ശ്രദ്ധാ­കേ­ന്ദ്രം വെ­നസ്വേ­ല


വി.ആർ. സത്യദേവ് 

sathya@dt.bh

നയിലെ ഫ്യൂസൂവിൽ കൊറിയർ‍ ഉരുപ്പടികൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരാൾ പായ്ക്കറ്റുകളൊന്ന് തനിയെ അനങ്ങുന്നതു കണ്ട് ഞെട്ടി. ഞെട്ടൽ മാറും മുന്പ് ആ പൊതിക്കെട്ടിൽ നിന്നും ചെറിയ ശബ്ദമുയരുന്നതും അയാളറിഞ്ഞു. സംയമനം വീണ്ടടുത്ത ജീവനക്കാരൻ സഹപ്രവ‍ത്തക‍ർ‍ക്കൊപ്പം പൊതി പരിശോധിച്ചു. പുറത്തെ കവർ‍ തുറക്കുന്പോൾ അതിനുള്ളിൽ മറ്റൊന്ന് എന്ന നിലയിൽ നിരവധി കവറുകൾ. അതിനുള്ളിലെ വസ്തു കണ്ടതും അവിടെയുണ്ടായിരുന്നവർ‍ ഞെട്ടലിനും അപ്പുറത്ത് ഏതോ അവസ്ഥയിലായിരുന്നു. ജനിച്ച് ഏറെ നാളായിട്ടില്ലാത്ത ഒരു ചോരക്കുഞ്ഞിനെയായിരുന്നു അവർ‍ ആ പൊതിക്കെട്ടിനുള്ളിൽ കണ്ടെത്തിയത്.

തുടർ‍ന്ന് സംഗതി പോലീസ് കേസായി. അന്വേഷണമായി. ഒടുവിൽ കുഞ്ഞിന്റെ അമ്മയെയും കണ്ടെത്തി. ഒരു അനാഥാലയത്തിലേയ്ക്ക് സ്വന്തം കുഞ്ഞിനെ പായ്ക്കറ്റിലാക്കി കൊറിയർ‍ ചെയ്തതായിരുന്നു ആ അമ്മ. സംഭവം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞതും ചോരക്കുഞ്ഞിനെ തപാലുരുപ്പടിയാക്കിയ മാതൃത്വത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഭാഗ്യത്തിന് കുഞ്ഞ് അപകട നിലയിൽ ആയിരുന്നില്ല. കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാവ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാതാവിനെതിരെയുള്ള നിയമ നടപടികളെക്കറിച്ച് അറിവായിട്ടില്ല. കുഞ്ഞ് ജിൻ ആം പ്രവശ്യാ ആശുപത്രിയിലാണ് ഉള്ളത്. ആയുസ്സുള്ളവന്റെ അതിജീവന സാദ്ധ്യതയാണ് ഫ്യൂസൂവിലെ ശിശുവിന്റെ വാർ‍ത്ത വ്യക്തമാക്കുന്നത്. 

കടുത്ത കുടുംബാസൂത്രണ നിയമങ്ങൾ നിലവിലുള്ള ചൈനയിൽ ഈ ശിശുവിനെപ്പോലെ ആയിരങ്ങളാണ് അനാഥാലയങ്ങളുടെ കരുണയിലേയ്ക്ക് നടതള്ളപ്പെടുന്നത്. അടുത്തിടെ പുറത്തു വന്നൊരു കണക്കനുസരിച്ച 46000 അനാഥ ബാല്യങ്ങളാണ് രാജ്യത്തുള്ളത്. കുടുംബാസൂത്രണ നിയമങ്ങൾക്കൊപ്പം ആൺകുഞ്ഞുങ്ങൾക്കായുള്ള  അതിരുവിട്ട ആഗ്രഹവും അനാഥരുടെ എണ്ണമേറാൻ കാരണമായി. നമ്മുടെ സ്വന്തം നാടായ ഇന്ത്യയിലെ അനാഥ ജന്മങ്ങൾ ബോധപൂർ‍വ്വം വിസ്മരിച്ചല്ല ഈ ചൈനീസ് കഥ പറഞ്ഞത്. ലോക വിശേഷങ്ങളുടെ ജാലകം തുറന്നു നോക്കുന്പോൾ പതിവായി കാണുന്ന കൊടിയ രാഷ്ട്രീയ ചേരിപ്പോരുകളുടെ മനം മടുപ്പിക്കുന്ന കാഴ്ചകൾക്കിടെ ഒരു ജീവന്റെ അതിജീവനം നൽകുന്ന പ്രത്യാശ പങ്കുവെച്ചു എന്നു മാത്രം.

ഈ കൗതുക വർ‍ത്തമാനത്തിനപ്പുറവും ചൈന ഈ വാരം ശ്രദ്ധേയമാകുന്നത് അമേരിക്കയുമായുള്ള അവരുടെ ബന്ധം ഉലയുന്നു എന്ന വാർ‍ത്ത കൊണ്ടാണ്. അമേരിക്കൻ സൈന്യം നിർ‍ണ്ണായക നിരീക്ഷണങ്ങൾക്കുപയോഗിച്ചുകൊണ്ടിരുന്ന ആളില്ലാ വിമാനങ്ങൾ അഥവാ ഡ്രോണുകൾ പ്രധാനമായും ചൈനീസ് കന്പനിയായ ഡിജെഐ നിർ‍മ്മിച്ചവയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ആ ഡ്രോണുകളെല്ലാം ഉപയോഗിക്കുന്നത് ഒറ്റയടിക്ക് അമേരിക്ക നിർത്തിവച്ച വിഷയം കഴിഞ്ഞയാഴ്ച നമ്മൾ ചർ‍ച്ച ചെയ്തിരുന്നു. അന്നു സൂചിപ്പിച്ചതുപോലെ ചൈനയ്ക്കെതിരേ കൂടുതൽ ശക്തമായ നടപടികൾക്ക് അമേരിക്ക നീക്കം തുടങ്ങിയതായാണ് റിപ്പോർ‍ട്ട്. ഉഭയകക്ഷി വ്യാപാര ഇടപാടുകളിൽ ചൈന വലിയ വീഴ്ച വരുത്തുന്നു എന്ന് പണ്ടേ അമേരിക്കയ്ക്ക് ആക്ഷേപമുണ്ട്. ബൗദ്ധിക സ്വത്തവകാശം, പകർ‍പ്പവകാശ നിയമം തുടങ്ങിയ വിഷയങ്ങളിൽ ചൈനക്കാർ‍ അത്രക്കങ്ങ് വിശ്വസിക്കാവുന്നവരല്ല എന്ന ആക്ഷേപം പലർ‍ക്കുമുണ്ട്‍. ഇക്കാര്യങ്ങളെക്കുറിച്ച് പ്രസിഡണ്ട് ട്രംപ് അന്വഷണത്തിന് ഉത്തരവിടാൻ സാദ്ധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ ചൈനീസ് സാന്പത്തിക രംഗത്തിന് അത് കനത്ത തിരിച്ചടിയാകും.

വാസ്തവത്തിൽ പകർ‍പ്പവകാശമോ ബൗദ്ധിക സ്വത്തവകാശമോ ഒന്നുമല്ല അമേരിക്കൻ നീക്കത്തിനു കാരണം എന്നത് പകൽ പോലെ വ്യക്തമാണ്. ലോകത്തെ ഭീഷണിയുടെ മുൾമുനയിൽ നിടത്തുന്ന കൊറിയൻ പ്രശ്നം തന്നെയാണ് ഇതിനു പിന്നിലുമുള്ളത്. അടിക്കടി ആയുധ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയുടെ ഭീഷണിക്കെതിരേ ചൈന വാസ്തവത്തിൽ അനുവർ‍ത്തിക്കുന്നത് അതി മൃദു സമീപനമാണ്. ആ ഗോള തലത്തിൽ ഉത്തര കൊറിയയുമായി വലിയ സൗഹാർ‍ദ്ദവും വ്യാപാര വാണിജ്യ ബന്ധങ്ങളും പുലർ‍ത്തുന്ന ഏക ലോകശക്തി ചൈനയാണ്. ഉത്തര കൊറിയയുടെ കയറ്റുമതിയുടെ 90 ശതമാനവും പോകുന്നതും ചൈനയിലേക്കു തന്നെ. രാഷ്ട്രീയപരവും വാണിജ്യപരവുമായ ഇത്തരം താൽപ്പര്യങ്ങളുള്ളതുകൊണ്ട് പ്രശ്ന പരിഹാരത്തിന് ചൈന ആത്മാർ‍ത്ഥമായ ശ്രമം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ പുതിയ നീക്കം. ഇതിനെക്കുറിച്ച് അമേരിക്ക ചൈനീസ് പ്രസിഡണ്ട് സി ജിംഗ് പിംഗിനെ ധരിപ്പിച്ചു കഴിഞ്ഞു. ചൈനീസ് വ്യാപാര ഇടപാടുകളെക്കുറിച്ചു പുനഃപരിശോധിക്കാൻ പ്രസിഡണ്ട് ട്രംപ് അമേരിക്കൻ ട്രേഡ് റെപ്രസൻ്ററ്റീവ് ജോർ‍ജെ ലൈത്തൈസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നത്തെക്കുറിച്ച് ഇരു രാഷ്ട്ര നായകന്മാരും അടുത്ത ദിവസം നേരിട്ടു സംസാരിച്ചേക്കും. എന്നാലും പ്രശ്നത്തിന് ഉടനൊരു പരിഹാരമുണ്ടാകാൻ സാദ്ധ്യതയില്ല. ഇരു ശക്തികളും സമ്മർ‍ദ്ദ, സംയമന തന്ത്രങ്ങളുമായി തന്നെ മുന്നോട്ടു പോയേക്കാം. അമേരിക്കൻ മണ്ണായ ഗുവാമിലേയ്ക്ക് മിസൈലുകൾ തൊടുക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന ഉത്തര കൊറിയൻ അവകാശവാദമാണ് ഇപ്പോഴത്തെ അമേരിക്കൻ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന പ്രചോദനം. 

കൊറിയൻ ചൈനീസ് പ്രശ്നങ്ങൾ ഇങ്ങനെ പോകുന്പോൾ അയൽ രാഷ്ട്രമായ വെനസ്വേലയെക്കുറിച്ചുള്ള അമേരിക്കയുടെ ആകുലതകളും പ്രതികരണങ്ങളും ലോകഭീതി വീണ്ടുമുയർ‍ത്തുകയാണ്. ജനപ്രിയനും കമ്യൂണിസ്റ്റു ലോകത്തിന്റെ പ്രതീക്ഷാ ഗോപുരങ്ങളിലൊന്നുമായിരുന്ന ഹ്യൂഗോ ചാവേസിന്റെ നാടാണ് തെക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള വെനസ്വേല. ചാവേസിന്റെ പിൻഗാമി നിക്കളാസ് മഡുറോയാണ് രാഷ്ട്രത്തലവൻ. ചാവേസിൻെറ ജനപ്രീതി മഡുറോയക്കില്ല. 2014 മുതൽ രാജ്യത്ത് മഡുറോ വിരുദ്ധ പ്രതിഷേധ സമരങ്ങൾ വ്യാപകമാണ്. ചാവേസിനെ തുടർ‍ന്ന് പ്രസിഡണ്ടായ മഡുറോ  2013ൽ നടന്ന തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് വിജയിക്കുകയായിരുന്നു. മഡുറോയ്ക്ക് 50.61 ശതമാനം വോട്ടും എതിരാളിക്ക് 49.12 ശതമാനവുമായിരുന്നു തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ അതുതന്നെ മഡുറോ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണ് സാധിച്ചെടുത്തത് എന്ന ആരോപണമുണ്ടായിരുന്നു. ഇതോടേ മഡുറോ സർ‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമായി. നൂറുകണക്കിനാൾക്കാർ‍ കൊല്ലപ്പെട്ടു. ലോക രാഷ്ട്രങ്ങളിൽ ചിലതെങ്കിലും അന്നേ സംഭവങ്ങളിൽ ആശങ്കപ്പെട്ടെങ്കിലും അതെല്ലാം അദ്ദേഹം അതിജീവിച്ചു എന്നു തന്നെ പറയാം. മഡുറോ ഒരു ഏകാധിപതിയാവുകയാണ് എന്നതാണ് പ്രതിപക്ഷത്തിന്റെയും ഇത്തരം ലോക ശക്തികളുടെയും ആരോപണം. 

രാജ്യത്തെ ജനറൽ അസംബ്ലിയിൽ മഡുറോ വിരുദ്ധ പ്രതിപക്ഷത്തിനാണ് മുൻതൂക്കം. ഇത് പ്രക്ഷോഭകാരികൾക്ക് സഹായകരമായി. എന്നാൽ തന്ത്രജ്ഞനായ മഡുറോ ഇതിനെ അതിജീവിക്കാനായി പുതിയൊരു ഭരണഘടനാ അസംബ്ലിക്ക് രൂപം നൽകിയിരിക്കുകയാണ്. മഡുറോ അനുകൂലികളെ കുത്തിനിറച്ച ഒരു ഡമ്മി സഭയാണ് ഇതെന്ന് ആരോപണമുണ്ട്. തനിക്കനുകൂലമായി രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതുക എന്നതാണ് ഭരണഘടനാ അസംബ്ലി രൂപീകരണത്തിലൂടെ മഡുറോ ലക്ഷ്യം വെയ്ക്കുന്നത്. ഇത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് എന്നതാന്ന് അമേരിക്കയുടെ നിലപാട്. 

തങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന ഈ നടപടി കണ്ടുകൊണ്ട് കൈയും കെട്ടിയിരിക്കാനാവില്ലെന്ന് പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആവശ്യമെങ്കിൽ വെനസ്വേലയ്ക്കെതിരേ സൈനിക നടപടിക്കു മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാലിതിനോട് അതിശക്തമായ ഭാഷയിലാണ് വെനസ്വേലയുടെ പ്രതികരണം. അതി തീവ്രവാദിയുടെ ഭ്രാന്തൻ ജൽപ്പനം മാത്രമാണ് ട്രംപിന്റെ വാക്കുകളെന്നാണ് വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ളാദിമിർ‍ പാദ്രിനോയുടെ മറുപടി. എന്നാൽ കേവലം ഭ്രാന്തല്ല, ഉത്തരവാദപ്പെട്ട മറ്റ് ഉന്നതരുമായി പ്രശ്നത്തെക്കുറിച്ച് വിശദമായി നടത്തിയ ചർ‍ച്ചയുടെ തീരുമാനം തന്നെയായിരുന്നു ട്രംപിന്റെ വാക്കുകൾ. േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണടക്കമുള്ള പ്രമുഖരുമായാണ് ട്രംപ് വെനസ്വേലൻ വിഷയം കഴിഞ്ഞ ദിവസം ചർ‍ച്ച ചെയ്തത്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആർ‍ മക് മാസ്റ്റർ‍ക്ക് ഇക്കാര്യത്തിൽ കുറേക്കൂടി മൃദു നിലപാടാണ് ഉള്ളത്. സൈനിക നടപടി ആവരുത് പ്രശ്ന പരിഹാരത്തിനുള്ള ആദ്യ നടപടി എന്നതാണ് മക് മാസ്റ്ററുടെ നിലപാട്. 

സൈനിക നടപടിക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് പെൻ്റഗൺ വക്താവ് എറിക് പാഹോൺ വ്യക്തമാക്കി. എന്നാൽ നടപടിക്ക് സൈന്യം സജ്ജമാണെന്ന പാഹോണിന്റെ വാക്കുകൾ വെനസ്വേലൻ പ്രശ്നമുയർ‍ത്തുന്ന ഭീഷണി അത് ചെറുതല്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രശ്നത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡണ്ടിനോടു നേരിട്ടു സംസാരിക്കാൻ വെനസ്വേലൻ പ്രസിഡണ്ട് മഡുറോ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാതെ ചർ‍ച്ചക്കില്ല എന്നതാണ് ട്രംപിന്റെ നിലപാട്. അമേരിക്കയുടേത് ഇത്തവണ അയവില്ലാത്ത നിലപാടാണ്. പക്ഷേ വെനസ്വേലയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനുവാദമില്ലാതെ ഇടപെടാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് ആരാണ് അധികാരം നൽകുന്നത് എന്ന ചോദ്യവും വരും ദിവസങ്ങളിൽ അതിശക്തമായി ഉയരം എന്നുറപ്പ്.

You might also like

Most Viewed