ദാസ് കാപ്പിറ്റൽ
പങ്കജ് നാഭൻ
ലോകത്തെ മാറ്റി മറിച്ച ഒരു ഗ്രന്ഥത്തിന്റെ നൂറ്റി അന്പതാം വർഷത്തിലാണല്ലോ നാം ഇപ്പോൾ. ക്യാപിറ്റലിസം എന്ന വ്യവസ്ഥ ഗ്ലോബലയിസേഷനായി വളർന്ന് പുതിയ സാങ്കേതിക മാനത്തിലും സമൂഹിക സാന്പത്തിക സാംസ്കാരിക തലത്തിലും എത്തി നിൽകുന്നു. ഭൂമി ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലും, മനുഷ്യൻ ചൊവ്വയിൽ താമസത്തിനും ശ്രമിക്കുന്നു. എന്നാൽ മറുഭാഗത്ത് ലോക രാഷ്ട്ര നേതാക്കൾ പ്രൈമറി സ്കൂൾ കുട്ടികളെ പോലെ, പരസ്പരം കലഹിക്കുന്നു, യുദ്ധഭേരിയും വെല്ലുവിളികളും നടത്തുന്നു. ഇത് എന്തുകൊണ്ട്?
ഇവിടെയാണ് നൂറ്റിഅന്പത് വർഷം പിന്നിടുന്ന സാമൂഹിക രാഷ്ട്രീയ ഗ്രന്ഥവും അതിന്റെ പ്രതിപാദ്യവും ഇന്നും പ്രസക്തമാവുന്നത്. ദാസ് കാപിറ്റൽ അഥവാ എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ എകൊണോമി എന്ന കാൾമാർക്സിന്റെ കൃതി. ഇത് അടിസ്ഥാനപരമായി ഒരു അർത്ഥ ശാസ്ത്ര ഗ്രന്ധമായിരിക്കുന്പോഴും തത്വശാസ്ത്രവും, ചരിത്രവും രാഷ്ട്ര മീമാംസയും ഒക്കെ സമഗ്രമായി സമന്വയിച്ച ഒരു കൃതിയാണ്. എന്താണ് ഇതിന്റെ പ്രത്യേകത?
1867 മാർക്സിന്റെയും ഏംഗൽസിന്റെയും ഇരുപതു വർഷത്തിലധികമുള്ള പരിശ്രമ ഫലമായി ഇത് പ്രസിദ്ധീകരിക്കപ്പെടുന്പോൾ ഉള്ള സകല രാഷ്ട്രീയ സാന്പത്തിക സിദ്ധാന്തങ്ങളെയും ഇത് പോളിച്ചെഴുതി എന്നതാണ്. ജ്ഞാനോദയ ശേഷം ഉണ്ടായ ക്ലാസിക്കൽ അർത്ഥ ശാസ്ത്രജ്ഞർ ആയിരുന്ന ആദം സ്മിത്ത്, റിക്കാർഡോ, ജെയിംസ് മിൽ തുടങ്ങിയവരാണ് മുതലാളിത്ത വ്യവസ്ഥയുടെ സാന്പത്തിക വിശകലനം നടത്തുന്നത്. ഇവരെ പൊതുവെ ഫിസിയോക്ക്രാറ്റുകൾ എന്നു വിളിക്കുന്നു. നാച്ച്വറൽ ഗവൺമെന്റ് ധാരണയെ പിന്തുണച്ച ഇവർ കാർഷിക ഉത്പാദന ശക്തിയാണ് ഉൽപ്പന്നങ്ങളുടെ മൂല്യ കാരണം എന്നു കരുതി. അതിനു മുന്നേ ഉള്ള മെർക്കെന്റയിൽ കാപ്പിറ്റലിസം ഭരണാധികാരികളുടെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം ആണ് മൂല്യം ഉണ്ടാക്കുന്നത് എന്നാണ് കരുതിയിരുന്നത്.
എന്നാൽ ഫിസിയോക്രാറ്റുകൾ ഭൂമിയുടെ ഉത്പാദന ക്ഷമതായാണ് മൂല്യം ഉണ്ടാക്കുന്നത് എന്ന് വിലയിരുത്തി. ഭൂമിയിലെ മനുഷ്യ അദ്ധ്വാനം നിരീഷിച്ചു എങ്കിലും അദ്ധ്വാനമാണ് മൂല്യകാരണം എന്ന് പറയാൻ അവർ മടിച്ചു. ഇവിടെയാണ് ദാസ് കാപ്പിറ്റൽ ഒരു അട്ടിമറി നടത്തുന്നത്. പ്രകൃതിയിലെ ഒരോ വസ്തുവിനും ഉപയോഗ മൂല്യം ഉണ്ട്. എന്നാൽ അത് ഒരു ഉൽപന്നം അഥവാ ചരക്ക് ആകുന്പോൾ അതിനു അധിക മൂല്യം ഉണ്ടാവുന്നു(സർപ്ലസ് വാല്യു). ഇതോടെ വസ്തുവിനു മൂല്യം ഉണ്ടാവുന്നത് അദ്ധ്വാനം എന്നു വരുന്നു. അഥവാ അതുവരെ മനുഷ്യ അദ്ധ്വാനത്തിനു കൊടുക്കാതെ ഇരുന്ന പ്രധാന്യവും തൊഴിൽ എടുക്കുന്നവന് കൊടുക്കാതിരുന്ന പ്രധാന്യവും മുഖ്യ പ്രമേയം ആയി രാഷ്ട്രീയ സാന്പത്തിക ശാസ്ത്രത്തിൽ കടന്നു വരുന്നു. ഇതിന്റെ അനുബന്ധമായി വരുന്ന ചോദ്യമാണ് ലാഭം എന്ത്?
മിച്ചമൂല്യം ഉണ്ടാക്കുന്ന ചരക്കിൽ അടങ്ങിയ അദ്ധ്വാനത്തിന്റെ ഒരു പങ്കിന് മാത്രം ആണ് വേതനം നൽകപ്പെടുന്നത്. അഥവാ മിച്ച മൂല്യത്തിന്റെ ഒരു ഭാഗം മൂലധനം മുടക്കുന്ന ആൾ പങ്കു പറ്റുന്ന ഇതാണ് കാപ്പിറ്റൽ അക്യുമുലേഷൻ. ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്ന തൊഴിൽ, ഉത്പാദന ഉപാധി കയ്യടക്കി വെച്ചിരിക്കുന്ന ഒരു വിഭാഗത്തെയും, തൊഴിൽ വിൽക്കുന്ന വിഭാഗത്തെയും സമൂഹത്തിൽ സൃഷ്ടിക്കുന്നു.അഥവാ സമൂഹം മുതലാളി തൊഴിലാളി എന്ന രണ്ടു വർഗ്ഗ മായി പിരിയുന്നു. ഇതിന്റെ അനന്തര ഫലം കൂടെ ദാസ് കാപ്പിറ്റൽ വിശകലനം ചെയുന്നു.
ഒരു യന്ത്രവൽകൃത ഉത്പാദന വ്യവസ്ഥയിൽ, യന്ത്രം മനുഷ്യരുടെ സഹായി ആവേണ്ടതാണ്. എന്നാൽ ലാഭം മാത്രം ലക്ഷ്യമായ മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥ നേരെ തിരിച്ചാണ് പ്രവർത്തിക്കുന്നത്. ഫിക്സഡ് കാപ്പിറ്റൽ വർദ്ധിക്കുകയും, ഉൽപാദനം കൂടുകയും, ഒപ്പം മിച്ച മൂല്യം ഉൽപ്പാധിപ്പിച്ച മനുഷ്യ അദ്ധ്വാനത്തെ ഉൽപ്പാദന മേഖലയിൽ നിന്നും നിഷ്കാസനം ചെയ്യുന്നതും ലാഭം കുറയാൻ ഇടവരുന്നു. ഇതിന്റെ ഫലമായി സാന്പത്തിക പ്രതിസന്ധിയും, മാന്ദ്യവും മുതലാളിത്തത്തിന്റെ കൂടെപിറപ്പാവുന്നു. പുതിയ ഉൽപ്പാദന ബന്ധത്തിനു മാറി കൊടുത്തു പരിഹരിക്കേണ്ടതിനു പകരം മുതലാളിത്തം പിടിച്ചു നിൽക്കാൻ ഉള്ള മറ്റ് കുറുക്കു വഴികളാണ് തേടുന്നത്.
അധിനിവേശം, ആയുധ കച്ചവടം, യുദ്ധം ഒക്കെ അതിന്റെ ഫലമായി അനിവാര്യമാവുന്നു. മൂന്ന് വോല്യം ആയി 3000 യിരത്തോളം പേജുള്ള ഇതിന്റെ മുഴുവൻ അവലോകനം ഈ ചെറിയ കുറിപ്പിൽ സാധ്യമല്ല. മുതലാളിത്തം പ്രതിസന്ധിയായും, യുദ്ധമായും നിലനിൽക്കുന്നിടത്തോളം ദാസ് കാപ്പിറ്റൽ ഉന്നയിച്ച വിമർശനങ്ങളും പ്രസക്തമായി തുടരും.