ആശങ്കകളില്ലാത്ത വർണ്യത്തിൽ ആശങ്ക
ധനേഷ് പത്മ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് തീയറ്ററിൽ എത്തിയ ചിത്രമാണ് വർണ്ണ്യത്തിൽ ആശങ്ക. റിയലസ്റ്റിക് സിനിമകളുടെ കാലത്തിലേയ്ക്ക് തിരിച്ചെത്തിയ മലയാള സിനിമയിൽ അത്തരത്തിലൊരു ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, കുഞ്ചാക്കോ ബോബനും, സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം. ചിത്രം അനൗൺസ് ചെയ്തതു മുതൽ കുഞ്ചാക്കോയുടെ വ്യത്യസ്ത ലുക്കിലേക്കായിരുന്നു പ്രേക്ഷകന്റെ കണ്ണ്. മാത്രമല്ല അത്തരത്തിൽ ഒരു ഗെറ്റപ്പിൽ കുഞ്ചാക്കോയെ കണ്ടപ്പോൾ ഒരു ആശങ്കയും ഉണ്ടായിരുന്നു. പക്ഷെ കൗട്ട ശിവനെന്ന കള്ളൻ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ കുഞ്ചാക്കോ ചെയ്തു തീർത്തു. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ രാമനിൽ നിന്നും തീർത്തും വ്യാത്യസ്തമായ ശിവനെന്ന കഥാപാത്രത്തിലേയ്ക്കെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ അതിനിണങ്ങുന്ന നടൻ തന്നെയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ശക്തമായൊരു കഥയൊന്നുമല്ല സിനിമയുടെ മേൻമ. നിലവിലെ സാമൂഹിക സാഹചര്യങ്ങളിലേയ്ക്ക് ക്യാമറ തിരിച്ച് വെച്ചാണ് സിദ്ധാർത്ഥ് ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യ ഗണത്തിൽ പെടുത്താവുന്ന സിനിമ കുറച്ച് കള്ളൻമാരുടെ കഥയാണ് പറയുന്നത്. നാട്ടിലെ ലോക്കൽ കള്ളൻമാരുടെ കഥ പറഞ്ഞ് യഥാർത്ഥ കള്ളൻമാർ ആരാണെന്ന് സിനിമയുടെ അവസാനം നമുക്ക് കാണാൻ കഴിയും.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം സുരാജിലേയ്ക്കെത്തുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിൽ ആശ്ചര്യം തോന്നിക്കുന്ന തക്ക തരത്തിലുള്ളതാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയിലും കണ്ട സുരാജിൽ നിന്നും വിഭിന്നമായി വർണ്ണ്യത്തിൽ ആശങ്കയിൽ കാണുന്പോൾ സുരാജിന്റെ കയ്യിൽ ഇനിയും ഒട്ടനവധി കഥാപാത്രങ്ങൾ ഭദ്രമായി തന്നെ സംവിധായകർ ഏൽപ്പിക്കും.
സാധാരണക്കാരന് മനസ്സിലാകുന്ന സന്ദർഭങ്ങളിലാണ് ചിത്രത്തിന്റെ സഞ്ചാരം. വളരെ ലളിതമായി തന്നെ പറയാൻ ശ്രമിച്ച ചിത്രത്തിന്റെ ആദ്യപകുതിയിൽ അവിടിവിടെയായി ചെറിയ ഇഴച്ചിലുണ്ടെങ്കിൽ, ആ ഇഴച്ചിൽ ചിത്രം ആവശ്യപ്പെടുന്നുണ്ട്. കാരണം രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതിൽ ഒരു ത്രിൽ മൂഡ് സൃഷ്ടിക്കാനും സിദ്ധാർത്ഥിനായി. കൗട്ട ശിവനിൽ നിന്നും സുരാജിന്റെ ദയാനന്ദൻ എന്ന കഥാപാത്രത്തിലേയ്ക്ക് സിനിമയെത്തുന്പോൾ രണ്ടാം പകുതി സുരാജ് ഏറ്റെടുക്കുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ തന്നെയാണ് അവരവരുടെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചെന്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ, ടിനി ടോം, രചന നാരായണൻ കുട്ടി അങ്ങനെ ചെറിയ ചെറിയ വേഷത്തിലെത്തിയവരെല്ലാം ഗംഭീരമായി.
ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയേഷ് കുമാർ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തല സംഗീതം ചിത്രത്തിന് ചേരുന്ന തരത്തിൽ തന്നെയാണ് പ്രശാന്ത് കോർത്തിണക്കിയിരിക്കുന്നത്. ഒരു നല്ല ചിത്രം കാണാൻ ആശങ്കകളേതുമില്ലാതെ വർണ്ണ്യത്തിൽ ആശങ്കയ്ക്ക് ടിക്കറ്റെടുക്കാം...