തലാഖ് ഇ ബിതത് നിയമ വിരുദ്ധമാണ് എന്നും മത ഗ്രന്ഥം അതിനെ അംഗീകരിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിനും അപ്പുറം സ്ത്രീകൾ എതുവിശ്വാസത്തിന്‍റെ പേരിലും വിവേചനം അനുഭവിക്കുവാൻ അനുവദിക്കരുത് എന്ന സുപ്രീംകോടതി പരാമർശം വരുംകാലങ്ങളിൽ കോടതികളിൽ നിന്നും കൂടുതൽ സ്ത്രീ പക്ഷ തീരുമാനങ്ങൾ ഉണ്ടാകുവാൻ അവസരം ഉണ്ടാക്കുന്നതാണ്.
1986ലെ ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമായ ആഗോള ദേശിയ പശ്ചാത്തലത്തിൽ ഉണ്ടായ സുപ്രീംകോടതി വിധി ചിലരെയെങ്കിലും ചൊടിപ്പിചിട്ടുണ്ടാകും. എന്നാൽ ബിജെപിക്ക് നിയമ നിർമ്മാണ സഭയിൽ മുന്തൂക്കമുള്ള ഒരു അവസ്ഥയിൽ 30 വർഷങ്ങൾക്ക് മുന്‍പ് ശബാനു വിഷയത്തിൽ രാജ്യത്ത് ഉണ്ടായ സംഭവ വികാസങ്ങൾ ഇവിടെ ആവാർത്തിക്കുകയില്ല എന്ന് ഉറപ്പുണ്ട്. അന്നത്തെ അവസ്ഥയുടെ നേർ വിപരീതവും കൂടുതൽ അപകടകരവുമാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങൾ.
രാജ്യത്തെ ചുരുക്കം വിഷയങ്ങൾ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എന്നാൽ മത വിശ്വാസത്തെ അംഗീകരിക്കുന്ന ഹിന്ദു നിയമം, ക്രിസ്തീയൻ നിയമം, ഇസ്ലാം നിയമം ഇവ ചില പ്രത്യേക അവകാശങ്ങൾ നൽകുന്നുണ്ട്. ഹിന്ദു നിയമത്തിൽ ജെയിൻ, ബുദ്ധ, സിക്ക്, ആര്യ സമാജം ഇവരെ ഉൾപെടുത്തിയിട്ടുണ്ട്. ഹിന്ദു നിയമം കൊണ്ടുവരുന്നതിൽ നീണ്ട 15 വർഷം ദേശിയ രാഷ്ട്രീയത്തിൽ ഉണ്ടായ എതിർപ്പുകൾ, അതിന്‍റെ ഭാഗമായി അംബേദ്‌കർ ക്യാബിനറ്റിൽ നിന്നും പുറത്തു പോയതും ഹിന്ദു ഏകീകരണ നിയമത്തെ ആർഎസ്എസ് അതി ശക്തമായി എതിർത്തതും ചരിത്രത്തിന്‍റെ ഭാഗമാണ്. സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം അംഗീകരിക്കുന്നതിനെ എതിർത്ത ഹിന്ദുത്വ ശക്തികൾക്കു കരുത്തുപകരുവാൻ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയും ഉണ്ടായിരുന്നു. ഹിന്ദു ആക്റ്റ് എല്ലാ ഹിന്ദുക്കൾക്കും ബാധകമാണ് എന്ന് പറയുന്പോൾ അതിൽ നിഷ്കർഷിക്കുന്ന കന്യാചർമ്മ പരിശോധന, ബ്രാഹ്മണരുടെ വിശ്വാസത്തിന്‍റെ ഭാഗമായ ചടങ്ങുകൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക അംഗീകാരങ്ങൾ, നികുതി ഇളവുകൾ ആ നിയമത്തിന്‍റെ പരിമിതികൾ ആയി ഇന്നു വിലയിരുത്താം. വിവാഹം, വിവാഹ മോചനം, സ്വത്തുക്കൾ വീതം വെയ്ക്കൽ, ദത്ത് എടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതങ്ങൾക്ക് നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന സമത്വം− സ്വതന്ത്ര്യ അവകാശങ്ങളെ ഒരു തരത്തിലും ലംഘിക്കരുത് എന്നത് അടിസ്ഥാന പ്രമാണമായിരിക്കണം. ഒരാളുടെ വിശ്വാസത്തിന്‍റെ മറവിൽ അതേ മതത്തിൽ പെട്ടവരെയോ മറ്റു മതത്തിൽ പെട്ടവരെയോ അവഗണിക്കുകയോ രണ്ടാം തരക്കാരായി കാണുകയോ ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയ്ക്ക് ഒത്തു പോകുകയില്ല.
ഇന്ത്യയിൽ ഏക സിവിൽകോഡ് എന്ന ആശയം ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ ഉയർന്നു വന്നിരുന്നു. അതിനെ നെഹ്രുവും അംബേദ്‌കറും കമ്യുണിസ്റ്റ്കളും മറ്റു പുരോഗമന രാഷ്ട്രീയക്കാരും പിന്തുണച്ചു. ഇന്ത്യ എന്ന രാജ്യത്തെ പൗരന്മാരിൽ ഒന്നാം തരക്കാർ ആർഎസ്എസ് മുന്നോട്ടു വെയ്ക്കുന്ന നിലപാടുകളെ അംഗീകരിക്കുന്നവർ മാത്രവും മറ്റുള്ളവർ രണ്ടാം പൗരർ മാത്രവും എന്ന് അവർ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു. അതിന്‍റെ പേരിൽ ബാബറി മസ്ജീദ്-പശു സംരക്ഷണം−സംവരണം-വന്ദേമാതരവും മറ്റും രാഷ്ട്രീയ ആയുധമാക്കുന്ന മോഡിയുടെ സർക്കാർ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുത്തണമെന്ന് പറയുന്പോൾ അതിനർത്‍ഥം ഹിന്ദു മത സംഹിതയിൽ നാടിനെ ഒതുക്കി മത നിരപേക്ഷ−ജനാധിപത്യത്തെ മാറ്റി എഴുതണമെന്നാണ് ആഗ്രഹിക്കുന്നത്. മുത്തലാഖ് വിഷയത്തിൽ സുപ്രീ കോടതിയിൽ ഉണ്ടായ വിധിയുടെ സാഹചര്യത്തെ തങ്ങളുടെ ഹൈന്ദവ മതമൗലിക അജണ്ട നടപ്പിൽ വരുത്തുവാനുള്ള അവസരമാക്കി മാറ്റുവാൻ ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നതിനെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കുവാൻ തയ്യാറകണം...