ഐപിസിയിൽ വേണം റാഗിങ്ങ് വിരുദ്ധ നിയമം!
ജെ. ബിന്ദുരാജ്
സമീപകാലത്താണ് നോയ്ഡയിലെ ഡൽഹി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയെ പതിനേഴ് സഹപാഠികൾ ചേർന്ന് അതിക്രൂരമായി ആക്രമിച്ചത്. റാഗിങ്ങിന്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ ഈ വിദ്യാർത്ഥിയോട് പൂർണനഗ്നനായി തറയിൽ കുത്തിയിരിക്കാനാവശ്യപ്പെട്ട സംഭവം സ്‌കൂൾ അധികൃതരോട് റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായിട്ടാണ് സീനിയർ വിദ്യാർത്ഥികൾ ഇരുന്പുദണ്ധുകളുപയോഗിച്ച് ആ പതിനഞ്ചുകാരനെ തല്ലിച്ചതച്ചത്. ഇരയാക്കപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് തന്റെ മകനെ ദേഹോപദ്രവം ഏൽപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടപ്പോൾ അദ്ദേഹത്തോട് നിയമനടപടിയുമായി മുന്നോട്ടുപോകരുതെന്നായിരുന്നു സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടത്. സ്‌കൂളിന്റെ സൽപേരിന് കളങ്കം വരുന്നതുകൊണ്ടല്ല, മറിച്ച് സ്‌കൂളിലെ സന്പന്നരായ പല രക്ഷിതാക്കളുടേയും മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതിനെപ്പറ്റിയായിരുന്നു സ്‌കൂളിന് ഉൽകണ്ഠ. ഈ സംഭവം ഒരു കാര്യം വെളിപ്പെടുത്തി. നമ്മുടെ സ്‌കൂളുകളിലും കോളെജുകളിലുമൊക്കെ നടക്കുന്ന ക്രൂരമായ പല റാഗിങ്ങുകളും മറച്ചുവയ്ക്കപ്പെടുന്നത് ആ സ്ഥാപനങ്ങളുടെ ഇടപെടലുകൾ മൂലമാണെന്ന കാര്യം. റാഗിങ്ങിന് ഇരയാക്കപ്പെടുന്നവരോട് സംഭവം പുറത്തുപറഞ്ഞാൽ കോളെജിൽ നിന്നും പുറത്താക്കുമെന്ന് കോളെജ് അധികൃതർ ഭീഷണിപ്പെടുത്തുന്നതിനെ തുടർന്ന് തങ്ങൾ റാഗ് ചെയ്യപ്പെട്ട വിവരം മറച്ചുവയ്ക്കാൻ നിർബന്ധിതരായ നിരവധി പേർ നമുക്കിടയിലുണ്ട്.
രാജ്യത്തെ മൂന്നിലൊന്ന് വിദ്യാർത്ഥികളേയും റാഗിങ് മാനസികമായി തളർത്തുന്നുണ്ടെന്നാണ് ഇക്കഴിഞ്ഞയാഴ്ച യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജി സി) പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പറയുന്നത്. അതായത് ഉന്നതപഠനത്തിനായി കോളെജുകളിലെത്തുന്ന 31.2 ശതമാനം വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയാകുന്നുവെന്നു തന്നെ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 37 പ്രൊഫഷണൽ, ആർട്‌സ് ആന്റ് സയൻസ് കോളെജുകളിൽ 2015−ലാണ് യുജിസി പഠനം നടത്തിയത്. ഈ റിപ്പോർട്ടിൽ റാഗിങ് കോളെജുകളിൽ അവസാനിക്കാതിരിക്കാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് റാഗിങ്ങിന് ഇരയായവരോട് മാനേജ്‌മെന്റും അധ്യാപകരും കാട്ടുന്ന നിരുത്തരവാദപരമായ പെരുമാറ്റവും കോളെജിലെ പ്രത്യേക സാഹചര്യങ്ങളുമൊക്കെയാണ്. റാഗിങ് നടത്തിയവർക്കതിരെ സ്ഥാപനത്തിലെ അധികൃതർ നടപടിയെടുക്കില്ലെന്ന തോന്നലും പരാതിപ്പെട്ടാൽ സീനിയർ വിദ്യാർത്ഥികൾ പ്രതികാരനടപടികളുമായി മുന്നോട്ടുപോകുമെന്ന ഭയവും കേസ്സിനു പോയാൽ അത് പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ധാരണയുമൊക്കെയാണ് റാഗിങ്ങിനു വിധേയരായ 84 ശതമാനം വിദ്യാർത്ഥികളേയും പരാതിപ്പെടുന്നതിൽ നിന്നും പിന്നാക്കം വലിച്ചതെന്നും പഠനം പറയുന്നുണ്ട്. കേരളത്തിൽ സ്വകാര്യ എഞ്ചിനീയറിങ് കോളെജുകളിൽ 68. 2 ശതമാനം പേരും സർക്കാർ എഞ്ചിനീയറിങ് കോളെജുകളിൽ 61.10 ശതമാനം പേരും റാഗിങ്ങിന് വിധേയരാകുന്നുണ്ടെന്നും പഠനം പറയുന്നു. ഇതിനു പുറമേ കേരളത്തിലെ സർക്കാർ എഞ്ചിനീയറിങ് കോളെജിലെ വിദ്യാർത്ഥികളിൽ 8.1 ശതമാനം പേർ തങ്ങൾ റാഗിങ്ങെന്ന പേരിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഇതിനെല്ലാം പുറമേ, റാഗിങ് തങ്ങളെ മാനസികമായി തളർത്തുന്നതു മൂലം 18.9 ശതമാനം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരികയും പഠന നിലവാരം കുറഞ്ഞതായും പറയുന്നു.
റാഗിങ്ങിനെതിരെ കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്താണ് കാലാകാലങ്ങളായി ഒരു പരന്പരാഗത ആചാരം പോലെ റാഗിങ്ങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർന്നുപോരുന്നതെന്നതാണ് വിചിത്രമായ കാര്യം. സുപ്രീം കോടതിവിധി, സർക്കാർ സർക്കലറുകൾ, യുജിസിയുടെ പലവിധ നിയന്ത്രണങ്ങളും നിബന്ധനകളും എന്നിവയൊക്കെ തന്നെ റാഗിങ് നിയന്ത്രിക്കാനായി രാജ്യത്തുണ്ടെങ്കിലും കലാലയങ്ങളിൽ ഇത് നിർബാധം തുടർന്നുപോരുകയാണ്. വിദ്യാർത്ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കൾ പലരും റാഗിങ്ങിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ളതിനാൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതിനെതിരെ ഒരുകാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുമില്ല. രാജ്യത്ത് നിലവിൽ 2666 പരാതികളാണ് റാഗിങ് സംബന്ധിച്ച് വിവിധ കോടതികളിലുള്ളത്. നമ്മുടെ കലാലയങ്ങളിൽ എത്ര ഭീതിദമായ ഒരു അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ഈ പരാതികളുടെ എണ്ണം തന്നെ വ്യക്തമാക്കുന്നു. ഇതിലുമെത്രയോ ഏറെയായിരിക്കും റിപ്പോർട്ട് ചെയ്യപ്പെടാത്ത റാഗിങ് കേസ്സുകൾ.
റാഗിങ്ങിന്റെ പേരിൽ രാജ്യത്തെ നടുക്കിയ നിരവധി കിരാത സംഭവങ്ങൾ ഇന്ത്യയിൽ അരങ്ങേറിയിട്ടുണ്ട്. ബംഗലുരുവിലെ പതിനേഴു വയസ്സുകാരനായ ഏറോനോട്ടിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ അഞ്ചു സഹപാഠികൾ ചേർന്നാണ് റാഗ് ചെയ്തതും പിന്നീട് സംഭവം പുറത്തുവരാതിരിക്കാൻ വിദ്യാർത്ഥിയെ ജീവനോടെ ഹോസ്റ്റൽ കുളിമുറിയിൽ തീയെരിച്ചു കൊന്നതും. ഹിമാചൽ പ്രദേശിലെ ഡോക്ടർ രാജേന്ദ്രപ്രസാദ് മെഡിക്കൽ കോളെജിലെ 19−കാരനായ വിദ്യാർത്ഥിയായ അമൻ സത്യ കച്‌റുവിനെ 2009−ൽ പുലരുവോളം സീനീയർ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്നാണ് മസ്തിഷ്‌ക രക്തസ്രാവമുണ്ടായി അവൻ മരണപ്പെട്ടത്. മരണത്തിന് തലേന്ന് അമൻ നൽകിയ മൊഴിയാണ് പ്രതികളെ കുടുക്കിയതെങ്കിലും പിന്നീട് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു മെഡിക്കൽ കോളെജിൽ പഠനം പൂർത്തിയാക്കുകയായിരുന്നു. 1996−ൽ തമിഴ്‌നാട്ടിൽ നടന്ന അതിക്രൂരമായ മറ്റൊരു റാഗിങ്ങും നമ്മുടെ ഓർമ്മകളിലുണ്ട്. തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള രാജാ മുത്തയ്യ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥിയായിരുന്ന പൊൻ നവരശുവിന്റെ ശരീരം വെട്ടിമുറിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ചാക്കിൽ കെട്ടിയെറിഞ്ഞു സീനിയർ വിദ്യാർത്ഥിയായ ജോൺ ഡേവിഡ്. റാഗിങ് വേളയിൽ നഗ്‌നനാകാനും ചെരിപ്പു നക്കാനും ആവശ്യപ്പെട്ടത് നവരശു ചെയ്യാൻ തയ്യാറാകാതിരുന്നതാണത്രേ ജോണിനെ അരിശം പിടിപ്പിച്ചത്. അതിനു പുറമേ, നവരശുവിന്റെ അച്ഛൻ പൊന്നുസാമി മദ്രാസ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറായിരുന്നുവെന്ന് ജോൺ മനസ്സിലാക്കിയത് അയാളുടെ ഈഗോ വർദ്ധിപ്പിക്കുകയും നവരശുവിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയുമായിരുന്നുവത്രേ. മദ്രാസ് ഹൈക്കോടതി ജോൺ ഡേവിഡിനെ തെളിവുകളുടെ അഭാവത്തിൽ 2001−ൽ വെറുതെ വിട്ടെങ്കിലും 2011−ൽ സുപ്രീം കോടതി ആ വിധിന്യായം റദ്ദുചെയ്ത് ജോണിനെ വീണ്ടും അഴികൾക്കുള്ളിലാക്കി. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഭോപ്പാലിലെ നാഷണൽ ലോ അക്കാദമിയിലെ ആറ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തതിന്റെ പേരിൽ സസ്പെന്റു ചെയ്യപ്പെട്ടത്. കർണാടകയിലെ നഴ്സിങ് കോളെജിൽ പഠിച്ചിരുന്ന മലയാളി വിദ്യാർത്ഥിനിയെ ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച്, അന്നനാളം പൊള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവവും സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ഭയന്ന് പഠനം വരെ ഉപേക്ഷിച്ച് കേരളത്തിലെത്തിയ വിദ്യാർത്ഥിയുടെ അവസ്ഥയും സമീപകാലത്ത് നാം വായിച്ചറിഞ്ഞതാണ്.
റാഗിങ്ങിന്റെ ചെറുതും വലുതുമായ രൂപങ്ങൾ നമ്മുടെ കോളെജുകളിൽ നടക്കുന്നുണ്ടെന്ന് കോളെജ് അധികൃതരും അധ്യാപകരും തന്നെ പരസ്യമായി സമ്മതിക്കുന്ന കാര്യമാണ്. തലശ്ശേരി ബ്രണ്ണൻ കോളെജിലെ മലയാള വിഭാഗം അധ്യാപികയായ ഡോക്ടർ ജിസാ ജോസ് രണ്ടാഴ്ച മുന്പെഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റിൽ കോളെജുകളിലെ ഫ്രഷേഴ്സ് ഡേ അടക്കമുള്ള പല പരിപാടികളും പച്ചയായ റാഗിങ് തന്നെയാണെന്നാണ് സമർത്ഥിക്കുന്നത്. ‘റാഗിങ്ങിന്റെ പരിധിയിലുൾപ്പെടുന്നതെന്തൊക്കെ എന്നു തിരിച്ചറിയാതെ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കാതെ, ശിക്ഷാവിധികളെക്കുറിച്ചറിയാതെ റാഗിങ് എല്ലാ വർഷവും കോളെജുകളിൽ നടക്കുന്നു. ഇന്ന് റാഗ് ചെയ്യപ്പെട്ടവർ അടുത്തവർഷം അതിനു പുതിയ വിദ്യാർത്ഥികൾക്കുമേൽ പകരം വീട്ടുന്നു.
എല്ലാത്തരത്തിലുമുള്ള, വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടുമുള്ള കളിയാക്കൽ, ഭയപ്പെടുത്തൽ, പരുഷ വാക്കുകൾ ഉപയോഗിക്കൽ, ശാരീരികമായും മാനസികമായും മുറിപ്പെടുത്തൽ, ലജ്ജയുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കൽ, സാന്പത്തികമായി ചൂഷണം ചെയ്യൽ, വാക്ക്, എഴുത്ത്, ഇമെയിൽ, പോസ്റ്റുകൾ ഇവയിലൂടെ അപമാനിക്കൽ, ലൈംഗിക ചൂഷണം, ലൈംഗികദ്യോതകമായ ആംഗ്യങ്ങൾ, ചലനങ്ങൾ, പഠന സംബന്ധമായ ജോലികൾ ചെയ്തു കൊടുക്കാനാവശ്യപ്പെടൽ,.. ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ റാഗിങ്ങിന്റെ പരിധിയിൽ വരുന്നു. ഒരു ജൂനിയർ വിദ്യാർത്ഥിനിയോട് പാട്ടു പാടാനാവശ്യപ്പെടുന്നതു പോലും അവൾക്കു പരാതിയുണ്ടെങ്കിൽ റാഗിങ്ങാണ്. പാടാൻ നിർബന്ധിച്ച വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കേണ്ടതുമാണ്,’ ഡോക്ടർ ജിസാ ജോസ് എഴുതുന്നു. കേരളത്തിലെ കോളെജുകളിൽ വളരെ വ്യാപകമായിതന്നെ റാഗിങ് നടക്കുന്നുണ്ടെന്നാണ് ഈ കോളെജ് അധ്യാപിക തുറന്നെഴുതുന്നത്. ‘ഫ്രഷേഴ്സ് ഡേ എന്ന പേരിൽ മിക്ക കോളേജിലും നടക്കുന്നത് പച്ചയായ റാഗിങ് തന്നെയാണ്. മിക്കവാറും അതിന്റെ മുൻ നിരയിലുള്ളത് വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായിരിക്കും. പരാതികൾ ഉണ്ടാവുന്നുണ്ടാവില്ല. ഉള്ളവ തന്നെ ഒത്തുതീർപ്പുകളിലൂടെ, ഭീഷണികളിലൂടെ മാഞ്ഞു പോവുന്നു. അങ്ങനെ മായ്ക്കാനാവാത്തത്, പ്രിൻസിപ്പാളും ആന്റി റാഗിങ്സെല്ലും കൈകാര്യം ചെയ്യുകയും ഒത്തുതീർപ്പ്, മാപ്പ് എന്നിങ്ങനെയുള്ള ലളിതമായ പരിഹാരങ്ങളിലവസാനിപ്പിക്കുകയും ചെയ്യുന്നു,’ ജിസാ ജോസ് പറയുന്നു.
കോളെജുകളിൽ യുജിസി നിഷ്‌കർഷിച്ചിട്ടുള്ള ആന്റി റാഗിങ് സെൽ എങ്ങനെയാണ് ഒരു പ്രഹസനമായി മാറുന്നതെന്നും ഈ കോളെജ് അധ്യാപിക വർണ്ണിക്കുന്നുണ്ട്. എല്ലാ കോളെജുകളിലും അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളിൽ നിന്നും തങ്ങൾ റാഗിങ് നടത്തില്ലെന്നും നടത്തിയതായി തെളിഞ്ഞാൽ നിയമാനുസൃതമായ ശിക്ഷ സ്വീകരിച്ചുകൊള്ളാമെന്നുമൊക്കെ എഴുതി വാങ്ങുന്നുണ്ടെങ്കിലും കോളെജുകളിലൊന്നും തന്നെ അവ കർശനമായി പാലിക്കപ്പെടുന്നില്ലെന്നാണ് ജിസ പറയുന്നത്. എല്ലായിടത്തും ഒത്തുതീർപ്പിന്റെ രീതിയാണ് അവലംബിക്കപ്പെടുന്നത്. പ്രതികൾക്കാണ് പലപ്പോഴും കൂടുതൽ സഹാനുഭൂതി ലഭിക്കുന്നതെന്നത് വേറെ കാര്യം. ‘പ്രതിയായ കുട്ടിയുടെ ഭാവി, പഠിത്തം തുടങ്ങിയ സെന്റിമെന്റൽ ചിന്തകളാണപ്പോൾ മുന്നിട്ടു നിൽക്കുക. അപമാനവും വേദനയും അനുഭവിച്ച ഇരയുടെ മാനസിക−ശാരീരികാവസ്ഥകൾക്ക് യാതൊരു പരിഗണനയും കിട്ടിയെന്നു പോലും വരില്ല. അവരുടെ തകർന്നു പോയ ആത്മവിശ്വാസത്തെക്കുറിച്ചും ആരും സംസാരിക്കില്ല. അതൊക്കെ ലഭിക്കണമെങ്കിൽ അവളോ അവനോ നിഷ്ഠൂരമായി മുറിവേൽപ്പിക്കപ്പെടണം, ആത്മഹത്യയ്ക്കു മുതിരണം, മരിച്ചു പോയെന്നു തന്നെ വരണം. അത്തരം സന്ദർഭങ്ങളിൽ മാത്രമേ സ്ഥാപനവും പൊതു സമൂഹവും ശക്തമായി റാഗിങിനെതിരെ പ്രതികരിക്കുകയുള്ളു,’ ഡോക്ടർ ജിസാ ജോസ് തുറന്നു പറയുന്നു. അത് നൂറു ശതമാനം സത്യവുമാണ്. നമ്മുടെ എല്ലാ പ്രൊഫഷണൽ കോളെജുകളിലും ആർട്സ് ആന്റ് സയൻസ് കോളെജുകളിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ക്രൂരമായ റാഗിങ് നടക്കുന്നുണ്ട്. റാഗിങ് മൂലം പുതിയ കുട്ടികൾക്ക് കൂടുതൽ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകുമെന്നൊക്കെ പ്രചരിപ്പിക്കുന്ന ചില അധ്യാപകരാകട്ടെ വിദ്യാർത്ഥികളുടെ ഈ കാടത്തത്തിന്റെ സംരക്ഷകരുമായി വർത്തിക്കുന്നു.
കേവലം ഒരു സാമൂഹ്യ−നിയമ പ്രശ്നമായി മാത്രം റാഗിങ്ങിനെ നമുക്ക് കാണാനാവില്ല. അത് ഒരു മാനസികവൈകല്യം തന്നെയാണ്. തന്നെ മുന്പ് റാഗ് ചെയ്തതുപോലെ മറ്റുള്ളവരേയും റാഗ് ചെയ്യണമെന്നും തന്റെ അധീശത്വം മറ്റുള്ളവർക്കു മേൽ പ്രയോഗിക്കേണ്ടത് റാഗിങ്ങിലൂടെയാണെന്നും കരുതുന്നവർ ശരിയായ മാനസികാവസ്ഥയിലുള്ളവരല്ല. പലരും റാഗിങ്ങിനെ ഒരു സ്‌റ്റൈൽ േസ്റ്ററ്റ്മെന്റായിപ്പോലും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ന സാന്പത്തിക പ്രശ്നങ്ങളുമെല്ലാം നാം കാണാതിരുന്നുകൂടാ. റാഗിങ് നടന്ന കോളെജുകൾ മാധ്യമശ്രദ്ധയിലെത്തുന്നതു മൂലം ജനങ്ങൾ കോളെജിലേയ്ക്ക് പിന്നീട് തങ്ങളുടെ കുട്ടികളെ അയക്കാൻ ഭയക്കുമെന്നതിനാലാണ് പലപ്പോഴും റാഗിങ് പരാതികൾ ഒത്തുതീർപ്പാക്കാൻ പല കോളെജുകളും ശ്രമിക്കുന്നത്.
ഇന്ത്യയിൽ റാഗിങ്ങിനെതിരെ ദേശീയതലത്തിൽ ഒരു നിയമം ഇനിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (അശ്ലീലപ്രവൃത്തികളും വഷളൻ ഗാനങ്ങളും), 323, 324, 325 (മുറിവേൽപിക്കുന്നത്), 339, 340,341, 342 (വിലക്കുകളും തടവിൽ പാർപ്പിക്കലും) 506 (കൊലപാതകം), 307 (കൊലപാതകശ്രമം), 306 (ആത്മഹത്യാ പ്രേരണ) എന്നിവയൊക്കെ തന്നെ റാഗിങ്ങിനെതിരെ ഉപയോഗിക്കപ്പെടുന്നവയാണ്. നിലവിൽ തമിഴ്നാട്ടിലും കേരളത്തിലും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും മാത്രമാണ് നിയമം മൂലം റാഗിങ് നിരോധിച്ചിട്ടുള്ളത്. കേരളത്തിലെ സ്‌കൂളുകളിലും കോളെജുകളിലും 1998−ലെ റാഗിങ് നിരോധന നിയമത്തിലൂടെ റാഗിങ് നിരോധിച്ചിരിക്കുന്നത്. കോളെജുകളിൽ റാഗിങ്ങിനെതിരെ അച്ചടക്കസമിതികൾ രൂപീകരിക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയുമാണ് കേരളാ റാഗിങ് നിരോധന നിയമം ശുപാർശ ചെയ്യുന്ന ശിക്ഷ. ഇതിനു പുറമേ, കുറ്റവാളികളെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിൽ നിന്നും അഞ്ചു വർഷത്തേയ്ക്ക് ഡീബാർ ചെയ്യുകയോ ആകാം.
കുറ്റകൃത്യത്തിന്റെ വലുപ്പം അനുസരിച്ചാണ് റാഗിങ്ങിനുള്ള ശിക്ഷ നൽകപ്പെടാറുള്ളത്. സംസ്ഥാന സർക്കാരുകൾ പാസ്സാക്കിയ ഈ നിയമങ്ങൾക്കു പുറമേ, റാഗിങ്ങിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ രണ്ട് സുപ്രധാന വിധിന്യായങ്ങളും ഇന്ത്യയിൽ റാഗിങ് നിരോധിച്ചുകൊണ്ട് നിലവിൽ വന്നിട്ടുണ്ട്. കോളെജിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ എല്ലാ കോളെജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റാഗിങ് വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് തുടക്കമിടണമെന്ന് വിശ്വജാഗ്രതി മിഷനും കേന്ദ്രസർക്കാരും തമ്മിലുണ്ടായ കേസ്സിലെ വിധിന്യായത്തിൽ സുപ്രീം കോടതി പറയുന്നു. വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും തങ്ങളുടെ വിദ്യാർത്ഥി റാഗിങ് നടത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളും ശിക്ഷാനടപടികളും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു സത്യവാങ്മൂലം വാങ്ങണമെന്നാണ് ഇതുപ്രകാരം പറയുന്നത്. അധ്യാപകർ റാഗിങ്ങിനെ കർശനമായി നേരിടണമെന്നും റാഗിങ് തടയുന്നതിനായി സീനിയർ ഫാക്കൾട്ടി അംഗങ്ങളും ഹോസ്റ്റൽ അധികൃതരും ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്നും റാഗിങ് നടക്കാനിടയുള്ള കാന്റീൻ, കളിസ്ഥലം, ഹോസ്റ്റൽ തുടങ്ങിയ ഇടങ്ങൾ നിരീക്ഷണത്തിലായിരിക്കണമെന്നും റാഗിങ് തടയാൻ കോളെജ് അധികൃതർക്ക് കഴിഞ്ഞില്ലെങ്കിൽ അതവരുടെ അനാസ്ഥയായി കണക്കാക്കണമെന്നും മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥി റാഗിങ്ങിൽ ശിക്ഷിക്കപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന് രേഖപ്പെടുത്തണമെന്നും വിധിന്യായം പറയുന്നു. ഇതിനുപുറമേ, റാഗിങ് തടയാനായില്ലെങ്കിൽ ആ സ്ഥാപനത്തിനുള്ള സാന്പത്തികസഹായം യുജിസി നിർത്തണമെന്നും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ പിൻവലിക്കണമെന്നു പോലും സുപ്രീം കോടതി വിധി പറയുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം മാനവശേഷി മന്ത്രാലയം മുൻ സിബിഐ ഡയറക്ടർ ഡോക്ടർ ആർകെ രാഘവന്റെ നേതൃത്വത്തിലുണ്ടാക്കിയ ഏഴംഗ കമ്മിറ്റിയാണ് റാഗിങ്ങിനെ കർശനമായി നേരിടാനുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. 2007 മേയിൽ സമർപ്പിച്ച ഈ റിപ്പോർട്ടിൽ റാഗിങ്ങിനെ ഇന്ത്യൻ പീനൽ കോഡിന്റെ കീഴിൽ ഒരു പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. യുജിസി നിർദ്ദേശിച്ചിട്ടുള്ള കർശനമായ മാനദണ്ധങ്ങളിലാകട്ടെ സുപ്രീം കോടതി നിർദ്ദേശങ്ങൾക്കു പുറമേ, ആന്റി റാഗിങ് സ്‌ക്വാഡ് കോളെജുകളിൽ വേണമെന്നും ഫ്രഷേഴ്സിന് വേറിട്ട ഹോസ്റ്റൽ അനുവദിക്കണമെന്നുമൊക്കെ പറയുന്നുണ്ട്.
കോളെജിലെ അച്ചടക്കസമിതി തങ്ങളെ റാഗ് ചെയ്തവർക്കെതിരെ മതിയായ ശിക്ഷാനടപടികൾ സ്വീകരിക്കാത്തപക്ഷം ഇരയാക്കപ്പെട്ടവർക്ക് പൊലീസിനെ സമീപിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ പരാതി ലഭിച്ചാലുടനെ പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശം വെച്ചിട്ടുണ്ടെങ്കിലും പല കോളെജുകളും അതൊന്നും പാലിച്ചു കാണുന്നില്ല. റാഗിങ് കേസ്സുകൾ കൈകാര്യം ചെയ്യുന്പോൾ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചാൽ അത് ഗുരുതരമായ കുറ്റമായി കണക്കാക്കാവുന്നതാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിനു കീഴിൽ റാഗിങ് കൊണ്ടുവരണമെന്ന ഡോക്ടർ ആർകെ രാഘവൻ കമ്മിറ്റിയുടെ നിർദ്ദേശം സർക്കാർ നിയമനിർമ്മാണത്തിലൂടെ നടപ്പാക്കിയാൽ റാഗിങ്ങിനെ ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യക്കാകും. പരോക്ഷമായും പ്രത്യക്ഷമായും റാഗിങ് നടക്കുന്ന ഫ്രഷേഴ്സ് ഡേ പോലുള്ള പരിപാടികൾ ഇന്നത്തെ രീതിയിൽ നടത്താൻ അനുമതി നൽകാതിരിക്കുകയും ഏതെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കുകയുമാണ് സ്ഥാപനമേലധികാരികളുടെ ഉത്തരവാദിത്തമെന്നാണ് ഡോക്ടർ ജിസയെപ്പോലുള്ളവർ പറയുന്നത്. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത ഒരു കുറ്റകൃത്യം തന്നെയാണ് റാഗിങ് എന്ന നിലയിൽ അതിനെ കണക്കാക്കാൻ കോളെജ് അധികൃതർ തയ്യാറാകുകയാണ് ആദ്യം വേണ്ടത്. യുജിസി റാഗിങ്ങിനെപ്പറ്റി നടത്തിയ പഠനത്തിൽ കോളെജുകളിലെ അന്തരീക്ഷം റാഗിങ് വിമുക്തമാക്കാൻ ചില ക്രിയാത്മകമായ നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. പുതിയ കുട്ടികളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ മാനേജ്മെന്റുകൾ അവസരമൊരുക്കുകയും അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സമിതികൾ രൂപീകരിക്കുകയും കൗൺസിലിങ്ങിന് സൗകര്യമൊരുക്കുകയും യുജിസിയുടെ റാഗിങ് വിരുദ്ധ സെൽ ശക്തിപ്പെടുത്തുകയുമൊക്കെയാണ് ആ നിർദ്ദേശങ്ങൾ. ഇവ പാലിക്കാത്ത കോളെജുകൾക്കുള്ള ഗ്രാന്റ് റദ്ദാക്കുമെന്നും യൂണിവേഴ്സിറ്റി അഫിലിയേഷൻ പിൻവലിക്കുമെന്നു കൂടിയുള്ള നിബന്ധനകൾ ശക്തമായി നടപ്പാക്കിയാൽ പിന്നെ റാഗിങ് കോളെജുകളിലുണ്ടാവില്ലെന്നുറപ്പ്.