സത്യമേവ ജയതേ...


പി.പി രാധാകൃഷ്ണൻ

ശ്ലാഘ്യമാം ഭാരത ഭൂഭാഗ്യ സന്താനങ്ങളെ

യോഗ്യരായിട്ടും നിങ്ങളെ

സ്വാതന്ത്ര്യമില്ലാതാക്കിയ നിയമങ്ങളെ

ഭാരഭൂവിൽ നിന്നും ദൂരവേ മാറ്റിയെന്നും

ചാരുവാം പൂർണ്ണ സ്വാതന്ത്ര്യം

കൈവശമാക്കാൻ ഭാരതീയരെ, വരേണം

ഓടിവരണം നിങ്ങൾ

ആടും കൊടികളുമായ്

പാടുവിൻ ഗാന്ധിഗീതങ്ങൾ....

പാരതന്ത്ര്യത്തിന്റെ വിഷധൂളികളെ മനസിൽ കടിച്ചമർത്തി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ അഗ്നിസ്‌ഫുലിംഗങ്ങളെ കാവ്യമാധുരിയിൽ ചാലിച്ച് ദേശീയബോധത്തിന്റെ ആത്മസരിത്തിലേയ്ക്ക് ആവേശത്തോടെ ഒഴുകിയെത്തുന്ന ഒരരുവിയായ മഹാകവി പിയുടെ വരികൾ ഈ സ്വാതന്ത്ര്യദിനത്തിൽ മനസിൽ അയവിറക്കുകയാണ്. വൈവിധ്യതയുടെ വിളനിലമായ ഭാരത്തിന്റെ മണ്ണിൽ നിന്നും ധാരമുറിയാതെ ഒഴുകിയെത്തിയ ഇത്തരം ദേശഭക്തിയിൽ ചാലിച്ച സ്വാതന്ത്ര്യഗീതങ്ങളാണ് സ്വാതന്ത്ര്യസമരങ്ങൾക്ക് ഊർജ്ജവാഹികളായി തീർന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതത്തെ പോലും ആത്മാഹൂതി നൽകിക്കൊണ്ട് നിസ്വാർത്ഥ സേവനത്തിന്റെ പ്രതിപുരുഷന്മരായ ഇത്തരം മഹാത്മക്കളുടെ ആത്മസമർപ്പണത്തിന് മുന്നിൽ ആദരാജ്ഞലികളർപ്പിച്ച് കൊണ്ടാകാം നമ്മുടെ സ്വാതന്ത്ര്യദിന ചിന്തകൾ.

നമ്മുടെ സ്വാതന്ത്ര്യം നാം ബോധപൂർവ്വം ദുരുപയോഗം ചെയ്യുകയാണോ എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ന് പ്രസക്തമാണ്. ഇന്ത്യക്കാരുടെ മുന്നിൽ ഇപ്പോൾ രണ്ട് മാർഗ്ഗങ്ങൾ തുറന്നു കിടപ്പുണ്ട്. ഒന്നുകിൽ ശക്തിയാണ് ശരി എന്ന പാശ്ചാത്യ തത്ത്വം സ്വീകരിക്കുക അല്ലെങ്കിൽ സത്യം മാത്രമേ വിജയിക്കുകയുള്ളൂ എന്നും സത്യം ഒരിക്കലും വിപൽക്കരമല്ലെന്നും ശക്തനും അശക്തനും നീതി ലഭിക്കാൻ തുല്യ അവകാശങ്ങളുണ്ടെന്നുമുള്ള തത്ത്വം മുറുകെ പിടിക്കണം. നമ്മെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയക്കാരും ഉന്നത സ്ഥാനങ്ങളിൽ നിലകൊള്ളുന്ന ഉദ്യോഗസ്ഥന്മാരും ഭരണനായകന്മാരുമാണ് വിവിധ രാജ്യങ്ങളുമായി സന്പർക്കത്തിലേർപ്പെടുന്നത്. ലോകത്തിന് മുന്നിൽ സത്യസന്ധതയുടെ പാഠങ്ങൾ നൽകേണ്ടത് ഇവരാണ്. അതുകൊണ്ടുതന്നെ സാമൂഹ്യപ്രവർത്തകർ സത്യത്തിലൂന്നിയ പ്രവർത്തനങ്ങൾ കാഴ്ച വെച്ചാൽ മാത്രമേ ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കാൻ നമുക്ക് സാധ്യമാവുകയുള്ളൂ. ഇവർ സത്യനിഷ്ഠ പാലിക്കാത്ത സ്ഥിതി വരുന്പോൾ ജനങ്ങൾ ചൂഷണത്തിന് വിധേയമാകുന്നു. മൂല്യച്യുതിയുടെ മുഖ്യകാരണം സമൂഹത്തിലെ ഇത്തരം ചൂഷണങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം. പരസ്പര സ്നേഹവിശ്വാസങ്ങളുടെ അഭാവം, സ്വന്തം ജീവിത സൗകര്യങ്ങളെ പരമാവധി സന്പന്നമാക്കാനുള്ള അവന്റെ ത്വര അത് നേടിയെടുക്കുന്നതിന് എത്ര ദുഷ്ചേതികളും സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ എന്നിവയാണ് സമൂഹത്തിലെ എല്ലാ ദുർനടപ്പുകൾക്കും മുഖ്യകാരണം. അധികാര സ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഏറി വരുന്പോൾ കൂടുതൽ പേ‍‍ർക്കും ഇത്തരം അധികാരസ്ഥാനങ്ങളിലെത്താനുള്ള വടംവലികളും അതിനുള്ള കുറുക്കുവഴികൾ തേടുകയും അത് ഭരണസംവിധാനത്തെ തന്നെ കാർന്നു തിന്നുന്ന മാറാരോഗമായി പരിണയിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ എല്ലാ വേദികളും അരാചകത്വത്തിന്റയും തട്ടിപ്പുകളുടെയും വിളയാട്ടങ്ങൾ അരങ്ങേറിക്കൊണ്ട് അതിനെ സാമാന്യവൽക്കരിക്കപ്പെടുന്ന ഒരു ദുഷ്സ്ഥിതിയിലേയ്ക്ക് നാം നയിക്കപ്പെടുകയാണ്. ഇതിനെ അതിജീവിക്കാനുള്ള പുത്തൻ ആശയങ്ങളെ കണ്ടെത്തി സംശുദ്ധിയുടെ നാളുകൾ വരും തലമുറകൾക്കെങ്കിലും നൽകാനുള്ള ബാധ്യതയാണ് ഈ സ്വാതന്ത്ര്യദിന ചിന്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. പ്രകൃതി നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചു കൊണ്ട് സമൂഹം രോഗഗ്രസ്ഥരായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷം നമ്മെ അലോസരപ്പെടുത്തുകയാണ്. നദിയും പുഴയും കായലും കുന്നിൻ ചെരുവുകളും കാടുകളും ഇടതൂർന്ന ജൈവവൈവിധ്യങ്ങളാൽ സന്പന്നമായ ഒരാവസ വ്യവസ്ഥയാണ് നമ്മുടെ ജീവിത ചംക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളപ്പിഴകളുണ്ടാക്കിക്കൊണ്ടിരിക്കുന്ന നമുക്ക് പ്രകൃതിയുടെ ശിക്ഷകളായി വീണ്ടും വീണ്ടും ദുരന്തങ്ങൾ നമ്മെ വേട്ടയാടുകയാണ്. ജൈവ സന്പന്നങ്ങളായ നീരുറവകളെല്ലാം മാലിന്യങ്ങളുടെ സങ്കേതങ്ങളായിത്തീരുന്പോൾ നമ്മളുടെ ആരോഗ്യ സ്ഥിതിയെയും ചോദ്യം ചെയ്യപ്പെടുകയാണ്. മലീനസമായ വെള്ളവും വായുവും നമ്മുടെ രോഗങ്ങളുടെ പട്ടികകൾക്ക് നീളം കൂടുകയാണ്, പ്രകൃതിയെ സ്നേഹിക്കാനും പാരിസ്ഥിതിക പ്രശ്നങ്ങളെ കണ്ടറിയാനുമുള്ള മനസുമായിട്ടായിരിക്കണം നമ്മുടെ വികസന രൂപരേഖ.

പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നീതിബോധങ്ങൾ നമുക്ക് കൈമോശം വന്നിരിക്കയാണ്. മാതൃത്വത്തിനോടുള്ള ബഹുമാനവും മണ്ണിനോടും പ്രകൃതിയോടുമുള്ള ഐക്യവും ശിഥിലമാവുകയാണ്. പണം നമ്മുടെ യജമാനനായി തീരുന്പോൾ കുറ്റകൃത്യങ്ങളിലേക്ക് നാം നയിക്കപ്പെടുകയാണ്. ശാന്തിയും സമാധാനവും നിറഞ്ഞ സ്വതന്ത്രഭാരതത്തെ വിഭാവനം ചെയ്ത പുണ്യത്മാക്കളുടെ പാതകളിൽ നിന്നും നാം വളരെയേറെ അകലുകയാണ് എന്ന ദുഃഖസത്യം നമ്മെയേറെ വേദനിപ്പിക്കുകയാണ്. സത്യസന്ധതയിലധിഷ്ഠിതമായ ഭരണസിരാകേന്ദ്രങ്ങളെ സാക്ഷാൽക്കരിക്കാനുള്ള കർമ്മപദ്ധതികളിലായിരിക്കണം നമ്മുടെ മുന്തിയ പരിഗണന. ഇതിലാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ഭാവി എന്നുള്ള തിരിച്ചറിവിലാണ് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്കുണ്ടാകേണ്ടത്.

You might also like

Most Viewed