രാ­മകഥാ­മൃ­തം - ഭാ­ഗം 23


എ. ശിവപ്രസാദ്

ലങ്കാദഹനത്തിനു ശേഷം സമുദ്രം തരണം ചെയ്ത് തിരിച്ചെത്തിയ വാർത്ത കിഷ്കിന്ദിയിൽ കൊടും കാറ്റുപോലെ പരന്നു. ശ്രീരാമദേവനും സുഗ്രീവനും അടക്കം എല്ലാവരും ഹനുമൽ സമാഗമത്തിനായി എത്തിച്ചേർന്നു. ലങ്കയിൽ കണ്ട കാര്യങ്ങളും ലങ്കാദഹനവും അടക്കം മുഴുവൻ കാര്യങ്ങളും ഹനുമാൻ ശ്രീരാമനോട് വിവരിച്ചു. സീതാദേവി അടയാളമായി കൊടുത്ത ചൂഢാരത്നവും ശ്രീരാമനു കൊടുത്തു. ചിന്താമഗ്നനായിരുന്ന ശ്രീരാമനോട് സുഗ്രീവൻ ഇങ്ങനെ പറഞ്ഞു. അല്ലയോ രാമദേവാ! സീതയിരിക്കുന്ന സ്ഥലം കണ്ടെത്തിയ സ്ഥിതിക്ക് ഇനി നമുക്ക് ലങ്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഉത്സാഹപൂർണ്ണരായ എണ്ണമറ്റ വാനരസൈന്യം നമുക്കുണ്ട്. ലങ്കയിലേക്ക് സമുദ്രത്തിനു മുകളിലൂടെ ഒരു പാലം പണിയുന്നതിനെക്കുറിച്ച് ആലോചന തുടങ്ങേണ്ടതുണ്ടെന്നും സുഗ്രീവൻ പറഞ്ഞു. സുഗ്രീവന്റെ വാക്കുകളാൽ പ്രചോദിതനായ ശ്രീരാമദേവൻ ഹനുമാനെ വിളിച്ച് ലങ്കയിലേക്ക് പട നയിക്കാനുള്ള ഉപായത്തെക്കുറിച്ചാലോചിക്കാൻ പറഞ്ഞു. വിശ്വകർമ്മാവിന്റെ പുത്രനും വാനരശ്രേഷ്ഠനുമായ നളനെ സേതുബന്ധനത്തിന്റെ ചുമതല ഏൽപ്പിച്ചു. അതിനിടയിൽ ലങ്കാനഗരിയിൽ ഹനുമാൻ വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ചോർത്ത് രാവണൻ ചിന്താകുലനായി. രാവണൻ തന്റെ മന്ത്രിസഭ വിളിച്ചു ചേർത്തു. ഹനുമാൻ വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ചും സീതാന്വേഷണവുമായി ശ്രീരാമൻ ലങ്കയിലെത്താൻ സാധ്യതയുണ്ടെന്നതിനെക്കുറിച്ചും മന്ത്രിമാരും മറ്റുമായി ചർച്ച ചെയ്തു. രാവണന്റെ പ്രവർത്തി അനുചിതമാണെങ്കിലും ശത്രുക്കളെ ഒറ്റക്കെട്ടായി സംഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് രാവണൻ്റെ സഹോദരൻ കുംഭകർണ്ണൻ പറഞ്ഞത്. എന്നാൽ രാവണന്റെ മറ്റൊരു സഹോദരനായ വിഭീഷണൻ രാവണന്റെ പ്രവർത്തിയെ പൂർണ്ണമായും എതിർത്ത് സംസാരിച്ചു. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണെന്നും രാമനോടെതിരിടുന്നത് സർവ്വനാശത്തിനായിരിക്കുമെന്നും അതുകൊണ്ട് സീതാദേവിയെ ശ്രീരാമദേവന് തിരികെ കൊണ്ടുകൊടുക്കണമെന്നും വിഭീഷണൻ വാദിച്ചു. വീഭീഷണന്റെ ഈ വാക്കുകൾ രാവണനെ കോപിഷ്ഠനാക്കി. വിഭീഷണൻ ശത്രുപക്ഷത്താണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാവണൻ പറഞ്ഞു. എന്നാൽ വിഭീഷണൻ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. വാഗ്വാദങ്ങൾക്കൊടുവിൽ ഇനി ലങ്കയിൽ നിൽക്കേണ്ടതില്ലെന്നും ഇഷ്ടമുള്ളിടത്തേക്ക് പോകാമെന്നും രാവണൻ വിഭീഷണനോട് പറഞ്ഞു. ഇനി ലങ്കാനഗരിയിൽ നിൽക്കുന്നത് ശരിയല്ലെന്ന് മനസിലാക്കിയ വിഭീഷണൻ ശ്രീരാമപാദങ്ങളിൽ ശരണം പ്രാപിക്കാനായി സമുദ്രത്തിന്റെ മറുകരയിലേക്ക് ശ്രീരാമ സന്നിധി ലക്ഷ്യമാക്കി സഞ്ചരിച്ചു. സമയം അർദ്ധരാത്രിയായിരുന്നു. സേതുബന്ധനത്തിലേർപ്പെട്ടിരിക്കുന്ന വാനരക്കൂട്ടം വിശ്രമിക്കുന്ന സമുദ്രതീരത്തിനു മുകളിലായി വിഭീഷണൻ എത്തി. വിഭീഷണനെ കണ്ട വാനരന്മാർ പേടിച്ച് ഓടിപ്പോയി സുഗ്രീവനെ വിവരമറിയിച്ചു. സുഗ്രീവൻ, ഹനുമാൻ, ജാംബവാൻ തുടങ്ങിയ വാനരവീരന്മാർ സ്ഥലത്തെത്തി. രാക്ഷസൻ യുദ്ധത്തിനായി വന്നതാണെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ താൻ ജ്യേഷ്ഠനായ രാവണനുമായി തെറ്റിപ്പിരിഞ്ഞ് ധർമ്മമാർഗ്ഗം തേടി രാമസമക്ഷത്തെത്തിയതാണെന്ന് വിഭീഷണൻ പറഞ്ഞു. എന്നാൽ സുഗ്രീവന് വിശ്വാസമായില്ല. ഒടുവിൽ ശ്രീരാമദേവൻ നേരിട്ടെത്തി വിഭീഷണനുമായി സംസാരിച്ചു. വീഭീഷണനെ തന്റെ സഹോദരനായ ഭരതനെപ്പോലെ കാണുമെന്ന ശ്രീരാമന്റെ വാക്കുകൾ വിഭീഷണനിൽ അതിരില്ലാത്ത സന്തോഷമുണ്ടാക്കി. വിഭീഷണൻ ശ്രീരാമന്റെ കാൽ തൊട്ട് വന്ദിച്ചു. വിഭീഷണൻ പറഞ്ഞു. “അല്ലയോ രാമദേവാ, ഞാൻ രാവണന്റെ സഹോദരനാണെങ്കിലും ഇനി മുതൽ രാക്ഷസവംശവുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ഇന്നു മുതൽ ഞാൻ അങ്ങയുടെ അടിമയാണ്. ഇനി മുതൽ അങ്ങയുടെ സർവ്വ സുഖ ദുഃഖങ്ങളിലും ഞാൻ കൂടെയുണ്ടാകുമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.” വിഭീഷണന്റെ ഈ വാക്കുകൾ ശ്രീരാമദേവനിൽ അതീവ സന്തോഷമുളവാക്കി. പിന്നീട് വിഭീഷണൻ രാവണന്റെ ശക്തിയെക്കുറിച്ചും ലങ്കയുടെ സ്ഥല വിശേഷങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു. ഇതുകേട്ട ശ്രീരാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ സുഗ്രീവനോട് പറഞ്ഞു.

You might also like

Most Viewed