കേരളം ക്ഷണിച്ചുവരുത്തുന്ന കോളറ
ജെ. ബിന്ദുരാജ്
എൻഎസ് മാധവന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് ചൂളൈമേടിലെ ശവങ്ങൾ. ഛർദ്ദിയും അതിസാരവും ബാധിച്ച് ചെന്നൈയിലെ ചൂളൈമേടിലെ ചേരികളിൽ കഴിയുന്ന ദരിദ്രവിഭാഗത്തിൽപ്പെട്ട കുട്ടികളും മുതിർന്നവരും ഒന്നിനു പിറകേ ഒന്നായി മരണത്തിനു കീഴടങ്ങുന്ന കാഴ്ചയാണ് കഥയുടെ പശ്ചാത്തലം. പട്ടിണിയുടേയും തൊഴിലില്ലായ്മയുടേയും ഇടയിൽപ്പെട്ടു കഴിയുന്ന അതിസാധാരണക്കാരായ ജനതയുടെ അതിജീവനം അധികൃതർക്ക് എങ്ങനെയാണ് വെറുമൊരു തമാശയായി മാറുന്നതെന്നും ഓരോ കുരുന്നുകളുടേയും മരണങ്ങൾ എങ്ങനെയാണ് സർക്കാരുകളുടെ കൊലപാതകങ്ങളായി മാറുന്നതെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു അക്കഥ. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘കോളറാകാലത്തെ പ്രണയ’ത്തിൽ പ്രണയത്തെ കോളറ പോലൊരു വ്യാധിയായാണ് നോവലിസ്റ്റ് കാണുന്നത്. നോവലിൽ ഒരേ സമയത്ത് പ്രണയത്തെ കടുത്ത ഒരു വൈകാരിക വിക്ഷോഭമായും കോളറയെപ്പോലുള്ള മാരകമായ ഒരു പകർച്ചവ്യാധിയായും മാർകേസ് അവതരിപ്പിക്കുന്നുണ്ട് കൃതിയിൽ. മാധവനും മാർകേസ്സുമൊക്കെ പറയുന്ന ഈ കോളറ കാൽപനികതയ്ക്കപ്പുറം അതീവ ഗുരുതരമായ ഒരു അവസ്ഥയാണ്. ലോകത്താകമാനം പ്രതിവർഷം ഒന്നര ലക്ഷത്തോളം പേരുടെ ജീവനുകളാണ് ഈ മാരകവ്യാധി കവർന്നെടുക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 31−ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ബിശ്വജിത്ത് ദാസ് എന്ന അന്യസംസ്ഥാന തൊഴിലാളി കോളറ ബാധയെത്തുടർന്ന് മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോളറയ്‌ക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണിപ്പോൾ. കോഴിക്കോട്ട് എട്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോളറാ ബാധ കണ്ടെത്തിയതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നു.
ഒഴിവാക്കാനാകുമായിരുന്ന ഒരു ദുരന്തമാണിത്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളാണ് കോളറയുടെ ഈ ആദ്യഘട്ടത്തിൽ രോഗാതുരരായിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്ന ഈ തൊഴിലാളികളുടെ ആവാസസ്ഥലങ്ങൾ മെച്ചപ്പെടുത്തണമെന്ന് എത്രയോ കാലമായി മാറിവരുന്ന സർക്കാരുകളോട് വിവിധ സംഘടനകളും സാമൂഹ്യപ്രവർത്തകരും ആവശ്യപ്പെടുന്നതാണ്. ജീവനോപാധി തേടി മറ്റൊരു നാട്ടിലെത്തിയ നമ്മെപ്പോലൊരുവൻ തന്നെയാണ് അവരെന്ന കാര്യം പലപ്പോഴും മലയാളി മറന്നുപോകുന്നു. കേരളത്തിൽ ഇന്ന് 35 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ മേഖലകളിൽ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്. കെട്ടിട നിർമ്മാണ മേഖലയും ഹോട്ടൽ മേഖലയിലും കൃഷിയിലും തടിവ്യവസായത്തിലും തുടങ്ങി ഇത്തരക്കാരില്ലാത്ത തൊഴിലിടങ്ങൾ ഇന്ന് കേരളത്തിൽ കുറവാണ്. പക്ഷേ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള വൃത്തിഹീനമായ കെട്ടിടങ്ങളിൽ തിങ്ങിപ്പാർക്കുകയാണ് അവരെല്ലാം തന്നെ. അണുവിമുക്തമായ കുടിവെള്ളമോ ശുചിത്വ അന്തരീക്ഷത്തിലുള്ള ജീവിതമോ അവർക്കില്ല. കാറ്റുപോലും കടക്കാത്ത തകരഷീറ്റിട്ട ഷെഡ്ഡുകളിലാണ് പലയിടത്തും അവരുടെ താമസം. പ്രദേശത്തെ കുളത്തിൽ നിന്നും പൈപ്പിൽ നിന്നുമൊക്കെയെടുക്കുന്ന ജലം തിളപ്പിക്കാതെയാണ് അവർ കുടിക്കുന്നത്. കോളറാബാധയ്ക്കിടയാക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയത്തിന്റെ സാന്നിദ്ധ്യം കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിൽ നിന്നുമെടുത്ത ജല സാന്പിളുകളിൽ കണ്ടെത്തിയസ്ഥിതിക്ക് കോളറയെ ജാഗ്രതയോടെ പ്രതിരോധിച്ചില്ലെങ്കിൽ അത് അതിവേഗം പ്രദേശത്തെ ജനതയിലേയ്ക്ക് പടർന്നുപിടിക്കാനുള്ള സാധ്യത വലുതാണ്.
ജലജന്യരോഗമായതിനാൽ വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുകയും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് കൂടുതൽ ക്ലോറിൻ ഉപയോഗിക്കുകയും കോളറാബാധ പടരുന്നതിനെതിരെ ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാന്പുകളും സംഘടിപ്പിക്കുകയുമൊക്കെയാണ് അടിയന്തരമായി ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനാകുന്ന കാര്യങ്ങൾ. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ ശുദ്ധജലം അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു പുറമേ, മാലിന്യങ്ങൾ കുന്നുകൂട്ടിയിടാതെ, അവ സംസ്‌കരിക്കാനുള്ള സൗകര്യങ്ങളും സർക്കാർ അടിയന്തരമായി ഉറപ്പാക്കേണ്ടതുണ്ട്.
കടുത്ത ഛർദ്ദിയും വയറിളക്കവും പനിയും തലവേദനയുമാണ് കോളറയുടെ ലക്ഷണങ്ങൾ. കോളറയുടെ കാരണഹേതുവായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ജലത്തിലൂടെയാണ് രോഗിയിലെത്തുന്നതും ചെറുകുടലിനെ ബാധിക്കുകയും ചെയ്യുന്നത്. രോഗം ബാധിച്ചാൽ വെള്ളം പോലെ വയറിളക്കമുണ്ടാകുകയാണ് പ്രഥമ ലക്ഷണം. അതിനൊപ്പം പനിയും ആരംഭിക്കും. കണ്ണൂകളിൽ നീർദോഷം, തൊലി വലിച്ചിൽ, കൈകളും കാൽപാദങ്ങളും ചുക്കിച്ചുളിയൽ തുടങ്ങി പല ലക്ഷണങ്ങളും രോഗത്തിനുണ്ടാകാറുണ്ട്. പൊതു കക്കൂസുകളില്ലാത്ത ഇടങ്ങളിൽ പറന്പിലും പരിസരത്തുമൊക്കെ രോഗിയായ ആൾ മലവിസർജ്ജനം നടത്തുന്നതിലൂടെ പ്രദേശത്തുള്ള ജലസ്രോതസ്സുകളിലേയ്ക്ക് ആ മാലിന്യം ഒഴുകിയെത്തി മറ്റുള്ളവർ കൂടി രോഗബാധിതരാകാനുള്ള സാധ്യതകൾ വലുതാണ്.
ശുചിത്വത്തിനും ശുദ്ധജലത്തിനുമൊക്കെ വലിയ പ്രാമുഖ്യം കൽപ്പിക്കുന്ന കേരളത്തിൽ പക്ഷേ കോളറ മൂലമുള്ള മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നത് നമ്മുടെ സംവിധാനത്തിന്റെ തകരാറായി മാത്രമേ കണക്കാക്കാനാകൂ. 2011−ൽ 18 പേർക്ക് കോളറ
സ്ഥിരീകരിക്കുകയും 125 പേർക്ക് കോളറയാണെന്ന സംശയമുണ്ടാകുകയും ചെയ്തതിൽ മൊത്തം ആറു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2012−ൽ 30 പേർക്ക് കോളറ സ്ഥിരീകരിക്കുകയും കോളറയെന്ന സംശയിക്കപ്പെട്ട 113 പേരിൽ രണ്ടു പേർ മരണപ്പെടുകയും ചെയ്തു. 2013−ൽ 20 പേർക്ക് കോളറ സ്ഥിരീകരിക്കുകയും രോഗം സംശയിക്കപ്പെട്ട 67 പേരിൽ മൂന്നു മരണങ്ങൾ റിപ്പോർട്ടു ചെയ്യുകയുമുണ്ടായി. 2014−ൽ എട്ടുപേർക്ക് കോളറ സ്ഥിരീകരിക്കുകയും 13 പേർക്ക് രോഗം സംശയിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. 2015 ഒരാൾക്കും 2016−ൽ 10 പേർക്കുംകോളറ ബാധിച്ചു. 118 പേർക്ക് കോളറാബാധ സംശയിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയ്ക്ക് ഏഴു കോളറാ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് നമ്മുടെ സംവിധാനത്തിന്റെ പിഴവാണെന്ന് പറയാതെ വയ്യ. കാരണം മറ്റു ജലജന്യരോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കളിൽ നിന്നും വ്യത്യസ്തമായി കോളറയുണ്ടാക്കുന്ന വിബ്രിയോ കോളറയ്ക്ക് പ്രതികൂല കാലാവസ്ഥകളിലുള്ള അതിജീവനം അതീവ ബുദ്ധിമുട്ടാണെന്നതു തന്നെ. ശുചിത്വം തീരെ പാലിക്കപ്പെടാത്ത അന്തരീക്ഷത്തിൽ മാത്രമേ വിബ്രിയോ കോളറെ അതിന്റെ ദുരന്തം വിതയ്ക്കുന്ന സ്വഭാവം പുറത്തെടുത്ത് ഉന്മൂലന സിദ്ധാന്തവുമായി മുന്നേറാറുള്ളു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മറ്റു ജലജന്യരോഗങ്ങളിൽ നിന്നും വ്യത്യസ്തമായി അത് ഒരാളുടെ ജീവൻ അപഹരിക്കാനുള്ള സാധ്യതകളും ഏറെയാണ്. അക്യൂട്ട് ഡയേറിയ ഡീസുമായിപലപ്പോഴും കോളറ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ശരീരത്തിലെ നിർജ്ജലീകരണം മൂലം രോഗി മരണത്തിന് വഴിപ്പെടുന്നു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ജലജന്യരോഗങ്ങൾ കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4.93 ലക്ഷം പേർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നത് കോളറ വൻതോതിൽ പടർന്നുപിടിക്കാനുള്ള ഒരു സാഹചര്യം ഇന്നു കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവാണ്.
കേരളത്തിൽ ജലജന്യരോഗങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തീരപ്രദേശങ്ങളിൽ നിന്നും വയനാട്ടിലെ ആദിവാസിമേഖലയിൽ നിന്നും പിന്നാക്ക ജീവിതസാഹചര്യങ്ങളുമുള്ള മലപ്പുറം പോലുള്ള ജില്ലകളിൽ നിന്നുമാണ്. ഏറ്റവുമൊടുവിൽ പത്തനംതിട്ടയിലും കോഴിക്കോടുമാണ് കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും മുൻ വർഷങ്ങളിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും വയനാട്ടിലും മലപ്പുറത്തുമാണ് ഏറ്റവുമധികം കോളറാ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നത് കേരളത്തിലെ ഒരു പ്രദേശവും കോളറയുടെ പിടിയിൽ നിന്നും മുക്തമല്ലെന്ന സൂചനകളാണ് നൽകുന്നത്. കോളറയ്ക്കു പുറമേ, മറ്റു ജലജന്യരോഗങ്ങളായ ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ, അക്യൂട്ട് ഡയേറിയൽ ഡീസസ് എന്നിവയും കേരളത്തിൽ നിന്നും വൻതോതിൽ കഴിഞ്ഞ കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് കോളറയാണെന്ന സംശയമുണ്ടായാൽ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്റി ബയോട്ടിക് മരുന്നുകൾ നൽകുകയും നിർജ്ജലീകരണം പ്രതിരോധിക്കാൻ ഐവി ഫ്‌ളൂയിഡുകൾ നൽകുകയും ചെയ്താൽ മാത്രമേ രോഗിയെ രക്ഷിക്കാനാകൂ എന്നതാണ് സത്യം.
പൊതുവേ ശുചിത്വത്തിന്റെ കാര്യത്തിൽ അതീവശ്രദ്ധ വെച്ചുപുലർത്തുന്ന കേരളത്തിൽ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്ക് അത്ഭുതം തോന്നാം. പക്ഷേ സർക്കാരുകൾ ഉയർത്തിക്കാട്ടുന്ന കണക്കുകളിൽ നിന്നും ഏറെ അകലെയാണ് യാഥാർത്ഥ്യം എന്നു തിരിച്ചറിയുന്പോൾ ആ അനപരപ്പ് മാറിക്കോളും. കേരളത്തിൽ കേവലം 23 ശതമാനം പേർക്കു മാത്രമേ ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കുന്നുള്ളുവെന്നതാണ് വാസ്തവം. ബാക്കിയുള്ള 77 ശതമാനം പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളെയോ ടാങ്കർ ട്രക്കുകളെയോ ഒക്കെയാണ്. ശുദ്ധജലം ലഭിക്കുന്നുവെന്ന് പറയപ്പെടുന്ന 23 ശതമാനം പേരുടെ കാര്യവും അത്ര ശുഭകരമൊന്നുമല്ല. പലയിടത്തും ശുദ്ധജലം വഹിക്കുന്ന ജലഅതോറിട്ടിയുടെ പൈപ്പുകൾ കടന്നുപോകുന്നത് മലിനജലം ഒഴുകിപ്പോകുന്ന ഓവുകൾക്കരികിലൂടെയാണ്. കുടിവെള്ള വിതരണം മിക്കപ്പോഴും മുടങ്ങുന്ന പതിവുള്ളതിനാൽ ശുദ്ധജലം പൈപ്പിലില്ലാത്ത സമയത്ത് തുരുന്പടുത്ത ഈ പൈപ്പുകളിലൂടെ മലിനജലം കുടിവെള്ള പൈപ്പുകളിലേയ്ക്ക് പ്രവേശിക്കുന്നു. കൊച്ചിയിൽ പലയിടത്തും വിതരണം ചെയ്യപ്പെടുന്ന ജലം ഇത്തരത്തിൽ മലിനീകരിക്കപ്പെട്ടതാണ്. കുടിവെള്ള ശുദ്ധീകരണത്തിനായി സർക്കാർ ചെലവിടുന്ന ലക്ഷക്കണക്കിനു രൂപ പൈപ്പുകളുടെ കുഴപ്പം മൂലം വീണ്ടും അതിമലിനമായാണ് വീടുകളിലേക്ക് എത്തപ്പെടുന്നതെന്നാണ് അതിനർത്ഥം. ഗ്യാസിനും കറന്റിനുമെല്ലാം വലിയ തുക ഇപ്പോൾ നൽകേണ്ടി വരുന്നതിനാൽ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നവർ ഇന്ന് തുലോം തുച്ഛവുമാണ്. ടാങ്കറുകളിലെത്തിക്കുന്ന ജലത്തിന്റെ അവസ്ഥ ഇതിനേക്കാൾ ദയനീയമാണ്.
പലപ്പോഴും കക്കൂസ് മാലിന്യം വരെ നീക്കാൻ ഇതേ ടാങ്കറുകൾ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. മാത്രവുമല്ല ഈ ജലം കൊണ്ടുവരുന്നതാകട്ടെ, യാതൊരു ശുദ്ധീകരണ പ്രക്രിയകൾക്കും വിധേയമാക്കിയല്ല താനും. ഉപേക്ഷിക്കപ്പെട്ട പാറമടകളിൽ നിന്നും മലിനമായ ജലസ്രോതസ്സുകളിൽ നിന്നുമുള്ള ജലമാണ് പലപ്പോഴും ടാങ്കർ വെള്ള ബിസിനസുകാർ അപ്പാർട്ട്‌മെന്റുകളിലും ഹോട്ടൽ സമുച്ചയങ്ങളിലുമെത്തിക്കുന്നത്. ഇവ പരിശോധിക്കാൻ നിയുക്തരായിട്ടുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പാകട്ടെ പ്രതിദിനം പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും ഇത് അസാധ്യമായ കാര്യമാണെന്ന് ആർക്കാണറിയാത്തത്?
ഈ മഴക്കാലത്ത് കോളറാ ബാധിതരായവരൊക്കെ തന്നെയും ഇതര സംസ്ഥാന തൊഴിലാളികളാണെന്നത് അവരുടെ ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ കേരളം കാട്ടുന്ന അനാസ്ഥയുടെ നേർച്ചിത്രമാണ്. കേരളത്തിന്റെ സന്പദ്‌വ്യവസ്ഥയിൽ ഇന്ന് നിർണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന 35 ലക്ഷത്തിലധികം വരുന്ന ഈ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി തെല്ലും താൽപര്യം സർക്കാർ എടുക്കുന്നില്ല. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇപ്പോൾ കേരളത്തിന്റെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം വരുന്ന ഇവരുടെ എണ്ണം 48 ലക്ഷമായി ഉയരുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) നടത്തിയ പഠനങ്ങളിൽ കാണുന്നത്. ഏതാനും വർഷങ്ങൾക്കു മുന്പ് തന്നെ ഗിഫ്റ്റ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഈ തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവർ താമസിക്കുന്ന വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചും കുടിവെള്ളത്തിന്റെ ലഭ്യതയില്ലാത്തതു മൂലവും കുളിക്കുന്ന ജലം തന്നെ കുടിക്കാനുപയോഗിക്കുന്നതുമെല്ലാം പഠനവിധേയമാക്കിയിരുന്നു. നാഷണൽ റൂറൽ ഹെൽത്ത് മിഷനായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അവർ 2013 കഴിഞ്ഞ ഫെബ്രുവരിയിൽ സമർപ്പിച്ചിരുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ജീവിതത്തിനു പുറമേ മാസ്‌കും ഗ്ലൗസും മറ്റ് സുരക്ഷാകാര്യങ്ങളുമൊന്നും ഉപയോഗിക്കാതെയുള്ള അവരുടെ ജോലി വലിയ അപകടത്തിലേക്കാണ് അവരെ തള്ളിവിടുന്നത്. ലേബർ ക്യാന്പുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ അവർ മാലിന്യങ്ങൾ തള്ളുന്നത് അവരുടേയും പരിസരവാസികളുടേയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു, തൊഴിൽ വകുപ്പിനും ദേശീയാരോഗ്യ മിഷനുമായും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾക്ക് നിർണായക പങ്ക് വഹിച്ച ഡോക്ടർ സിഎസ് വെങ്കിടേശ്വരൻ പറയുന്നു. വൻ നഗരങ്ങളിൽ നഗരപ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ചേരികൾ പോലെ തകരപ്പാട്ട കൊണ്ടുള്ള ഷെഡ്ഡുകളാണ് ഇവർക്കായി കരാറുകാർ ഒരുക്കി നൽകുന്നത്. പലയിടത്തും കുളിക്കുന്ന വെള്ളം കെട്ടിക്കിടന്ന് മലിനമായിത്തീർന്ന അവസ്ഥയാണുള്ളത്. മഴക്കാലം ശക്തിപ്പെടുന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാന്പുകളിൽ പലയവയിലും പകർച്ചവ്യാധികളും രോഗങ്ങളും പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് അന്നേ അവർ താക്കീത് നൽകിയതുമാണ്.
സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിലെ വൃത്തിഹീനമായ ക്യാന്പുകൾ സർക്കാരിന്റെ ശ്രദ്ധയിൽ മുന്പ് പെട്ടിട്ടുള്ളതുമാണ്. പല നിർമ്മാണ കേന്ദ്രങ്ങളിലും സുരക്ഷിതത്വമില്ലായ്മ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നതുമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗൾഫ് മോഡലിൽ വൃത്തിയുള്ള അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെങ്കിലും നാലു വർഷത്തിനുശേഷവും അവയൊന്നും എങ്ങുമെത്തിയിട്ടില്ല. അതുമൂലം പൊട്ടിപ്പൊളിഞ്ഞ തകിടു കൊണ്ടുണ്ടാക്കിയ വൃത്തിഹീനമായ കക്കൂസുകളും ശുദ്ധ ജലത്തിന്റെ അഭാവവും മലിനമായ അന്തരീക്ഷത്തിൽ ജീവിക്കേണ്ട ഗതികേട് അവർക്കുണ്ടാക്കുന്നു. പലരും നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീടുകളിലും ഫാക്ടറി പരിസരത്തും കടകൾക്കു മുന്നിലും തന്നെയാണ് സന്ധ്യയ്ക്ക് തല ചായ്ക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കായി ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും ശുചിയായ കക്കൂസുകളും ശുദ്ധ വായു ഉള്ളതുമായ ലേബർ ക്യാന്പുകൾ ആരംഭിക്കാത്തപക്ഷം ഇത്തരം മാരകവ്യാധികൾ തുടർന്നും കേരളത്തിലേയ്ക്ക് മരണയാത്രകൾ നടത്തിക്കൊണ്ടേ യിരിക്കുമെന്നുറപ്പാണ്. തിരുവനന്തപുരത്ത് മേനംകുളത്തുള്ള തകരഷെഡ്ഡിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന് ഒരു അപമാനമാണ്. കോഴിക്കോട് കോളറ കണ്ടെത്തിയ തെങ്ങിലാക്കടവിലെ അന്യസംസ്ഥാന തൊഴിലാളികൾ ജീവിക്കുന്നയിടങ്ങളിൽ കഴിഞ്ഞയാഴ്ച മാവൂർ പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കണ്ടെത്തിയിരുന്നു. പതിനെട്ടോളം തൊഴിലാളികളാണ് ഒരു ചെറിയ വീട്ടിൽ അവിടെ കഴിഞ്ഞിരുന്നത്. ആ തൊഴിലാളികൾക്ക് മെച്ചപ്പട്ട ജീവിത സാഹചര്യം ഒരുക്കി നൽകാതെ എങ്ങനെയാണ് നമുക്ക് കോളറാ ബാധയ്ക്ക് അവരെ മാത്രം കുറ്റം പറയാനാകുക? കോളറ പ്രതിരോധിക്കണമെങ്കിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടത് ആ ലേബർ ക്യാന്പുകളിലേക്കാണ്. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും സംയുക്തമായ കർമ്മ പരിപാടികളാണ് ആവിഷ്‌ക്കരിക്കേണ്ടത്.