രാമായണ മാസം വിടപറയുന്പോൾ...


മധു.കെ

ഒരു രാമായണമാസത്തിനു കൂടി പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം രാമായണ പാരായണവും ചർച്ചകളും വിദ്യാ‍‍ർത്ഥികൾക്കു വേണ്ടി രാമായണ പ്രശ്നോത്തരി മത്സരങ്ങളുമൊക്കെയായി രാമയണമാസം എല്ലാവരും സജീവമായി കൊണ്ടാടി.എന്നാൽ മയാളിയുടെ വർത്തമാന സാംസ്കാരിക ബോധത്തിന്റെ ഉന്നമനത്തിന് ഈ പ്രവർത്തനങ്ങൾ എത്രമാത്രം സഹായകരമായി എന്നൊരു ആത്മപരിശോധന നാം നടത്തേണ്ടതുണ്ട്. ‘അദ്ധ്യാത്മരാമായണം’ പോലെ കേരളീയ മനസ്സിനെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു സാഹിത്യകൃതിയും ഇവിെട ഉണ്ടായിട്ടില്ല. അത് കേവലം ചരിത്രപരമായ പ്രാധാന്യം കൊണ്ടോ ഭക്തി പശ്ചാത്തലം കൊണ്ടോ മാത്രമല്ല, മറിച്ച് മനുഷ്യമനസ്സിനെ ഉത്കർഷത്തിലേക്കു നയിക്കുകയെന്ന ഒരു സാഹിത്യകൃതിയുടെ പരമമായ ലക്ഷ്യം നിറവേറ്റാൻ കഴിയുന്നതു കൊണ്ടാണ് ‘അദ്ധ്യാത്മരാമായണം’ കാലത്തെ അതിജീവിച്ച് ഇന്നും പാരായണയോഗ്യമായി തുടരുന്നത്.

രാമന്റെ കഥ പറയുന്നതിലൂടെ ഓരോ മനുഷ്യനും സ്വജീവിതത്തിൽ പാലിക്കേണ്ട ജീവിതമൂല്യങ്ങൾ,  ഉത്തരവാദിത്വങ്ങൾ, കടമകൾ എന്നിവയെക്കുറിച്ച് മഹത്തായ അറിവ് പകരുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യജീവിതത്തിൽ ശാശ്വതമായി അനുവർത്തിക്കേണ്ട ഇത്തരം മൂല്യങ്ങളെ അനുപമമായ കാവ്യാത്മകതയോടും സൗന്ദര്യാത്മകതയോടും ആവിഷ്കരിക്കുവാൻ കഴിഞ്ഞതുകൊണ്ടാണ് എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം’ ഒരു ക്ലാസിക് കൃതിയായി മാറിയതും എതാണ്ട് നാലു നൂറ്റാണ്ടുകൾക്കിപ്പുറവും കാവ്യാസ്വാദകരെ ആകർഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഭാഷാപഠനവും സാഹിത്യപഠനവും അപ്രധാനമണെന്നു കരുതുന്ന സർക്കാരുകളും വിദ്യാഭ്യാസ വിചക്ഷണന്മാരും അരങ്ങു വാഴുന്ന ഇക്കാലത്ത് മൂല്യബോധത്തിനും സന്മാർഗ്ഗ ജീവിതത്തിനും പ്രാധാന്യം നൽകുന്ന അദ്ധ്യാത്മരാമായണം പോലുള്ള കൃതികൾ ജനങ്ങളിലെത്തിക്കാൻ എന്തെങ്കിലും സമാന്തരമാർഗ്ഗങ്ങൾ നാം കണ്ടെത്തിയേ തീരൂ. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും സാംസ്കാരിക സംഘടനകളുമാണ് ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടത്.

പുതിയ തലമുറയ്ക്ക് ഇത്തരം പൈതൃകങ്ങൾ പകർന്നു കൊടുക്കാൻ രക്ഷിതാക്കൾ ബോധപൂർവ്വം അതീവ ജാഗ്രത കാണിച്ചില്ലെങ്കിൽ ഇരുളടഞ്ഞ ഒരു ഭാവിയായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അച്ഛന്റെ വാക്ക് പാലിക്കാനായി തനിക്കർഹതപ്പെട്ട സകലതും ത്യജിച്ച് വനവാസത്തിനു പോകുന്ന ശ്രീരാമന്റെ ചിത്രം മനസ്സിൽ പതിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കൾ തങ്ങളാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നൊരു ആന്തരിക ബോധം ഉണ്ടാവുക തന്നെ ചെയ്യും. അതാണ് സാഹിത്യത്തിന്റെ ദൗത്യവും.

ഭക്തി, അചഞ്ചലമായ വിശ്വാസം, ഭരണ നീതി, പൗരധർമ്മം, ബന്ധങ്ങളുടെ ദൃഢത, നന്മതിന്മകളുടെ പരിണിതഫലം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവികബന്ധം എന്നിങ്ങനെ ഒരു മാതൃകാസമൂഹത്തിനാവശ്യായ എല്ലാ പാഠങ്ങളും കോർത്തിണക്കിയ അത്യുത്തമ കൃതിയാണ് അദ്ധ്യാത്മരാമയണം. ഇതിൽ വ്യക്തിയുടെ മാനസികോന്നമനത്തോടൊപ്പം ലോകനന്മയാണ് എഴുത്തച്ഛൻ ലക്ഷ്യമിടുന്നത്. കാലഭേദമന്യേ എന്നും പ്രസക്തമായ അസംഖ്യം ലോകോക്തികൾ ഈ കൃതിയിലുടനീളം കാണാം. ഓരോന്നിലൂടെയും അനാവൃതമാകുന്ന ദാർശനിക തലം വിവരണാതീതമാണ്. അത്തരം ചില ഉദാഹരണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

“താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ 

താന്താനനുഭവിച്ചീടുകെന്നേ വരൂ”

അയോദ്ധ്യാകാണ്ധത്തിൽ തന്റെ ആശ്രമത്തിലെത്തിയ ശ്രീരാമനോടും ലക്ഷ്മണനോടും സീതയോടും ആത്മകഥ പറയുന്ന സന്ദർഭത്തിൽ വാല്മീകി പറയുന്ന വാക്യങ്ങളാണിവ. ചോരനായിരുന്ന വാൽമീകി സപ്തമുനികളെ കണ്ടുമുട്ടുകയും അവരുടെ നിർദേശ പ്രകാരം ഭാര്യയ്്ക്കും മക്കൾക്കും വേണ്ടി താൻ ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ പങ്ക് അവർ കൂടി ഏറ്റെടുക്കുമോ എന്നന്വേഷിക്കുകയും ചെയ്യുന്പോൾ അവർ പറയുന്ന മറുപടിയാണിത്. “നിത്യവും ചെയ്യുന്ന കർമ്മഗുണഫലം/കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ/താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ/താന്താനനുഭവിച്ചീടുകെന്നേ വരൂ”

ദൈനംദിനം ജീവിതത്തിൽ നാം ചെയ്യുന്ന പ്രവർത്തികളുടെ അനന്തരഫലം നാം തന്നെ അനുഭവിക്കണമെന്ന ഈ വരികളുടെ അന്തഃസത്ത ഉൾക്കൊള്ളാൻ കഴിഞ്ഞാൽ കുറേപ്പേരെങ്കിലും സദ്്വൃത്തരായിത്തീർന്നേക്കാം.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

അതിലൗകികതയിൽ അഭിരമിക്കാൻ വെന്പൽ കൊള്ളുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഏറെ പ്രസക്തമായ ഒരു ഓ‍ർമ്മപ്പെടുത്തലാണിത്. സുനിശ്ചിതമായ മരണം വരെ മാത്രമുള്ള ഒരു ഹ്രസ്വയാത്രയാണ് ജീവിതമെന്ന യാഥാർത്ഥ്യം ഓർക്കാതെ സർവ്വതും വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ എത്രമാത്രം മൂഢമാണെന്ന് ആചാര്യൻ ഈ വരികളിലൂടെ നമ്മെ ഓ‍ർമ്മിപ്പിക്കുന്നു. കൈകേയിക്ക് മുന്പു കൊടുത്ത വാക്ക് പാലിക്കുന്നതിനായി നിസ്സഹായനായ ദശരഥമഹാരാജാവ് ഭരതനെ രാജാവായി വാഴിക്കാനും ശ്രീരാമനെ പതിനാലു കൊല്ലം കാട്ടിലേക്കയക്കാനും തീരുമാനിച്ചതറിഞ്ഞ് കുപിതനായ ലക്ഷ്മണനെ ശ്രീരാമൻ ഉപദേശിക്കുന്ന വരികളാണിത്. (അയോദ്ധ്യാകാണ്ധം)

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോർക്ക നീ

വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ

സന്നിഭം മർത്ത്യജന്മം ക്ഷണ ഭംഗുരം”

(ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുന്ന അനുഭവങ്ങളെല്ലാം ക്ഷണികങ്ങളാണ്. മനുഷ്യന്റെ ആയുസ്സ് അല്പമാത്രമാണ്. തീയിൽ ചുട്ടുപഴുത്ത ലോഹത്തിൽ പതിച്ച ജലബിന്ദു പോലെ ക്ഷണം നേരം കൊണ്ടില്ലാതാകുന്നതാണ് മനുഷ്യായുസ്സ്)

കജ്ജളം പറ്റിയാൽ സ്വർണവും നിഷ്പ്രഭം

അയോദ്ധ്യാ കാണ്ധത്തിൽ ശ്രീരാമാഭിഷേകം മുടക്കാനായി മന്ഥരയുടെ കുബുദ്ധിയിൽ തെളിഞ്ഞ വാക്കുകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കൈകേയി മനസുകൊണ്ട് തീരുമാനമെടുത്ത സന്ദർഭത്തിലാണ് മഹാകവി ഈ വാക്കുകൾ ഉപയോഗിക്കുന്നത്. സംസർഗ്ഗം ഒരു മനുഷ്യനെ എങ്ങനെ സ്വാധീനിക്കുമെന്ന് മനശാസ്ത്രപരമായി അപഗ്രഥിക്കുകയാണിവിടെ അദ്ദേഹം. ഒരാൾ എത്ര നല്ലവനായിരുന്നാലും ദുഷ്ടരുമായാണ് അയാളുടെ സംസർഗമെങ്കിൽ കാലക്രമത്തിൽ സജ്ജനങ്ങൾ നിന്ദിക്കുന്ന അവസ്ഥയിലേയ്ക്ക് അധഃപതിക്കുക തന്നെ ചെയ്യും, ചളി പറ്റിയാൽ സ്വർണ്ണം പോലും നിഷ്പ്രഭമായിത്തീരുന്നതു പോലെ. സത്സംഗത്തിന്റെ പ്രാധാന്യം വളരെ ലളിതമായി ഈ ഉപമയിലൂടെ വെളിവാക്കപ്പെടുന്നു.

“ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ

കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം”

സീതയെത്തേടി ശ്രീരാമസൈന്യം സമുദ്ര തീരത്തെത്തിയതറിഞ്ഞപ്പോൾ ഇനി എന്തുവേണമെന്നാലോചിക്കാൻ രാവണ സഭ ചേർന്നപ്പോൾ സഭാംഗങ്ങളിൽ പലരും രാവണനെ സ്തുതിച്ചു കൊണ്ട് യുദ്ധത്തിനായി പ്രോത്സാഹിപ്പിച്ചു. ഈ അവസരത്തിൽ ധർമ്മിഷ്ഠനായയ വിഭീഷണൻ രാവണനെ ഉപദേശിച്ചു. ശ്രീരാമൻ കേവലം മനുഷ്യനല്ല, നിന്നെ വധിച്ച് ഭൂമിയുടെ ഭാരം കുറയ്ക്കാനായി വന്ന സാക്ഷാൽ നാരായണനാണ്. അദ്ദേഹത്തെ ജയിക്കാൻ ആരാലും സാധ്യമല്ല. അതുകൊണ്ട് ആശ്രിതവത്സലനായ അദ്ദേഹത്തെ വണങ്ങി സീതയെ തിരിച്ചേൽപ്പിച്ച് മാപ്പു പറഞ്ഞാൽ ശ്രീരാമൻ എല്ലാം ക്ഷമിച്ച് മോക്ഷം നൽകും. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഇഷ്ടം പറയുന്നവരെ ആശ്രയിക്കരുത്. നല്ല കാലത്ത് സ്തുതി പറയുന്നവർ കഷ്ടകാലം വരുന്പോൾ വിട്ടുപോയ്ക്കളയും. ഇതോടൊപ്പം വിഭീഷണൻ മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നുണ്ട്. “നന്നല്ല സജ്ജനത്തോടും വൈരം വൃഥാ” സ്തുതി പാഠകരാൽ വലയം െചയ്യപ്പെട്ട ഭരണാധികാരികളും ഉന്നതസ്ഥാനീയരും ഒരു സാധാരണ കാഴ്ചയായ ഇക്കാലത്ത് നാലു നൂറ്റാണ്ടു മുന്പ് എഴുത്തച്ഛൻ വിഭീഷണനിലൂടെ ഇങ്ങനെ പറയിച്ചപ്പോൾ കവി ദീർഘദർശിയാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.

“ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവന്

എന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം”

സാമാന്യ ജനം പലപ്പോഴും ഒരു പരിഹാസ കഥാപാത്രമായി കാണുന്ന കുംഭകർണ്ണനെ അസാമാന്യ ധാർമ്മിക ബോധവും നീതിബോധവുമുള്ള ഒരു വ്യക്തിത്വമായാണ് എഴുത്തച്ഛൻ അവതരിപ്പിച്ചിട്ടുള്ളത്. യുദ്ധകാണ്ധത്തിൽ രാവണ കുംഭകർണ്ണ സംഭാഷണവും കുംഭകർണന്റെ നീതിവാക്യവും വായിക്കുന്പോൾ ഇത് നമുക്ക് ബോധ്യപ്പെടും. ഒരു വ്യക്തി സ്വജീവിതത്തിൽ പാലിക്കപ്പെടേണ്ട സദാചാരങ്ങൾ എന്തായിരിക്കണമെന്ന ആചാര്യന്റെ കാഴ്ചപ്പാട് തത്വ ചിന്താപരമായി അനാവരണം ചെയ്യപ്പെടുന്നത് കുംഭകർണ്ണന്റെ നീതിവാക്യത്തിലൂടെയാണ്. എഴുത്തച്ഛന്റെ ദാർശനിക ബോധം ഇവിടെ കാവ്യാവസന്തമായി സംക്രമിക്കപ്പെടുന്നത് വിസ്മയത്തോടെ മാത്രമേ നമുക്ക് നോക്കിക്കാണുവാൻ കഴിയൂ.

അതിബലവാനായ രാവണന്റെ മുഖത്തു നോക്കി ധർ‍മ്മവും ന്യായവും പറയാൻ കുംഭകർണ്ണൻ മടിക്കുന്നില്ല. “കാട്ടിയതല്ലാമപനയം നീയതു/നാട്ടിലുള്ളോർക്കുമാപത്തിനായ് നിർണ്ണയം” എന്നു പറയുന്നതോടൊപ്പം ഒരു സഹോദരന്റെ കർത്തവ്യം പാലിക്കാൻ താൻ തയ്യാറാണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. “രാമനേയും മറ്റു വാനരന്മാരേയുമൊക്കെ ഞാൻ ഒടുക്കാം. ജാനകിയെ നീയനുഭവിച്ചു കൊള്ളുക. നിനക്ക് ദേഹനാശം ഉറപ്പാണ്. എങ്കിലും മോഹിച്ചത് സാധിച്ചു കൊള്ളുക.” പിന്നീട് ഏറെക്കുറേ ഇതേ ആശയങ്ങൾ കുംഭകർണ്ണന്റെ നീതിവാക്യത്തിലും ആചാര്യൻ ഓർമ്മപ്പെടുത്തുന്നു. യുദ്ധത്തിൽ രാമനോട് നേ‍‍ർക്കുനേർ എതിരിട്ട ആദ്യദിവസം തന്നെ പരാജയത്തിന്റെ രുചിയറിഞ്ഞ രാവണൻ ഭയത്താൽ കുംഭകർ‍ണ്ണനെ ഉണ‍ർത്തി യുദ്ധം നയിക്കാനായി നിയോഗിക്കുന്നു. ആ അവസരത്തിലാണ് ഒരിക്കൽക്കൂടി കുംഭകർണ്ണൻ രാവണന്റെ തെറ്റുകൾ ഓർമ്മിപ്പിക്കുകയും നീതിവാക്യങ്ങൾ ഉപദേശിക്കുകയും ചെയ്യുന്നത്. പ്രായോഗിക ജീവിതത്തിൽ ഏതൊരു മനുഷ്യനും അനുവർത്തിക്കേണ്ട ധർമ്മചര്യകളും ഇല്ലെങ്കിലുണ്ടാവുന്ന ഭവിഷ്യത്തുകളും അതി ലളിതമായി എഴുത്തച്ഛൻ കുംഭകർണ്ണനിലൂടെ ആവിഷ്കരിക്കുന്നു. “പത്ഥ്യം പറയുമാമർത്യനുണ്ടെങ്കിലോ/ഭർതൃസൗഖ്യം വരും കീർത്തിയും വർദ്ധിക്കും” മറിച്ച് രാജാവിന്റെ ഇഷ്ടം നോക്കി ഉപദേശം നൽകി സർവ്വ വിനാശം വരുത്തുന്ന അമാത്യരേക്കാൾ നല്ലത് വിഷമാണെന്നും മഹാകവി സൂചിപ്പിക്കുന്നു. അതിന്റെ അനന്തര ഫലമോ, “മൂഢരാം മന്ത്രികൾ ചൊല്ലൂ കേട്ടീടുകിൽ/നാടുമായുസ്സും കുലവും നശിച്ചു പോം” എന്നതാണ്. കൂടാതെ “ആഗ്രഹമൊന്നിങ്കലേറിയാലാപത്തു/പോക്കുവാനാതല്ലാതവണ്ണം വരും” എന്ന വാക്കുകളിലൂടെ സീതയിലുണ്ടായ ആഗ്രഹം രാവണന്റെ നാശത്തിനായി ഭവിക്കുമെന്ന് കുംഭകർണ്ണൻ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. ആസക്തിയിൽ അഭിരമിക്കുന്ന ഒരു മനുഷ്യന് ജീവിതത്തിൽ അപകടങ്ങൾ ഉറപ്പാണെന്ന് ലോകത്തോടു പറയുകയാണ് ആചാര്യൻ.

“ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവ

നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം

ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ

നൊന്നു കൊണ്ടും വരാനൂഹമാപത്തുകൾ”

ലൗകികാസക്തിയിൽ മുഴുകുന്നതിനെതിരെയുള്ള സമാനമായ മുന്നറിയിപ്പുകൾ ഈ കൃതിയിൽ ഉടനീളം കാണാം. ഇത്തരത്തിൽ നിരവധി ലോകതത്വങ്ങളുടെ കലവറയാണ് അദ്ധ്യാത്മ രാമായണം. വായനയിലൂടെയും മനനത്തിലൂടെയും ഈ ആശയങ്ങളെ സ്വായത്തമാക്കാൻ നമുക്ക് കഴിഞ്ഞാൽ ധാർമ്മികാടിത്തറയുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടും. അതിനെക്കുറിച്ചാണ് നാമിനി ചിന്തിക്കേണ്ടത്.

You might also like

Most Viewed