ഗുജറാത്ത് സംഭവം : ഒരു രോഗലക്ഷണമാണ്
ഇ.പി അനിൽ
epanil@gmail.com
ഇന്ത്യൻ രാഷ്ട്രീയലോകത്തെ നമ്മുടെ മാതൃകാ പുരുഷൻ മഹാത്മാ ഗാന്ധി ജനിച്ച നാട് എന്നതു മാത്രമല്ല, ഇന്ത്യയിലെ തന്‍റെ രാഷ്ട്രീയ സമരങ്ങളുടെ തുടക്കത്തിന് വേദിയായ ഗുജറാത്ത് (ഖേദ കർഷക സമരം) എന്നും രാഷ്ട്രീയ വാർത്തകൾ കൊണ്ട് സന്പന്നമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗാന്ധിജിയുടെ ഏറ്റവും പ്രിയ ശിഷ്യരിൽ പലരും വല്ലഭായി പട്ടേൽ മുതൽ ഇന്ദുലാൽ, മൊറാർജി എത്ര മഹാരഥന്മാർ മറാട്ടയുടെ മണ്ണിൽ നിന്നും ഉണ്ടായി(ഗുജറാത്ത് അക്കാലത്ത് മറാട്ടയുടെ ഭാഗം.). എന്നാൽ അതേ ഗുജറാത്ത് ഇന്നറിയപ്പെടുന്നത് ആർഎസ്എസിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ പരീക്ഷണ ശാലയായിട്ടാണ്.
ജനാധിപത്യത്തിൽ എങ്ങനെയാണ് തങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന്‍ മറ്റു രാഷ്ട്രീയ ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി ആർഎസ്എസ് കാണുന്നു. അവരുടെ സാമൂഹിക ഇടപെടലുകൾ എക്കാലത്തും ഇന്ത്യൻ പൊതു ബോധത്തിന് പുറത്തായിരുന്നു എന്ന് പറയുവാൻ നിരവധി സംഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. 1925 മുതൽ അത് വ്യക്തമാക്കുവാൻ അവർ മടിച്ചിട്ടില്ല. ഗാന്ധിവധവും ഗോസംരക്ഷണ കലാപവും തുടങ്ങി കാശ്മീർ വിഷയത്തിലും അമേരിക്കൻ-സിയോണിസ്റ്റുകളോടുള്ള അവരുടെ നിലപാടുകളും ഇന്ത്യൻ ജനാധിപത്യ താൽപര്യങ്ങൾക്കെതിരായിരുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മതനിരപേക്ഷത− സമത്വവാദത്തെ എക്കാലവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിൽ നിന്നും മാറിവന്ന സോഷ്യലിസ്റ്റുകളും കമ്യുണിസ്റ്റ് ഗ്രൂപ്പുകളും പിന്തുണച്ചു. എന്നാൽ ഹിന്ദു-ഇസ്ലാം മതമൗലിക ഗ്രൂപ്പുകൾ എടുത്ത വീക്ഷണങ്ങൾ തികച്ചും വ്യത്യസ്തമായിരിന്നു. 1990നു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ വർഗ്ഗീയവൽക്കരിച്ചതോടെ മുൻ കാലങ്ങളിൽ പൊതു രാഷ്ട്രീയത്തിൽ അനാരോഗ്യകരമായി കണ്ടുവന്ന പല വർഗ്ഗീയ ചുവയുള്ള സമീപനങ്ങളും മുഖ്യധാര രാഷ്ട്രീയത്തിൽ പ്രഥമസ്ഥാനം നേടിയെടുത്തു. ഗുജറാത്തിൽ ഏറ്റവും അടുത്തു നടന്ന രാജ്യസഭാ സംഭവത്തെ അത്തരത്തിൽ ഒന്നായി കാണേണ്ടതുണ്ട്.
വടക്കേ ഇന്ത്യൻ രാഷ്ട്രീയം ആദ്യ തലമുറ രാഷ്ട്രീയക്കാരുടെ കാലത്തിനു ശേഷം അയാറാം ഗയാറാം തലത്തിലേയ്ക്ക് എത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ കോൺഗ്രസ് പാർട്ടിയും പ്രാദേശിക പാർട്ടികളും പ്രധാന പങ്കു വഹിച്ചു. ഇതിൽ എടുത്തു പറയേണ്ടിവന്ന സംഭവം ശ്രീ നരസിംഹറാവു പാർലമെന്റിൽ നടത്തിയ എംപിമാരെ വിലക്കുവാങ്ങൽ ആയിരുന്നു. ഭൂരിപക്ഷം നേടുവാനായി ഝാർഖണ്ധ് മുക്തി മോർച്ച എംപിമാരെ വിലക്കെടുത്ത ശ്രമം വലിയ ചർച്ചയായി മാറി. ദേശീയ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു എങ്കിലും കോടതി വിഷയത്തിൽ ഇടപെട്ടു. എന്നാൽ സുപ്രീം കോടതിയിൽ ശ്രീ നരസിംഹറാവുവിനുവേണ്ടി നടത്തിയ വാദം നമ്മുടെ രാഷ്ട്രീയ മൂല്യച്യുതിയെ ഓർമ്മിപ്പിച്ചു. പാർലമെന്റ് സഭയിൽ നടക്കുന്ന വ്യവഹാരങ്ങളിൽ കോടതിക്ക് ഇടപെടുവാൻ അവകാശമില്ല എന്ന ന്യായം കോടതിക്ക് അംഗീകരിക്കേണ്ടി വരികയിരുന്നു. നിയമ നിർമ്മാണ സഭക്കുള്ളിലെ പ്രവർത്തനങ്ങളിൽ കോടതി ഇടപെടരുത് എന്ന് നമ്മുടെ ഭരണഘടന പറയുന്നത് ജന സേവനത്തിനു വേണ്ടിവരുന്ന നിയമ നിർമ്മാണങ്ങളിൽ ഒരു സംവിധാനത്തിനും ഇടപെടുവാൻ അവസരം ഉണ്ടാകരുത് എന്നതിനാലാണ്. ആ സൗകര്യത്തെ കുതിര കച്ചവടത്തിനുള്ള അവസരമാക്കി കോൺഗ്രസ് പാർട്ടി മാറ്റുവാൻ മടിച്ചില്ല എന്നത് അപലനീയമാണ്.
നമ്മുടെ ജനാധിപത്യത്തിൽ എന്നും ഉണ്ടായിരുന്ന അഴിമതിയുടെ സാന്നിദ്ധ്യത്തെ ആഗോള പ്രതിഭാസം എന്ന് ലഘൂകരിച്ചു കാണുവാനാണ് പലരും ഇഷ്ടപെട്ടത്. നമ്മുടെ ആദ്യ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ശ്രീ കൃഷ്ണമാചാരി രാജിവെക്കേണ്ടി വന്ന സംഭവം അഴിമതിയുടെ മുകുളങ്ങൾ രാജ്യത്ത് സജ്ജീവമാകുന്നതിന്‍റെ ലക്ഷണമായിരുന്നു. നെഹ്രുവിന്‍റെ പ്രിയപ്പെട്ട ക്യാബിനറ്റ് സുഹൃത്തും മലയാളിയും ആയിരുന്ന ശ്രീ. കൃഷ്ണമേനോൻ ജീപ്പ് അഴിമതി ആരോപണത്തിനു വിധേയരയാവരിൽ ഒരാളായിരുന്നു എന്നത് നെഹ്രുവിനു പോലും അദ്ദേഹത്തിനെ തന്നോടൊപ്പം കൂട്ടുന്നതിൽ തടസ്സമായില്ല. ഇത്തരം അപലനീയമായ സംഭവ വികാസങ്ങളെ പറ്റി പറയുന്പോൾ ഇവരുടെ ഇടയിൽ ജീവിച്ച്, രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയെ മറക്കരുത്. സ്വന്തമായി വാങ്ങിയ കാറിനു പണം അടയ്ക്കുവാൻ കഴിയാതിരുന്ന അദ്ദേഹത്തിന്‍റെ ജീവിത പങ്കാളിയും മകളും വാടക വീട്ടിൽ ആണ് ജീവിച്ചു പോന്നത്. രണ്ടു ദശകം ത്രിപുര മുഖ്യമന്ത്രിയായിരുന്ന ശ്രീ നൃപൻ ചക്രവർത്തി സ്വന്തമായി വസ്ത്രം അലക്കി, വാടക മുറിയിൽ തന്‍റെ അന്ത്യകാലം കഴിച്ചു.
കോൺഗ്രസ് സംസ്കാരം സംഘടിത പാർട്ടി ചട്ടകൂട്ടിൽ പെട്ട് ഒതുങ്ങുന്നതല്ല. വളരെയധികം ഭിന്നതകൾ പ്രകടിപ്പിക്കുന്ന ജനാധിപത്യ ധാരണകളെ ഉൾക്കൊള്ളുവാൻ കഴിയുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നും തികച്ചും വ്യതസ്തമാണ് കമ്യുണിസ്റ്റ് പാരന്പര്യത്തിലുള്ള പാർട്ടികൾ. അവരുടെ പാർട്ടി ചട്ടകൂടുകൾ കൂടുതൽ ഏകാരൂപ്യമുള്ള തീരുമാനങ്ങളിൽ എത്താറുണ്ട്. ഇവർക്ക് പുറത്ത് വളരെ ചിട്ടകൾ കൊണ്ട് വാർത്തകളിൽ ഇടം നേടിവന്ന ആർഎസ്എസ്എന്ന സംഘടന നിയന്ത്രിക്കുന്ന പാർട്ടികളിൽ നിന്നും കുത്തഴിഞ്ഞ നിലപാടുകൾ ഉണ്ടാകും എന്ന് സാമാന്യ ബോധമുള്ളവർ പ്രതീക്ഷിക്കുക അസാധ്യമാണ്.
ലോകത്തെ പിടിച്ചു കുലുക്കിയ ഫാസ്സിസ്റ്റു നേതാവ് മുസോളിനിയിൽ നിന്നും നാസി നേതാവ് ഹിറ്റ്ലറിൽ നിന്നും ആവേശം ഉൾകൊണ്ട സംഘടനയാണ് ആർഎസ്എസ്സും അതിനു മുന്‍പ് പ്രവർത്തനം തുടങ്ങിയ ഹിന്ദു മഹാസഭയും. മുസ്സോളിനി ഇറ്റലിയിൽ ശക്തമായിരുന്ന മാഫിയ (മാഫിയ ഒരു ഇറ്റാലിയൻ പദം) സംഘത്തെ അടിച്ചൊതുക്കി. അതിന്‍റെ നേതാക്കളെ കൊലപ്പെടുത്തി. ഫസ്സിസ്റ്റുകൾ നീതിയുടെ വാഹകരാണ് എന്ന വാർത്ത ഉണ്ടാക്കുവാൻ ഈ സംഭവം അവസരം ഒരുക്കി. മാഫിയയെ ഒതുക്കിയ മുസ്സോളിനി തെരുവ് ഗുണ്ടായിസത്തിൽ കൂടി അധികാരത്തിൽ എത്തുകയും പിൽക്കാലത്ത് അതി ക്രൂരനായ ഭരണാധിപനായി പ്രവർത്തിച്ച് ലോക ചരിത്രത്തിലെ കുപ്രസിദ്ധനായി അറിയപ്പെട്ടു. ഇവിടെ മുസ്സോളിനിയെയും ഹിറ്റ്ലറേയും മാതൃകകളായി കണ്ട സംഘടനയുടെ രാഷ്ട്രീയ പാർട്ടികൾ സംശുദ്ധ രാഷ്ട്രീയം നമ്മുടെ നാട്ടിൽ നടപ്പിൽ വരുത്തുവാൻ പ്രയത്നിക്കും എന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്.
ലോകത്തിന്‍റെ മൂല്യങ്ങളിൽ വൻ പൊളിച്ചെഴുത്തുകൾ നടത്തിയ ആഗോളവൽക്കരണം ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ വിവിധ രംഗങ്ങളിൽ നാളിതുവരെയില്ലാത്ത സംഭവങ്ങൾക്ക് അവസരം ഒരുക്കി. മുതലാളിത്തത്തിന്‍റെ പറുദീസ്സയായിഅറിയപ്പെടുന്ന അമേരിക്കൻ രാഷ്ട്രീയം കോർപ്പറേറ്റുകളാൽ നിയന്ത്രിക്കുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ അവർ തങ്ങളുടെ കന്പനിയെ പരസ്യമായി സഹായിക്കുന്നത് അവിടെ തെറ്റായി വിലയിരുത്തുന്നില്ല. എന്നാൽ ഇന്ത്യയിലെ സ്ഥിതി വ്യത്യസതമായിരുന്നു. നമ്മുടെ ആദ്യ മന്ത്രിസഭയിൽ നിന്നും ഒരാൾ രാജിവെയ്ക്കേണ്ടി വന്നത് സ്വകാര്യ ഇൻഷുറൻസ് കന്പനിയെ സഹായിച്ചു എന്നാരോപണത്താൽ ആയിരുന്നു. കേരളത്തിൽ ശ്രീ. ആർശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണം തന്‍റെ ഏതോ പരിചയക്കാർക്ക് പുതിയ വാഹനം മുൻഗണന തെറ്റിച്ച് കൊടുക്കുവാൻ ടാറ്റാകന്പനിയോട് അവശ്യപ്പെട്ടു എന്നതായിരുന്നു. വളരെ ചെറിയ വിഷയങ്ങളെപോലും ഗൗരവതരമായി വിലയിരുത്തി ജനപ്രധിനിധികളുടെ സംശുദ്ധതയിൽ ജനങ്ങൾ സൂഷ്മത പുലർത്തിവന്നു എന്ന് ഇത്തരം വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ആഗോളവൽക്കരണകാലത്ത് സർക്കാർ തീരുമാനങ്ങൾ തന്നെ കോർപ്പറേറ്റുകൾക്ക് അനുകൂലമായി തീരുകയും ജനപ്രധിനിധികളിൽ കോടിശ്വരന്മാരുടെ എണ്ണം വർദ്‍ധിക്കുകയും ചെയ്യുന്നു. അവരിൽ പലരും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുത്ത് ചോദ്യങ്ങൾ ചോദിക്കുന്നതു തന്നെ തങ്ങളുടെ സ്ഥാപനങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾക്കായിരിക്കുന്നു എന്നു പറഞ്ഞാൽ എന്തായിരിക്കും രാജ്യത്തിന്‍റെ അവസ്ഥ?. മാത്രവുമല്ല പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കുവാൻ പോലും ചിലരിൽ നിന്നും പണം ചോദിച്ചു എന്ന വാർത്ത എത്ര മാത്രം ദയനീയമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്?
വടക്കേ ഇന്ത്യയിൽ രാജ്യത്തെ 6 സാമൂഹിക ദുരന്തങ്ങളെ വിശേഷിപ്പിക്കുന്നത് നേതാ (രാഷ്ട്രീയ നേതാവ്), ബാബു(ഉദ്യോഗസ്ഥൻ), കാക്കി (പോലീസ്സ്), ലാല (മുതലാളി), ജ്ജോലാ (NGO സംഘടന), ദാദ (ഗുണ്ട) എന്നിങ്ങനെയാണ്. പ്രാചീന കാലത്തേ അഴിമതിയെ താഴെ പറയും പ്രകാരം തിരിച്ചിരുന്നു. നസറണ (ഉത്സവ ദിവസം ഉദ്യോഗസ്ഥർക്കും മറ്റും വീട്ടിൽ എത്തിക്കുന്ന സമ്മാനം) ഷുക്കാര (സേവനം ലഭിക്കുന്പോൾ നൽകുന്ന സമ്മാനം), മുന്നാം ഇനത്തിൽ പെടുന്ന സബ്രന (ചോദിച്ചു പണം വാങ്ങൽ) ഒരു സാമൂഹിക ദുരവസ്ഥയായി പഴയ കാലത്ത് നിലനിന്നു. ഇന്നിന്ത്യയിൽ 30 തരം അഴിമതികൾ വ്യാപകമായി നടക്കുന്നു എന്നാണ് സെൻട്രൽ വിജിലൻസ് പറയുന്നത്. നൂറ്റാണ്ട് പിന്നിട്ടപ്പോൾ 3 തരം അഴിമതികൾ 30 തരത്തിലേയ്ക്ക് വളർന്നു എന്നത് നമ്മുടെ ജനാധിപത്യത്തിനു വേണ്ടത്ര നാണക്കേട് വരുത്തി കഴിഞ്ഞു. ഇന്ത്യ എന്ന വികസ്വര രാജ്യത്ത്, സാന്പത്തിക വികസനത്തെപ്പറ്റി കണക്കുകൾ നിരത്തുന്പോഴും ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണിയും തൊഴിൽരാഹിത്യവും ശിശുമരണവും മറ്റും അനുഭവിക്കുന്ന ഇന്ത്യയിൽ ജനപ്രതിനിധികളിൽ ബഹു ഭൂരിപക്ഷവും കോടിശ്വരന്മാർ ആകുന്നത് എന്തുകൊണ്ടാണ്? ജനപ്രതിനിധികളുടെ സ്വകര്യ അസ്ഥികൾ അവിശ്വസനീയമായി വളരുന്നു. കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുന്നു. അേതസമയം സാധാരണ ജനങ്ങൾ കൂടുതൽ കടക്കാരാകുന്നു. കർഷകർ കൂടുതൽ കൂടുതൽ ആത്മഹത്യ ചെയ്യുന്നു.
കോൺഗ്രസ് രാഷ്ട്രീയ കുത്തക 89നുശേഷം തകരുകയും പിന്നീടൊരിക്കലും അതിന്‍റെ പൂർവ്വകാല അവസ്ഥയിലേയ്ക്ക് മടങ്ങിവരാത്ത സാഹചര്യത്തിൽ പകരം എത്തിയ വിവിധ പ്രതിപക്ഷ പാർട്ടികൾ ചിഹ്നഭിന്നമായി. അവയിൽ ദേശിയ ശക്തിയായി മുൻ ജനസംഘത്തിന്‍റെ പുതിയ രാഷ്ട്രീയ രൂപമായ ബിജെപി (1980) മാറുകയും ചെയ്തു. മറ്റൊരു വശത്ത് ചില സ്ഥലങ്ങളിൽ മാത്രമെങ്കിലും സ്ഥിരത കാട്ടിയിരുന്ന ഇടതുപക്ഷം കൂടുതൽ ഒറ്റപെട്ട് മൂന്നുസംസ്ഥാനങ്ങളിലായി ചുരുങ്ങി. അവർ ദേശീയ രാഷ്ട്രീയത്തിലെ ഏറെ പ്രാധാന്യമുള്ള ബംഗാളിൽ വളരെ പിന്നോക്കം പോയിരിക്കുന്നു. പ്രാദേശിക പാർട്ടികൾ തങ്ങളുടെ സുരക്ഷയെ മാത്രം മുന്നിൽ കണ്ട് എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ അവരുടെ വിശ്വാസതയെ തകർത്തു എന്ന് കാണാം. ഇത്തരം അവസരങ്ങളിൽ മിക്കപ്പോഴും സാഹചര്യങ്ങളെ തങ്ങൾക്കൊപ്പം നിർത്തുവാൻ ആർഎസ്എസ് നിയന്ത്രിക്കുന്ന പാർട്ടി വിജയിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ അത്തരം തന്ത്രങ്ങൾ മെനയുവാൻ ഏതൊരു പാർട്ടിക്കും അവകാശമുണ്ട്. എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് അയാറം ഗയാറാം, ബാബു നിലപാടുകൾ പാർട്ടികളുടെ മുഖ്യനേതാക്കളെ സ്വാധീനിക്കുന്പോൾ അത്തരം വിഷയങ്ങളിൽ ഒരു പുനർ ചിന്തനവും ഇവിടെ നടക്കുന്നില്ല. തന്‍റെ പാർട്ടിയെയും നേതാവിനെയും സംരക്ഷിക്കുവാൻ അണികൾ ചാവേറുകൾ ആയി തീരുന്പോൾ ഏതൊരു തിന്മയും ഇവിടെ വിജയിക്കുന്നു.
ഇന്ത്യയുടെ കച്ചവട തലസ്ഥാനമായ ബോംബെ തൊട്ടടുത്ത സംസ്ഥാനമായി പിൽകാലത്ത് മാറിയ ഗുജറാത്തിന്‍റെയും കൂടി തണലിൽ ആണ് പ്രസിദ്ധി നേടിയത്. അറബിക്കടലിലൂടെ കച്ചവടം നടത്തുവാൻ ബനിയ-മാർവാടി-പട്ടേൽ-പാഴ്സീ-−ബോറ സമുദായം വളരെ മുന്നിൽ ഉണ്ടായിരുന്നു. കണ്ടല, ബോംബെ തുടങ്ങിയ തുറമുഖവും (കറാച്ചിയും) ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ കടൽതീരവും ഗുജറാത്തിൽ നിന്നും ഇന്ത്യൻ സാധനങ്ങൾ വിദേശത്തേയ്ക്ക് കച്ചവടം ചെയ്യുവാൻ ഒട്ടേറെ പേരെ പ്രാപ്തമാക്കി. (ഗാന്ധിജി വക്കീൽ പണിക്ക് തെക്കൻ ആഫ്രിക്കയിൽ പോയത് ഒരു ഗുജറാത്തി കച്ചവട ക്കാരനുവേണ്ടി വാദിക്കുവാൻ ആയിരുന്നു എന്ന് ഓർക്കുക) ഇന്ത്യൻ ജനങ്ങളിൽ 4 ശതമാനം മാത്രമുള്ള ഗുജറാത്തികൾ ഇന്ത്യൻ കോടിശ്വർന്മാരിൽ 50%ലധികം ആണ്. എന്നാൽ കച്ചവടങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഇത്തരം മുന്നേറ്റങ്ങൾ ഗുജറാത്തിലെ സാധാരണ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം നൽകിയതായി തെറ്റിദ്ധരിക്കരുത്. അത് മനസ്സിലാക്കുവാൻ അവരുടെ ആയുർദൈർഘ്യവും കേരളത്തിന്‍റേതും തമ്മിൽ താരതമ്യം ചെയ്താൽ മതി. കേരള ജനങ്ങളുടെ ശരാശരി വയസ്സിൽ നിന്നും 10വർഷം കുറവാണ് ഗുജറാത്തിയുടെത്. ഗുജറാത്ത് മോഡൽ വികസനം ലക്ഷ്യം വെക്കുന്നത് ആരെയാണ് എന്ന് ഇതിലൂടെ ബോധ്യപ്പെടും.
ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയ ബിജെപി സർക്കാരിന്‍റെ നേതൃത്വം എങ്ങനെയാണ് 1985 മുതൽ മാത്രം പാർട്ടിയുടെപൂർണ്ണ സമയ പ്രവർത്തകനായി മാറുകയും 2001 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയ ശ്രീ നരേന്ദ്ര ദാമോദർ മോദിയിൽ ചെന്നു ചേർന്നത്? 1951 മുതൽ പൂർണ്ണ സമയ ജനസംഘം പ്രവർത്തകൻ ആയിരുന്ന ശ്രീഎൽകെ അദ്വാനി, 1970 മുതൽ രാജ്യസഭയിൽ അംഗമായി. ബിജെപിയുടെ ആദ്യത്തെ രണ്ടു മന്ത്രിമാരിൽ ഒരാൾ (1975−77). അവരുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും കൂടി ആയിരുന്ന ഒരാളെ പിന്നിലാക്കി (മുരളി മനോഹർ, മധ്യപ്രദേശ് മുഖ്യമന്ത്രി അങ്ങനെ പലരും) എങ്ങനെയാണ് ഇന്നത്തെ പ്രധാനമന്ത്രി പദത്തിൽ എത്തുവാൻ 2001ൽ മാത്രം പാർട്ടി കേന്ദ്ര നേതാവായി ഉയർന്ന ഒരാൾക്ക് കഴിഞ്ഞത്? ഇവിടെയാണ് ഗുജറാത്തും ഇന്ത്യയിലെ വൻ കച്ചവടക്കാരും വർഗ്ഗീയതയും ആഗോളവൽക്കരണ താൽപ്പര്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നു എന്നുകാണുവാൻ കഴിയുന്നത്.
കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ശക്തി കേന്ദ്രമായിരുന്ന ഗുജറാത്തിലെ 77ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപെട്ടു എങ്കിലും 2001നു ശേഷമാണ് ആ നാട് കോൺഗ്രസ്സിനെ ഏറെ പിന്നിലാക്കിയത് എന്ന് ചരിത്രം പറയുന്നു. കോൺഗ്രസ് കാട്ടിയ ഗ്രൂപ്പ് പോരുകൾ, ബോംബെ അധോലോകത്തിന്‍റെ സ്വാധീനം, രാമജന്മ ഭൂമി, രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വർദ്ധിച്ചുവന്ന വർഗ്ഗീയ കലാപം, ബോംബെയിൽ ഉണ്ടായ ബോംബ് ആക്രമണം തുടങ്ങിയ പ്രശ്നങ്ങളെ വർഗ്ഗീയ ചേരി തിരുവുകൾക്ക് ഉപയോഗപെടുത്തുന്ന രാഷ്ട്രീയ അന്തരീക്ഷം വളർത്തികൊണ്ടു വരുന്നതിൽ ആർഎസ്എസ് ഏറെ ശ്രദ്ധ കാട്ടി. അന്തർദേശിയമായി ഇസ്ലാം മത വാദം ഉയർത്തിയ ഭീകരവാദത്തെ മുസ്ലിംവിരുദ്ധ വികാരമാക്കുവാൻ ഇവർ മടിച്ചില്ല. 1980കളിൽ മുതൽ തുടങ്ങി 90കൾക്ക് ശേഷം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ കാശ്മീർ വിഷയവും സമുദായ വിദ്വേഷം വളർത്തുവാൻ ഹൈന്ദവ മതമൗലിക സംഘടനകൾ വിരുതു കാട്ടി.
ദേശീയമായി വലിയ ചലനങ്ങൾ ഉണ്ടാക്കിയ പിന്നോക്ക സമുദായ സംവരണം നടപ്പിൽ ആക്കുവാൻ ശ്രീ വിപി സിംഗ് ശ്രമിച്ച അവസരത്തിൽ അതിനെ വർഗ്ഗീയ വിഷയം കൊണ്ട് മറക്കുവാൻ ശ്രമിച്ച ബിജെപിയുടെ മുഖ്യ പോരാളി എൽകെ അദ്വാനിയും മുരളി മനോഹറും ഉമാ ഭാരാതിയും മറ്റും ഇന്ത്യയിൽ ആകെ വലിയ തരത്തിൽ ഹൈന്ദവ വർഗ്ഗീയതയെ ആളിക്കത്തിക്കുവാൻ മുഖ്യ പങ്കു വഹിച്ചു. എങ്കിലും അവരാരും കോർപ്പറേറ്റുകളുടെ കവലാളാകുവാൻ വിജയിച്ചില്ല. ഈ പോരയ്മയെ മറികടക്കുവാൻ മുകളിൽ പറഞ്ഞ ആക്രമാണോസ്തുഹ നേതൃത്വത്തിനും അപ്പുറം ഉള്ള ഒരാൾ ഉണ്ടാകേണ്ടി വന്നു. ആർഎസ്എസ്സും കുത്തകകളും ആഗ്രഹിച്ച രാഷ്ട്രീയ അനിവാര്യതയുടെ ഫലമായിരുന്നു ശ്രീ നരേന്ദ്ര ദാമോദർ നയിക്കുന്ന മോദി കേന്ദ്ര സർക്കാർ.
തെരഞ്ഞെട്ടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കുന്ന അനന്തമായ പണത്തിന്‍റെ അളവിൽ 2014 ദേശീയ തെരഞ്ഞെടുപ്പ് ഒരു സർവ്വകാല റിക്കാർഡ് സൃഷ്ടിച്ചു. അതിൽ ബിജെപി കോൺഗ്രസ്സിനെ ബഹുദൂരം പിന്നിലാക്കി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരം കൈപ്പിടിയിൽ ഒതുക്കുവാൻ നിരവധി അസ്വാഭാവിക മാർഗ്ഗങ്ങൾ തേടി. (ലോക സഭാ തെഞ്ഞെടുപ്പിന് മുന്‍പ് യുപിയിൽ (മുസ്സാഫർ നഗർ കലാപങ്ങൾ) ഉണ്ടായ വർഗ്ഗീയ സംഘർഷത്തിൽ ഇന്നത്തെ ബിജെപി അദ്ധ്യക്ഷന് പങ്കുണ്ട് എന്നാരോപണം ശക്തമായിരുന്നു). പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ എതിർ ചേരിയിൽ ഉള്ളവരെ സ്വന്തമാക്കുവാനും ഭൂരിപക്ഷം ഇല്ലാത്തിടത്ത് ഭൂരിപക്ഷം നേടുവാനും ഭരണ വിരുദ്ധ വികാരം ഉണ്ടായിടത്ത് അതിനെ വകവെയ്ക്കാതെ പുതിയ ആളുകളെ വിലക്കെടുത്ത് അധികാരത്തിൽ തുടരുവാനും അവർ കരുക്കൾ നീക്കി. ആസാം പോലെ ഏറെ കലുഷിതമായ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ എത്തിയ ബിജെപിക്ക് അവിടുത്തെ പ്രാദേശിക തർക്കങ്ങളെ കൂടുതൽ പ്രശ്നവൽക്കരിക്കുവാൻ കഴിയും. ജമ്മു കാശ്മീരിലെ ബിജെപി-പിഡിപി സഖ്യം സംസ്ഥാനത്തെ സംഘർഷങ്ങൾ വർദ്‍ധിപ്പിച്ചു. ഏറ്റവും അവസാനം ഇന്ത്യൻ കുത്തകകളുടെ സ്വപ്ന ഭൂമിയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ പാർട്ടി അദ്ധ്യക്ഷന്‍റെയും തട്ടകത്തിൽ രാജ്യസഭാ തെഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങൾ ഇന്ത്യൻ രാഷ്ട്രീയം എത്തിച്ചേർന്ന അത്യപൂർവ്വമായ പ്രതിസന്ധിയെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇന്ത്യ വേഗത്തിൽ വളരുകയാണ് എന്ന് പറയുന്പോൾ രാജ്യം ജീവിത സൂചികയിൽ 172ാം സ്ഥാനത്തും ജനങ്ങൾ വർഗ്ഗീയ ചേരിതിരിവിൽ കുടുങ്ങിപോകുകയുമാണ്. വിഭാഗീയ ചിന്തകൾക്ക് ഭരണ കക്ഷികൾ തന്നെ വളം വെച്ചുകൊടുക്കുന്നു. കുത്തകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനും ഒപ്പം ജനങ്ങൾക്ക് പരസ്പരം ഉണ്ടായിരുന്ന വിശ്വാസം തകരുവാൻ ഇത്തരം നിലപാടുകൾ കാരണമാകുന്നുണ്ട്. ജനങ്ങൾ കൂടുതൽ സ്വകര്യതയിലേയ്ക്ക് മടങ്ങുകയാണ്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേതാ--ലാല-ദാദാ കൂട്ടുകെട്ടുകളാണ്. അതിന്‍റെ ബഹുസ്ഫുരണങ്ങളാണ് നമ്മൾ ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.