സ്വാ­തന്ത്ര്യത്തി­നൊ­രു­ സ്വതന്ത്രവി­ലയി­രു­ത്ത്


അന്പിളിക്കല - അന്പിളിക്കുട്ടൻ

ഒരു മനുഷ്യജീവിതത്തിൽ എഴുപത് വർഷങ്ങളുടെ ജീവിതാനുഭവം ഒരു വ്യക്തിയെ തഴക്കവും പഴക്കവുമുള്ള അനുഭവപരിചയങ്ങളുടെ പിൻബലത്താൽ ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും മറ്റുള്ളവരെ അത്തരം തീരുമാനങ്ങളിലേക്ക് നയിക്കുവാനും പ്രാപ്തനാക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രത്തെ സംബന്ധിച്ചും ഇത് സത്യമാണ്, ആവണം. അങ്ങിനെ സംഭവിച്ചില്ലെങ്കിൽ ആ രാഷ്ട്രത്തെ നയിച്ചിട്ടുള്ളവർ ഏകാഗ്രമായ ദിശാബോധം നഷ്ടപ്പെട്ടു യാനപാത്രത്തെ സമുദ്രത്തിലൂടെ അലഞ്ഞുതിരിയാൻ വിടുന്നവരാണ്. അത്തരക്കാർ അതിനെ കാറും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ സമുദ്രത്തിലേക്ക് നയിച്ച യാഥാർഥ്യങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. അതേസമയം ദീർഘദർശനത്തോടെ സർവ്വതോൻമുഖമായ രാഷ്ട്രപുരോഗതി വിഭാവന ചെയ്ത് അതൊക്കെത്തന്നെ ഫലപ്രാപ്തിയിലെത്തിച്ച ക്രാന്തദർശിത്വത്തെയും ലോകമെന്പാടും നാം കാണുന്നു. ബുദ്ധിപൂർവം നമ്മുടെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നവ ഏതെന്നു മനസ്സിലാക്കി അത്തരം സമീപനങ്ങളെ സ്വാംശീകരിക്കുകയും അതോടൊപ്പം സ്വന്തമായ വികസന കാഴ്ചപ്പാടും ശൈലിയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ ഒരു രാഷ്ട്രനിർമാണം സാധ്യമാവുകയുള്ളു. അതിൽ മാനവശേഷി വികസനം പരമോന്നതമായ സ്ഥാനം വഹിക്കുന്നു. യഥാർഥത്തിൽ ആരോഗ്യകരമായ വികസനമെന്നത് മനുഷ്യനിൽ നിന്നും അവന്റെ കാഴ്ചപ്പാടിൽ നിന്നും അവന്റെ കഴിവുകളുടെ പൂർണ വികാസത്തിൽ നിന്നുമാണ് തുടങ്ങേണ്ടത്. നമ്മുടെ സ്വന്തം നാട് സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ഈവക ചിന്തകൾക്ക് കാലികപ്രസക്തിയുണ്ട്.

അടുത്തകാലത്തു വളരെ ആഘോഷപൂർവം പ്രവർത്തനമാരംഭിച്ച കൊച്ചി മെട്രോയിൽ അടുത്ത ദിവസം തന്നെ ഏതാനും രാഷ്ട്രീയക്കാർ കയറി മുഴുവൻ അലങ്കോലപ്പെടുത്തിയ വാർത്ത വന്നിരുന്നു. അത് വികസനത്തിന് ആനുപാതികമായി മനുഷ്യന്റെ കാഴ്ചപ്പാട് വികസിക്കാത്തതിനുള്ള നല്ല ഉദാഹരണമാണ്. വികസനം പുരോഗതി എന്നിവ രാഷ്ട്രീയ കാഴ്ചപ്പാടിന് അതീതവും നിരന്തരവുമായ ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കുവാനുള്ള പക്വത ജനത്തിനുണ്ടാവണം. അത് മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ ധാർമികത നേതൃനിരയിൽ പുലരണം. ഭരണപക്ഷങ്ങൾ നടത്തുന്നത് യഥാർഥ വികസനമല്ല, രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ചവിട്ടുപടി മാത്രമാണ് എന്ന് സ്ഥാപിക്കാൻ എപ്പോഴും പണിപ്പെടുന്ന പ്രതിപക്ഷങ്ങളുടെ കാലം കഴിഞ്ഞു. രാഷ്ട്ര നിർമാണത്തിൽ പരസ്പ്പരം സഹകരിക്കുന്പോൾ തന്നെ ആശയപരവും സൈദ്ധാന്തികവുമായ തലങ്ങളിൽ എതിർക്കേണ്ടത് അതിശക്തമായി എതിർക്കുകയും ചെയ്യുന്ന ക്രിയാത്മകമായ പ്രതിപക്ഷങ്ങളെ അഭിവീക്ഷണം ചെയ്യുന്ന ഒരു രാഷ്ട്രമാവണം ഈ എഴുപത് സ്വതന്ത്ര വർഷങ്ങൾക്കു ശേഷം ഭാരതം. 

സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തെപ്പറ്റി ഉദാത്തമായ ആശയങ്ങൾ വെച്ച് പുലർത്തുന്നവർ എന്നമട്ടിൽ ഇല്ലാത്ത സ്വാതന്ത്ര്യത്തിനു എന്ത് ആശംസ എന്നും മറ്റും പ്രചരിപ്പിക്കുന്നത് വെറും രാഷ്ട്രീയ പാപ്പരത്തമാണ്. മൃഷ്ടാന്നമായ ഭോജനം ചെയ്യുന്നവർക്ക് കൂടുതൽ രുചികരമായ ആഹാരം വേണമെന്ന് തോന്നുന്നപോലയെ ഉള്ളു അത്. വിശപ്പെരിയുന്ന വയറിന് മാത്രമേ കഴിക്കാൻ കിട്ടുന്ന പ്രാഥമിക ഭക്ഷണത്തിന്റെ സ്വാദറിയൂ. മേൽപറഞ്ഞവർ കഴിക്കുന്ന ആഡംബര ഭക്ഷണത്തിന് ആ സ്വാദ് തോന്നാത്തത് യഥാർഥ വിശപ്പെന്തെന്നു അവർ അറിയാത്തതു കൊണ്ടാണ്. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നടപ്പായത് നേതാക്കന്മാരും അണികളും തമ്മിൽ അകലമേ ഇല്ലാതായ കാലത്താണ്. സ്വതന്ത്ര ഇന്ത്യയുടെ ശൈശവദിശയിലും അത്തരം നേതാക്കന്മാർ നാടിനെ പിച്ച നടത്തി. എന്നാൽ പിൽക്കാലത്ത് അണികളും നേതാക്കന്മാരുമായുള്ള അകലം കൂടിവന്നു.നേതാക്കന്മാരും രാഷ്ട്ര നവനിർമാണവുമായുള്ള അകലവും കൂടിവന്നു.അവനവനെ നിർമ്മിക്കാനായി നേതാക്കന്മാർ പണിപ്പെടുന്പോൾ അതു സാമൂഹ്യ പുനർനിർമാണത്തിന്റെ ഭാഗമായി അണികളുടെ മുന്നിൽ വരുത്തിത്തീർക്കാനുള്ള ജോലിഭാരം നേതാക്കന്മാരിൽ നിക്ഷിപ്തമായി. അങ്ങിനെ കൂടുതൽ ജോലിചെയ്ത് അവർ ഭൗതികമായി വളർന്നു ആത്മീയമായി തളർന്നു. കൂടെ രാജ്യവും തളർന്നു. ബ്രിട്ടീഷുകാരാൽ കട്ടമുടിക്കപ്പെട്ട് വാണിജ്യപരവും വ്യാവസായികവും സാന്പത്തികവുമായി ഹരിക്കപ്പെട്ട ഒരുനാട് അതിന്റെ സ്വന്തം ജനനേതാക്കളുടെ കയ്യിൽ നിന്നും ദ്രോഹമേറ്റുവാങ്ങിയതാണ് വൈദേശികാധിപത്യത്തേക്കാൾ മുറിപ്പെടുത്തിയത്. കോടികൾ ഇന്നും ഭക്ഷണവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടവർ ആയിക്കഴിയുന്നത് മറ്റൊന്നിനാലുമല്ല.

എഴുപതാം സ്വാതന്ത്ര്യ പിറന്നാൾ ആഘോഷിക്കുന്പോൾ അതിനെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രത്തെ പരിഗണിക്കാത്ത രാഷ്ട്രീയം പ്രകടിപ്പിക്കുകയല്ല വേണ്ടത്. അനുഭവിക്കുന്ന വിലപ്പെട്ട സാഹചര്യത്തെ സർവ വിഭാഗീയതകൾക്കും അതീതമായി ഓരോ പൗരനും അനുകൂലമാക്കി എങ്ങിനെ രൂപാന്തരപ്പെടുത്താമെന്നു ചിന്തിക്കുകയാണ് വേണ്ടത്. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ഹരിക്കാൻ ഒരു ശക്തിക്കും ആവില്ല.അതിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രീയം ഇവിടെ നിലനിൽക്കില്ല. പൂർവസൂരികൾ ചോരയും നീരും ജീവനും കൊടുത്തു നേടിത്തന്ന സ്വാതന്ത്ര്യം അപകടപെട്ടാൽ രാഷ്ട്രത്തിന്റെ ജീവവായുവാണ് ഇല്ലാതാകുന്നത്. ആ സാഹചര്യം വന്നെത്തി എന്ന് ചിന്തിക്കുന്നത് ആത്മാർഥതയല്ല, രാഷ്ട്രീയം മാത്രമാണ്. രാഷ്ട്രീയം മാറ്റിവെക്കുക, മുതലെടുപ്പിന്റെ ശക്തികൾ ആരായാലും കണ്ടെത്തുക ഒറ്റപ്പെടുത്തുക, രാജ്യത്തിന് വേണ്ടി അൽപ്പം ധിക്കാരികൾ ആവണമെങ്കിൽ ആവുക. എങ്കിൽ രാജ്യം തളരില്ല, വളരും.എഴുപത് വയസ്സിന്റെ അനുഭവപരിചയം ആ വളർച്ച നമുക്ക് നേടിത്തന്നില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിലാണ് നാം അഭിമാനിക്കേണ്ടത്?,

You might also like

Most Viewed