രാ­മകഥാ­മൃ­തം - ഭാ­ഗം 22


എ. ശിവപ്രസാദ്

തന്റെ പുത്രനായ അക്ഷകുമാരൻ ഹനുമാനോടേറ്റു മുട്ടി മൃത്യു പുൽകിയതറിഞ്ഞ രാവണൻ ദുഃഖാർത്തനായി. പുത്രവിയോഗത്താൽ രാവണൻ വാവിട്ടു കരഞ്ഞു. ഹനുമാനോടേറ്റുമുട്ടുവാൻ നേരിട്ട് പോകുകയാണെന്നറിയിച്ചു. ഇതുകേട്ട രാവണന്റെ മൂത്ത പുത്രൻ ഇന്ദ്രജിത്ത് രാവണനെ തടഞ്ഞു കൊണ്ട്് താൻ ഹനുമാനെ പിടിച്ചു കെട്ടി രാവണന്റെ മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്തു. ഇന്ദ്രജിത്ത് സർവ്വസന്നാഹങ്ങളുമായി ഹനുമാനോടെതിരിടാൻ പോയി. ഹനുമാനും ഇന്ദ്രജിത്തും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. രണ്ടുപേരും ഒരേപോലെ പോരാടി. ഹനുമാനു നേരെ പ്രയോഗിക്കുന്ന അസ്ത്രങ്ങൾ നിഷ്പ്രഭമാകുന്ന കാഴ്ച ഇന്ദ്രജിത്തിനെ വിഷമവൃത്തത്തിലാക്കി. ഹനുമാനെ വധിക്കുക സാധ്യമല്ലെന്ന് ഇന്ദ്രജിത്തിന് മനസിലായി. ഒടുവിൽ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രമെടുത്ത് ബ്രഹ്മദേവനെ മനസിൽ ധ്യാനിച്ച് ഹനുമാനു നേരെ തൊടുത്തുവിട്ടു. ബ്രഹ്മാസ്ത്രത്തിൽ ബന്ധിതനാവാൻ തന്നെ ഹനുമാൻ തീരുമാനിച്ചു. ബ്രഹ്മാസ്ത്രമേറ്റ ഹനുമാൻ നിലത്തു വീണു. ഒരു നിമിഷനേരം കൊണ്ടു ബോധം തിരിച്ചു കിട്ടിയ ഹനുമാൻ ബ്രഹ്മാസ്ത്രത്തിൽ നിന്നും മോചിതനായെങ്കിലും അവിെട തന്നെ കിടന്നു. രാക്ഷസന്മാർ ഓടിവന്ന് വലിയ കയറുകൾ ഉപയോഗിച്ച് ഹനുമാനെ ബന്ധിച്ചു. സൈനികർ രാവണ സഭയിലേക്ക് ബന്ധിതനായ ഹനുമാനെ കൊണ്ടുപോയി. ഇന്ദ്രജിത്ത് രാവണനെ ബന്ധനസ്ഥനാക്കിയ കഥ രാവണനെ വിവരിച്ചു കേൾപ്പിച്ചു.

തന്റെ സഭയിലെത്തിയ ഹനുമാനെ രാവണൻ രൂക്ഷമായി നോക്കി. എന്നിട്ട് മന്ത്രിയോട് ഹനുമാൻ ഇവിടെ വരാനുള്ള കാരണന്വേഷിക്കാൻ പറഞ്ഞു. ഹനുമാൻ ലങ്കയിലെത്താനുണ്ടായ സാഹചര്യങ്ങളെല്ലാം അവിടെ വിവരിച്ചു. പിന്നീടങ്ങോട്ട് രാവണ ഹനുമദ് സംവാദം നടന്നു. ഒടുവിൽ കുപിതനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടു. ഇതിനിടയിൽ വിഭീഷണൻ വന്നു. ഹനുമാൻ ശ്രീരാമദൂതനാണെന്നും ദൂതന്മാരെ കൊല്ലുന്നത് ശരിയല്ലെന്നും ഇനി കൊന്നാൽ രാവണന്റെ വീര്യം എങ്ങിനെ ശ്രീരാമനറിയും എന്ന് വിഭീഷണൻ ചോദിച്ചു. അതുകൊണ്ട് ഇത് ഹനുമാന്റെ ശരീരത്തിൽ ഒരടയാളമുണ്ടാക്കി വിടുന്നതാണ് ബുദ്ധിയെന്നും തീരുമാനിച്ചു. അതിൻ പ്രകാരം ഹനുമാന്റെ വാലിനു തീ കൊളുത്താനായി എണ്ണയും തുണികളും കൊണ്ടുവരപ്പെട്ടു. എണ്ണയിൽ മുക്കിയ തുണി ഹനുമാന്റെ വാലിൽ ചുറ്റാൻ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ തുണി ചുറ്റുന്നതിനനുസരിച്ച് ഹനുമാന്റെ വാലിന്റെ നീളം വർദ്ധിക്കാൻ തുടങ്ങി. ലങ്കാനഗരിയിലെ മുഴുവൻ എണ്ണയും തുണിയും ഉപയോഗിച്ചിട്ടും വാല് ബാക്കിയായി. അവസാനം വാലിന് തീ കൊടുത്തു. വാലിലെ തീയുമായി ഒരു ഗർജ്ജനത്തോടെ ഹനുമാൻ മുകളിലേക്ക് ഉയർന്നു. ഒരു ഗോപുരത്തിനു മുകളിലെത്തി. അതിനു തീ കൊടുത്തു. അവിടെ നിന്നും ഗോപുരങ്ങളിലേക്കും രാക്ഷസർ താമസിച്ച വീടുകൾക്കു മുകളിലേക്കും ചാടി. ഹനുമാൻ സഞ്ചരിക്കുന്ന സ്ഥലങ്ങലെല്ലാം അഗ്നിക്കിരയായി. രാജാവിന്റെ പ്രധാനികളുടെയെല്ലാം ഗൃഹങ്ങൾ അഗ്നി വിഴുങ്ങി. കൊട്ടാരങ്ങളും അവിടെത്തെ വിലപിടിപ്പുള്ള നിരവധി വസ്തുക്കളും അഗ്നി വിഴുങ്ങി. രാക്ഷസന്മാർ ജീവൻ രക്ഷിക്കാനായി ആർത്തു വിളിച്ചുകൊണ്ട് അങ്ങുമിങ്ങും ഓടിത്തുടങ്ങി. ഉയർന്ന കെട്ടിടങ്ങളിൽ നിന്നും ചാടിയ ചില രാക്ഷസന്മാർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടു. കെട്ടിടങ്ങൾ തകർന്നടിയുന്ന ശബ്ദവും രാക്ഷസന്മാരുടെ ആർത്തനാദവും കൊണ്ട് അന്തരീക്ഷം നിറഞ്ഞു. വിഭീഷണന്റെ കൊട്ടാരമൊഴികെയുള്ള ഏതാണ്ട് എല്ലാ കെട്ടിടങ്ങളും അഗ്നിക്കിരയായി. 

ലങ്കാദഹനം പൂർത്തിയാക്കിയ ഹനുമാൻ സമുദ്രത്തിൽ മുക്കി വാലിലെ അഗ്നി കെടുത്തി. പിന്നീട് അതിരിഷ്ടമെന്ന ഒരു പർവ്വതത്തിനു മുകളിൽ കയറി ഭീമാകാരം പൂണ്ടു. ശ്രീരാമദേവനെ മനസിൽ ധ്യാനിച്ച് തിരിച്ച് സമുദ്രത്തിനു മുകളിലൂടെ ചാടി. ഏറെ ഉത്സാഹത്തോടെ ഹനുമാന്റെ വരവും കാത്തിരിക്കുകയായിരുന്നു സുഗ്രീവസൈന്യം അന്തരീക്ഷത്തിൽ ‘ജയ് ശ്രീരാം’ ധ്വനികൾ കേട്ട അവർ സൂക്ഷിച്ചു നോക്കി. ഹനുമാന്റെ പ്രത്യാഗമനമാണെന്ന് മനസിലാക്കിയ വാനരസൈന്യം ജാംബവാന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടി. ഹനുമാന്റെ ജയകാഹളം അദ്ദേഹത്തിന്റെ കാര്യസിദ്ധിയുടെ സൂചനയായി അവർക്ക് തോന്നി.

You might also like

Most Viewed