ഇരട്ടത്താ­പ്പും ഇരു­ട്ടടി­കളും


വി.ആർ. സത്യദേവ് 

sathya@dt.bh

 

ന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആധിയിലാണെന്ന ആക്ഷേപം ഇല്ലാത്തതല്ല. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന സാക്ഷാൽ ഹാമിദ് അൻസാരി അടുത്തിടെ അത് പരസ്യമായി പറഞ്ഞത് വലിയ ചർച്ചകൾക്കും വഴിെവച്ചിരുന്നു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അങ്ങനെയുള്ള ഒരു അരക്ഷിതാവസ്ഥയുണ്ടെങ്കിൽ അതിന്റെ കാര്യകാരണങ്ങളെക്കുറിച്ചും അത് പരിഹരിക്കാനുള്ള വഴികളെക്കുറിച്ചുമൊക്കെ ആഴത്തിലും വേഗത്തിലുമുള്ള ആലോചനകളും പരിഹാരം കണ്ടെത്തലുമൊക്കെ ആവശ്യമാണ്. നമ്മുടെ ബഹുസ്വരതയ്ക്ക് പരിക്കേൽക്കുന്ന, നമ്മുടെ സ്വത്വത്തിനു പരിക്കേൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൂട തന്നെ. അതു പക്ഷേ നമ്മുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യക്കാരൻ ആലോചിക്കുകയും ആശങ്കപ്പെടുകയും ഒക്കെ ചെയ്യേണ്ട പ്രശ്നം. ബഹുമാന്യനായ ഹാമിദ് അൻസാരിയുടെ പരാമർശത്തെ അത്തരത്തിലാണ് നമ്മൾ എടുക്കേണ്ടത്.

രാജ്യാതിർത്തിക്കു വെളിയിൽ നിന്നാണ് അത്തരത്തിലൊരു പരാമർശം ഉണ്ടാവുന്നതെങ്കിൽ അതിനെ നമുക്ക് കുറേക്കൂടി കരുതലോടെയേ സമീപിക്കാനാവൂ. പ്രത്യേകിച്ച് അത്തരമൊരു ആശങ്ക പങ്കുവെയ്ക്കുന്നത് ആഗോള ശക്തിയായ അമേരിക്ക ആവുന്പോൾ. ഇതര രാഷ്ട്രങ്ങളെ ഇകഴ്ത്തി മേനിനടിക്കുന്നത് ചില രാഷ്ട്രങ്ങളുടെ പ്രത്യേകതയാണ്. അതിൽ മുന്പിലാണ് അമേരിക്ക എന്ന കാര്യം എടുത്തു പറയണം. മുൻ അമേരിക്കൻ നായകൻ ബറാക് ഒബാമ പൊതുവേ മാന്യനാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ആ മാന്യത ഇന്ത്യയുടെ കാര്യത്തിൽ അദ്ദേഹം പുലർത്താത്ത ചില സന്ദർഭങ്ങൾ മറക്കാറായിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാ സന്ദർശനത്തിനൊടുവിൽ വിടവാങ്ങൾ പ്രസംഗമെന്നു വിശേഷിപ്പിക്കാവുന്ന അഭിസംബോധനയിൽ അതിഥി മര്യാദകളെല്ലാം ലംഘിച്ച് ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയിട്ടായിരുന്നു മാന്യനായ ഒബാമയുടെ മടക്കം. അത് അമേരിക്കയുടെ പൊതു ശീലമാണെന്ന് വിലയിരുത്തേണ്ടി വരും.

പറഞ്ഞു വരുന്നത് അമേരിക്ക അടുത്തിടെ പുറത്തു വിട്ടൊരു റിപ്പോർട്ടിനെ കുറിച്ചാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ളതാണ് റിപ്പോർട്ട്. ചില്ലറയല്ല റിപ്പോർട്ട് പ്രകാരമുള്ള ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ. നിയമപരവും ഭരണഘടനാ പ്രകാരവുമുള്ള പീഡനങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു നേരിടേണ്ടി വരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ആക്ഷേപങ്ങളുണ്ടായേക്കാം. പക്ഷേ ഇത്തരമൊരാരോപണം തികച്ചും ദുരുപദിഷ്ടമെന്ന് പറയാതെ വയ്യ. എന്തൊക്കെ പരാതികളുണ്ടായാലും നമ്മുടെ ശക്തമായ ഭരണഘടനയെപ്പറ്റിയും, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നുറപ്പാക്കുന്ന നമ്മുടെ നിയമവ്യവസ്ഥിതിയെപ്പറ്റിയും രാജ്യത്തെ ഒരു വിഭാഗവും ഇങ്ങനെ ഒരാരോപണം ഉന്നയിക്കാനുള്ള സാദ്ധ്യത വിരളമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഇതര രാഷ്ട്രങ്ങളിലൊക്കെ അവിടങ്ങളിലെ ന്യൂനപക്ഷ ഭൂരിപക്ഷങ്ങൾ എങ്ങനെയാണ് കഴിയുന്നത് എന്നതു കൂടി ചേർത്തു വായിക്കുന്പോൾ നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി നിലനിന്നു പോരുന്ന സാമുദായിക സൗഹാർദ്ദം എത്ര മഹോന്നതമാണെന്ന് നമുക്ക് തിരിച്ചറിയാനാകും. തൊട്ടടുത്ത സഹോദര രാജ്യമായ പാകിസ്ഥാനെയും വേണമെങ്കിൽ ബംഗ്ലദേശിനെയുമൊക്കെ നമുക്ക് ഇതിന് ഉദാഹരണങ്ങളാക്കാം. എന്തിനേറെ പറയുന്നു കണ്ണുകൾ, സർവ്വ സാദ്ധ്യതകളുടെയും സ്വാതന്ത്ര്യങ്ങളുടെയും നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ ഐക്യനാടുകളിലേക്കു തന്നെ, തിരിച്ചു വെച്ചാൽ കാണുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാവും. 

യു.എസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലിജിയസ് ഫ്രീഡം എന്ന ഏജൻസിയുടെ റിപ്പോർട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മത സ്വാതന്ത്ര്യത്തിന്റെ അളവുകോലുപയോഗിച്ച് ഇന്ത്യയെ നാറ്റിക്കാനാകുമെങ്കിൽ ആവാം എന്നതാണ് അമേരിക്കൻ സർക്കാർ ഏജൻസിയായ യു.എസ്.സി.ഐ.ആർ.എഫിന്റെ നീക്കം. ചില സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമമാണത്രേ ഏജൻസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഏജൻസിയുടെ പഠന റിപ്പോർട്ട് ചുമ്മാതെ പ്രസിദ്ധീകരിച്ചതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യയുമായുള്ള നയതന്ത്ര വ്യാപാര ഇടപാടുകൾ നടപ്പാക്കുന്പോൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി പരിഗണിക്കാൻ സടക്കാരിനു നിർദ്ദേശം നൽകിയിരിക്കുകയാണ് ഏജൻസിയുടെ നായകനായ തോമസ് റീസ്. ആവണവപരീക്ഷണാനന്തര ഉപരോധങ്ങൾ കൊണ്ട് ഇന്ത്യക്കു മൂക്കുകയറിടാൻ ശ്രമിച്ചു പരാജയപ്പെട്ട അമേരിക്ക പുതിയ ഉമ്മാക്കി കാട്ടി പേടിപ്പിക്കാനുള്ള മൗഢ്യമാണ് ഇതിലൂടെ ഇപ്പോൾ കാട്ടുന്നത്.

ഇതിന് മറ്റൊരു തലം കൂടിയുണ്ട്. ഇരു കാലുകളിലെയും മന്തു മറച്ചു െവച്ച് ഉണ്ണിമന്തനെ കളിയാക്കുന്ന പെരുമന്തന്റെ റോളിലാണ് അമേരിക്കൻ ഐക്യനാടുകളിപ്പോൾ ആടിത്തിമിർക്കുന്നത്. വംശീയവും ഭരണപരവുമായ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് വർത്തമാനകാല അമേരിക്ക കടന്നു പോകുന്നത്. അനാവശ്യമായ അന്താരാഷ്ട്ര ഇടപെടലുകൾ അവരുടെ മുഖം കൂടുതൽ വികൃതമാക്കിയിരിക്കുന്നു. ആഗോള ഭീഷണിയായ ഐ.എസ്സിനെതിരേ യുക്തവും പ്രായോഗികവുമായ നടപടികളെടുക്കാൻ ഒബാമയും ട്രംപുമടക്കമുള്ള അമേരിക്കൻ നായകൻമാർക്കു കഴിഞ്ഞിട്ടില്ല. സിറിയൻ നായകൻ ബാഷർ അൽ അസദിനെ സ്ഥാനഭൃഷ്ടനാക്കുമെന്ന് ആയിരം വട്ടമാവർത്തിച്ച സാക്ഷാൽ ഒബാമ അടുത്തൂൺ പറ്റി പിരിഞ്ഞിട്ട് മാസം ഏഴായി. അവിടുത്തെ കാര്യങ്ങൾ ഏതാണ്ട് വർഗ്ഗ ശത്രുവായ റഷ്യ തീരുമാനിക്കും എന്ന മട്ടിലായിക്കഴിഞ്ഞു. അടുത്തത് കൊറിയയാണ്. തുടരെത്തുടരെയുള്ള ആയുധ പരീക്ഷണങ്ങളുമായി ലോകഭീതി അടിക്കടിയുയർത്തുന്ന ഉത്തരകൊറിയ അമേരിക്കക്ക് നൽകുന്ന തലവേദന വളരെ വലുതാണ്. സ്വയം പരിഹരിക്കാനാകാത്ത ഉത്തര കൊറിയൻ പ്രശ്നം കൊറിയയുടെ ചങ്ങാതിയായ ചൈന ഇടപെട്ട് പരിഹരിച്ചേ മതിമാവൂ എന്നൊരു ലൈനിലാണ് അമേരിക്കയിപ്പോൾ. അതിനിടെ വെനസ്വേലയിലും കാര്യങ്ങൾ അത്ര ശരിയായ രീതിയിലല്ല പോകുന്നതെന്ന കടുത്ത ആശങ്കയും അമേരിക്ക പ്രകടിപ്പിക്കുന്നത് കഴിഞ്ഞയാഴ്ച നമ്മൾ കണ്ടു. ആവശ്യമെങ്കിൽ വെനസ്വേലയ്ക്കെതിരേ സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാൽ ആഴ്ചയൊന്നു കഴിഞ്ഞിട്ടും നടപടിയുടെ അനക്കമൊന്നും കാണാനില്ല. അന്ന് ട്രംപ് പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയാണെന്ന് വ്യക്തം. എന്തു കാരണം പറഞ്ഞായാലും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനെതിരായി സൈനിക നടപടിക്ക് ഇറങ്ങിപ്പുറപ്പെടാൻ എളുപ്പമാണ്. പിന്നെ അതിൽ നിന്നും തലയൊന്ന് ഊരിയെടുക്കാനാണ് പെടാപ്പാട്. 

ഇതൊന്നും പോരാഞ്ഞ് അമേരിക്കൻ ഐക്യനാടുകളുടെ, പേരിലുള്ള, ഐക്യം രാജ്യത്ത് പണ്ടേപ്പോലെ ഇപ്പോൾ കാൺമാനുമില്ല എന്നതാണ് വാസ്തവം. സമത്വത്തിന്റെ മണ്ണിൽ വംശീയത പത്തിവിരിച്ചാടുകയാണ്. കേട്ടറിവിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് യാഥാർത്ഥ്യം എന്നതാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ നൽകുന്ന സൂചന. അമേരിക്കയുടെ കിഴക്കൻ തീര സംസ്ഥാനമായ വിർജീനിയയിലെ ഷാർലോട്സ്വിൽ നഗരമാണ് വംശീയ സംഘർഷങ്ങളുടെ പുതിയ കേന്ദ്രം. തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ നിന്നും രണ്ടു മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന നഗരമാണ് ഷാർലോട്സ്വിൽ. ചുരുക്കിപ്പറഞ്ഞാൽ ട്രംപിന്റെ മൂക്കിനു താഴെ. പച്ചപ്പരിഷ്കാരികളുടെ പുതിയ ലോകമായ അമേരിക്കയിലെ ഈ നഗരത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ വംശീയ കയ്യാങ്കളികളിൽ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്. വെളുത്തവന്റെ അധീശത്വ ഭാവം എല്ലാ മറയും നീക്കി പുറത്തു വന്നിരിക്കുന്നു. അതിനെതിരെ ശക്തമായ നിലപാടെടുത്ത പ്രക്ഷോഭകയായ ഹെതർ ഹെയർ എന്ന 32 കാരിയാണ് സംഘർഷത്തിന്റെ ആദ്യ രക്തസാക്ഷി. പ്രതിഷേധ പ്രവർത്തകരുടെ കൂട്ടത്തിനിടയിലേയ്ക്ക് ഒരാൾ വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഇതോടെ അതി ശക്തമായ സംഘർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു കൂടി ജീവൻ നഷ്ടമായി. ഷാർലോട്സ്വിൽ കോളേജ് അങ്കണത്തിൽ നിന്നും ഒരു പ്രതിമ നീക്കം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷങ്ങളുടെ തുടക്കം. അമേരിക്കൻ ആഭ്യന്തര യുദ്ധ നായകന്മാരിലൊരാളായ ജനറൽ റോബർട് ഈ ലീയുടെ പ്രതിമയാണ് വിവാദത്തിന്റെ ഹേതു. ആഭ്യന്തര യുദ്ധത്തിൽ വെള്ളക്കാരുടെ സേനാനായകനായിരുന്നു ലീ. രാജ്യത്ത് വംശീയത വീണ്ടും അതിശക്തമാകുന്നതിനിടെ ഈ നീക്കം ഫലത്തിൽ വംശീയാനുകൂലികളെ കൂടുതൽ ഒന്നിപ്പിച്ചിരിക്കുകയാണ്. 

പ്രശ്നത്തിൽ പ്രസിഡണ്ട് ട്രംപിന്റെ നിലപാടുകളും വിവാദമായിട്ടുണ്ട്. വംശീയ വാദികളെപ്പോലെ വംശീയ വിരുദ്ധരും പ്രശ്നത്തിന് ഉത്തരവാദികൾ തന്നെയാണ് എന്നാണ് ട്രംപ് പറഞ്ഞു വെച്ചത്. ഇതിനെതിരേ പ്രതിഷേധം ആളുകയാണ്. പ്രശ്നവുമായി ബന്ധപ്പെട്ട് പ്രസിഡണ്ടിനെ കാണാനുള്ള ക്ഷണം രക്തസാക്ഷിയായ ഹെതറിന്റെ മാതാവ് സൂസൻ ബ്രോ നിരസിച്ചു. രാജ്യത്ത് നാസി സംഘടനകളും വീണ്ടും തലപൊക്കികഴിഞ്ഞു. അതിനൊപ്പം അതിതീവ്രവംശീയ വാദികളും തീവ്രവാദികളുമായ കു ക്ലുക്സ് ക്ലാൻ എന്ന സംഘടനയും അതിശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. വംശീയ സംഘർഷങ്ങളിൽ വർണ്ണവെറിയൻ നിലപാടിനോട് അനുകൂലമാണ് ട്രംപ് എന്നാണ് ആരോപണം. അതേസമയം കടുത്ത ദേശീയ വാദികളും ട്രംപിൽ നിന്നും അകലുകയാണ്. കുറഞ്ഞത് ഭരണതലത്തിലെങ്കിലും ഇത് പ്രകടമാണ്. പ്രസിഡണ്ട് ട്രംപിന്റെ ഏറ്റവുമടുത്ത വ്യക്തികളിൽ ഒരാളായിരുന്നു മുഖ്യ ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാനൻ. ട്രംപിനെ വിജയത്തിലേക്കെത്തിച്ച അമേരിക്ക ഫസ്റ്റ് ആശയം പോലും ബാനന്റെ സൃഷ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ പ്രചാരണ തന്ത്രങ്ങളുടെ ചുക്കാൻ പിടിച്ച തന്ത്രജ്ഞൻ. ട്രംപ് അധികാരത്തിലെത്തിയപ്പോഴും നിർണ്ണായക സ്ഥാനത്തിരുന്ന ബാനനും പ്രസിഡണ്ടിന്റെ ക്യാന്പിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു. ഉത്തരകൊറിയൻ പ്രശ്നത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള വഴിപിരിയലിനു കാരണമായത്.

സ്ഥാനം നഷ്ടമായതോടേ ബാനൻ തന്റെ പഴയ തട്ടകത്തിൽ കർമ്മ നിരതനായിക്കഴിഞ്ഞു. ബ്രെയ്റ്റ്ബാറ്റ് ന്യൂസെന്ന പോടർട്ടലിന്റെ നായകനാണ് അദ്ദേഹം. വഴിപിരിഞ്ഞതോടേ ട്രംപിന്റെ കാലം കഴിഞ്ഞെന്നും ഇനി വരാനുള്ളത് പുതിയ കാലമാണെന്നുമാണ് ബാനന്റെ പ്രവചനം. പുറത്താക്കലിലൂടെ സ്വന്തം നിലനിൽപ്പിനു തന്നെ ഭീഷണിയായേക്കാവുന്ന പുതിയൊരു ശത്രുവിനെക്കൂടിയാണ് ട്രംപ് സൃഷ്ടിച്ചിരിക്കുന്നത്. 

ഭരണ സംവിധാനത്തിന് അകത്തും പുറത്തും സ്വസ്ഥത നഷ്ടപ്പെട്ട അവസ്ഥയിലാണ് അമേരിക്കൻ നേതൃത്വം. സ്വന്തം പ്രശ്നങ്ങൾ കുറ്റമറ്റരീതിയിൽ പരിഹരിക്കാൻ പോയിട്ട് അതിശക്തമാകുന്ന വംശീയ വിദ്വേഷവും അതിന്റെ പേരിലുള്ള ചോരച്ചൊരിച്ചിലും പരിഹരിക്കാൻ പോലും അവിടുത്തെ ഭരണകൂടത്തിനാവുന്നില്ല. പരിഷ്കൃതമെന്ന് ഊറ്റം കൊള്ളുന്ന സാമൂഹ്യ സാഹചര്യങ്ങളെ ഏറെ പിന്നോട്ടേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുകയാണ് അവർ. ഇതിനിടയിലാണ് ഇന്ത്യക്കെതിരെയുള്ള വിമർശനവും ഭീഷണിയും. സ്വന്തം കുറ്റങ്ങളും കുറവുകളും അംഗീകരിക്കാതെ കൈക്കരുത്തു മൂലമുള്ള ഹുങ്കുകൊണ്ട് ലോകത്തെ നന്നാക്കാനിറങ്ങിപ്പുറപ്പെടുന്ന ഭോഷത്വം, ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം അവസാനിപ്പിക്കാൻ നേരം വൈകി.

You might also like

Most Viewed