രാ­മകഥാ­മൃ­തം - ഭാ­ഗം 25


എ. ശിവപ്രസാദ്

യുദ്ധം ആരംഭിക്കാൻ ശ്രീരാമൻ തയ്യാറായി. യുദ്ധമുറ വളരെ കൃത്യമായി പാലിക്കപ്പെടണമെന്ന് ശ്രീരാമന് നിർബന്ധമുണ്ടായിരുന്നു. സാധ്യമെങ്കിൽ യുദ്ധം ഒഴിവാക്കാനും അവസാനമായി സന്ധിക്കു ശ്രമിക്കാനും ഒരു ദൂതനെ അയയ്ക്കുക എന്നത് യുദ്ധനിയമമാണ്. അതു പാലിക്കാനായി ബാലിപുത്രനായ അംഗദനെ രാവണസഭയിലേക്ക് അയക്കാൻ നിശ്ചയിച്ചു. ശ്രീരാമന്റെ ദൂതുമായി അംഗദൻ രാവണസഭയിലെത്തി. തന്റെ സഭയിലെത്തിയ അംഗദനെ കണ്ട രാവണന്റെ രോഷം ആളിക്കത്തി. അംഗദനെ പിടിച്ചു കെട്ടാൻ രാവണൻ ആജ്ഞാപിച്ചു. ഉടൻ തന്നെ കുറച്ച് രാക്ഷസർ വന്ന് അംഗദനെ പിടിച്ചുകെട്ടി. എന്നാൽ അംഗദൻ ആ രാക്ഷസരെയും കൊണ്ട് തൊട്ടടുത്ത ഒരു ഗോപുരത്തിലേക്ക് ചാടിക്കയറി. എന്നിട്ട് ആ രാക്ഷസരെ താഴേക്കറിഞ്ഞു കൊന്നു. ഗോപുരം തവിടുപൊടിയാക്കുകയും ചെയ്തു. അംഗദന്റെ പ്രവർത്തികൾ രാവണനിൽ കോപം ഇരട്ടിയാക്കി. രാമനാകട്ടെ തന്റെ യുദ്ധമൊഴിവാക്കാൻ വേണ്ടി തനിക്ക് കഴിയുന്നതെല്ലാം ചെയ്തു എന്ന ചാരിതാർത്ഥ്യവും ഉണ്ടായി. ദൂതനെ തിരിച്ചയ്ക്കുക കൂടി ചെയ്തതോടെ യുദ്ധം അനിവാര്യമായി തീർന്നു. ഇരു സൈന്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചു. ശ്രീരാമസൈന്യം ലങ്കയിലെ കോട്ട മതിലുകളിൽ കയറി ആക്രമണമാരംഭിച്ചു. മതിലുകൾ പൊളിക്കപ്പെട്ടു. കോട്ടവാതിലുകൾ തച്ചുടച്ചു. വാനരന്മാർ തങ്ങളുടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കാനാരംഭിച്ചു. കാഹളത്തിന്റെയും പെരുന്പറയുടെയും ശബ്ദത്തോടു കൂടി രാവണസൈന്യവും വാനരന്മാരെ എതിരിട്ടു. രണ്ടു സൈന്യങ്ങളും ഏറ്റുമുട്ടി. ആ പോരാട്ടം ഘോരമായിരുന്നു. താമസിയാതെ രക്തപ്പുഴ ഒഴുകാൻ തുടങ്ങി. ചോര പുരണ്ട യുദ്ധഭൂമിയിൽ പല ദ്വന്ദയുദ്ധങ്ങളും നടന്നു. രാവണപുത്രനായ ഇന്ദ്രജിത്ത് അംഗദനുമായി യുദ്ധം ചെയ്തു. ഹനുമാൻ ജംബുമാലിയുമായി പൊരുതി. നീലൻ നികുംഭനുമായിട്ടായിരുന്നു യുദ്ധം. ലക്ഷ്മണൻ വിരൂപാക്ഷനോടേറ്റുമുട്ടി. ഇന്ദ്രജിത്ത് തന്റെ ഗദ കൊണ്ട് അംഗദനെ ശക്തിയായി അടിച്ചു. അതിനു പകരമായി അംഗദൻ ഇന്ദ്രജിത്തിന്റെ രഥവും കുതിരയും സാരഥിയേയും നശിപ്പിച്ചു. ലക്ഷ്മണന്റെ ഒരസ്ത്രത്താൽ വിരൂപാക്ഷൻ കൊല്ലപ്പെട്ടു. ആയുധങ്ങൾ കൊണ്ടും പാറക്കഷണങ്ങളും വൃക്ഷങ്ങളും കൊണ്ട് യുദ്ധഭൂമി നിറഞ്ഞു.

രാമലക്ഷ്മണന്മാരും യുദ്ധം ചെയ്യുകയായിരുന്നു. ഓരോ ശരവും ഓരോ രാക്ഷസ ജീവനുകളെടുത്തു. ഇതിനിടയിൽ ഇന്ദ്രജിത്ത് തന്റെ മായാപ്രയോഗങ്ങൾ കൊണ്ട് ശ്രീരാമസൈന്യത്തിനും നാശം വരുത്തിക്കൊണ്ടിരുന്നു. ആകാശത്തിൽ ഒളിഞ്ഞു നിന്നു കൊണ്ടുള്ള ഇന്ദ്രജിത്തിന്റെ യുദ്ധം അസഹനീയമായിരുന്നു. ഇന്ദ്രജിത്തിനോടേറ്റുമുട്ടുന്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ശ്രീരാമൻ വാനര വീരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ ആകാശത്ത് ഒളിഞ്ഞു നിന്നു കൊണ്ട് ഇന്ദ്രജിത്ത് രാമലക്ഷ്മണന്മാർക്ക് നേരെ അതിഘോരമായ നാഗാസ്ത്രം പ്രയോഗിച്ചു. നാഗാസ്ത്രത്താൽ ബന്ധിതരായി ശ്രീരാമനും ലക്ഷ്മണനും ബോധമറ്റ് നിലംപതിച്ചു. രാമലക്ഷ്മണന്മാർ നിലം പതിച്ചതറിഞ്ഞ ശ്രീരാമസൈന്യം ഭീതിയിലാണ്ടു. വിഭീഷണനും സുഗ്രീവനും ൈസന്യത്തെ ആശ്വസിപ്പിക്കാൻ നന്നേ പാടുപെട്ടു. ഈ സമയത്ത് നാഗങ്ങളുടെ ശത്രുവായ ഗരു‍‍ഢൻ അവിടെയെത്തി. ഗരുഢസ്പർശനത്തോടെ രാമലക്ഷ്മണന്മാർ നാഗാസ്ത്രബന്ധനത്തിൽ നിന്ന് മോചിതരായി. രാമലക്ഷ്മണന്മാർ നാഗാസ്ത്രമോചിതരായ വിവരം ശ്രീരാമസൈന്യത്തെ വർദ്ധിത വീര്യരാക്കി. എന്നാൽ രാമലക്ഷ്മണന്മാർ നാഗാസ്ത്ര മോചിതരായ വിവരമറിഞ്ഞ രാവണൻ അസ്വസ്ഥനായി. ധൂമ്രാക്ഷനെന്ന ഒരു ശക്തനായ രാക്ഷസനെ രാവണൻ യുദ്ധഭൂമിയിലേക്കയച്ചു. ധൂമ്രാക്ഷൻ തന്റെ സൈനികരോടു കൂടി ശ്രീരാമസൈന്യത്തിൽ കനത്ത നാശം വിതച്ചു. നിരവധി വാനരവീരന്മാർ യമപുരിയിലെത്തി. ഇതുകണ്ട ഹനുമാൻ ധൂമ്രാക്ഷനോടെതിരിടാനെത്തി. അതിഘോരമായ യുദ്ധമായിരുന്നു പിന്നീട് നടന്നത്. ഹനുമാൻ ഒരു വലിയയ പാറ പിഴുതെടുത്ത് ധൂമ്രാക്ഷനെ എറിഞ്ഞു. തേരും കുതിരകളും തകർന്ന ധൂമ്രാക്ഷൻ അവിടെ വീണ് മരിച്ചു. ധൂമ്രാക്ഷൻ മരിച്ചതറിഞ്ഞ രാവണൻ വജ്രദംഷ്ട്രനെയാണ് പിന്നീടയച്ചത്. എന്നാൽ വജ്രദംഷ്ട്രന് അധികനേരം യുദ്ധഭൂമിയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അംഗദനോടേറ്റു മുട്ടിയ വജ്രദംഷ്ട്രൻ യുദ്ധഭൂമിയിൽ മരിച്ചു വീണു.

You might also like

Most Viewed