രാ­മകഥാ­മൃ­തം - ഭാ­ഗം 27


എ. ശിവപ്രസാദ്

കുംഭകർണ്ണൻ ശ്രീരാമസൈന്യത്തിന് മുന്നിലെത്തി യുദ്ധം തുടങ്ങി. കുംഭകർണ്ണനെ കണ്ട വാനരന്മാർ പേടിച്ച്  നാലുപാടും ചിതറിയോടി. കൈയിൽ ഉയ‍ർത്തിപ്പിടിച്ച ശൂലവുമായി വരുന്ന കുംഭകർണ്ണൻ ലോകനാശത്തനിറങ്ങിയ യമനെപ്പോലെ കാണപ്പെട്ടു. കുംഭകർണ്ണന്റെ പരാക്രമങ്ങൾ കണ്ട ശ്രീരാമൻ വാനരവീരനായ നീലനെ വിളിച്ച് കുംഭകർണ്ണനെ എതിരിടാനായി അയച്ചു. നീലനും മറ്റ് വാനവീരരും കുംഭകർണ്ണനോടെതിരേറ്റു. വൃക്ഷങ്ങളും പാറക്കഷണങ്ങളും എടുത്ത് അവർ കുംഭകർണ്ണനെ നേരിട്ടു. എന്നാൽ അവയൊന്നും കുംഭകർണ്ണനെ തടഞ്ഞില്ല. പാറകളും വൻവൃക്ഷങ്ങളും കുംഭകർണ്ണന്റെ ശരീരത്തിൽ തട്ടി ചിന്നിച്ചിതറി. കൊന്നോ പരിക്കേൽപ്പിക്കപ്പെട്ടോ അംഗഭംഗം വന്നോ നിരവധി വാനരന്മാർ യുദ്ധഭൂമിയിൽ വീണു. ശ്രീരാമസൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. അതിനുശേഷം കുംഭക‍ർണ്ണൻ ശ്രീരാമന്റെ അടുത്തെത്തി. ശ്രീരാമൻ കുംഭക‍ർണ്ണന് നേരെ ശരവർഷം തന്നെ നടത്തി. എന്നാൽ അവയൊന്നും കുംഭകർണ്ണനെ തളർത്താൻ പര്യാപ്തമായിരുന്നില്ല. അപ്പോൾ ശ്രീരാമൻ വായുവിനെ ആവാഹിച്ച് തൊടുത്തു വിട്ട ഒരു ശരം കുംഭകർണ്ണന്റെ വലതു കരം മുറിച്ചു. വേദന കൊണ്ട് പുളഞ്ഞ കുംഭകർണ്ണൻ ഇടതുകരം കൊണ്ട് ഒരു വൃക്ഷം കടപുഴകിയെടുത്ത് രാമനു നേരെ പ്രയോഗിച്ചു. അപ്പോൾ ശ്രീരാമൻ ഇന്ദ്രാസ്ത്രം തൊടുത്തു വിട്ടു. ഇന്ദ്രാസ്ത്രം കുംഭകർണ്ണന്റെ ഇടതു കരവും മുറിച്ചു. രണ്ടസ്ത്രങ്ങൾ കൂടി അയച്ച ശ്രീരാമൻ കുംഭകർണ്ണന്റെ രണ്ട് കാലുകളും മുറിച്ചു. പിന്നീട് ശ്രീരാമൻ പ്രയോഗിച്ച ആഗ്നേയാസ്ത്രം കുംഭകർണ്ണന്റെ ശിരസ് ഛേദിച്ചു. ഒരലർച്ചയോടെ കുംഭകർണ്ണൻ യുദ്ധഭൂമിയിൽ വീണു മരിച്ചു. ദേവലോകത്തെപ്പോലും വിറപ്പിച്ചിരുന്ന കുംഭകർണ്ണന്റെ മരണവാർത്തയറിഞ്ഞ രാക്ഷസന്മാർ നാലുപാടും ചിതറിയോടി. സൈനികർ കുംഭകർണ്ണന്റെ മരണവാർത്ത രാവണനെ അറിയിച്ചു. വാർത്ത കേട്ട രാവണൻ ബോധരഹിതനായി നിലംപതിച്ചു. വളരെ നേരം കഴിഞ്ഞ് ബോധം വീണ്ടെടുത്ത രാവണൻ ദുഃഖഭാരത്താൽ വാവിട്ടു കരഞ്ഞു.

രാവണന്റെ കടുത്ത ദുഃഖം കണ്ട് പുത്രന്മാരായ ദേവന്തകൻ, നരാന്തകൻ, അതികായൻ എന്നിവർ യുദ്ധഭൂമിയിലേക്ക് പോയി. പിന്നീടങ്ങോട്ട് അതിഘോരമായ യുദ്ധമായിരുന്നു. അംഗദനും നരാന്തകനുമായി ഏറ്റുമുട്ടി. ഒടുവിൽ നരാന്തകൻ അംഗദനാൽ വധിക്കപ്പെട്ടു. ദേവാന്തകൻ ഹനുമാന്റെ കരങ്ങളാൽ മൃത്യു വരിച്ചു. പിന്നീട് അതിശക്തനായ രാവണപുത്രൻ അതികായൻ വാനരസൈന്യത്തിൽ ശക്തമായ നാശം വിതച്ച് മുന്നേറി. ഒടുവിൽ ലക്ഷ്മണൻ ബ്രഹ്മാസ്ത്രമുപയോഗിച്ച് അതികായന്റെ കഥ കഴിച്ചു. വീരന്മാരായ തന്റെ പുത്രന്മാർ കാലപുരിയിലെത്തിയ വാർത്ത രാവണനെ തളർത്തി. കരഞ്ഞ് തളർന്നിരുന്ന രാവണന്റെ അടുത്ത് മൂത്തമകനായ ഇന്ദ്രജിത്ത് എത്തി. ഇന്ദ്രജിത്ത് രാവണനോട് പറഞ്ഞു. “എന്റെ വാത്സല്യനിധിയായ അച്ഛാ! ധീരനായ യോദ്ധാവേ! അവിടുന്ന് ഇങ്ങനെ നിരാശനാകരുത്! ഇന്ദ്രജിത്ത് ജീവിച്ചിരിക്കുന്നിടത്തോളം ആ മനസിൽ നിരാശയ്ക്ക് ഇടംകൊടുക്കരുത് അങ്ങയുടെ ശത്രുക്കൾക്ക് നാശമടുത്തിരിക്കുന്നു. എനിക്ക് മേൽ ഇന്നേവരെ ഒരുത്തനും വിജയമവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്റെ ശരങ്ങളാ‍ൽ ഞാൻ രാമലക്ഷ്മണന്മാരെ ഈ ഭൂമിയിൽ വീഴ്ത്തും. ഇതെന്റെ ശപഥമാണച്ഛാ.”

രാവണനോട് അനുവാദവും വാങ്ങി ഇന്ദ്രജിത്ത് യുദ്ധഭൂമിയിലേയ്ക്ക് പോയി. ഇന്ദ്രജിത്തിന്റെ യുദ്ധത്തിനായുള്ള യാത്ര കണ്ട് ഭൂമിയും സ്വർഗ്ഗവും വിറച്ചു. ഇന്ദ്രനെപ്പോലും തോല്പിച്ച ആ യുവധീരൻ ഒരു കൊടുങ്കാറ്റുപോലെ ശ്രീരാമസൈന്യത്തിൽ അക്രമണം തുടങ്ങി. ഇന്ദ്രജിത്ത് തൊടുത്തു വിട്ട ഓരോ അസ്ത്രവും ഓരോ വാനര വീരന്മാരുടെ ജീവനെടുത്തു. ഗന്ധമാദനൻ, നളൻ, നീലൻ, മൈന്ദൻ, ഗജൻ, ജാംബവാൻ, ഋഷഭൻ, സുഗ്രീവൻ, അംഗദൻ തുടങ്ങിയ വാനര വീരന്മാർക്ക് പോലും ഇന്ദ്രജിത്തിനാൽ മുറിവേറ്റു. ലോകാവസാനത്തിലെ കാലാഗ്നി പ്രപഞ്ചത്തെ വിഴുങ്ങുന്നത് പോലെയായിരുന്നു ഇന്ദ്രജിത്തിന്റെ പരാക്രമം. അന്തരീക്ഷത്തിൽ ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന മായാവിദ്യ ഇന്ദ്രജിത്തിന് വശമുണ്ടായിരുന്നു. ഇന്ദ്രജിത്തിന്റെ അസ്ത്രപ്രയോഗത്താൽ‍ വീർപ്പു മുട്ടിയ ശ്രീരാമസൈന്യം പരാജയ ഭീതിയിലായി. 

You might also like

Most Viewed