യാഥാർത്ഥ്യം ഉൾക്കൊള്ളുന്പോൾ...
വൽസ ജേക്കബ്
ജീവിതത്തിലെ വേദനകൾ ചിലരെ നിരാശരും ഏകാകികളും നിഷ്ക്രിയരും ആക്കാറുണ്ട്. എന്നാൽ മറ്റ് ചിലർ അതിൽ നിന്നും മോചനം പ്രാപിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ഒക്കെ ചെയ്യും. ചിലർ സ്വയം ഉൾവലിയുന്പോൾ മറ്റുചിലർ കൂടുതൽ ആൾക്കാരുമായി ഇടപഴകാൻ ശ്രമിക്കും. ചിലർ ജോലിയിലും ജീവിതത്തിലും താൽപ്പര്യമില്ലാതെ എങ്ങനെയോ ഓരോ ദിവസവും തള്ളിനീക്കുന്പോൾ മറ്റ് ചിലർ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നവരായി മാറും.
അമേരിക്കയിൽ ജനിച്ചു വളർന്ന തെൽമ കിംഗ് തെയിൽ എന്ന സ്ത്രീയെ അധികമാരും അറിയുമായിരുന്നില്ല. പഠിച്ചു നേഴ്സ് ആയി ജോലിയുള്ള തെൽമാ വിവാഹവും കഴിഞ്ഞ് ഭർത്താവും കുട്ടികളുമായി സന്തോഷമായി ജീവിച്ച് വന്നു. അപ്പോൾ അവർക്ക് മൂന്നാമത്തെ ഒരു മകൻ ജനിച്ചു. 1966−ൽ ജനിച്ച മകന് അവർ ഡീൻ എന്ന് പേരും വിളിച്ചു. മകൻ ജനിച്ചത് സന്തോഷം നൽകിയെങ്കിലും അവന്‍റെ വിട്ടുമാറാത്ത അസുഖം അവരെ ദുഃഖാർത്തരാക്കി. ജന്മനാ കരളിന് വിട്ടുമാറാത്ത വൈകല്യം ആയിരുന്നു അത്. ബിലിയറി അട്രേസിയ എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം കരളിന്‍റെ കോശങ്ങളെ ചുരുക്കുന്നതായിരുന്നു. ഭക്ഷണം ദഹിക്കാൻ സഹായിക്കുന്ന ദ്രാവകം ഉണ്ടാക്കുന്ന പിത്തനീർനാളികൾ അടഞ്ഞിരിക്കുന്നതാണ് ഇതിന്റെ പ്രേത്യേകത. ഇത് കുഞ്ഞുങ്ങളിൽ ജനിച്ച ശേഷം ഏകദേശം രണ്ടാഴ്ചകൾക്ക് ശേഷം മാത്രമാണ് കണ്ടുപിടിക്കാൻ ആകുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്ക് അധികം ആയുസ്സുണ്ടാകില്ല. ഏറിയാൽ ഒരു വർഷം. ഇവർ കൈകാലുകൾ ശോഷിച്ച്, അസ്ഥികൾക്ക് ബലമില്ലാതെ, ഉദരം വിർത്ത്, പലപ്പോഴും വീണ് എല്ലുകൾ ഒടിഞ്ഞു വേദനിച്ചു ജീവിച്ച് തീർക്കുകയാണ് തങ്ങളുടെ ജീവിതം. ഡീനും ഈ കഷ്ടതകൾക്ക് ഇരയായിരുന്നു. പോരാത്തതിന് ദുസ്സഹമായ ചൊറിച്ചിലും ദേഹം മുഴുവൻ ഉണ്ടായിരുന്നു. വേദനയുടേയും ദുഃഖത്തിന്റെയും നാളുകൾ നാലുവയസ്സിൽ മരണത്തോടെ തീർന്നു.
പക്ഷേ തെൽമ എന്ന അമ്മയ്ക്ക് ആ ദുഃഖം താങ്ങാവുന്നതിലും അധികമായിരുന്നു. തന്‍റെ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിച്ച ആ പൈതലിന്‍റെ മുഖം അവരെ എപ്പോഴും വേദനപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ ഒരു ദിവസം ഏഴ് വയസ്സുള്ള ഡീനിന്‍റെ സഹോദരിയുടെ വാക്കുകൾ ആ അമ്മയെ ജീവിതയാഥാർത്ഥ്യം നേരിടാൻ പ്രേരിപ്പിച്ചു. "ഡീൻ ഇപ്പോൾ അവനിഷ്ടമുള്ള പാട്ടുകൾ കേട്ട് സ്വർഗത്തിൽ ഉണ്ട്." എന്ന മകളുടെ വാക്കുകൾ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. അന്ന്മുതൽ അവർ രോഗങ്ങളെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി. പ്രേത്യേകിച്ചും കരൾ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ആൾക്കാർ തീർത്തും അജ്ഞരാണ് എന്ന് മനസ്സിലാക്കിയ തെൽമ അതിൽ കൂടുതൽ ശ്രദ്ധ നൽകി. അങ്ങനെയാണ് അമേരിക്കൻ ലിവർ ഫൗണ്ടേഷൻ എന്ന പ്രസ്ഥാനത്തിന് തുടക്കമായത്. 1970−ൽ ഇതിന് തുടക്കം ആയി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും, വിദേശത്തും ഉള്ള സംഘടനകൾ, വ്യക്തികൾ, ആരോഗ്യപ്രസ്ഥാനങ്ങളിലുള്ളവർ, വിദ്യാഭ്യാസ മേഖലയിലുള്ളവർ, കൗൺസിലർമാർ, നേതാക്കൾ ഇങ്ങനെ പല തുറയിലുള്ളവരെ ബോധവൽക്കരിച്ച് തന്‍റെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നു. "Give Your Liver A Break" എന്ന DVD തെൽമ ഉണ്ടാക്കിയ അനേകം വിദ്യാഭ്യാസ DVDകളിൽ പ്രധാനപ്പെട്ടതാണ്.
ജീവിതത്തിലെ സംഭവങ്ങളെ ഉൾക്കൊള്ളുവാനും അവയിലൂടെ പാഠം ഉൾക്കൊണ്ട് ജീവിതം സ്വയവും മറ്റുള്ളവർക്കും പ്രയോജനമുള്ളതാക്കുന്പോൾ മാത്രമാണ് ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നത്.