വേണം നമുക്കൊരു ലക്ഷ്യബോധം
വഴിവിളക്ക് - വിഭിഷ് തിക്കോടി
“ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യം കാണുംവരെ പ്രവർത്തിക്കുക” ഈ ഉദ്ധരണി മറ്റാരുടേതുമല്ല. ഭാരതീയ യുവത്വത്തിന്റെ പ്രതീകമായ, സൂര്യ തേജസ്സായിട്ടുള്ള വിവേകാനന്ദന്റേതാണ്. സ്വഭാവ വൈശിഷ്ടത്തിലൂടെ, സംശുദ്ധ സ്വഭാവം കൈവരിച്ച് നിസ്വാർത്ഥ മനോഭാവത്തോടെ, വജ്രംപോല കഠിനമായ മനസ്സോടെ കീഴടക്കാനാവാത്ത ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ലക്ഷ്യബോധവും സ്നേഹവുമുള്ളവർക്ക് മാത്രമേ ജീവിതത്തിൽ ഉന്നതമായ വിജയവും, സമൂഹത്തിൽ പരിവർത്തനവും വരുത്താൻ സാധ്യമാവു. സ്വന്തം കഴിവുകളെ കണ്ടെത്തി, സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി, പ്രശ്നങ്ങളെ അതിജീവിച്ച് പ്രവർത്തിക്കുന്പോൾ നമുക്ക് സ്വന്തമാക്കാം വിജയം.
പാഠപുസ്തകങ്ങൾ മരുഭൂമികളായി മാറിക്കൊണ്ടിരിക്കുന്ന, വിദ്യാഭ്യാസം കച്ചവടവൽക്കരിച്ച് കൊണ്ടിരിക്കുന്ന ഇപ്പോൾ ലഭിക്കുന്ന വിദ്യാഭ്യാസം വെറും ജോലി നേടാൻ മാത്രമായി മാറുന്നു. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം കാലം ആവശ്യപ്പെടുന്നു. സദ്ഗുണങ്ങളും, സംസ്കാരവും പരിപോഷിപ്പിക്കുന്നതിനായുള്ള പഠന പദ്ധതി വരണം. ഒപ്പം അദ്ധ്യാപകരുടെയും മാതാപിതാക്കൻമാരുടെയും ശിക്ഷണവും മാർഗ്ഗദർശനവും കിട്ടുന്പോൾ കുട്ടികളുടെ വളർച്ച ശരിയായ രീതിയിലാവും. ശാരീരികവും മാനസികവും ബൗദ്ധികവുമായ ശാക്തീകരണം നിത്യജീവിതത്തിൽ നടക്കണം.
നാം എന്ന വ്യക്തിയുടെ ജീവിത ലക്ഷ്യം എന്ത്? നമ്മുടെ കുടുംബത്തിന്റെ ലക്ഷ്യം എന്ത്? കുട്ടികളുടെ ലക്ഷ്യം എന്താവണം? സമൂഹത്തിന്റെ ലക്ഷ്യമെന്താണ്?. എന്റെ ബിസിനസ്സിന്റെ ലക്ഷ്യം എന്താണ്? എന്റെ സംഘടനയുടെ ലക്ഷ്യം എന്താണ്? ഇത്തരം ചോദ്യങ്ങൾ നാം പലപ്പോഴായി ചോദിക്കാറുണ്ട്. ഒരോരുത്തരും സ്വയം ചോദിയ്ക്കുന്പോൾ കിട്ടുന്ന ഉത്തരമാണ് നിങ്ങളുടെ ജീവിത ലക്ഷ്യം. ഇത്തരം ചോദ്യങ്ങളെ സമഗ്രമായി അപഗ്രഥനം ചെയ്ത് ജീവിത ലക്ഷ്യം ഉണ്ടാക്കുക എന്നത് പരമപ്രധാനമാണ്. കഴിവുകൾ, സാധ്യതകൾ, പരിമിതികൾ താൽപര്യങ്ങൾ, ചുറ്റുപാടുകൾ, കുടുംബ പശ്ചാത്തലം, സമൂഹം, തുടങ്ങിയവയൊക്കെ വ്യക്തിയുടെ ലക്ഷ്യ നിർണ്ണയത്തെ ശക്തമായി സ്വാധീനിക്കും. ഒരോരുത്തരുടെയും ജീവിത ലക്ഷ്യങ്ങളും വിഭിന്നമാണ്. ഒരാളുടെ ലക്ഷ്യം നമ്മെ സ്വാധിനിച്ചേക്കാം. പക്ഷെ സൃഷ്ടിയിലെ വൈജാത്യം പോലെ ഒരോരുത്തരുടെ ദർശനങ്ങളനുസരിച്ച് ലക്ഷ്യങ്ങളിലും മാറ്റമുണ്ടായിരിക്കും. ഉണ്ടാവണം അതാണ് നിയതി.
ലക്ഷ്യങ്ങൾ നിശ്ചയിക്കുന്പോൾ അത് നമ്മുടെ വ്യക്തിപരമായ സ്വാർത്ഥതയെ മാത്രം ലക്ഷ്യം വെച്ചാവരുത്. മറിച്ച് സമൂഹത്തിന്റെ നന്മയും മാനവികതയുടയും, സേവനത്തിന്റെയും ഉദാത്തമായ തലങ്ങളെ പരിഗണിച്ച് കൂടി കൊണ്ടാവണം.
നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ ജീവിതം നയിച്ച മഹാത്മാരുടെ ജീവചരിത്രം നാം പഠിക്കണം. അത് നമുക്ക് പ്രചോദനവും ശക്തിയും നൽകും. ചിട്ടയും, ആത്മാർപ്പണവും ലക്ഷ്യബോധവും വ്യക്തിത്വ വികസനവും ഒക്കെയാണ് നമ്മെ ശുഭാപ്തിയിലേയ്ക്ക് എത്തിക്കുന്നത്.
ജീവിതത്തിൽ ഏതെങ്കിലും വിജയംവരിച്ചിട്ടുള്ളവരുടെയെല്ലാം അനുഭവങ്ങൾ പരിശോധിച്ചാൽ അവർക്കു പോരാട്ടങ്ങളും പ്രതിസന്ധികളും പരാജയങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. എന്നാൽ അവർ വ്യക്തമായ ലക്ഷ്യത്തെ മുൻനിർത്തി ജീവിച്ചതിനാൽ പ്രതിബന്ധങ്ങളെ അതിജീവിച്ചു വിജയത്തെ അനായാസം സ്വായത്തമാക്കിയത് നമുക്ക് വഴിവിളക്കായി മാറേണ്ടതായിട്ടുണ്ട്.
നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാനായ ഡോ.അബ്ദുൾ കലാമിന്റെ പാതയിലൂടെ നല്ല സ്വപ്നങ്ങളും ലക്ഷ്യങ്ങളും നമ്മെ മുന്നോട്ട് നയിക്കട്ടെ. ചെറുതും വലുതുമായ ഒരുപാട് ലക്ഷ്യങ്ങൾ നമുക്ക് കൈകൊള്ളാനാവും. ലക്ഷ്യം നിശ്ചയിച്ചാൽ ആത്മാർത്ഥതയോടെ അതിനായി പ്രവർത്തിച്ചാൽ നിസംശയം നമുക്ക് ലക്ഷ്യം നേടാനാവും. വിജയം എന്ന ഒറ്റ ലക്ഷ്യം ആയിരിക്കണം പ്രവർത്തന ചാലകശക്തി. ലക്ഷ്യബോധം കൈമുതലാക്കിയവർക്ക് പരാജയം സംഭവിക്കില്ല. കാരണം വിജയം നേടുംവരെ പ്രവർത്തിക്കാനുള്ള മാനസികവും ശാരിരികവുമായ ഊർജ്ജം ഇവരിൽ വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്നു.
ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വ്യക്തമായ ആസൂത്രണവും അതിനനുസരിച്ചുള്ള പരിശ്രമവും ആവശ്യമാണ്. ഉറച്ച ലക്ഷ്യങ്ങളുള്ളവർക്കേ ശക്തമായ തീരുമാനങ്ങൾ കൈകൊള്ളാൻ സാധിക്കുകയുള്ളു. തീരുമാനം വേണ്ടപ്പോൾ വേണ്ടവിധത്തിൽ എടുക്കാൻ കഴിയുകയെന്നതാണ് പരമപ്രധാനം. അത്തരം കഴിവുകളെ പ്രോജ്ജലിപ്പിക്കുവാൻ ലക്ഷ്യബോധം വഴിയൊരുക്കും.
പുതിയ പുതിയ സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, സംരംഭങ്ങൾ എന്നിവ രൂപപെടുത്തുകയും അവയിലൂടെ അതിരുകളില്ലാത്ത അനന്തമായ, ഉന്നതമായ വിജയം കൈവരിക്കാനും പ്രവർത്തിക്കുക. ഇനിയും ജീവിത ലക്ഷ്യങ്ങൾ തീരുമാനിച്ചില്ലെങ്കിൽ ഇന്ന് തന്നെ നിങ്ങളുടെ ജീവിത ലക്ഷ്യമെന്താണെന്ന് തിരിച്ചറയണം. ലക്ഷ്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചാൽ തീർച്ചയായും നാം ലക്ഷ്യത്തിലെത്തും. നല്ല ലക്ഷ്യം രൂപപ്പെടുത്തുക, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക. ജീവിത രേഖയിൽ ലക്ഷ്യമെന്ന നാവികനോടൊപ്പം ദിശയറിഞ്ഞ് നമുക്ക് സഞ്ചരിക്കാം സന്തോഷഭരിതവും മഹത്തരവുമായ നല്ല നാളുകൾക്കായി. ഉന്നത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ നമുക്കേവർക്കും സാധിക്കട്ടെ...