ഒരു­ തി­രി­ച്ചറി­വിന് ബാ­ല്യമു­ണ്ടോ­ ?


അന്പിളിക്കല - അന്പിളിക്കുട്ടൻ

തിങ്കളാഴ്ച, പിള്ളേരോണമായിരുന്നു. ഓണപ്രതീക്ഷകൾക്കു ചിറകു മുളക്കുന്ന സമയം. ഇന്നിന്റെ ബാല്യങ്ങൾക്കു അന്യമായ ഒരു ആഹ്ലാദപ്രതീക്ഷയായിരുന്നു അക്കാലത്തു ഞങ്ങളുടെ ബാല്യങ്ങൾ അറിഞ്ഞത്. ഇന്ന് അതുപോലെയുള്ള ആഹ്ലാദങ്ങൾ ആരും അറിയുന്നില്ല. ഓരോ ഭൂമിയിലും അതിന്റെ സ്വാഭാവിക പ്രകൃതിക്കിണങ്ങിയ വിളകളെ ഉണ്ടാവൂ എന്നപോലെ ഇന്നത്തെ മനസ്സിന്റെ ഘടനയിലുണ്ടായ വ്യത്യാസത്തിന് അനുസരിച്ച് അത് അറിയുന്ന ആഹ്ലാദത്തിനും ഒരു യന്ത്രസ്പർശം സ്വാഭാവികമായി കൈവന്നു. ഇന്ദ്രിയ ബദ്ധമായ അനുഭവങ്ങൾ ബലി കഴിക്കാതെതന്നെ ശരീരത്തിന്റെ ആയാസം കുറച്ച് അതിന് കൂടുതൽ വിശ്രമം കൈവരുത്തുന്ന കൃത്രിമോപാധികൾ ആയാസത്തോടൊപ്പം മനുഷ്യമനസ്സിൽ ഉണ്ടാകുന്ന അനുഭവ ആവേഗങ്ങളെ കൂടി ഇല്ലാതെയാക്കുന്നതുകൊണ്ടാണ് പലതും ആത്മാവുകൊണ്ടു ഉൾക്കൊള്ളുവാനുള്ള വ്യക്തിത്വത്തിന്റെ ആഴം നഷ്ടപ്പെട്ടു പോകുന്നത്. യന്ത്രസ്പർശമുണ്ടായ അനുഭവങ്ങൾ യാഥാർത്ഥ്യത്തോടടുത്ത തോന്നൽ ഉളവാക്കുമെങ്കിലും അവയുടെ സ്വാഭാവിക പ്രകൃതിയിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടതാണ്. അവമാത്രം അറിയുന്ന മനസ്സിൽ വിളയുന്ന വികാരവിചാരങ്ങളും അതിനോട് താദാത്മ്യം പ്രാപിച്ചവയാവുന്നത് പ്രപഞ്ചശൈലിയാണ്. ഏതിനും അപവാദങ്ങൾ ഉള്ളതുപോലെ ഇതിനുമുണ്ടെന്ന് മാത്രം. പിറകോട്ടു വിളിച്ചിരുന്ന, പിൻവിളി മുഴക്കിയിരുന്ന മനസ്സാക്ഷിയുടെ മാറ്റൊലിപോലും ഇന്ന് പലയിടങ്ങളിലും കേൾക്കുന്നില്ല. താലി സ്വീകരിച്ച ശേഷം വരനെ ഉപേക്ഷിക്കാൻ ധൈര്യം കാട്ടിയ യുവതിയെയും, ശത്രുവായിക്കണ്ട നടിയുടെ മാനാപഹരണത്തിന് കൊട്ടേഷൻ കൊടുത്ത നടനെയും ആഘോഷിക്കുകയായിരുന്ന മാധ്യമങ്ങൾ ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ഇതിനിടെയിൽ ആഘോഷിക്കപ്പെടാതെ പരുക്കേറ്റ് വിസ്മൃതമാവുന്ന ഏതാനും ജീവിതങ്ങളുണ്ട്. പ്രധാന കഥാപാത്രങ്ങളെ ആഘോഷിക്കാനും പരുക്കേൽപ്പിക്കുവാനും സംരക്ഷിക്കുവാനും പലരുമുണ്ടാവുന്പോഴും മറക്കപ്പെടുന്ന ഇവരെപ്പറ്റി ചിന്തിക്കുവാനും അവർക്കുള്ള മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുവാനും ആരും കണ്ടെന്നു വരില്ല. താലിയുപേക്ഷിച്ച യുവതിയെ വേട്ടയാടുന്നതിനെതിരെ വനിതാ കമ്മീഷൻ എത്തിയിട്ടുണ്ട്. എന്നാൽ ആ യുവതി മുറിപ്പെടുത്തിയ ഇതൊന്നുമറിയാത്ത ചെറുപ്പക്കാരനെ, സ്വന്തം വിവാഹ മണ്ധപത്തിൽ വേണ്ടപ്പെട്ടവരുടെ മുന്നിൽവെച്ച് അപമാനിതനായ ആ വരനെ ഓർക്കുന്നവർ വിരളമാണ്. അയാൾക്കുമില്ലേ മാനവും അഭിമാനവും? ഇതിന്റെ വില ആര് കൊടുക്കും? വധു അങ്ങനെ ചെയ്തത് മറ്റൊരു വഴിയും സാധ്യമല്ലാതെ  വന്നപ്പോഴാകാം. എങ്കിലും അയാളുടെ താലി സ്വീകരിക്കുന്നതിന് മുൻപെങ്കിലും അത് വെളിപ്പെടുത്താതിരുന്നത് ഒരു തെറ്റും ചെയ്യാത്ത ഒരു വ്യക്തിയുടെ മാനത്തിനു നേർക്കുള്ള അതിക്രമം തന്നെയാണ്. സ്വന്തം കാര്യം നടത്തിക്കിട്ടാനുള്ള സ്വാർത്ഥമായ വ്യഗ്രതയാണ്.

മാനാഭിമാനങ്ങൾ സംരക്ഷിക്കാനോ നേടിയെടുക്കാനോ ഉള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് ലോകജീവിതത്തെ സങ്കീർണ്ണമാക്കുന്നത്. ഈ ലോകത്തു ഉണ്ടായ സ്വാതന്ത്ര്യ സമരങ്ങളും യുദ്ധങ്ങളും ലോകയുദ്ധങ്ങളും എല്ലാംതന്നെ ഇക്കാരണത്താൽ ഉണ്ടായവയാണ്.ചിലർ അത് തട്ടിയെടുക്കാനും ചിലർ നേടിയെടുക്കാനും പരിശ്രമിക്കുന്പോൾ ലോകം സംഘർഷഭരിതമാകുന്നു. അതിനു വൈയക്തികവും സാമൂഹികവുമായ പല തലങ്ങളുണ്ട്. ഒന്നിനെ തൃപ്തിപ്പെടുന്പോൾ അടുത്തത് വന്നെത്തും. മനസിനെ സങ്കീർണ്ണമാകുന്ന ഇത്തരം വിചാരവികാരങ്ങൾ ചുറ്റുമുള്ള പല നന്മകളെയും മറച്ചുകളയുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ അനുഭവിക്കാനുള്ള മനസ്സും ചെറിയ കാര്യങ്ങളിൽ പോലും സൗന്ദര്യം കാണാനുള്ള കണ്ണും നമുക്ക് നഷ്ടപ്പെടുന്നത് മനസ്സ് സങ്കീർണ്ണവൽക്കരിക്കപ്പെടുന്നത് മൂലമാണ്. ഓണം പോലുള്ള ആഘോഷങ്ങൾക്ക് നാട്ടിൽ നിറം മങ്ങുന്നതും ഇക്കാരണത്താലാണ്.അതെ ആഘോഷങ്ങൾ വിദേശങ്ങളിൽ അതിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും കൊണ്ടാടപ്പെടുന്നത് പല സങ്കീർണ്ണതകളിൽ നിന്നും തണൽ തേടുന്ന പ്രവാസ സമൂഹത്തിന്റെ  അഭിമാനം ഉയർത്തിപ്പിടിക്കാൻ കൂടിയാണ്. അവനവന്റെ പൈതൃക സംസ്കാരത്തിന്റെ തണലിൽ ജീവിതം ദീപ്തമാക്കാനാണ്. സാന്പത്തിക നേട്ടങ്ങൾ മാത്രംകൊണ്ട് നിറയുന്നതല്ല ജീവിതം. അത് നിറയ്ക്കാൻ മനസ്സിന്റെ നിറവുകൾ വേണം. തിരക്ക് പിടിച്ച ഓട്ടങ്ങളിൽ വിസ്മൃതമാവുന്നത് പലപ്പോഴും ഈ സത്യമാണ്. വിസ്മൃതമായത് എന്തെന്ന് തിരിച്ചറിയുന്പോൾ ചിലപ്പോൾ ഏറെ വൈകിപ്പോയെന്നും വരാം. എത്ര നേരത്തെ അത് തിരിച്ചറിയപ്പെടുന്നു എന്നതിനെ ആസ്‌പദമാക്കിയാണ് ജീവിതത്തിന്റെ ആസ്വാദനത്തിന്റെ തോത്. പ്രവാസ ജീവിത ആഘോഷങ്ങളുടെ വർദ്ധിതമായ പ്രസക്തി ഇതാണ്.

ലോകത്ത് അറിയപ്പെടുന്ന ഒരു കോടീശ്വര പുത്രി സന്പന്നതയുടെ മടിത്തട്ടിൽ മിന്നുന്ന ജീവിതത്തിൽ മനസ്സുമടുത്ത് അവരുടെ സന്തോഷം തേടിയിറങ്ങി വിചിത്ര വഴികളിലൂടെയും വിഭ്രാന്തമായ ജീവിതപഥങ്ങളിലൂടെയും സഞ്ചരിച്ച്‌ പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ സൃഷ്ടിച്ചത് ഇക്കാലത്തു തന്നെയാണ്. അവനവനോട് തന്നെ അന്യവൽക്കരണം വരുന്ന ഈ അവസ്ഥ ഏതു ജീവിതത്തിനും വരാവുന്ന ഒരു ദൈന്യതയാണ്. മനുഷ്യൻ ഒരു ശരീരം മാത്രമായിരുന്നെങ്കിൽ ഭൗതികമായ നേട്ടങ്ങളിൽ അഭിരമിച്ച് നിർവൃതിയടഞ്ഞേനെ. എന്നാൽ അടിസ്ഥാനപരമായി മനുഷ്യൻ കുടികൊള്ളുന്നത് അവന്റെ മനസ്സിലാണ്.മനസ്സിൽ മനുഷ്യൻ മരിക്കുന്പോൾ അവന്റെ ശരീരം മൃഗതൃഷ്ണകൾ മാത്രം വഹിക്കുന്നതാകുന്നു. അത്തരം മരണങ്ങളാണ് നമുക്ക് സാധ്യമെങ്കിൽ തടയേണ്ടത്. അത് സാധിക്കുന്പോൾ വീണ്ടും ഓണനിറവുകൾ മനസ്സ് നിറക്കുകതന്നെ ചെയ്യും.

 

You might also like

Most Viewed