രാമകഥാമൃതം - ഭാഗം 20
എ. ശിവപ്രസാദ്
സമുദ്രത്തിനു മുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഹനുമാന്റെ മുന്നിൽ മൈനാക പർവ്വതം ഉയർന്നു വന്നു. ഹനുമാനോട് പർവ്വതത്തിനു മുകളിലിരുന്ന് വിശ്രമിച്ച് യാത്ര തുടരാൻ മൈനാകം ആവശ്യപ്പെട്ടു. എന്നാൽ താൻ ശ്രീരാമകാര്യാർത്ഥമായിട്ട് പോകുകയാണെന്നും വിശ്രമിക്കാൻ സാധ്യമല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി വീണ്ടും യാത്ര തുടർന്നു. അങ്ങിനെ ഹനുമാൻ മുന്നോട്ടു പോകവേ ഹനുമാന്റെ മുന്നിൽ സൂരസയെന്ന ഭീകര രാക്ഷസി പ്രത്യക്ഷപ്പെട്ടു. ഈ ആകാശമാർഗ്ഗം സഞ്ചരിക്കുന്ന വരെ ഭക്ഷിപ്പാൻ ബ്രഹ്മാവ് എനിക്ക് വരം തന്നിരിക്കുകയാണെന്നും അതിനാൽ തന്റെ വായിലേക്ക് കയറണമെന്നും പറഞ്ഞ് സുരസ തന്റെ വായ വിസ്താരമുള്ളതാക്കി. ഈ സമയം ഹനുമാൻ സുരസയുടെ വായയേക്കാൾ തന്റെ ശരീരം വലുതാക്കി. അപ്പോൾ സുരസ ഹനുമാനേക്കാളും വലിപ്പത്തിൽ തന്റെ വായ പിളർന്നു. ഈ സമയം ഹനുമാൻ തന്റെ ശരീരം ഒരു ചെറുവിരലോളം വലുപ്പത്തിലാക്കി സുരസയുടെ വായിലൂടെ സഞ്ചരിച്ച് പുറത്തു കടന്നു. ഇതോടെ സുരസയ്ക്കും സന്തോഷമായി.
ഹനുമാൻ വീണ്ടും ആകാശയാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ യാത്രക്ക് വേഗം കുറയുന്നതുപോലെ ഹനുമാനു തോന്നി. ആരോ പിടിച്ചു വലിക്കുന്ന ഒരനുഭവം ഹനുമാനുണ്ടായി. തിരിഞ്ഞു നോക്കിയ ഹനുമാൻ ഒരു ഭീകരരൂപിണിയെ കണ്ടു. ആകാശമാർഗ്ഗം സഞ്ചരിക്കുന്നവരുടെ നിഴലുകൾ പിടിച്ചു നിർത്തി അവരെ പിടിച്ച് ഭക്ഷിക്കുന്ന സിംഹിക എന്നു പേരായ രാക്ഷസിയായിരുന്നു അത്. വായും പിളർന്ന് തന്നെ ഭക്ഷിപ്പാനായി വന്ന സിംഹികയെ ഹനുമാൻ അടിച്ചു കൊന്നു. കുറേസമയം കഴിഞ്ഞപ്പോൾ ദൂരെ മരങ്ങളും കെട്ടിടങ്ങളും ഗോപുര ദ്വാരങ്ങളും കാണായി വന്നു. ലങ്കാനഗരിയിൽ എത്താറായി എന്നു ഹനുമാന് മനസിലായി. ഈ രൂപത്തിൽ സഞ്ചരിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ ഹനുമാൻ ശരീരം ഒരു കടുകുമണിയോളം ചെറുതാക്കിയിട്ട് ലങ്കാതീരത്ത് ഇറങ്ങി. ലങ്കാനഗരത്തിലേക്ക് കടക്കാൻ തുടങ്ങിയ ഹനുമാനെ ലങ്കാനഗരത്തിന്റെ കാവൽക്കാരിയായ ലങ്കാലക്ഷ്മി തടഞ്ഞു.
“ഉടൽ കടുകിനൊടു സമമിടതുകാൽ മുന്പിൽ വ−
ച്ചുള്ളിൽ കടക്കാൻ തുടങ്ങും ദശാന്തരേ
കഠിനതരമലറിയൊരു രജനിചരി വേഷമായ്
കാണായിതാശു ലങ്കാശ്രീയെയും തദാ
ഇവിടെ വരുവതിനു പിറകെന്തു മൂലം ഭവാ−
നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം
അസുരസുരനര പശുമൃഗാദി ജന്തുക്കൾ മ−
റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ”
ഹനുമാനെ തടഞ്ഞു കൊണ്ട് ലങ്കാലക്ഷ്മി ശക്തിയായി ഹനുമാനെ അടിച്ചു. അടികൊണ്ട് കോപിഷ്ടനായ ഹനുമാൻ തന്റെ ഇടതുകൈ കൊണ്ട് ലങ്കാലക്ഷ്മിയെയും അടിച്ചു. ഹനുമാന്റെ പ്രഹരമേറ്റ ലങ്കാലക്ഷ്മി ചോര ഛർദ്ദിച്ച് വീണുമരിച്ചു. മുനി ശാപത്താൽ രാക്ഷസിയായി മാറിയ ഒരു ഗന്ധർവ്വ കന്യകയായിരുന്നു ലങ്കാലക്ഷ്മി.
അതിനുശേഷം ഹനുമാൻ സീതാദേവിയെ തിരഞ്ഞ് ലങ്കാനഗരത്തിൽ സഞ്ചരിക്കാനാരംഭിച്ചു. അതിമനോഹരമായിരുന്നു ലങ്കാ നഗരം. നാലുപാടുമുള്ള സ്വർണനിർമിതികളിൽ വന്നു വരുന്ന പ്രകാശങ്ങൾ ലങ്കാനഗരത്തെ അതിമനോഹരമാക്കി. ആസന സ്ഥാനങ്ങൾ കട്ടിലുകൾ മേലാപ്പുകൾ ഇവയെല്ലാം സ്വർണത്തിൽ തീർത്തതായിരുന്നു. ചന്ദനമരങ്ങളാലും ആനക്കൊന്പുകളാലും നിർമ്മിച്ച അലങ്കാര വസ്തുക്കളിൽ സ്വർണം പൂശിയിരുന്നു. രാവണന്റെ ജ്യേഷ്ഠനായ കുബേരന്റെ മുഴുവൻ സ്വത്തുക്കളും ലങ്കയിൽ ഉണ്ടായിരുന്നു. സ്വർഗമാണോ അതല്ല ഏതെങ്കിലും ഗന്ധർവ്വ നഗരമാണോ ഇതെന്ന് ഹനുമാൻ സംശയിച്ചു. കുറച്ചുദൂരം സഞ്ചരിച്ച ഹനുമാൻ അശോക വനിയിലെത്തി. അവിടെ ഹനുമാൻ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ശിംശപാ വൃക്ഷച്ചുവട്ടിൽ കരഞ്ഞ് തളർന്നിരിക്കുന്ന സീതാദേവിയെ ഹനുമാൻ കണ്ടു.