വീണ്ടും വീണ്ടും വിഷം കഴിക്കണോ ?


ബിബിൻ പോൾ എബ്രഹാം 

 

ന്നത്തെ മനുഷ്യന്‍റെ മനോഭാവം അവന്റെ കാർ‍ഷിക തനിമയെ ഇല്ലാതാക്കിയിരിക്കുന്നു. മണ്ണിൽ‍ പണിയെടുക്കുന്നതു തന്‍റെ സോഷ്യൽ‍ സ്റ്റാറ്റസിന് ചേർ‍ന്നതല്ലെന്നും പ്രവാസ ജീവിതവും ഹൈടെക് ജോലിയുമാണ് സമൂഹത്തിൽ‍ വില തരുന്നത് എന്ന ചിന്ത മലയാളികളായ നമ്മെ കൃഷിയിൽ‍ നിന്നും അകറ്റി. ഫലമോ വാങ്ങി കഴിക്കുന്ന പച്ചക്കറികളും മറ്റു ഭക്ഷണങ്ങളും മുലം കാൻ‍സർ‍ പോലുള്ള മാരകരോഗങ്ങൾ‍ നമ്മെ പിടികൂടി.

നമുക്കറിയാവുന്നത് പോലെ മലയാളികളുടെ ദേശീയ ഉത്സവമായ ഓണമിങ്ങെത്തിയിരിക്കുന്നു. കാർ‍ഷിക വിളവെടുപ്പിന്‍റെ ഉത്സവം കൂടിയാണ് മലയാളിക്ക് ഓണം. എന്നാൽ‍ ഇന്ന്  ഓണം എന്ന വാക്ക് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളൂ എന്ന് പറയേണ്ട അവസ്ഥായാണുള്ളത്. കാരണം വിളവെടുപ്പ് നടക്കുന്നത് തമിഴ്നാട്ടിലും കർ‍ണാടകത്തിലുമാണ്. പണ്ട് നമ്മുടെ പറന്പുകളിൽ‍ നമ്മൾ‍ പണിയെടുത്ത് ഉണ്ടാക്കിയ വിളകൾ‍ കൊണ്ട് ഉണ്ടിരുന്ന ഓണം, ഇന്നു ലോകത്ത് വന്നിട്ടുള്ള മാറ്റങ്ങൾ‍ക്കൊപ്പം ഏറെ മാറിയിരിക്കുന്നു. വീടുകളിൽ‍ ഉണ്ടാക്കിയിരുന്ന ഓണസദ്യ ഇന്ന് സമയലാഭത്തിന് വേണ്ടിയോ അതിനു വേണ്ടി മെനക്കെടാൻ‍ വയ്യാത്തത് കൊണ്ടോ കടകളിൽ‍ നിന്നും വരുത്തി കഴിക്കുന്നു. അതോടൊപ്പം ഇന്ന് ലോകം ജങ്ക് ഭക്ഷണത്തിന്‍റെ പുറകെയാണ്.  ഭക്ഷണം ഉണ്ടാക്കാൻ‍ ആർക്കും സമയമില്ല. ഇനി ഭക്ഷണം വീട്ടിൽ‍ പാകം ചെയ്തു കഴിക്കാമെന്ന് വിചാരിച്ചാലോ അതിലേറെ കൊടിയ വിഷമുള്ള പച്ചക്കറികൾ‍ ആണ് മാർ‍ക്കറ്റിൽ‍ ലഭിക്കുന്നത്. പിന്നെ എന്ത് ചെയ്യും? ജീവൻ നിലനിർ‍ത്താൻ ഭക്ഷണം വേണ്ടേ? കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ. ഇതാണ് ശരാശരി മലയാളിയെ അലട്ടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. 

പണ്ട് കേരളത്തിന്‍റെ മുഖമുദ്രയായിരുന്നു കാർ‍ഷിക മേഖല. എല്ലാ തരത്തിലുള്ള കാർ‍ഷിക വിളകളും സുലഭമായി ലഭിച്ചിരുന്ന നാട്. എന്നാൽ‍ ഇന്നിപ്പോൾ‍ അതല്ല അവസ്ഥ. കാർ‍ഷിക മേഖലയിൽ‍ വലിയ ഇടിവുണ്ടായി. മണ്ണിൽ‍ പണിയെടുക്കന്നത് തന്‍റെ അന്തസ്സിനു ചേർ‍ന്ന പണിയല്ലെന്നും, ഇത്രയും വിദ്യാഭ്യാസം ഉള്ള താൻ കർഷകവൃത്തി ചെയ്യേണ്ടവനല്ലെന്നുമുള്ളള മലയാളിയുടെ ദുരഭിമാനം നമ്മെ അന്യസംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിൽ എത്തിച്ചു. അവിടുത്തെ പച്ചക്കറികളാകട്ടെ നമ്മുടെ കീശയും ആരോഗ്യവും കാർ‍ന്നു തിന്നാനും തുടങ്ങി. ഭക്ഷണത്തിനു മുടക്കുന്നതിന്റെ ഇരട്ടി ആശുപത്രികളിൽ‍ കൊടുക്കാൻ തുടങ്ങി. എല്ലു മുറിയെ പണിയെടുത്തിരുന്ന നമ്മൾ‍ ഇന്ന് എല്ല് പോയിട്ട് പല്ലു പോലും അനക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇന്ന് കേരളത്തിൽ‍ കാൻ‍സർ പോലുള്ള മാരക അസുഖങ്ങൾ‍ കൂടുകയാണ്. ദിനംപ്രതി നൂറു കണക്കിന് ആളുകൾ‍ ആണ് രോഗികൾ‍ ആയി മാറുന്നത്. വിഷമയമില്ലാത്ത പച്ചക്കറികൾ‍ കഴിക്കുക എന്നത് മലയാളിക്ക് സ്വപ്നം മാത്രമായിരിക്കുന്നു. പക്ഷെ ഈ ഒരു അവസ്ഥയ്ക്ക്‌ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരുപാട് പേർ‍ ഇന്ന് കേരളത്തിൽ‍ ഉണ്ടായി വരുന്നുണ്ട് എന്നതാണ് ആശ്വാസകരമായ വസ്തുത. ഇന്ന് കേരളത്തിൽ‍ ഉയർ‍ന്നു വരുന്ന കൃഷി രീതിയാണ്‌ ഓർ‍ഗാനിക് ഫാർ‍മിംഗ് അഥവാ ജൈവ പച്ചക്കറി കൃഷി.
പഴയ കൃഷി രീതി തന്നെയാണ് ഇതെങ്കിലും ആധുനിക മാർ‍ഗങ്ങൾ ഉപയോഗിക്കുന്നു എന്ന് മാത്രം. ജൈവ കീടനാശിനികൾ, കം‌പോസ്റ്റ്, പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടി വളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർത്ഥങ്ങൾ, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ്‌ ജൈവകൃഷി  എന്നു വിളിക്കുന്നത്.

മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉൽപാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടെ സ്വാഭാവിക പ്രക്രിയകൾ, ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരന്പരാഗത രീതികളും പുത്തൻ കണ്ടെത്തലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാ വിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു. 1990 മുതൽ ജൈവ കൃഷിരീതിയിലൂടെ ഉണ്ടാക്കിയ ഉൽ‌പ്പന്നങ്ങളുടെ വിപണി വേഗത്തിലാണ് വളർന്നത്. കേരളത്തിൽ‍ അങ്ങോളമിങ്ങോളം ഒരുപാട് പേർ‍ ഈ കൃഷി രീതി ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ‍ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ജൈവ കൃഷി വലിയതോതിൽ‍ ചെയ്യുന്നവരാണ് എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിലായി ആരംഭിച്ച ‘ഫാർ‍മേർ‍സ് ഫ്രഷ്‌ സോൺ‍’ ‘അസീസിയ’ തുടങ്ങിയ സംരഭങ്ങൾ‍. ‘ഫാർ‍മേർ‍സ് ഫ്രഷ്‌ സോൺ’ ഒരു കൂട്ടം വിദ്യാസന്പന്നരായ യുവാക്കൾ‍ ചേർ‍ന്ന് എറണാകുളത്തെ ഇൻഫോ പാർ‍ക്കിൽ‍ നടത്തുന്ന സ്റ്റാർ‍ട്ട്‌ അപ്പ്‌ കന്പനിയാണ്. ബിടെക്, എം.ബി.എ പഠിച്ചവർ‍ ആണ് ഇതിൽ‍ ഏറിയ പങ്കും. തങ്ങൾ‍ ഉൽ‍പാദിപ്പിക്കുന്ന പച്ചക്കറികൾ‍ നവ മാധ്യമങ്ങൾ‍ വഴി വിറ്റഴിക്കുക എന്ന വിപണന തന്ത്രമാണ് ഇവരുടെ ഏറ്റവും വലിയ വിജയം. മാർ‍ക്കറ്റിങ്ങിന്‍റെ പോരായ്മയാണ് ഇന്നത്തെ പല കൃഷിക്കാരുടെയും പതനത്തിന്‍റെ കാരണം എന്നും തങ്ങൾ‍ ഉണ്ടാക്കുന്ന പച്ചക്കറികൾ‍ക്ക് ന്യായമായ വില ലഭിക്കാത്തത് മൂലമാണ് ഇവർ കൃഷി ഉപേക്ഷിക്കുന്നതെന്നും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇപ്പോൾ ഇവരുടെ കീഴിൽ‍ മറ്റത്തൂർ‍, മാള, നെന്മണിക്കര, കൊടകര, കാന്തല്ലൂർ‍, വട്ടവട എന്നിവിടങ്ങളിൽ‍ ആയി നൂറ്റി ഇരുപതോളം കർ‍ഷകരും നാലായിരത്തോളം ഉപഭോക്താക്കളും ഉണ്ട്. ഇവരുടെ പ്രധാന വിപണി കൊച്ചിയിലെ ഇൻ‍ഫോ പാർ‍ക്ക് തന്നെയാണ്. വിദ്യാഭ്യാസം ഉള്ളവർ‍ ശീതീകരിച്ച മുറികളിൽ‍ ഇരുന്നു മാത്രം പണിയെടുക്കെണ്ടവർ‍ അല്ല എന്നു തെളിയിക്കുകയാണ്  ‘ഫാർ‍മേർ‍സ് ഫ്രഷ്‌ സോൺ’ പോലുള്ള സംരംഭങ്ങൾ‍. സേവ് ഫുഡ്‌ സേവ് ടൂ ഈറ്റ് എന്നതാണ് ഇവരുടെ ലക്ഷ്യം.

കൊച്ചിയിൽ‍ ജൈവപച്ചക്കറികളും അതുകൊണ്ടുള്ളഭക്ഷണവും നൽ‍കുന്ന സംരംഭമാണ് ‘അസീസിയ’. മുന്നാർ‍, ഇടുക്കി, വയനാട്, കളമശ്ശേരി എന്നിവിടങ്ങളിലായി  ഏകദേശം നൂറു ഏക്കറിൽ‍ വിപുലമായി ജൈവ കൃഷി ചെയ്യുന്നു. ജൈവ പച്ചക്കറിയിൽ‍ ലാഭം പ്രതീക്ഷിക്കാതെ
വിഷമില്ലാത്ത നല്ല പച്ചക്കറികളും നല്ല ആരോഗ്യവും ജനങ്ങൾ‍ക്ക്‌ നൽ‍കാൻ സാധിക്കുന്നു എന്ന സന്തോഷമാണ് വലുതെന്നും, തനിക്കുള്ള സ്ഥലം വെറുതെ കാട് പിടിച്ചു നശിച്ചു പോകുന്നതിനെക്കാൾ‍ എത്രയോ നല്ലതാണു അതിൽ‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം എന്നു അസീസിയ ഉടമ അസീസ് പറയുന്നു. അതുപോലെ തന്നെ ഇൻഫോ പാർ‍ക്കിനു പുറത്തു സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറി ഉത്പാദിപ്പിക്കുന്ന ടെക്കിസും കൊച്ചിയിലുണ്ട്. ആലുവയിൽ‍ ഒരു പ്രവാസി തന്‍റെ വെറുതെ കിടക്കുന്ന സ്ഥലം അയൽ‍പക്കത്തുള്ള വീട്ടുകാർ‍ക്ക് ജൈവ പച്ചക്കറി കൃഷിക്കായി വിട്ടു കൊടുത്തിരിക്കുകയാണ്. വൈകുന്നേരങ്ങൾ‍ അവിടെയുള്ളവർ‍ തോട്ടം പരിപാലനത്തിനായി മാറ്റി വയ്ക്കുന്നു. 

നമ്മുടെ കേരളത്തിൽ‍ പ്രവാസികളായവരുടെയടക്കംനിരവധി പേരുടെ ഒരുപാട് സ്ഥലങ്ങൾ‍ വെറുതെ കിടക്കുന്നുണ്ട്.  സാഹചര്യങ്ങൾ‍ മൂലമോ, ഒരു ആവശ്യമില്ലാത്ത ദുരഭിമാനവും മൂലമോ ആണ് മിക്ക കൃഷിയിടങ്ങളും ആർ‍ക്കും ഉപകാരമില്ലാതെ വെറുതെ കിടന്നു നശിക്കുന്നത്. ഈ കൃഷിയടങ്ങളെ നമുക്കൊന്ന് പുനർ‍ജീവിപ്പിക്കാൻ‍ ശ്രമിച്ചു കൂടെ. ഒന്നുകിൽ സ്വന്തമായി അല്ലെങ്കിൽ പാട്ടത്തിന് കൊടുത്തിട്ടെങ്കിലും ഈ സ്ഥലങ്ങളിൽ പൊന്ന് വിളയിച്ചൂ കൂടെ. 

നമ്മുടെ സർ‍ക്കാരുകൾ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ധാരാളം പദ്ധതികൾ‍ ആവിഷ്കരിച്ചിട്ടുണ്ട്. കൃഷിഓഫീസുകളിലും മറ്റും ഗ്രോ ബാഗുകളും ജൈവ വളങ്ങളും നൽ‍കി വലിയ കൃഷിയിടങ്ങളിൽ‍ മാത്രമല്ല ടെറസിലും മുറ്റത്തും ചെറിയ പരിമിതിക്കുള്ളിലും കൃഷി ചെയ്യാം എന്ന സന്ദേശം നൽ‍കുന്നു. കൃഷിയെ ഒരു വരുമാന മാർ‍ഗമായി കാണാതെ സ്വന്തം ആവശ്യത്തിനു വേണ്ടി ഉണ്ടാക്കുന്നതായി കണ്ടു കൊണ്ട് ചെയ്യുന്പോൾ മനസിനും ആരോഗ്യത്തിനും കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ എത്ര വലുതാണ്. ജൈവ കൃഷി വിപുലീകരണത്തിനും  മറ്റും സർ‍ക്കാരും ബാങ്കുകളും സബ്സിഡി, ലോൺ‍ മുതലായ കാര്യങ്ങൾ‍ ചെയ്യുന്നുണ്ട്.

അതോടൊപ്പം ഒരു കാര്യം കൂടി മനസിലാക്കണം. പണ്ട് ചെയ്തു വന്നിരുന്ന കൃഷി രീതികൾ‍ ഇന്ന് ഉപയോഗിക്കാൻ‍ സാധിക്കില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചേ മതിയാകൂ. തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത കേരത്തിന്റെ നാട്ടിൽ അതുകൊണ്ടാണ്  ഒരാൾ‍ പൊക്കത്തിൽ‍ വളരുന്ന തെങ്ങും, ടിഷ്യൂ കൾ‍ച്ചർ വാഴയുമൊക്കെ സർ‍ക്കാരും കാർ‍ഷിക ഗവേഷണ സ്ഥാപനങ്ങളും നൽ‍കി വരുന്നത്. ഈ സാഹചര്യം പ്രവാസികൾ അടക്കമുള്ളവർ മുതലാക്കണം. മുടന്തൻ‍ നയങ്ങൾ‍ പറഞ്ഞു ഇന്ന് നമ്മൾ‍ വേണ്ടെന്ന് വയ്ക്കുന്ന പലതും നാളേക്ക് വേണ്ടി ആവശ്യമുള്ളതാണെന്ന് മനസിലാക്കുന്നതിനോടൊപ്പം,  വിഷമയമില്ലാത്ത പച്ചക്കറികൾ‍ക്കു വേണ്ടി പണം മുടക്കണോ അതോ വിഷമയമുള്ള പച്ചക്കറികൾ‍ കഴിച്ചു  ശിഷ്ട ജീവിതം ആശുപത്രികളിൽ‍ കഴിയണോ എന്ന് കൂടി ചിന്തിച്ചു വേണം ഈ ഓണക്കാലത്തെ മലയാളികളായ നമ്മളൊക്കെ വരവേൽക്കാൻ. കാരണംനമ്മൾ‍ നമ്മുടെ മക്കൾ‍ക്കും ദിവസേന ഊട്ടികൊടുക്കുന്നത് വിഷമാണെന്ന് ഓർത്ത് വേണം ഓരോ നിമിഷവും മുന്പോട്ട് പോകാൻ. നമ്മൾ‍ എടുക്കുന്ന  ഒരുതീരുമാനം ഒരു വലിയ തുടക്കത്തിന്റെ മുന്നോടിയാകട്ടെയെന്നും വിഷമയമില്ലാത്ത പച്ചക്കറികളും കൃഷിരീതികളും  മലയാളിക്ക്  തിരികെ ലഭിക്കുമെന്ന വിശ്വാസത്തോടും കൂടി ഈ ഓണം ഒരു പുതിയ മാറ്റത്തിനു നാന്ദി കുറിക്കട്ടെ എന്ന ആശംസയോടെ...

You might also like

Most Viewed