രാ­മകഥാ­മൃ­തം - ഭാ­ഗം 24


എ. ശിവപ്രസാദ്

വിശ്വകർമ്മാവിന്റെ പുത്രനായ വാനരവീരൻ നളന്റെ നേതൃത്വത്തിൽ ലങ്കാപുരിയിലേക്കുള്ള സേതുബന്ധനം ആരംഭിച്ചു. വാനരന്മാർ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് വലിയ പാറകളും വൻമരങ്ങളും പിഴുതുകൊണ്ടുവന്നു. പാറകളും വൻമരങ്ങളും സമുദ്രത്തിലേക്ക് എറിയുന്നതിന്റെ ശബ്ദം അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. ഹനുമാൻ, ജാംബവാൻ, നളൻ, അംഗദൻ, നീലൻ, ഋഷഭൻ തുടങ്ങിയ അമിതബലവാന്മാരായ വാനരശ്രേഷ്ഠരുടെ കഠിനാദ്ധ്വാനം മൂലം പാലത്തിന്റെ നി‍‍ർമ്മാണം അതിവേഗം പുരോഗമിച്ചു. ആദ്യദിവസം തന്നെ പതിനാലു യോജന പണി പൂർത്തിയായി. രണ്ടാം ദിനം ഇരുപതു യോജനയും കഴിഞ്ഞു. അങ്ങിനെ അഞ്ച് ദിവസം കൊണ്ട് സേതുബന്ധനം പൂർത്തിയായി.

ശ്രീരാമസൈന്യം പാലം കടക്കാൻ തയ്യാറായി. ഹനുമാന്റെ ചുമലിൽ ശ്രീരാമനും അംഗദന്റെ ചുമലിൽ സുഗ്രീവനും കയറി യാത്രയാരംഭിച്ചു. തൊട്ടടുത്ത ദിവസം ശ്രീരാമസൈന്യം ലങ്കയിലെത്തി. സാമാന്യം സുരക്ഷിതമായ ഒരു സ്ഥലത്ത് സൈന്യം താവളമുറപ്പിച്ചു. പിറ്റേന്ന് രാവിലെ സുഗ്രീവനും ശ്രീരാമനും ചേർന്ന് സൈന്യത്തെ ക്രമപ്പെടുത്തി. ലങ്കയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വിഭീഷണൻ അവർക്ക് പറഞ്ഞു കൊടുത്തു. ഇതിനിടയിൽ ശ്രീരാമസൈന്യം ലങ്കയിൽ പ്രവേശിച്ച വിവരം രാവണൻ അറിഞ്ഞു. അപ്പോൾ രാവണൻ ശുകൻ, സാരണൻ എന്നീ രാക്ഷസന്മാരെ വിളിച്ച് വാനരവേഷം ധരിച്ച് ശ്രീരാമസൈന്യത്തിൽ പോയി അവരുടെ സൈനിക ശക്തിയെക്കുറിച്ചറിഞ്ഞു വരാൻ പറഞ്ഞു. രാവണന്റെ ആജ്ഞയനുസരിച്ച് ശുകസാരണന്മാർ വാനര വേഷം പൂണ്ട് ശ്രീരാമസൈന്യത്തിൽ കയറിക്കൂടി. എന്നാൽ ശ്രീരാമസൈന്യത്തിന്റെ തുടക്കവും ഒടുക്കവും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ വിഭിഷണൻ ശുകസാരണന്മാരെ തിരിച്ചറിഞ്ഞു. ശ്രീരാമസൈനികർ ഇവരെ പിടിച്ച് രാമസന്നിധിയിലെത്തിച്ചു. എന്നാൽ രക്ഷിക്കണമെന്ന് കേണപേക്ഷിച്ച അവരെ ശ്രീരാമൻ വെറുതെ വിട്ടു.

ശ്രീരാമസൈന്യത്തിൽ നിന്നും രക്ഷപ്പെട്ട ശുകസാരണന്മാർ രാവണ സന്നിധിയിൽ എത്തി. ശ്രീരാമസൈന്യത്തെക്കുറിച്ച് വിവരിച്ചു. ശ്രീരാമസൈന്യം അതിശക്തമാണെന്നും അവരെ തോൽപ്പിക്കുക അസാധ്യമെന്നും ശുകസാരണന്മാർ രാവണനോട് പറഞ്ഞു. ഇതിനിടയിൽ രാവണൻ സീതയെ ഭയപ്പെടുത്താനായി തീരുമാനിച്ചു. തന്റെ മായാപ്രയോഗങ്ങളിൽ വിദഗ്ദ്ധനായിരുന്ന വിദ്യുജ്ജിറൻ എന്ന രാക്ഷസനെ വിളിച്ചു വരുത്തി. എന്നിട്ട് ശ്രീരാമന്റെ അതേ രൂപത്തിലുള്ള ഒരു തല ഉണ്ടാക്കാനായി ആവശ്യപ്പെട്ടു. എന്നിട്ട് അതുമായി സീതയുടെ സമീപത്തെത്തി. രാവണൻ പറഞ്ഞു. “സീതേ! രാമനെ മറക്കാനുള്ള സമയമായിരിക്കുന്നു. നിന്റെ ഭർത്താവായ ശ്രീരാമൻ കൊല്ലപ്പെട്ടിരിക്കുന്നു. ഇനി ഭവതിയെ സഹായിക്കാൻ ആരുമില്ല. ഭവതി ഇനി എന്റേതാകുക തന്നെ വേണം! രാമനെ മറന്ന് സന്തോഷമായി എന്റെ അന്തഃപുരത്തിലേക്ക് വരൂ! എന്റെ ശക്തമായയ സൈന്യം ലങ്കയിൽ പ്രവേശിച്ച ശ്രീരാമനെ വകവരുത്തി.” ഇതു പറഞ്ഞു കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയ രാമശിരസ് സീതയുടെ മുന്നിലേക്ക് ഇട്ടു.

ശ്രീരാമദേവന്റെ ശിരസ് കണ്ട സീതാദേവി ബോധരഹിതയായി. അൽപ്പനേരം കൊണ്ട് ബോധം വീണ്ടെടുത്ത സീതാദേവി വാവിട്ടു കരഞ്ഞു. കഴിഞ്ഞ കാലത്തെ ഓരോരോ സംഭവങ്ങൾ വിവരിച്ചു കൊണ്ട് സീതാദേവി അലമുറയിട്ട് കരഞ്ഞു. എന്നാൽ ഇത് രാവണന്റെ മായാവിദ്യയാണെന്ന് വീഭീഷണ പത്നിയായ സരമ സീതയോട് പറഞ്ഞു. സീതയെപ്പറ്റി ദുഃഖിക്കുന്ന ചുരുക്കം ചില രാക്ഷസന്മാരിൽ ഒരാളായിരുന്നു സരമ. ദുഃഖിക്കേണ്ടതിലെന്നും ഭർത്താവായ ശ്രീരാമൻ ഒരു വന്പൻ സൈനികശക്തിയുമായി കടൽത്തീരത്ത് എത്തിയിട്ടുണ്ടെന്നും അധികം താമസിയാതെ രാവണ നിഗ്രഹം ഉണ്ടാകുമെന്നും സരമ സീതയോട് പറഞ്ഞു. സരമയുടെ വാക്കുകൾ സീതക്ക് വലിയ ആശ്വാസമായി തോന്നി.

ശ്രീരാമസൈന്യം ലങ്കാ നഗരത്തോടടുത്തു കൊണ്ടിരിക്കുകയായിരുന്നു. ശംഖിന്റെയും വാനരന്മാരുടെയും ശബ്ദങ്ങൾ അന്തരീക്ഷത്തെ കലുഷിതമാക്കി. പ്രസിദ്ധമായ രാമവരാവണ യുദ്ധം ആസന്നമായതായി എല്ലാവർക്കും തോന്നി.

You might also like

Most Viewed