പ്രഭോ പരാജിത നിലയിൽ !!
ശരശയ്യ - നിതിൻ നാങ്ങോത്ത്
നമോ വേഗം എന്ന അടിയെഴുത്തിൽ വൈറലായ ജസ്റ്റിൻ ഗാറ്റ്ലിൻ എന്ന വിനയപുത്രന്‍റെ പെരുമാറ്റ മഹത്ത്വത്തെപ്പറ്റിത്തന്നെ. ഒതുക്കലിന്‍റെയും കുതുകാൽവെട്ടലിന്‍റെയും ചവിട്ടിത്തേക്കലിന്‍റെയും സെൽഫിഷ് മത്സരകാലത്ത് ഇത്തരം ചെയ്ത്തുകൾ നന്മ വെന്‍റിലേറ്ററിലായിട്ടില്ല എന്ന സത്യം വിളംബരം ചെയ്യുന്നു.തോൽപ്പിച്ചവന്‍റെ മുഖത്തുനോക്കി അട്ടഹസിച്ച് മലക്കം മറിഞ്ഞ് പൃഷ്ടമുരുട്ടി ഷാംപെയ്ൻ നുരപ്പിക്കുന്ന പുതുതാരങ്ങൾക്കിടയിൽ ബോൾട്ടും ഗാറ്റ്ലിനും മാേസ്റ്റഴ്സാവുന്നു. പ്രതിഭയുടെ മിന്നൽ പ്രഭാവങ്ങൾ. നമിക്കുന്നു വേഗദൈവങ്ങളേ...
ഇവിടെ കൊന്നും കൊല്ലിച്ചും എല്ലാം പിടിച്ചടക്കാൻ ഭ്രാന്തമായിപ്പായുന്ന അമേച്വർ അത്ലറ്റിക്സുകളുടെ പിത്തലാട്ടങ്ങൾ കാണുന്പോൾ കായികപ്രേമം വാളുവെയ്ക്കുന്നു. ബ്രാഡ്മാനും സച്ചിനും ഫെഡററും കോട്നി വാൽഷുമൊക്കെ അഹംബോധമില്ലായ്മയുടെ മനഃശാസ്ത്രങ്ങളായി വിക്ടറിസ്റ്റാന്‍റിൽ എന്നുമുണ്ടാവും. ട്രാക്കിലും ഫീൽഡിലും ഡ്രസ്സിംഗ്റൂമിലും അവർ കാണിച്ച പെരുമാറ്റ സൗന്ദര്യം പുതിയ തലമുറയിലെ ജാഡകളുടെ ബ്രാന്‍റ് അംബാസിഡർമാർക്ക് എഞ്ചുവടിയാണ്.എന്നിസത്തിന്‍റെ സ്വയംകായ പ്രവേശത്തിൽ പ്രതിഭാധനം ഇഞ്ചിഞ്ചായി ഉരുകിത്തീരുന്നത് ഇക്കൂട്ടർ അറിയുന്നതേ ഇല്ല. ഇത്തരം പൂക്കൂറ്റി ലെജന്‍റുകൾ ഇന്ത്യൻ സ്പോർട്സിന്‍റെ ശാപമാണ്.
‘ചിത്ര’യോഗം മഹാകാവ്യം കഴിഞ്ഞ ആഴ്ചകളിൽ നാം പാരപാരായണം ചെയ്തതാണല്ലോ? എലിവാണത്തിൽ നിന്ന് നിലച്ചക്രത്തിലേയ്ക്ക് കരിഞ്ഞുപോയ പയ്യോളിത്തീവണ്ടിയുടെ ദുരവസ്ഥ. പരിശീലകർ പോലും പെട്ടിയും കിടക്കയുമെടുത്ത് വളരെ സേഫായി അവരവരുടെ ബർത്ത് ഉറപ്പിച്ച് രാജ്യസേവയ്ക്കായി ലണ്ടനിലേയ്ക്ക് കുമ്മനപ്പെട്ടപ്പോൾ ദാരിദ്ര്യത്തോട് പടവെട്ടി ജയിച്ചുകയറിയ കുട്ടിയെ ഒന്ന് പുഷ് ചെയ്യാൻ വൃത്തികെട്ട ഈഗോ പലരെയും നയിച്ചില്ല. കായികതാരങ്ങൾക്ക് നമ്മുടെ അതോറിറ്റികൾ കൊടുക്കുന്ന ഡീമോട്ടിവേഷൻ അഥവാ പുച്ഛപ്രചോദനത്തിന് അന്പതാണ്ടിന്‍റെ പഴക്കമുണ്ട്. എക്കാലത്തേയും സ്പ്രിന്‍റെ റാണിയെ ചാണക അഭിഷിക്തയായിട്ടാണ് മത്സരശേഷം വരവേറ്റത്. സ്വർണ്ണം മല്ലേശ്വരിയായി വണ്ടിയിറങ്ങിയ കർണ്ണംമല്ലേശ്വരിയെ സ്വീകരിക്കാൻ ഒരു മല്ലനും മാധേവനും ഇന്നാട്ടിലുണ്ടായിരുന്നില്ല. ബ്ലാങ്ക് വായിൽ ഓഫർ ചെയ്ത ഒരു വാഗ്ദാനവും പച്ച കണ്ടില്ല. പരമപുച്ഛനാലിറ്റി വേറെയും. മേരീകോമിനും മിത്താലി രാജിനുമൊക്കെ തീക്ഷ്ണ അവഗണന യാഥാർത്ഥ്യങ്ങൾ ഷെയർ ചെയ്യുവാനുണ്ടാവും. വിജയേത്രിയായ സൈന നേഹ്്വാൾ മൈക്ക് പോയിന്‍റിൽ പൊട്ടിപ്പോയത് നമ്മളെയും ഈറനണിയിച്ചതാണല്ലോ! സാനിയ എത്ര സാക്രിഫൈസ് ചെയ്തിട്ടാണ് ഓരോന്നും നേടിയതെന്നുളളത് ചരിത്രപാഠമാണ്. കളിക്കപ്പുറംകളി പഠിപ്പിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ക്വാളിറ്റിയുമില്ലാത്ത പരട്ടലോബിയാണ് ഇന്ത്യൻ കായിക തേരോട്ടത്തിന്‍റെ ടയറ് പഞ്ചറാകുവാൻ കാരണം. സ്വജനപക്ഷപാതവും, പ്രാഫഷണൽ ജലസിയും, കട്ടപ്പാ
രയും, പിറകീന്നു കുത്തും... തേപ്പ് ഗ്രൂപ്പുകാരെ മുന്നീന്ന് കുത്താൻ ആളില്ലാതെ പോയി.അഞ്ചു ബോബി ജോർജ്ജൊക്കെ നെഞ്ചുരുകിയാണ് ജന്മഗേഹത്തോട് സലാം ചൊല്ലി അമ്മ സഹായത്താൽ തമിഴ്നാട്ടിൽ ക്ലച്ച് പിടിച്ചത്. എന്നിട്ടെന്തായി? ലോകോത്തരമായിട്ടും സ്പോർട്സ് അസോസിയേഷൻ എന്ന അംഗനവാടിയിൽ പുകച്ചു പുറത്തു ചാടിച്ചില്ലേ? ഡേട്ടി പൊളിറ്റിക്സിൽ വിതുന്പിപ്പോയ, മടുത്തു കട്ടേം പടവും മടക്കി സ്ക്കൂളടച്ച എത്രയെത്ര ശുക്രനക്ഷത്രങ്ങൾ നമുക്കുണ്ടായിട്ടുണ്ട്.
നാല് വർഷത്തെ പീഡിതപർവ്വം പൂർത്തിയാക്കിയ ശ്രീശാന്തിന്‍റെ നഷ്ടമായ കരിയർ എങ്ങനെ തിരിച്ചു കിട്ടും. വാത് വെപ്പ് ഗൂഢാലോചനയിൽ കുടുങ്ങിപ്പോയ ശ്രീക്ക് ചിറകുകൾ നൽകാൻ വൈകിയെങ്കിലും കോടതിക്ക് അലിവുണ്ടായതിൽ ക്രിക്കറ്റ് പ്രേമികൾക്കെങ്കിലും സന്തോഷിക്കാം. കുറേ “ബ്ലോക്ക്” ഡവലപ്പ്മെന്‍റ് മേലാളന്‍മാരുടെ ടൈംപാസിന് വിധേയമായി ഭാരതത്തിന്‍റെ വജ്രബോളറും!! ശ്രീ പിച്ചിലെറിഞ്ഞ മ്യാരക ബീമറും യോർക്കറും തേപ്പുകാരുടെ മെഡുലാ ഒബ്ലാംഗേറ്റയെക്കൂടി ചുംബിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുകയാണ്. ഒഫീഷ്യലുകളുടെ “പാര’’ലോളജിയിൽ മുട്ടുകുത്തപ്പെട്ടവരെങ്കിലും വേഗരാജാക്കന്‍മാരുടെ ചിത്രനന്മയിൽ ഹൃദയാഹ്ലാദപ്പെട്ടുപോയിരിക്കണം.
അപരനെക്കൂടി അംഗീകരിക്കാനുളള വിനയം എന്നാണാവോ നമ്മൾ പഠിച്ചെടുക്കുക. ശരിയായ വിജയം ഒരു നൂറുമീറ്റർ ഓട്ടത്തിൽ തീരുന്നതല്ലെന്നും മാരത്തോൺ പോലെ തുടരുന്നതാണെന്നും ജമൈക്കൻ അമേരിക്കൻ ദൈവങ്ങൾ കാട്ടിത്തന്നു. ചിത്രവധത്തിന്‍റെ ഒഫീഷ്യൽ പ്രേതാത്മാക്കളെങ്കിലും ഇത്തരം കാഴ്ചകളാൽ മാനസാന്തരപ്പെട്ടെങ്കിൽ!! പണ്ട്, വളരെപ്പണ്ട് അവസാന വിക്കറ്റിൽ മങ്കാദഡ് ഔട്ട് വഴി കളി ജയിക്കുമായിരുന്നിട്ടും ആ ക്രൂരകൃത്യം ചെയ്യാതെ, ക്രീസിൽ നിന്നും വെപ്രാളപ്പെട്ട് ഇറങ്ങിയോടിയ നോൺസ്ട്രൈക്കറെ നോക്കി കോട്നി വാൽഷ് ചിരിക്കുക മാത്രം ചെയ്തു. ഈ ചിരി അപൂർവ്വങ്ങളിൽ അപൂർവ്വമായ അടയാളപ്പെടുത്തലാണ്. വാൽഷിന് ശേഷം ഗാറ്റ്ലിൻ വരെ...