കുരുന്നിലെ താലിക്കുരുക്കുകൾ..!
ജെ. ബിന്ദുരാജ്
കസ്തൂർബയെ വിവാഹം ചെയ്യുന്പോൾ മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് പതിനാല് വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. കസ്തൂർബയാകട്ടെ പതിനാലു വയസ്സുകാരിയും. 134 വർഷങ്ങൾക്കു മുന്പ് 1883ലായിരുന്നു ഇവരുടെ വിവാഹം. പിൽക്കാലത്ത് ഈ വിവാഹത്തെപ്പറ്റി എഴുതിയപ്പോൾ ഗാന്ധി പറഞ്ഞത് അതൊരു വിവാഹമാണെന്നു പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ്. കുട്ടികളായ അവരെ സംബന്ധിച്ചിടത്തോളം വിവാഹമെന്നാൽ പുതുവസ്ത്രങ്ങൾ ധരിക്കുകയും മധുരപലഹാരങ്ങൾ കഴിക്കുകയും ബന്ധുജനങ്ങൾക്കൊപ്പം കളിക്കുകയുമെന്നായിരുന്നു അർത്ഥം. എന്നിരുന്നാലും സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഗാന്ധിയുടെ മനസ്സിലേക്ക് ക്ലാസ്സിലിരിക്കുന്പോൾ പോലും രതിചിന്തകൾ കടന്നുവരാറുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. രാത്രിയാകാനായി അദ്ദേഹം കാത്തിരുന്നിട്ടുപോലുമുണ്ടത്രേ. പക്ഷേ ഗാന്ധിയുടെ ആദ്യപുത്രനായ ഹരിലാലിനെ ചെറുപ്രായത്തിൽ വിവാഹം ചെയ്യിപ്പിച്ചുകൊടുക്കുന്നതിനെ ഗാന്ധി അതിശക്തം എതിർത്തുവെന്നത് വേറെ കഥ. ശൈശവ വിവാഹത്തിന്റെ കുഴപ്പങ്ങൾ പലതും ശരിക്കും അനുഭവിച്ചറിഞ്ഞതിനാലാണ് ഗാന്ധി തന്റെ മകൻ ഹരിലാലിനെ പതിനെട്ടു വയസ്സിൽ കല്യാണം കഴിപ്പിച്ചയച്ചതിനെ നിശിതം എതിർത്തത്. ഗാന്ധിയുടെ മൂത്ത സഹോദരനായ ലക്ഷ്മീദാസാണ് മോഹൻദാസും ഭാര്യ കസ്തൂർബയും ദക്ഷിണാഫ്രിക്കയിലായിരുന്ന സമയത്ത് ഹരിലാലിന്റെ വിവാഹം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജി ലക്ഷ്മീദാസിനെഴുതിയ കത്ത് പിൽക്കാലത്ത് കണ്ടെത്തപ്പെടുകയും ചെയ്തിരുന്നു. മകനുമായുള്ള തന്റെ ബന്ധം അതോടെ അറ്റുവെന്നു പോലും ഗാന്ധി അതിലെഴുതിയിരുന്നു.
ശൈശവ വിവാഹം ചെയ്ത ഗാന്ധിജി തന്റെ മകനെ അത്തരമൊരു കൃത്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ അതിശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതിനു കാരണം ലളിതമാണ്. അത്തരമൊരു ബന്ധത്തെ തുടർന്ന് കുട്ടിക്കാലത്ത് ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകൾ തന്നെയാകാനാണ് ആ എതിർപ്പിന് കാരണമെന്നുറപ്പ്. മാനസികവും ശാരീരികവുമായ വളർച്ച കൈവരുന്നതിനു മുന്പ് വിവാഹബന്ധത്തിലേയ്ക്ക് സ്ത്രീയേയും പുരുഷനേയും തള്ളിവിടുന്നതിന്റെ ഭവിഷ്യത്തുക്കൾ നന്നായി അനുഭവിച്ച ആളായിരുന്നിരിക്കണം അദ്ദേഹം. ശൈശവ വിവാഹം പെൺകുട്ടിയുടെ ആരോഗ്യത്തേയും ജീവിതത്തേയും ഒരുപോലെ അപകടപ്പെടുത്തുന്നുവെന്നതിനു പുറമേ, അവളുടെ ഭാവി വളർച്ചാ സാധ്യതകളും ഇല്ലാതാക്കുന്നുവെന്നതാണ് വാസ്തവം. കൗമാരപ്രായത്തിൽ തന്നെ ഗർഭം ധരിക്കുന്നപക്ഷം അത് പ്രസവ സമയത്ത് പലമട്ടിലുള്ള സങ്കീർണ്ണതകൾക്കും ഇടയാക്കുകയും ചെയ്യും. സ്‌കൂളിൽ പോയി വിദ്യാഭ്യാസം പൂർത്തീകരിക്കാനോ നല്ലൊരു തൊഴിലിലെത്താനോ അവൾക്ക് സാധിക്കാതെ പോകുന്നു. ആൺകുട്ടികൾക്കും അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചെറുതല്ല. വൈകാരികമായും മാനസികമായും അതവരെ പ്രതിസന്ധികളിലാക്കുന്നു.
ശൈശവ വിവാഹങ്ങൾ നിയമം മൂലം നിരോധിച്ച ഒരു നാടാണ് ഇന്ത്യ. ബ്രിട്ടീഷ് ഭരണകാലത്ത് 1929ൽ തന്നെ ശൈശവ വിവാഹം നിരോധിക്കുകയും ചെയ്തതാണ്. വിവാഹത്തിനുള്ള പെൺകുട്ടികളുടെ പ്രായം അക്കാലത്ത് 15ഉം ആൺകുട്ടികളുടെ പ്രായം 18മായിരുന്നുവെങ്കിലും മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 1937ൽ രക്ഷകർത്താക്കളുടെ അനുമതിയോടു കൂടി ശരിയത്ത് നിയമപ്രകാരം ശൈശവ വിവാഹങ്ങൾ ആകാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ശൈശവ വിവാഹനിയമത്തിൽ പല ഭേദഗതികളും പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയിലുണ്ടായി. 1978 മുതൽ പെൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സുമാണ് വിവാഹത്തിന് അനുവദിച്ചിട്ടുള്ള പ്രായം. വിവാഹത്തിന് തീരുമാനമെടുക്കാൻ വിവാഹിതരാകേണ്ടവർക്ക് പ്രായപൂർത്തിയാകണമെന്നും അവരുടെ അനുമതി അതിനുണ്ടാകണമെന്നതിനാലുമാണ് അത്തരത്തിൽ നിയമം പരിഷ്‌കരിച്ചത്. നിയമം ഇങ്ങനെയാണ് പറയുന്നതെങ്കിലും ശൈശവ വിവാഹങ്ങൾ ഇന്നും ഇന്ത്യയിൽ തകൃതിയായി നടക്കുന്നുണ്ട്. ഏറ്റവുമധികം ശൈശവ വിവാഹങ്ങൾ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം ഝാർക്കണ്ട് ആണെങ്കിലും ഇന്ത്യയിൽ സമീപകാലത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവുമധികം ഉയർന്ന ഏക സംസ്ഥാനം കേരളമാണ്. എന്തിനധികം പറയുന്നു, കേരളത്തിൽ കഴിഞ്ഞ ആറുമാസക്കാലയളവിൽ കേരളത്തിലെ ചൈൽഡ്‌ലൈനിന് ഏറ്റവുമധികം ശൈശവ വിവാഹ പരാതികൾ ലഭിച്ചിട്ടുള്ള സ്ഥലം മലപ്പുറമാണ്. 2017ൽ മാത്രം എഴുപതോളം ശൈശവ വിവാഹ പരാതികൾ! ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്രം കരുവാരക്കുണ്ടിൽ പത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹമാണ് ചൈൽഡ് ലൈൻ ഇടപെട്ട് തടഞ്ഞത്. അതിൽ രണ്ട് 15 വയസ്സുകാരികളും എട്ട് പതിനാറു വയസ്സുകാരികളുമാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ ശൈശവവിവാഹങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് സമീപകാല കണക്കുകളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവ്വീസസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് കേരളത്തിൽ ഓരോ വർഷവും ശരാശരി 600 ശൈശവവിവാഹങ്ങൾ നടന്നിട്ടുള്ളതായാണ് കാണുന്നത്. 2615 ശൈശവവിവാഹങ്ങളുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് നിൽക്കുന്പോൾ 308 ശൈശവ വിവാഹങ്ങളുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 77 വിവാഹങ്ങളുമായി തൃശ്ശൂർ മൂന്നാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. മുസ്ലിം സമുദായത്തിനിടയിൽ മാത്രമല്ല ഹിന്ദുക്കൾക്കിടയിലും ആദിവാസി സമൂഹത്തിനിടയിലും ശൈശവ വിവാഹം ധാരാളമായി കണ്ടുവരുന്നുണ്ടെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി പതിനാലു വയസ്സുകാരിയെ രണ്ടാനച്ഛന്റെ ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും പിന്നീട് പെൺകുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ജനങ്ങളുടെ സഹായത്തോടെ പരാതി നൽകിയതും വാർത്തയായിരുന്നു. കോഴിക്കോട് നൈനാംവളപ്പുകാരിയായ പതിനാറുകാരിയെ വീട്ടുകാരും പള്ളിക്കമ്മറ്റിയും ചേർന്ന് നിർബന്ധിച്ച് വിവാഹം നടത്തിയതായും പരാതി ഉയർന്നത് നാം കേട്ടതാണ്. ജൂലൈയിലെ ആദ്യവാരത്തിൽ ജയ്പൂരിൽ പതിനൊന്നു വയസ്സുകാരിയെ 28 വയസ്സുകാരന് വിവാഹം ചെയ്തു വിട്ട വിവരം പുറത്തായത് അഞ്ചു വർഷങ്ങൾക്കുശേഷം പെൺകുട്ടി പത്താം ക്ലാസ്സിൽ പഠിക്കാൻ വരാതായതിനെ തുടർന്നാണ്. സഹപാഠികൾ കളക്ടറെ വിവരം അറിയിച്ചതിനെ തുടർന്നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇപ്പോൾ പെൺകുട്ടി കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
ശൈശവ വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന കാര്യത്തിൽ ലോകത്തെ എല്ലാ രാഷ്ട്രങ്ങളും ഒറ്റക്കെട്ടാണ്. കടുത്ത മനുഷ്യാവകാശ ധ്വംസനമായാണ് അത്തരം വിവാഹങ്ങളെ രാഷ്ട്രങ്ങൾ കാണുന്നത്. നിയമം മൂലം പല രാഷ്ട്രങ്ങളും ശൈശവ വിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും പട്ടിണിയും ലിംഗപരമായ അസമത്വവും മതപരമായ ഇടപെടലും മൂലം ഇപ്പോഴും വ്യാപകമായിത്തന്നെ ഇന്ത്യടക്കമുള്ള രാജ്യങ്ങളിൽ അത് നിലനിൽക്കുന്നുണ്ട്. വികസ്വരരാജ്യങ്ങളിൽ മൂന്നു പെൺകുട്ടികളിൽ ഒരാൾ പതിനെട്ടു വയസ്സു പ്രായമാകുന്നതിനു മുന്പേ വിവാഹിതയാകുന്നുണ്ടെന്നാണ് കണക്കുകൾ. യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 20നും 24നും വയസ്സിനിടയ്ക്ക് പ്രായമുള്ള പകുതിയിലേറെ പെൺകുട്ടികളും പതിനെട്ട് വയസ്സിനു മുന്പ് വിവാഹിതരാണെന്നാണ് പറയുന്നത്. ബീഹാർ, രാജസ്ഥാൻ, ഝാർക്കണ്ട് പോലുള്ള സംസ്ഥാനങ്ങളിൽ പത്തിൽ ആറു പെൺകുട്ടികളും ചെറുപ്രായത്തിലാണ് വിവാഹിതരാകുന്നത്. ദേശീയതലത്തിൽ ശൈശവ വിവാഹത്തിന്റെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ടെന്നത് ശരി തന്നെ. 1992-93 കാലയളവിൽ 54 ശതമാനമായിരുന്ന ശൈശവ വിവാഹങ്ങൾ ഇന്ന് 33 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ കുറവും ദാരിദ്ര്യവുമാണ് ശൈശവ വിവാഹത്തിന്റെ മുഖ്യകാരണങ്ങളായി കണക്കാക്കപ്പെടുന്നത്. ദരിദ്ര കുടുംബങ്ങളിൽപ്പെട്ട, നിരക്ഷരരായ രക്ഷിതാക്കൾ പലരും തങ്ങളുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് അനാവശ്യമാണ് എന്ന് ചിന്തിക്കുന്ന അവസ്ഥയാണ് പിന്നാക്കാവസ്ഥയിലുള്ള പല ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളത്. പെൺകുട്ടിയെ സ്‌കൂളിലയക്കുന്നതും പഠിപ്പിക്കുന്നതും അനാവശ്യ ചെലവാണെന്നും പെൺകുട്ടിയുടെ സുരക്ഷിതത്വത്തിനു വരെ അത് ഭീഷണിയാണെന്നും പറയുന്നവർ മാത്രമല്ല അക്കൂട്ടത്തിലുള്ളത്. വിദ്യാഭ്യാസം സിദ്ധിച്ച പെൺകുട്ടി പ്രായപൂർത്തിയാകാതെയുള്ള വിവാഹത്തിന് എതിരു നിൽക്കുമെന്ന ഭീതിയും കൂടുതൽ വിദ്യാഭ്യാസം ലഭിച്ചാൽ വരനെ ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്ന ന്യായവുമെല്ലാം അതിൽ വേറെ ഒളിഞ്ഞിരിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമേ, പെൺകുട്ടിയെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ചാൽ കുടുംബത്തിന്റെ ദൈനംദിന ചെലവ് അത്രത്തോളം കുറയ്ക്കാനാകുമെന്നും അവരിൽ പലരും കരുതുന്നു. വീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണെങ്കിൽ എത്രയും വേഗം പെണ്ണിനെ വിവാഹം ചെയ്യിപ്പിക്കാൻ വീട്ടുകാർ ശ്രമിക്കുകയും ചെയ്യും. എന്തിന്, ഇത്തരത്തിലുള്ള ഒട്ടുമിക്ക ശൈശവ വിവാഹങ്ങളും കുടുംബത്തിലെ മറ്റു ചടങ്ങുകൾക്കൊപ്പമോ ആഘോഷങ്ങൾക്കൊപ്പമോ ആണ് നടത്തപ്പെടുന്നതെന്നതിനാൽ അത് എളുപ്പം പുറത്തറിയുകയുമില്ല. വരന്റെ കാര്യത്തിൽ പെൺകുട്ടിയുടെ അഭിപ്രായം പോലും തേടാതെയാണ് ഇത്തരം വിവാഹങ്ങളൊക്കെ തന്നെയും നടത്തപ്പെടുന്നത്. ആദിവാസികൾക്കിടയിലും ശൈശവ വിവാഹങ്ങൾ സാധാരണയാണ്. കോതമംഗലത്തിനടുത്തുള്ള കുട്ടന്പുഴയിൽ നടക്കുന്ന പ്രായപൂർത്തിയാകാത്ത അമ്മമാരുടെ വാർത്തകൾ നേരത്തെ വിവാദമാകുകയും ചെയ്തിരുന്നു. നിയമത്തെപ്പറ്റിയും പ്രായപൂർത്തിയാകാതെ നടക്കുന്ന ഗർഭധാരണത്തിന്റെ അപകടാവസ്ഥകളെപ്പറ്റിയുമൊക്കെ അവരെ വേണ്ടവിധം ബോധവൽക്കരിക്കേണ്ടതുണ്ട്. പരന്പരാഗത രീതികൾ തെറ്റാണെങ്കിൽ അവ തിരുത്തപ്പെടേണ്ടതുമുണ്ടല്ലോ.
ശൈശവ വിവാഹം 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലൂടെ നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഭൂരിപക്ഷം പേർക്കും അറിയാമെങ്കിലും തങ്ങളുടെ പരന്പരാഗത രീതികളും ചട്ടങ്ങളുമെല്ലാം നിയമസംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ മേലെയാണെന്നും വിശ്വസിക്കുന്ന ഒരു കൂട്ടർ ഇന്ത്യയിലുണ്ട്. ഇത്തരം വിവാഹങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ തന്നെ പല സമുദായങ്ങളിലും പെട്ടവരായതിനാൽ പലപ്പോഴും സമുദായനേതാക്കളുടെ രോഷം തങ്ങൾക്കുമേലെ പതിയാതിരിക്കാൻ അവർ ഇത്തരം വിവാഹങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നതും പതിവാണ്. പല കുടുംബങ്ങളും സ്ത്രീകളെ പണം സന്പാദിക്കുന്ന തൊഴിൽ ചെയ്യാൻ കഴിവുള്ളവരായി കാണുന്നില്ലെന്നതും ശൈശവ വിവാഹങ്ങൾക്ക് ആക്കം കൂട്ടുന്നു. കുടുംബത്തിന്റെ മേൽനോട്ടം വഹിക്കേണ്ട ചുമതല പുരുഷനും വീട്ടുവേല ചെയ്യേണ്ട ആൾ സ്ത്രീയുമാണെന്നാണ് പാട്രിയാർക്കിയൽ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട്. വിവാഹം നടക്കാത്ത സ്ത്രീയെ ‘പുര നിറഞ്ഞു നിൽക്കുന്നവൾ’ എന്നു വിശേഷിപ്പിക്കുന്നതിൽ തന്നെയുണ്ട് സ്ത്രീ ഒരു ബാധ്യതയാണെന്നുള്ള പരന്പരാഗത സങ്കൽപം. ഇതിനു പുറമേയാണ് സ്ത്രീധനം എന്ന മറ്റൊരു പ്രതിബന്ധം. വിവാഹ മാർക്കറ്റിൽ പ്രായം കുറഞ്ഞ പെൺകുട്ടിക്ക് ഡിമാൻഡ് കൂടുതലാണ്. വരന് ഇഷ്ടപ്പെട്ടാൽ സ്ത്രീധനത്തുക കുറയും. പ്രായമേറി വന്നാലോ വിദ്യാഭ്യാസം കൂടുതൽ നേടിയാലോ സ്ത്രീധനത്തുകയും കൂടുതൽ നൽകേണ്ടതായി വരും. അതും ശൈശവ വിവാഹങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യങ്ങൾക്കിടയാക്കുന്നു.
ഗ്രാമപ്രദേശങ്ങളിലാണ് ഇന്ത്യയിൽ നഗരപ്രദേശങ്ങളേക്കാൾ കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത്. ഗ്രാമങ്ങളിലാണ് 48 ശതമാനം ശൈശവ വിവാഹങ്ങളും നടക്കുന്നതെങ്കിൽ നഗരപ്രദേശങ്ങളിൽ അത് 29 ശതമാനം മാത്രമാണ്. ചില പ്രത്യേക സമുദായക്കാർരക്കിടയിലും മതസമൂഹങ്ങൾക്കിടയിലും ശൈശവ വിവാഹം കൂടുതലായി കാണപ്പെടുന്നുമുണ്ട്. ഝാർക്കണ്ട്, ഉത്തരപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, ഛത്തിസ്ഗഢ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ശൈശവ വിവാഹങ്ങൾ.
ശൈശവ വിവാഹത്തിൽപ്പെടുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും ഭർത്താവിൽ നിന്നും ലൈംഗികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നവരാണെന്നാണ് വിവിധ സന്നദ്ധ സംഘടനകളുടെ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 15 വയസ്സിനും 19 വയസ്സിനുമിടയ്ക്ക് പ്രായമുള്ള പെൺകുട്ടികളിൽ ഏതാണ്ട് 13 ശതമാനത്തോളം പേരും കടുത്ത ഗാർഹികപീഡനത്തിരയാകുന്നവരാണെന്ന് പഠനം പറയുന്നു. ഇതേ പ്രായപരിധിയിൽപ്പെട്ട ആറു പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയാകുകയും തുടർന്ന് പ്രസവസംബന്ധിയായ സങ്കീർണ്ണതകൾ നേരിടുകയും ചെയ്യുന്നുണ്ട്. 20 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ ശിശുമരണനിരക്ക് 76 ശതമാനമാണെന്ന് മനസ്സിലാക്കുക. ആരോഗ്യപരമായി പെൺകുട്ടികൾക്ക് മാതാവാകാനുള്ള പ്രായം ആയിട്ടില്ലെന്നു തന്നെയാണ് അതിൽ നിന്നും വെളിവാകുന്നത്. പ്രായപൂർത്തിയാകാതെയുള്ള പ്രസവം മൂലം മാതാവിന്റെ ജീവൻ അപകടത്തിലായ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ശൈശവ വിവാഹം ഇല്ലാതാക്കുന്നതിന് ജനതയുടെ സഹകരണം കൂടിയേ തീരൂ. നിലവിലുള്ള നിയമങ്ങൾ യാതൊരു ദാക്ഷിണ്യവും കൂടാതെ കർക്കശമായി നടപ്പാക്കുന്നതിനു തുനിഞ്ഞാൽ തന്നെ ഇതിന് ഒരു പരിധി വരെ സഹായകമാകും. നിലവിൽ ഒരു ലക്ഷം രൂപ പിഴയും രണ്ടു വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണത്. ജാമ്യമില്ലാത്ത കുറ്റകൃത്യമാണത്. ഇതിനു പുറമേ, സ്ത്രീധന നിരോധന നിയമത്തിലും 2000ത്തിലെ ജുവൈനയിൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) നിയമത്തിലും ഗാർഹിക പീഡന നിയമത്തിലും 2012ലെ കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും രക്ഷിക്കാനുള്ള നിയമത്തിലുമെല്ലാം ശൈശവ വിവാഹത്തിനിരയായ പെൺകുട്ടിയെ സംരക്ഷിക്കുന്നതിനായുള്ള ചട്ടങ്ങളുണ്ട്. എന്നിരുന്നാലും ഉദ്യോഗസ്ഥർ ഇത്തരം വിവാഹങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നതു മൂലം ഇത്തരം വിവാഹങ്ങൾ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. കേരളം പോലൊരു സന്പൂർണ സാക്ഷരത നേടിയ സംസ്ഥാനത്തു പോലും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുകയാണെന്നത് നിയമം ശരിയായവിധത്തിൽ ഇവിടെ ഉദ്യോഗസ്ഥർ നടത്തുന്നില്ലെന്നതിന്റെ തെളിവാണ്.
ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ പലവിധ മാർഗങ്ങളുണ്ട്. ശൈശവ വിവാഹത്തിന് തുനിയുന്ന മാതാപിതാക്കളെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുകയാണ് ഒരു പോംവഴി. ശൈശവ വിവാഹത്തെപ്പറ്റി വിവരം നൽകാൻ ടെലിഫോൺ ഹോട്ട് ലൈൻ നന്പർ ഏർപ്പെടുത്തുക, പെൺകുട്ടികളെ അതിന്റെ അപകടാവസ്ഥകളെപ്പറ്റി ബോധവതികളാക്കുകയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുകയും ചെയ്യുക, സമുദായങ്ങൾക്കിടയിൽ ശൈശവ വിവാഹത്തിന്റെ കുഴപ്പങ്ങളെപ്പറ്റി പ്രചാരണം നടത്തുക എന്നിങ്ങനെയുള്ള മാർഗ്ഗങ്ങളും അവലംബിക്കാം. പ്രായപൂർത്തിയാകാത്ത വ്യക്തികൾ തമ്മിലുള്ള ലൈംഗികത ബലാൽസംഗത്തിന്റെ പരിധിയിലാണ് വരുന്നതെങ്കിലും പലപ്പോഴും ഇത്തരം പരാതികൾ ശിക്ഷാനടപടികളിലെത്താറുമില്ല. മാത്രവുമല്ല സാമൂഹ്യസുരക്ഷാ പദ്ധതികൾ വഴി ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലുകളും മതിയായ ഫലം കാണുന്നില്ല. സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുക പലപ്പോഴും ശൈശവ വിവാഹങ്ങളിൽ സ്ത്രീധനം നൽകാനാണ് ഉപയോഗിക്കപ്പെടുന്നത്. അക്കാര്യത്തിലും പലവിധത്തിലുള്ള നിബന്ധനകളും സർക്കാരിന് കൊണ്ടുവരാനാകും. അതേപാലെ ശൈവവിവാഹത്തിന് വിധേയയായ സ്ത്രീകളെ സർക്കാർ തലത്തിൽ ഇടപെട്ട് ഗർഭധാരണമടക്കമുള്ള കാര്യങ്ങൾ പിന്നീടാക്കാൻ പ്രത്യേകം ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ഗർഭധാരണസമയത്തും പ്രസവസമയത്തും പിന്നീടുള്ള ശിശുപരിപാലന സമയത്തുമെല്ലാം ഉടലെടുക്കാവുന്ന സങ്കീർണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവർക്ക് പ്രത്യേക സംരക്ഷണവും നൽകേണ്ടതുണ്ട്. ഔപചാരികമോ അനൗപചാരികമോ ആയ വിദ്യാഭ്യാസ വ്യവസ്ഥയിലേയ്ക്കും അവരെ തിരികെ കൊണ്ടുവരാനും തൊഴിൽ രംഗത്തേയ്ക്ക് എത്തിച്ച സാന്പത്തിക ഭദ്രത കൈവരിപ്പിക്കുന്നതിലും അവർ ശ്രദ്ധയൂന്നേണ്ടതുണ്ട്. യൂണിസെഫ്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് പോലുള്ള സംഘടനകൾ ഇക്കാര്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും വിവിധ സർക്കാരുകളുടെ സഹകരണം ഉണ്ടാകാത്തപക്ഷം അവർക്ക് ശരിയായ വിധത്തിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ ആകുകയില്ലെന്നതാണ് വാസ്തവം. വംശീയവും മതപരവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴും പല സർക്കാരുകളും ശൈശവ വിവാഹങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതു മൂലം ഇത്തരത്തിലുള്ള പ്രവൃത്തികൾ ഒരു ആചാരം കണക്കേ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നതാണ് സത്യം. കൗമാരക്കാരായ ഈ പെൺകുട്ടികളുടെ ജീവിതം പിച്ചിച്ചീന്തിയെറിയപ്പെടുകയാണെന്ന യാഥാർത്ഥ്യത്തിലേയ്ക്ക് പലപ്പോഴും ജനത ഉണരുന്നുമില്ല. അങ്ങനെ വരുന്പോൾ നിയമം കൂടുതൽ കർക്കശമാക്കുകയും അത് നടപ്പാക്കാൻ ഊന്നൽ നൽകുകയും ചെയ്യുന്നത് തന്നെയാണ് ഏറ്റവും അനുപേക്ഷണീയമായ കാര്യം.