മനുഷ്യ ജീവന് വിലയില്ലാത്ത ലോകത്ത് ജനാധിപത്യം സന്പൂർണ പരാജയം
ഇ.പി അനിൽ
epanil@gmail.com
1956ൽ മെഹബൂബ് നഗറിനടുത്തുണ്ടായ തീവണ്ടിയപകടത്തെ തുടർന്ന് അന്നത്തെ റെയിൽവേ വകുപ്പു മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ച സംഭവം ഇന്നും നമ്മൾ മറന്നിട്ടില്ല. 60 വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പേരക്കുട്ടി ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് 75ലധികം പിഞ്ചു കുഞ്ഞുങ്ങൾ ഗോരക്പൂർ സർക്കാർ മെഡിക്കൽ കോളജിൽ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാത്തത് ഒറ്റപ്പെട്ട സംഭവമല്ലാതായിട്ടുണ്ട്.
രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം കുടുംബ
ങ്ങളുടെ സുരക്ഷിതമായ അവസ്ഥയാണ്. കുടുംബങ്ങൾക്കു ലഭിക്കുന്ന സുരക്ഷിതമായ വായുവും ഭക്ഷണവും കുടിവെള്ളവും നിശ്ചിത വരുമാനവും മറ്റും അവരെ കൂടുതൽ കർമ്മനിരതരാക്കും. കുടുംബത്തിൽ പിറന്നു വീഴുന്ന ആരോഗ്യകരമായ കുഞ്ഞുങ്ങൾ, അതിന് ഇടം ഒരുക്കുന്ന ആരോഗ്യമുള്ള അമ്മമാർ. ഇത്രയും അവസരങ്ങൾ എങ്കിലും പ്രദാനം ചെയ്യുവാൻ പരാജയപ്പെടുന്ന ഒരു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജനസമൂഹം തങ്ങളുടെ ഗതിയിൽ പരിതപിക്കാതെ തരമില്ല.
തങ്ങൾക്കു കഴിയാവുന്നതിന്റെ പരമാവധി സമൂഹത്തിന്, സമൂഹത്തിൽ നിന്നും തങ്ങളുടെ ജീവിത സുരക്ഷയ്ക്ക് വേണ്ടത് എന്ന പൊതുധാരണയിലൂടെ ശക്തമായി തീരേണ്ട സമൂഹവും (രാജ്യം) ജനങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ആരോഗ്യകരമായി നടക്കുന്ന സംവിധാനത്തിൽ ജനാധിപത്യം വളരെ വിജയകരമായി പ്രവർത്തിക്കും എന്നു വിശ്വസിക്കുന്നു. ഇത്തരം പശ്ചാത്തലത്തിൽ ഇന്ത്യൻ ജനാധിപത്യം എങ്ങനെയാണ് കഴിഞ്ഞ 70 വർഷമായി പ്രവർത്തിക്കുന്നത് എന്നത് പരിശോധിക്കുന്പോൾ നമ്മുടെ സമൂഹത്തിന്റെ വിജയ/പരാജയങ്ങൾ വിലയിരുത്തപ്പെടും.
ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണ സംവിധാനം അതിന്റെ ജനങ്ങളോട് എത്രമാത്രം ഉത്തരവാദിത്വരഹിതമായി പ്രവർത്തിക്കുന്നു എന്നറിയുവാൻ ഉതകുന്ന അവസാനത്തെ അതിദാരുണ സംഭവമാണ് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ നടന്നത്. ഇത്തരം സംഭവങ്ങൾ പല രൂപത്തിൽ നമ്മുടെ രാജ്യത്ത് അരങ്ങേറുന്നു. കൂട്ട പട്ടിണി മരണങ്ങൾ നടന്ന ഒറീസയിലെ കൽഹന്ത, മറാട്ടയിലെ അമരാവതി തുടങ്ങിയ ജില്ലകൾ ദുരന്തങ്ങളിൽ ചിലതു മാത്രം. ലോകത്തെ ആകെ പരമ ദരിദ്രരിൽ മൂന്നിൽ ഒന്നും ഇന്ത്യക്കാരായി തുടരുകയാണ്. പോഷകാഹാരക്കുറവ് ബാധിച്ച ലോകത്തെ കുഞ്ഞുങ്ങളിൽ 50 ശതമാനവും നമ്മുടെ നാട്ടിൽ നിന്ന്. ഇവിടെ ഗർഭിണികളിൽ 50 ശതമാനത്തിനടുത്ത് വിളർച്ച ബാധിച്ചവർ. പോഷകാഹാര ക്കുറവിനാൽ പ്രതിവർഷം 5 ലക്ഷം കുരുന്നുകൾ മരണപ്പെടുന്ന ഇന്ത്യൻ ഭരണ സംവിധാനം മാനവിക മൂല്യങ്ങളെ ഏതളവിൽ മാത്രമാണ് പരിഗണിക്കുന്നത്?
കാർഷിക രാജ്യം എന്ന് നൂറ്റാണ്ടുകളായി അറിയപ്പെടുന്ന ഇന്ത്യയിലെ കർഷക ജനസാമാന്യത്തിന്റെ ജീവിത അവസ്ഥകൾ നിരന്തരമായ തിരിച്ചടികൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ലോകത്തെ എറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന ഇന്ത്യൻ കർഷകർ ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോൾ പാപ്പരായ അവസ്ഥയ്ക്കു മാറ്റങ്ങൾ ഉണ്ടായിട്ടില്ല. 1991നു ശേഷം പരന്പരാഗത കർഷകരെയും കൂടി പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചേർന്നു. മൂന്നര ലക്ഷം കർഷക ആത്മഹത്യകൾ, മൂന്നു ലക്ഷം കോടി രൂപ കടക്കാരായ കൃഷിവലന്മാർ. അങ്ങനെ ലോകത്ത് ശരാശരി കടം കൂടുതലുള്ള കർഷക ജനത ഇന്ത്യയിൽ നിന്നുമാണ് എന്ന അവസ്ഥ സംജാതമായിരിക്കുന്നു. രാജ്യത്തെ 52 ശതമാനം ആളുകൾ പണി എടുക്കുന്ന കാർഷികലോകത്തു നിന്നും രാജ്യത്തിന്റെ GDP വരുമാനത്തിൽ 17 ശതമാനം പങ്കാളിത്തമേ ഉള്ളൂ എന്നത് ആ രംഗത്തിന്റെ പ്രതിസന്ധിക്കു തെളിവാണ്. സേവന രംഗത്തും വ്യവസായ സ്ഥാപനങ്ങളിലെ പ്രധാനികളുടെയും സർക്കാർ ഗുമസ്തന്മാരുടെയും വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കർഷകരുടെ വരുമാന വർദ്ധനക്ക് മറിച്ചുള്ള അനുഭവമാണുള്ളത്. ലോകത്തെ ഏറ്റവും മെച്ചപ്പെട്ട സാന്പത്തിക വളർച്ച രേഖപ്പെടുത്തുന്ന രാജ്യമായ ഇന്ത്യയിൽ കാർഷിക രംഗത്തെ തൊഴിൽ എടുക്കുന്നവരുടെയും കർഷകരുടെയും അവസ്ഥ കൂടുതൽ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ 25 വർഷത്തിനിടയിൽ രാജ്യത്തിന്റെ ഭക്ഷ്യ ലഭ്യതയിൽ കുറവുണ്ടായി എന്നാൽ ഉത്പാദനം കൂടിയിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഗാനെപ്പോലെയൊ പാകിസ്ഥാനെ പോലെയോ 2000 കലോറി ഭക്ഷണം മാത്രം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഭക്ഷ്യ ലഭ്യതയിൽ ഉണ്ടായിരിക്കുന്ന വ്യത്യാസം ആശാവഹമല്ല. (പാവപ്പെട്ടവർക്ക് 1600 കലോറി പണക്കാരുടെ കലോറി 3260) ശരാശരി ഭക്ഷ്യ ലഭ്യതയിൽ 500 കലോറിയുടെ കുറവുണ്ടായി എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളെ, കേരളത്തെയും തമിഴ്നാടിനെയും ഒഴിച്ചു നിർത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ വിശിഷ്യ മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും ജീവിത നിലവാരം പരിതാപകരമാണ്. ഇന്ത്യയിലെ സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഹരിയാനയിലും നിലനിൽക്കുന്ന പകർച്ചവ്യാധിയും വരൾച്ചയും കൊഴിഞ്ഞു പോക്കും സ്കൂൾ വിദ്യഭ്യാസത്തിലെയും ചികിത്സയുടെയും അപര്യാപ്തതയും ആഫ്രിക്കൻ രാജ്യങ്ങളെയും കടത്തിവെട്ടുന്നു. കേരളീയനെക്കാൾ 10 വർഷം കുറവ് ആയുസുള്ളവരായി മുകളിൽ പറഞ്ഞ സംസ്ഥാനക്കാർ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ, കുറഞ്ഞ തൊഴിൽ വേതനം നിയമ നിരക്ഷരത ഒക്കെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യയിൽ പ്രതിരോധ കുത്തിവെപ്പുകൾ നടപ്പിൽ വരുത്തുന്നതിൽ നമ്മുടെ രാജ്യത്തെ വളരെ മോശം ട്രാക്ക് റിക്കാർഡുകൾ മാത്രമെ ഉള്ളൂ. രോഗി, ഭിഷഗ്വരൻ അനുപാതം 2000:1 എന്ന അവസ്ഥയിലാണ്. (ലോക ശരാശരി 1000:1) ലോകത്തെ രോഗങ്ങളിൽ 20 ശതമാനവും ഇന്ത്യക്കാർക്കാണ് എന്നിരിക്കെ രോഗികളുടെ കട്ടിലുകളുടെ എണ്ണത്തിൽ 6 ശതമാനം മാത്രമെ നമുക്കുള്ളു. 1000 ആളുകൾക്ക് ഒന്നിൽ കുറവ് (0.8) കിടക്കകളാണ് രാജ്യത്തുള്ളത് (ലോക ശരാശരി 2.6 കിടക്കകൾ.) ഇത്തരം പരിമിതികൾ പരിഹരിക്കുവാൻ അടുത്ത 15 വർഷത്തിനിടയിൽ 4 ലക്ഷം കോടി രൂപ സർക്കാർ മുടക്കുവാൻ തയ്യാറായാലെ നമ്മുടെ ആരോഗ്യ രംഗം മെച്ചപ്പെടുകയുള്ളു. എന്നാൽ സർക്കാർ സർക്കാർ ആശുപത്രികളെ തന്നെ കൈയൊഴിയുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. സർക്കാർ ആശുപത്രി സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുന്നു എന്നു തുടങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തെ തന്നെ നിരായുധമാക്കിയതോടെ ആരോഗ്യ രംഗം കൂടുതൽ കച്ചവടവൽക്കരിച്ചു എന്നു മനസിലാക്കാം.
ജപ്പാൻ ജ്വരം എന്നു വിളിക്കുന്ന ജപ്പനീസ് എൻസിഫ ലൈറ്റിസ് ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ ഭൂഖണ്ധത്തിലും ആഫ്രിക്കൻ രാജ്യങ്ങളിലും മഴക്കാലത്ത് (പ്രത്യേകിച്ച്) വാർത്തയാകാറുണ്ട്. കൊതുകുകൾ പരത്തുന്ന മലന്പനി, മന്ത്, ഡങ്കി, മഞ്ഞപ്പനി, ആഫ്രിക്കൻ പനി തുടങ്ങിയവ മരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. വെള്ള കെട്ടുകൾ ഉള്ള, ശുചിത്വ സംരക്ഷണത്തിൽ വീഴ്ച വരുത്തുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പരത്തുന്ന അസുഖങ്ങൾ വ്യാപകമാകാറുണ്ട്. മഴക്കാലത്ത് കൊതുകുകളുടെ അളവു കൂടുതലായതിനാൽ അസുഖങ്ങളുടെ തീവ്രതയും വർദ്ധിക്കുന്നു. മലന്പനി പോലെയുള്ള രോഗങ്ങൾ കേരളത്തിൽ നിയന്ത്രിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ മലന്പനി സജീവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികളിലൂടെ അസുഖം കേരളത്തിൽ മടങ്ങി എത്തിയിട്ടുണ്ട്. (വയറുകടി, ഡിഫ്ത്തീരിയ തുടങ്ങിയ അസുഖങ്ങൾ വീണ്ടും നമ്മുടെ നാട്ടിൽ ഉള്ളതായി വാർത്തകൾ വരുന്നു.) കേരളത്തിൽ വ്യാപകമായ നിരവധി പനികളിൽ ഡങ്കി ഭീഷണിയായി മാറിയിട്ടുണ്ട് പ്രതിവർഷം 1000ത്തിനടുത്തു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിൽ വ്യാപകമായി മാറുന്ന പനി നമ്മുടെ ശുചിത്വ നിലപാടുകൾ പുനഃപരിശോധിക്കുവാൻ നിർബന്ധിക്കേണ്ടതുണ്ട്.
ഡങ്കി രോഗം പരത്തുന്ന കൊതുകളിൽ വളരുന്ന ഫ്ളൈ വൈറസ് തന്നെയാണ് ജപ്പാൻ ജ്വരവും പരത്തുന്നത്. (ഇത്തരം കൊതുകുകൾ വ്യാപകമായി നമ്മുടെ നാട്ടിൽ എത്തിയതിൽ എൽ നിനോ പ്രതിഭാസം വലിയ പങ്കുവഹിച്ചു.) വൈറസ് പരത്തുന്ന രോഗങ്ങളെ ചികിത്സയിലൂടെ പരിഹരിക്കുന്നതിൽ പരിമിതിയുണ്ട്. അതുകൊണ്ട് രോഗ പ്രതിരോധത്തിന് വലിയ പങ്കാണുള്ളത്. ഇവിടെ ചികിത്സയേക്കാൾ പരിചരണത്തിന് മുൻഗണന വേണം. ജപ്പാൻ ജ്വരം തലച്ചോറിൽ നീർകെട്ടിനു കാരണമാകുന്നു. അതുവഴി തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യും. ഇവിടെ കൃത്രിമ ഓക്സിജൻ കൊടുത്തു രോഗിയെ രക്ഷിക്കാം. (ടെട്രാ സൈക്കളിൻ, സ്റ്റീറോയിഡുകൾ ചില ഗുണപരമായ രോഗശാന്തി നൽകും)
രാജ്യത്ത് തമിഴ്നാട്ടിലെ ആർക്കോട്ട് ആദ്യമായി കണ്ടു തുടങ്ങിയ ജപ്പാൻ ജ്വരം തമിഴ്നാട്, കർണ്ണാടക, ആസാം, ബീഹാർ, ഉത്തർപ്രദേശ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പടർന്നു. ഇന്ത്യയിൽ 50000 ആളുകൾക്ക് ബാധിക്കുന്ന അസുഖത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് മരുന്ന് ചൈനയിൽ നിന്നും 1960 മുതൽ ലഭ്യമായിരുന്നു. 2013 മുതൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ തുടങ്ങിയ പ്രതിരോധ കുത്തിവെപ്പു മരുന്നുകൾ (Jenvacc By Bharath Biotech) ആവശ്യത്തിന്റെ പകുതി മാത്രമെ ഉത്പാദിപ്പിക്കുന്നുള്ളു എങ്കിലും ചികിത്സാരംഗത്ത് ആ രാജ്യം ആ സ്വയം പര്യാപ്തമായി മാറുന്നതിന് തെളിവായിരുന്നു. എന്നാൽ ഇന്ത്യയിലെ കാര്യക്ഷമമല്ലാത്ത പ്രതിരോധ കുത്തിവെപ്പുകളും ജനങ്ങളുടെ നിരക്ഷരതയും പകർച്ചവ്യാധികൾ വ്യാപകമാകുവാൻ കാരണമാണ്.ഉത്തർപ്രദേശിൽ നൂറ്റാണ്ടുകളായി തുടരുന്ന ജന്മി നാടുവാഴി കേന്ദ്രീകൃത രാഷ്ട്രീയം സന്പൂർണ്ണ സാക്ഷരത, സർക്കാർ ആരോഗ്യ വിഷയങ്ങൾ, പൊതുവിതരണ സംവിധാനങ്ങൾ എല്ലാം സാമാന്യ ജനങ്ങളുടെ താൽപര്യങ്ങളെ പരിഗണിക്കുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതിൽ വേണ്ടത്ര കുറവുകൾ ഇല്ലാത്ത അത്തരം സംസ്ഥാനങ്ങളിൽ വർഗ്ഗീയ രാഷ്ട്രീയം നേടിയ മുൻകൈ മനുഷ്യാവകാശങ്ങളെ പാടെ ഒഴിവാക്കുന്നു.
കേരളത്തിലെ ആരോഗ്യരംഗത്ത് സർക്കാർ സംവിധാനത്തിനുള്ള മുൻതൂക്കം നഷ്ടപ്പെടുന്നു, പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ട് എന്നു പറയുന്പോഴും നാടിന്റെ ആരോഗ്യരംഗം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി തുടരുന്നു. ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനം GDPയുടെ 2.7 ശതമാനം മാത്രം ചെലവിലേക്കായി മാറ്റിവെക്കുന്പോൾ കേരളം 17 ശതമാനം തുക ആരോഗ്യ പരിരക്ഷയ്ക്കു മാറ്റി വെക്കുന്നുണ്ട്. സർക്കാർ വകുപ്പിലെ അഴിമതി, നിയമനത്തിലെ സ്വജനപക്ഷപാതം, രാഷ്ട്രീയ ഇടപെടലുകൾ എല്ലാം ജനങ്ങളുടെ ജീവന് പ്രതികൂലമായി മാറുന്നു.
ഇന്ത്യയിൽ പ്രബലമായി മാറിയ ഹൈന്ദവ മത മൗലികവാദം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ പുലർത്തുന്ന വർഗീയ നിലപാടുകൾ നടപ്പിലാക്കുവാൻ വാശി പിടിക്കുന്നവർ ജനങ്ങളുടെ സുരക്ഷയെക്കാളും മറ്റു പലതിനും മുൻഗണന നൽകുന്നു. മഹാരാഷ്ട്രയിൽ ഒരു കൈ കുഞ്ഞിന് പ്രതിദിനം 30 രൂപയും പശുവിനെ സംരക്ഷിക്കുവാൻ 70 രൂപയും ചെലവഴിക്കുന്നതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്. കേന്ദ്ര സർക്കാർ പശുക്കളുടെ ആധാർ കാർഡുകൾ തയ്യാറാക്കുവാൻ 148 കോടി രൂപ കണ്ടെത്തി. പതഞ്ജലി ഗ്രൂപ്പ് 500 കോടി രൂപ ഗോവ് സംരക്ഷണത്തിനായി മാറ്റിവെക്കും എന്ന് പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ 75 പിഞ്ചു കുട്ടികൾ മരിച്ചത് ജപ്പാൻ ജ്വരം ചികിത്സയിലുണ്ടായ പിഴവാണെങ്കിൽ അവിടെ സർക്കാരിനെ പ്രതി ചേർക്കുന്നതിന് പഴുതുണ്ട് എന്നു പറയാം. എന്നാൽ അസുഖം ബാധിച്ച കുട്ടികൾ പ്രാണവായു കിട്ടാതെ മരിച്ചത് സർക്കാർ സംവിധാനത്തിന്റെ സന്പൂർണ തകർച്ചയായി കാണണം. വാതകം വിതരണം ചെയ്യേണ്ട കന്പനിക്ക് 67 ലക്ഷം രൂപ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാത്തതാണ് കാരണമെങ്കിൽ ജനങ്ങളുടെ സർക്കാർ എത്രമാത്രം മനുഷ്യത്വരഹിതമായി മാറി എന്നു കാണാം.
ഇന്ത്യയുടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്പോൾ പിഞ്ചുകുഞ്ഞുങ്ങളുടെ അതിദാരുണ അന്ത്യം ഇന്ത്യൻ മനഃസാക്ഷിയോടുള്ള സർക്കാർ വെല്ലുവിളിയായി കാണാതിരുന്നാൽ....