രാ­മകഥാ­മൃ­തം - ഭാ­ഗം 30


എ. ശിവപ്രസാദ്

ഹനുമാൻ കൊണ്ടുവന്ന മൃതസഞ്ജീവനിയുടെ ശക്തിയിൽ ജീവൻ വീണ്ടെടുത്ത ലക്ഷ്മണൻ വർദ്ധിത വീര്യത്തോടെ യുദ്ധമുഖത്തെത്തി. രാമ രാവണയുദ്ധത്തിന്റെ അവസാനഘട്ടം ആരംഭിച്ചു. രാവണൻ ഗന്ധർവ്വാസ്ത്രമെടുത്ത് രാമന് നേരെ പ്രയോഗിച്ചു. രാമൻ അതേ അസ്്ത്രം കൊണ്ട് തടുത്തു. രാവണൻ നാഗാസ്ത്രം പ്രയോഗിച്ചു. രാമൻ അതിനെ ഗരുഢാസ്ത്രം കൊണ്ട് തടുത്തു. നിരവധി അതിമാരകമായ അസ്ത്രങ്ങൾ അവർ പരസ്പരം പ്രയോഗിച്ചു. രാവണന്റെ അസ്ത്രപ്രയോഗത്താൽ ശ്രീരാമന്റെ സാരഥിയായ മാതലിയ്ക്കും കുതിരകൾക്കും മുറിവുപറ്റി. രാമൻ യുദ്ധമുഖത്ത് ക്ഷീണിതനായി കാണപ്പെട്ടു. ഈ സമയത്ത് അഗസ്ത്യമഹർഷി അവിടെ എത്തി. രാവണനെ തോൽപ്പിക്കണമെങ്കിൽ ആദിത്യഹൃദയ മന്ത്രം ജപിക്കണമെന്ന് പറഞ്ഞ അഗസ്ത്യമുനി ആദിത്യഹൃദയ മന്ത്രം ശ്രീരാമന് ചൊല്ലിക്കൊടുത്തു.

“സന്താപ നാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ

ചിന്താമണേ ചിദാനന്ദായതേ നമഃ

നീഹാരനാശകരായ നമോ നമഃ

മോഹ വിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ

സ്ഥാവര ജംഗമാചാര്യായ തേ നമഃ

ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ

സത്യപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ”

ബ്രഹ്മാസ്ത്രത്തിനല്ലാതെ മറ്റൊന്നിനും രാവണനെ വധിക്കാൻ കഴിയില്ലെന്ന് ശ്രീരാമന് ബോധ്യമായി. തന്റെ ബലിഷ്ഠങ്ങളായ കൈകളിൽ ശ്രീരാമൻ ബ്രഹ്മാസ്ത്രമെടുത്തു. അതിനെ ഞാണിൽ വെച്ച് ചെവിയോളം വലിച്ചു പിടിച്ചു. ബ്രഹ്മദേവനെ മനസ്സിൽ ധ്യാനിച്ചു. മഹത്തായ ബ്രഹ്മാസ്ത്രത്തെ ഞാണിൽ നിന്നു വിട്ടു. അത് നേരെ ചെന്ന് രാവണന്റെ വിസ്തൃതമായ മാറിൽ തുളച്ചു കയറി. രാവണന്റെ മാറിൽ നിന്ന് ചോര ചീറിത്തെറിച്ചു. രാവണന്റെ കൈയിലെ അന്പും വില്ലും പിടിവിട്ട് താഴെ വീണു. രാവണന്റെ ജീവൻ ശരീരത്തിൽ നിന്ന് വേർപെട്ട് സ്വർഗ്ഗത്തിലേയ്ക്ക് പോയി.

പ്രബലനായ ഒരു രാക്ഷസരാജാവായിരുന്നു രാവണൻ. ബ്രഹ്മാവിൽ നിന്നും പ്രത്യേക വരങ്ങൾ നേടിയിരുന്നു രാവണൻ. സാമവേദ ഗാനത്താൽ ഭഗവാൻ പരമശിവനെപ്പോലും സന്തോഷിപ്പിച്ച ഒരു ശിവഭക്തനായിരുന്നു അദ്ദേഹം. ബലത്തിലും വീര്യത്തിലും രാവണന് സമമായി ആരും തന്നെ ഉണ്ടായിരുന്നില്ല. ബ്രഹ്മാവിന്റെ പ്രപൗത്രനായിരുന്നു രാവണൻ. രാവണന്റെ തേജസു കൊണ്ട് യുദ്ധഭൂമി അരുണാഭമായി. യുഗാവസാനത്തിൽ നിലംപതിച്ച സൂര്യനെപ്പോലെ ആയിരുന്നു രാവണൻ മരണത്തിൽ പോലും ‘പ്രതാപി’ എന്ന പദവിക്ക് അദ്ദേഹം അർഹനായിരുന്നു.

തങ്ങളുടെ രാജാവിന്റെ പതനം കണ്ട രാക്ഷസസൈന്യം ഭയപ്പെട്ട് അങ്ങുമിങ്ങും ഓടി. എങ്ങും രാക്ഷസന്മാരുടെ ആർത്ത നാദം കേൾക്കാൻ തുടങ്ങി. ഇവിടെ ശ്രീരാമനസൈന്യത്തിൽ ആഹ്ലാദത്തിന്റെ ആർപ്പുവിളികൾ മുഴങ്ങി. സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, അംഗദൻ എന്നിവർ വളരെ ഉന്മേഷത്തോടെ ശ്രീരാമദേവന്റെ അടുത്തെത്തി. ശ്രീരാമൻ സീതയെ കൂട്ടിക്കൊണ്ടുവരാനായി ഹനുമാനോട് പറഞ്ഞു. അൽപസമയം കഴിഞ്ഞപ്പോൾ ഹനുമാൻ സീതയെയും കൊണ്ട് ശ്രീരാമന്റെ അടുത്തെത്തി. ശ്രീരാമദേവനെ കണ്ട സീത ഗദ്ഗദ കണ്ഠയായി മുഴുവൻ വാനരസൈന്യവും സന്തോഷത്താൽ തുള്ളിച്ചാടി. എല്ലാവരുടെയും മനസിൽ സന്തോഷം കളിയാടി. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീരാമൻ വിഭീഷണന്റെ രാജ്യാഭിഷേകം പ്രഖ്യാപിച്ചു. വിഭീണന്റെ രാജ്യാഭീഷേകത്തിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തി. അടുത്ത ദിവസം തന്നെ വിഭീഷണന്റെ രാജ്യാഭിഷേകം മംഗളകരമായി നടന്നു. ഇനി ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടക്കയാത്രയാണ്. വിഭീഷണനും പരിവാരങ്ങളും ശ്രീരാമദേവന്റെ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ശ്രീരാമൻ സീതാലക്ഷ്മണസമേതം അയോധ്യയിലേയ്ക്കുള്ള മടക്കയാത്രക്കൊരുങ്ങി. ശ്രീരാമന്റെ യാത്രയ്ക്കായി പുഷ്പകവിമാനം കൊണ്ടുവരപ്പെട്ടു. ഈ അവസരത്തിൽ ലക്ഷ്മണൻ ശ്രീരാമനോട് ചോദിച്ചു. “അല്ലയോ ജ്യേഷ്ഠാ! വിഭവൽ സമൃദ്ധമായ, അതിമനോഹരമായ ഈ ലങ്കാപുരിയിൽ കുറച്ചു ദിവസം ഉല്ലാസ ജീവിതം നയിച്ചിട്ട് നമുക്ക് അയോധ്യയിലേയ്ക്ക് മടങ്ങാം. ലങ്കയുടെ സമൃദ്ധിയും പ്രകൃതിസൗന്ദര്യവും നമുക്ക് കുറച്ചു ദിവസം ആസ്വദിക്കാം.” ലക്ഷ്മണന്റെ ഈ ആവശ്യത്തിന് ശ്രീരാമൻ നൽകിയ മറുപടി ദേശസ്നേഹത്തിന്റെ അവസാന വാക്കാണ്. ഓരോ ഭാരതീയനും ജീവൽശ്വാസത്തോടൊപ്പം ഒരുക്കഴിക്കേണ്ട മന്ത്രമാണത്. ലക്ഷ്മണനുള്ള മറുപടിയായി ശ്രീരാമൻ പറഞ്ഞു.

“അഭീസ്വർണ്ണമയീ ലങ്ക

നമേ രോചതി ലക്ഷ്മണ

ജനനീ ജന്മഭൂമിശ്ച

സ്വർഗ്ഗദാപിഗരീയസി” (വാത്മീകി രാമായണം)

(അല്ലയോ ലക്ഷ്മണാ! ലങ്ക ഇപ്പോൾ സ്വർണ്ണമയിയാണ്. സന്പൽസമൃദ്ധമാണ്. പക്ഷെ ഇതെനിക്ക് ഇഷ്ടമായി തോന്നുന്നില്ല. കാരണം പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണ്.) രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പവും രാഷ്ട്രസ്നേഹവും ഏത് തരത്തിലായിരിക്കണമെന്ന് നമുക്ക് കാണിച്ചു തരുന്നതാണ് രാമായണത്തിലെ ഈ വരികൾ. ഓരോ പൗരനും ഈ തത്ത്വശാസ്ത്രമനുസരിച്ചാണ് ജീവിക്കുന്നതെങ്കിൽ രാഷ്ട്രത്തിന്റെ പരമവൈഭവം വളരെ എളുപ്പത്തിൽ പ്രാപ്തമാകും.

ലങ്കയിൽ നിന്നും വിഭീഷണനോട് യാത്ര പറഞ്ഞ് അവർ അയോധ്യയിലേയ്ക്ക് യാത്രയായി. ഇവിടെ അയോധ്യയിൽ ഭരതകുമാരനും മറ്റ് അയോധ്യാവാസികളും ശ്രീരാമന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. ശ്രീരാമദേവൻ വരുന്നതറിഞ്ഞ് അയോധ്യയിലെ ജനങ്ങൾ കൊടിതോരണങ്ങളാലും വിളക്കുകൾ കത്തിച്ചും അയോധ്യാനഗരം അലങ്കരിച്ചു. അയോധ്യയിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. ജനങ്ങൾ പുതുവസ്ത്രങ്ങൾ ധരിച്ച് വീടും നഗരവും അലങ്കരിച്ചു. അങ്ങിനെ ശ്രീരാമലക്ഷ്മണന്മാർ സീതാസമേതം അയോധ്യയിലെത്തി. ശ്രീരാമദേവനെയും സീതാദേവിയെയും ലക്ഷ്മണനെയും കാണാനായി അയോധ്യാനിവാസികൾ തടിച്ചുകൂടി. കൗസല്യയും കൈകേയിയും സുമിത്രയും തങ്ങളുടെ മക്കളെ വാരിപ്പുണർന്നു. അയോധ്യാനിവാസികൾക്ക് സംതൃപ്തിയും ആശ്വാസവും ഒരുമിച്ചു വന്നു.

തൊട്ടടുത്ത ദിവസം തന്നെ ശ്രീരാമന്റെ രാജ്യഭിഷേകം നടത്തി. യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ വാനരന്മാർക്കും മറ്റുമുള്ള ജനങ്ങൾക്കും ശ്രീരാമൻ വിവിധ പ്രകാരമുള്ള സമ്മാനങ്ങൾ നൽകി സംതൃപ്തരാക്കി. ശ്രീരാമൻ കോസല രാജ്യത്തിന്റെ ഭരണമാരംഭിച്ചു. ഭാരത ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭരണമായിരുന്നു ശ്രീരാമന്റേത്. ജനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള വിഷമങ്ങൾ ഉണ്ടായിരുന്നില്ല. സമൃദ്ധമായ കൃഷി നാടിന്റെ ഉയർച്ചയ്ക്ക് കാരണമായി. രാജ്യത്ത് പട്ടിണിയോ അപമൃത്യുവോ ഉണ്ടായില്ല. സന്പന്നരും ദരിദ്രരും പണ്ധിതരും പാമമരും ഒരുപോലെ സംതൃപ്തരായിരുന്നു. നാട്ടിൽ സന്പത്തും ഐശ്വര്യവും കളിയാടി. ധർമ്മത്തിന്റെ പ്രതീകമായ ശ്രീരാമൻ ദീർഘകാലം ഭരണം നടത്തി.

രാമായണം എന്ന ധാർമ്മിക ഗ്രന്ഥം കേവലം ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം വായിക്കാനുള്ളതല്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ഹൃദിസ്ഥമാക്കേണ്ട പ്രായോഗിക ഗ്രന്ഥമാണ്. എന്താണ് ഭാരതീയ സംസ്കാരമെന്നും എങ്ങിനെയാണ് ഒരു വ്യക്തി സമൂഹത്തിൽ ജീവിക്കേണ്ടതെന്നും കാണിച്ചു തരുന്ന ‘യൂസേഴ്സ് മാന്വൽ’ ആണ് രാമായണം. എന്താണ് ധർമ്മമെന്ന് കാണിച്ച് തന്ന് അതിലൂടെ മനുഷ്യനെ സഞ്ചരിക്കാൻ വഴികാണിച്ചു തരുന്ന ഒരു വഴികാട്ടിയാണ് രാമായണം. അനന്തകാലമായി അണമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ ജീവൽ പ്രവാഹമാണ് രാമായണം. രാമായണം വായിക്കുകയും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ കേവലം സ്വാർത്ഥപരമായ ഭക്തിപ്രാപ്തമാകുകയല്ല മറിച്ച്, നമ്മുടെ സംസ്കാരത്തിന്റെ കൈമാറ്റമാണ് നടക്കുന്നത്. ഭൂമി നിലനിൽക്കുന്നിടത്തോളം കാലം രാമായണം നിലനിൽക്കും.

രാമകഥാമൃതം സമാപ്തം

You might also like

Most Viewed