രാമകഥാമൃതം - ഭാഗം 26
എ. ശിവപ്രസാദ്
വജ്രദംഷ്ട്രനും ശേഷം യുദ്ധ നേതൃത്വം നൽകാൻ രാവണനാൽ നിയോഗിക്കപ്പെട്ടത് അകന്പനനാണ്. എന്നാൽ അധികനേരം കഴിയുന്നതിന് മുന്പ് തന്നെ അകന്പനൻ ഹനുമാനാൽ കൊല്ലപ്പെട്ടു. തന്റെ മഹാരഥന്മാരായ മൂന്ന് യോദ്ധാക്കളും കൊല്ലപ്പെട്ടത് രാവണനെ വിഷണ്ണനാക്കി. ഇതോടെ സ്വയം യുദ്ധഭൂമിയിൽ പോകാൻ തന്നെ രാവണൻ നിശ്ചയിച്ചു. രാവണൻ യുദ്ധഭൂമിയുടെ ചുറ്റുപാടും നടന്ന് സുരക്ഷ പരിശോധിച്ചു. അതിനുശേഷം തന്റെ പ്രധാനമന്ത്രിയായ പ്രഹസ്തനോട് യുദ്ധനേതൃത്വം വഹിക്കാനായി പറഞ്ഞു. ഒരു മഹായോദ്ധാവായിരുന്നു പ്രഹസ്തൻ. യുദ്ധഭൂമിയിലെത്തിയ പ്രഹസ്തൻ ശ്രീരാമസൈന്യത്തിന് മേൽ കനത്ത ആക്രമണം നടത്തി. നിരവധി വാനരന്മാരെ പ്രഹസ്തൻ കാലപുരിയിലയച്ചു. ഇതുകണ്ട വാനര വീരനായ നീലൻ പ്രസഹസ്തനോടേറ്റ് മുട്ടി. പ്രഹസ്തനും നീലനുമായി അതിഘോരമായ യുദ്ധമാണ് നടന്നത്. നീലൻ പ്രഹസ്തന്റെ തേര് നശിപ്പിച്ച് കുതിരകളെയും വധിച്ചു. പിന്നീട് വില്ലും നീലൻ മുറിച്ചു. ഇതോടെ നീലനും പ്രഹസ്തനും തമ്മിൽ മൽപ്പിടുത്തമായി. ഒടുവിലൻ നീലൻ ഒരു വലിയ പാറക്കല്ലെടുത്ത് പ്രഹസ്തനെ എറിഞ്ഞു. അതേറ്റതോടെ പ്രഹസ്തൻ തല പിളർന്ന് യുദ്ധഭൂമിയിൽ മരിച്ചു. പ്രഹസ്തന്റെ മരണവാർത്തയറിഞ്ഞ രാവണൻ ദുഃഖിതനായി. പ്രഹസ്തന്റെ മരണത്തിന് പകരം വീട്ടാനുറച്ച് രാവണൻ യുദ്ധഭൂമിയിലേയ്ക്ക് പോയി.
രാവണനൊപ്പം യുദ്ധഭൂമിയിലേയ്ക്ക് ഇന്ദ്രജിത്ത്, അതികായൻ, കുംഭൻ, നികുംഭൻ, നരാന്തകൻ തുടങ്ങിയ വീരന്മാരായ രാക്ഷസരും ഉണ്ടായിരുന്നു. രാവണനെ ആദ്യം എതിരിട്ടത് സുഗ്രീവനായിരുന്നു. എന്നാൽ രാവണന്റെ അസ്ത്രമോ സുഗ്രീവൻ ബോധമേറ്റ് നിലംപതിച്ചു. അതോടെ അങ്കലാപ്പിലായ വാനരസൈന്യം ശ്രീരാമന്റെ അടുത്തെത്തി. രാമൻ രാവണനോട് യുദ്ധം ചെയ്യാനായി പുറപ്പെട്ടു. എന്നാൽ ലക്ഷ്മണൻ ശ്രീരാമനെ തടഞ്ഞുകൊണ്ട് താൻ യുദ്ധത്തിന് പോകുമെന്ന് പറഞ്ഞു. ലക്ഷ്മണൻ ആയുധവുമേന്തി രാവണനോടേറ്റു മുട്ടാൻ പോയി. തുടർന്ന് രാവണനും ലക്ഷ്മണനും തമ്മിൽ ഭീഷണമായ യുദ്ധം നടന്നു. ഒടുവിൽ രാവണൻ ബ്രഹ്മാവ് നൽകിയ വേൽ കൈയിലെടുത്ത് ലക്ഷ്മണന് നേരെ പ്രയോഗിച്ചു. തീയും പുകയും വമിച്ചു കൊണ്ട് അത് ലക്ഷ്മണന് നേരെ ചീറിപ്പാഞ്ഞു. ലക്ഷ്മണൻ നിരവധി അസ്ത്രങ്ങൾ പ്രയോഗിച്ചെങ്കിലും വേൽ തടുക്കാൻ കഴിഞ്ഞില്ല. അത് ലക്ഷ്മണന്റെ ശരീരത്തിൽ പതിച്ചു. ലക്ഷ്മണൻ ബോധമറ്റ് വീണു. ഉടൻ തന്നെ രാവണൻ ലക്ഷ്മണനെ എടുക്കാനായി ശ്രമിച്ചു. എന്നാൽ രാവണന് ലക്ഷ്മണനെ ഉയർത്താൻ കഴിഞ്ഞില്ല. ഈ സമയത്ത് ഹനുമാൻ ഓടിവന്ന് ലക്ഷ്മണനെയും എടുത്ത് ശ്രീരാമസന്നിധിയിലേയ്ക്ക് പോയി. ശ്രീരാമ സ്പർശനമേറ്റതോടെ ലക്ഷ്മണൻ ഉണർന്നു. പൂർവ്വാധികം ആരോഗ്യവാനായ ലക്ഷ്മണൻ വീണ്ടും യുദ്ധത്തിനായി പുറപ്പെട്ടു. അപ്പോൾ ശ്രീരാമൻ യുദ്ധത്തിനായി യുദ്ധഭൂമിയിലേയ്ക്ക് പോകാൻ ഒരുങ്ങി.
യുദ്ധഭൂമിയിലെത്തിയ രാമൻ രാവണനുമായി യുദ്ധമാരംഭിച്ചു. രണ്ടുപേരും അതിശക്തമായ അസ്ത്രങ്ങൾ വർഷിച്ചു കൊണ്ടിരുന്നു. രാവണൻ്റെ തേരും കുതിരകളെയും രാമൻ നശിപ്പിച്ചു. ശ്രീരാമൻ വജ്രം പോലുള്ള ഒരസ്ത്രം രാവണന് നേരെ പ്രയോഗിച്ചു. ശ്രീരാമാസ്ത്രം കണ്ട രാവണൻ യുദ്ധ രംഗം വിട്ട് ഓടിപ്പോയി. ശ്രീരാമനാൽ അപമാനിതനായ രാവണൻ കുംഭകർണ്ണനെ ഉണർത്താൻ തന്നെ തീരുമാനിച്ചു. കുംഭകർണ്ണനെ ഉണർത്താൻ രാക്ഷസന്മാർ പോയി. അവർ തങ്ങളുടെ കൈയിൽ സുഗന്ധദ്രവ്യങ്ങളും ഭക്ഷണപദാർത്ഥവും എടുത്തിരുന്നു. അവർ കുംഭകർണ്ണന്റെ മുന്നിൽ ഭക്ഷണ പദാർത്ഥം നിരത്തി വെച്ചു. നിരവധി സമയത്തെ പ്രയത്നത്തിന് ശേഷം കുംഭകർണ്ണൻ ഉണർന്നു. കുപിതനായ അദ്ദേഹം തന്നെ ഉണർത്തിയത് എന്തിനാണെന്ന് ചോദിച്ചു. രാക്ഷസസൈന്യത്തിലെ പ്രഗത്ഭനായിരുന്ന യൂപാക്ഷൻ നടന്ന സംഭവങ്ങൾ ഓരോന്നായി കുംഭകർണ്ണനെ അറിയിച്ചു. യൂപാക്ഷന്റെ വാക്കുകൾ കേട്ട് കുംഭകർണ്ണൻ പറഞ്ഞു. “ഈ നിമിഷം തന്നെ ഞാൻ ശ്രീരാമനോടെതിരിടാൻ പോകുകയാണ്. രാമലക്ഷ്മണന്മാരെയും ശ്രീരാമസൈന്യവും ഞാനിപ്പോൾ നശിപ്പിക്കും.” ആയുധങ്ങളുമെടുത്ത് കുംഭകർണ്ണൻ യുദ്ധത്തിനായി പോയി.