രാ­മകഥാ­മൃ­തം - ഭാ­ഗം 21


എ. ശിവപ്രസാദ്

അശോകവനിയിലെ ശിംശപാ വൃക്ഷച്ചുവട്ടിൽ രാമനാമം ജപിച്ചുകൊണ്ട് കരഞ്ഞിരിക്കുന്ന സീതാദേവിയെ ഹനുമാൻ കണ്ടു. ഹനുമാൻ ശിംശപാവൃക്ഷത്തിന് മുകളിൽ കയറി. താൻ ശ്രീരാമന്റെ ദൂതനാണെന്നറിയിക്കാനായി ശ്രീരാമകഥകൾ പറഞ്ഞു തുടങ്ങി. ഇതുകേട്ട സീത അത്ഭുതപരവശയായി ഹനുമാനെ നോക്കി. രാക്ഷസന്മാരുടെ മായാവിദ്യയായിരിക്കുമെന്നാണ് സീത ആദ്യം കരുതിയത്. ഹനുമാൻ സീതയുടെ മുന്നിൽ വന്നു. എന്നിട്ട് താൻ ശ്രീരാമന്റെ ദൂതനാണെന്നും പറഞ്ഞു. എങ്കിലും സീത ആദ്യം വിശ്വസിച്ചില്ല. പിന്നീട് ഹനുമാൻ ശ്രീരാമൻ കൊടുത്തയച്ച അംഗുലീയം സീതയെ കാണിച്ചു. അപ്പോഴാണ് സീതയ്ക്ക് വിശ്വാസമായത്. ശ്രീരാമദേവൻ ഇപ്പോൾ എവിടെയാണെന്നും എന്തു ചെയ്യുന്നുവെന്നും സീത അന്വേഷിച്ചു. ഹനുമാൻ ശ്രീരാമ സുഗ്രീവ സഖ്യമടക്കമുള്ള എല്ലാ വിവരങ്ങളും സീതയെ ധരിപ്പിച്ചു.

സീതയുടെ അശോകവനിയിലെ ദുരവസ്ഥ കണ്ട ഹനുമാൻ ഇപ്പോൾ തന്നെ സീതാദേവിയെയും എടുത്ത് ലങ്കയിൽ നിന്ന് രക്ഷ നേടാം എന്ന് സീതയോട് പറഞ്ഞു. എന്നാൽ സീതാദേവി അനുവാദം നൽകിയില്ല. കാരണം ശ്രീരാമൻ ലങ്കയിൽ എത്തി രാവണ നിഗ്രഹം കഴിഞ്ഞതിനു ശേഷമേ താനിനി മടങ്ങിപ്പോവുകയുള്ളൂ എന്ന് ഹനുമാനോട് പറഞ്ഞു. തിരിച്ചുപോയി ശ്രീരാമദേവനു കൊടുക്കാനായി സീതാദേവി ചൂഡാമണി എടുത്ത് ഹനുമാനു കൊടുത്തു. എത്രയും വേഗം ശ്രീരാമനും ലക്ഷ്മണനും സുഗ്രീവ സൈന്യ സമേതം ലങ്കാപുരിയിലെത്തുമെന്ന് ഹനുമാൻ സീതയ്ക്ക് വാക്ക് കൊടുത്തു. കിഷ്കിന്ദിയിലേക്ക് തിരിച്ചു പോകുന്നതിന് മുന്പ് തന്റെ പരാക്രമം ഒന്ന് ലങ്കേശനായ രാവണനെ ഒന്നറിയിക്കണമെന്ന് ഹനുമാൻ നിശ്ചയിച്ചു.

രാവണന്റെ അതിമനോഹരമായ ഉദ്യാനമായിരുന്നു അശോകവനം. വർണ്ണപുഷ്പങ്ങളും മധുരമൂറുന്ന കായ്കനികളും മറ്റും നിറഞ്ഞതായിരുന്നു അത്. രാവണന് ഏറെ പ്രിയപ്പെട്ടതായിരുന്നു അശോകവനം. ഹനുമാൻ അശോകവനം നശിപ്പിക്കാൻ തുടങ്ങി. വൃക്ഷങ്ങൾ ഒടിച്ചിട്ടു. പൂക്കളും കനികളും നിറഞ്ഞ വള്ളികൾ വലിച്ചു പൊട്ടിച്ചു. പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ ചവിട്ടി മെതിച്ചു. ഉദ്യാനത്തിനഴകായി നിന്നിരുന്ന കുന്നിൻ ചെരിവുകളും കുളങ്ങളും ഇടിച്ചു നിരത്തി. ഹനുമാൻ ഉദ്യാനത്തിൽ എല്ലായിടത്തും ഓടിനടന്നു. ഉദ്യാനം മുഴുവൻ നശിപ്പിച്ചു. ഹനുമാൻ വരുത്തിക്കൂട്ടിയ നാശത്താൽ അവിടെങ്ങും വലിയ കോലാഹലമുണ്ടായി. ഉദ്യാനത്തിലെ പക്ഷിമൃഗാദികൾ ശബ്ദങ്ങൾ പുറപ്പെടുവിച്ച് കൊണ്ട് അങ്ങുമിങ്ങും ഓടാൻ തുടങ്ങി. ജനങ്ങൾ ആകെ ഭയഭീതരായി. വാർത്ത കാട്ടുതീ പോലെ എല്ലായിടത്തും പരന്നു. സൈനികർ ഈ വാർത്ത രാവണന്റെ ചെവിയിലുമെത്തിച്ചു. വാർത്ത കേട്ട രാവണൻ രോഷാകുലനായി. സൈനികരോട് ഹനുമാനെ പിടിച്ചു കൊണ്ടുവരാൻ പറഞ്ഞു. എന്നാൽ പിടിച്ചു കൊണ്ടുവരാനായി അയച്ച രാക്ഷസർ മൃത്യുവരിച്ചു എന്ന വാർത്തയാണ് രാവണൻ കേട്ടത്. അപ്പോൾ രാവണൻ തന്റെ മന്ത്രിമാരിൽ ഒരാളായ പ്രഹസ്തനെ ഹനുമാനെ പിടിച്ചു കെട്ടാനായി അയച്ചു. എന്നാൽ പ്രഹസ്തനും ഹനുമാന്റെ കരങ്ങളാൽ യമലോകത്തെത്തി. പ്രഹസ്തനു ശേഷം ജംബുമാലി എന്ന രാക്ഷസനും ഹനുമാനോടേറ്റു മുട്ടിയെങ്കിലും ജംബുമാലിയും മൃത്യുവിനു കീഴടങ്ങി.

പ്രഹസ്തനും ജംബുമാലിയും ഹനുമാനോട് യുദ്ധം ചെയ്ത് മരിച്ചതറിഞ്ഞ രാവണൻ ഒന്നു ഞെട്ടി. ഹനുമൽ ബന്ധനത്തിനായി രാവണൻ പിന്നീടയച്ചത് സ്വന്തം പുത്രനായ അക്ഷകുമാരനെയായിരുന്നു. വൻ ആയുധങ്ങളും സൈന്യവുമായി എത്തിയ അക്ഷകുമാരൻ ഹനുമാനുമായി ഏറ്റുമുട്ടി. അതിഭീകരമായ യുദ്ധമായിരുന്നു അത്. വൻവൃക്ഷങ്ങൾ പറിച്ച് അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു. അക്ഷകുമാരൻ തൊടുക്കുന്ന അസ്്ത്രങ്ങൾ ഹനുമാൻ പർവ്വതങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച് തടഞ്ഞു. അക്ഷകുമാരന്റെ രഥം അടിച്ചു തകർക്കുകയും കുതിരകളെ കൊല്ലുകയും ചെയ്തു. രഥം നഷ്ടപ്പെട്ട അക്ഷകുമാരൻ ആകാശത്തേക്കുയർന്നു. ഗരുഡൻ സർപ്പത്തെ പിടിക്കും പോലെ ഹനുമാൻ അക്ഷകുമാരനെ കടന്നു പിടിച്ചു. നാലുപാടും ചുഴറ്റി നിലത്തേക്ക് വലിച്ചെറിഞ്ഞു. അക്ഷകുമാരൻ മരിച്ചു വീണു. അക്ഷകുമാരൻ മരിച്ചതോടെ രാക്ഷസ സൈന്യം ചിതറിയോടി. അവർ‍ അക്ഷകുമാരന്റെ മരണവാർത്ത രാവണനെ അറിയിച്ചു.

You might also like

Most Viewed