രാ­മകഥാ­മൃ­തം - ഭാ­ഗം 28


എ. ശിവപ്രസാദ്

ഇന്ദ്രജിത്തിന്റെ പരാക്രമങ്ങൾക്ക് അതിരില്ലായിരുന്നു. വാനരസൈന്യം ചിതറിയോടി. ഇന്ദ്രജിത്ത് ഒടുവിൽ രാമലക്ഷ്മണന്മാരുടെ മുന്നിലെത്തി. ബ്രഹ്മാസ്ത്രം കൈയിലെടുത്ത് ബ്രഹ്മാവിനെ ധ്യാനിച്ച് രാമലക്ഷ്മണന്മാർക്കെതിരെ പ്രയോഗിച്ചു. ശ്രീരാമനും ലക്ഷ്മണനും ബ്രഹ്മാസ്ത്രത്തെ ബഹുമാനിക്കാൻ തീരുമാനിച്ചു. ബ്രഹ്മാസ്ത്രം ഏറ്റ രാമലക്ഷ്മണന്മാർ ബോധരഹിതരായി യുദ്ധഭൂമിയിൽ വീണു. രാമലക്ഷ്മണന്മാർ വീണത് കണ്ട ഇന്ദ്രജിത്ത് യുദ്ധം ജയിച്ചതറിയിക്കാൻ പിതാവായ രാവണന്റെ അടുത്തേക്ക് പോയി. ജാംബവാൻ, സുഗ്രീവൻ, അംഗദൻ, നളൻ, നീലൻ എന്നീ യോദ്ധാക്കളും ബോധമറ്റ് നിലത്ത് വീണിരുന്നു.

രാമലക്ഷ്മണന്മാർ യുദ്ധഭൂമിയിൽ വീണതറിഞ്ഞ് വാനരസൈന്യം പരിഭ്രാന്തരായി. അവരെ സമാശ്വസിപ്പിക്കാൻ വിഭീഷണൻ നന്നെ പാടുപെട്ടു. ബോധം വീണ്ടെടുത്ത ജാംബവാൻ ഹനുമാനെ അന്വേഷിച്ചു. ഉടൻ തന്നെ ഹനുമാനെ കണ്ടെത്തി. ജാംബവാൻ ഹനുമാനോട് ഉടൻ തന്നെ ഹിമാലയ പ‍ർവ്വതത്തിൽ പോയി മൃതസഞ്ജീവനി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഹിമാലയത്തിൽ ‘ഋഷഭ’ എന്ന് പേരായ ഒരു ചെറു പർവതമുണ്ടെന്നും അവിടെ വിഷല്വകരണി, സാ‍‍വർണ്യകരണി, സന്താനകരണി, മൃതസഞ്ജീവനി എന്നിങ്ങനെ നാല് ചെടികളുണ്ടെന്നും ഈ ഔഷധച്ചെടികൾ ഉടൻ വരുത്തണമെന്നും ജാംബവാൻ പറഞ്ഞതനുസരിച്ച് ഹനുമാൻ ഹിമാലയം ലക്ഷ്യമാക്കി കുതിച്ചു. ഹിമാലയത്തിലെത്തിയ ഹനുമാൻ ഈ ഔഷധച്ചെടികൾ അടങ്ങുന്ന ചെറുപർവ്വതം ഒന്നാകെ പിഴുതെടുത്ത് തിരിച്ചു വന്നു. യുദ്ധഭൂമിയിൽ തിരിച്ചെത്തിയ പർവ്വതത്തിൽ നിന്നും മൃതസഞ്ജീവനി അടക്കമുള്ള ഔഷധങ്ങളെടുത്ത് പ്രയോഗിച്ചു. ദിവ്യൗഷധ പ്രയോഗം ഫലിച്ചതോടെ രാമലക്ഷ്മണന്മാരടക്കം വാനരന്മാർക്ക് ജീവൻ തിരിച്ചു കിട്ടി. വർദ്ധിത വീര്യത്തോടെ അവർ യുദ്ധോത്സുകരായി.

രാവണപക്ഷത്ത് നിന്ന് പിന്നീട് യുദ്ധത്തിന് വന്നത് കുംഭകർണ്ണന്റെ പുത്രന്മാരായ കുംഭനും നികുംഭനുമായിരുന്നു. കുംഭനികുംഭന്മാർ ശ്രീരാമസൈന്യത്തിന് മേൽ ആക്രമണം തുടങ്ങി. കുംഭൻ സുഗ്രീവനുമായി ഏറ്റുമുട്ടി. കനത്ത യുദ്ധത്തിനൊടുവിൽ സുഗ്രീവൻ കുംഭന്റെ കഥ കഴിച്ചു. കുംഭൻ മരിച്ചത് കണ്ട നികുംഭൻ ആക്രമണത്തിനെത്തി. ഹനുമാനായിരുന്നു നികുംഭനോടേറ്റത്. അല്പസമയം കൊണ്ട് തന്നെ ഹനുമാൻ നികുംഭന്റെ കഥ കഴിച്ചു. കുംഭനികുംഭന്മാരുടെ മരണവാർത്തയറിഞ്ഞ ഇന്ദ്രജിത്ത് യുദ്ധഭൂമിയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അതിനു മുന്പായി നികുംഭില എന്ന സ്ഥലത്ത് വെച്ച് ഒരു യാഗം നടത്താൻ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞ ജാംബവാൻ ശ്രീരാമനോട് ഇന്ദ്രജിത്തിന്റെ യാഗം മുടക്കണമെന്ന് പറഞ്ഞു. ഇന്ദ്രജിത്തിന് യാഗം പൂർത്തീകരിക്കാൻ കഴിഞ്ഞാൽ പിന്നെ ഒരാൾക്കും അദ്ദേഹത്തെ വധിക്കാൻ കഴിയില്ലെന്ന് വിഭീഷണൻ പറഞ്ഞു. ഉടൻ തന്നെ ലക്ഷ്മണന്റെ നേതൃത്വത്തിൽ ഒരു സൈന്യം ഇ
ന്ദ്രജിത്തിന്റെ യാഗം മുടക്കുവാൻ നികുംഭിലയിലേക്ക് പോയി.

ലക്ഷ്മണനും ഇന്ദ്രജിത്തും നേർക്കുനേർ വന്നു. പിന്നീടങ്ങോട്ട് അതിഘോരമായ യുദ്ധമായിരുന്നു. അതിമാരകമായ അസ്ത്രങ്ങൾ രണ്ടുപേരും പരസ്പരം ഉപയോഗിച്ചു. ഒടുവിൽ ലക്ഷ്മണൻ ഐന്ദ്രാസ്ത്രം എടുത്തു. അതിമാരകമായ അസ്ത്രമായിരുന്നു അത്. മഹാപ്രളയ കാലത്തെ മരണദേവത പോലെയായിരുന്നു ഐന്ദ്രാസ്ത്രം. ലക്ഷ്മണൻ ഐന്ദ്രാസ്ത്രമെടുത്ത് കുലച്ച് ഞാൺ ചെവിയോളം വലിച്ചു വിട്ടു. അത് ഒരു മിന്നൽ പിണർ പോലെ സഞ്ചരിച്ച് ഇന്ദ്രജിത്തിന്റെ കഴുത്ത് പിളർന്നു. ഇന്ദ്രജിത്ത് യുദ്ധക്കളത്തിൽ മരിച്ചു വീണു. രാവണസൈന്യം ഇന്ദ്രജിത്തിന്റെ മരണം കണ്ട് നാലുപാടും വിരണ്ടോടി. എന്നാൽ ശ്രീരാമസൈന്യമാകട്ടെ സന്തോഷത്താൽ ആർപ്പുവിളികൾ നടത്തി. ശ്രീരാമസൈന്യത്തിന് കടുത്ത വെല്ലുവിളിയായിരുന്നു ഇന്ദ്രജിത്ത്. ശ്രീരാമനും ലക്ഷ്മണനുമൊപ്പം തന്നെ ആയുധവിദ്യയിൽ നിപുണനായിരുന്നു ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ മരണം രാവണ സൈന്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. പ്രിയപുത്രന്റെ വിയോഗവാർത്തയറിഞ്ഞ രാവണൻ വാവിട്ടു കരയാൻ തുടങ്ങി. മണ്ധോദരിയും ആ‍ർ‍ത്ത് കരഞ്ഞു. സത്യത്തിൽ ഇന്ദ്രജിത്തിന്റെ മരണം രാവണസൈന്യത്തിന്റെ ശക്തി പകുതി കുറച്ചു. കാരണം രാവണനോടൊപ്പം തന്നെ കഴിവും ബലവുമുള്ള യോദ്ധാവായിരുന്നു ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ മരണത്തോടെ രാവണന് യുദ്ധരംഗത്തേയ്ക്ക് പോവേണ്ടത് അനിവാര്യമായി.

You might also like

Most Viewed