വ്യക്തിത്വ വികാസം : ഭാരതീയ പരിപ്രേക്ഷ്യം
വിഭിഷ് തിക്കോടി
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. വ്യക്തിയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. സമൂഹത്തിൽ നിരന്തരം നിരവധി കാര്യങ്ങൾക്കായി നാം മറ്റുള്ളവരുമായ് പല തരത്തിൽ ഇടപെടുന്നു. ജീവിത വിജയത്തിന് അനിവാര്യമായ ഒന്നാണ് വ്യക്തിത്വ വികാസം. അനുകൂലവും പ്രതികൂല വുമായ ജീവിത സാഹചര്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നാം നമ്മുടേതായ ഒരു തനത് വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ട്.
എന്താണ് വ്യക്തിത്വ വികാസം കൊണ്ട് അർത്ഥമാക്കുന്നത്?’ ചിന്ത, വികാരം, സ്വഭാവം, പ്രവൃത്തി, ബാഹ്യരൂപം, സമീപനം, മൂല്യങ്ങൾ, എന്നിവയുടെ സമന്വയത്താൽ രൂപപ്പെടുന്ന സവിശേഷമായ പ്രത്യേകതയുടെ ആകെ തുകയാണ് വ്യക്തിത്വം.
വ്യക്തിത്വ വികാസത്തെ സംബന്ധിച്ച് പാശ്ചാത്യ മനഃശാസത്രജ്ഞരും, ചിന്തകരുടെയും വീക്ഷണം മൂന്ന് തലങ്ങളുടെ വികാസം എന്നതാണ്. ശരീരം, മനസ്സ്, ബുദ്ധി, എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ. എന്നാൽ വ്യക്തിത്വ വികാസത്തിന്റെ ഭാരതീയ പരിപ്രേക്ഷ്യം ഇതിലും ഉയർന്ന് നിൽക്കുന്നതാണ്. ഭാരതീയ ദാർശനികർ ശരീരം, മനസ്സ്, ബുദ്ധി, ‘ആത്മാവ് എന്നീ നാല് ഘടകങ്ങളുടെ സമഗ്ര വികാസത്തെയാണ് വ്യക്തിത്വ വികാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വ്യക്തിത്വ വികാസത്തിന്റെ ഭാരതീയ വീക്ഷണം എന്നത് സമഗ്ര മാനവനെ, ഉദ്ഗ്രഥിത മാനവനെ, സന്പൂർണ്ണ മാനവനെ സൃഷ്ടിക്കുക എന്നതാണ്. അതിനായി നിരവധി മാർഗ്ഗങ്ങളും രീതികളും മുന്നോട്ട് വെയ്ക്കുന്നുണ്ട്.’ നാല് ഘടകങ്ങളുടെ വികാസം സാധ്യമാക്കുക തദ്വാര ജീവിതവിജയം കൈ വരിക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട്.
ശരിരം “ശരീരമാദ്യം ഖലു ധർമ്മ സാധന“. ശക്തമായ ശരീരത്തെ സൃഷ്ടിച്ചെടുക്കുക എന്നത് പരമപ്രധാനമാണ്. ഉറച്ച ശരീരത്തിലെ ഉറച്ച മനസ്സ് ഉണ്ടാവും. ഭഗവത്ഗീത വായിക്കുന്നതിന് മുന്പ, ഫുട്ബോൾ കളിച്ച് ബലിഷ്ഠമായ ശരീരം സൃഷ്ടിക്കാനാണ് ഭാരതീയ യുവത്വത്തിനോട് സ്വാമി വിവേകനന്ദൻ ഉദ്ഘോഷിച്ചത് ‘ശരീരത്തിന്റെ വികാസം സാധ്യമാക്കാൻ ദാർശനികമാർ നിർദ്ദേശിച്ചത് യോഗ മാർഗ്ഗമാണ്. വ്യായാമം, യോഗ, കളികൾ തുടങ്ങിയവയിലൂടെ ആരോഗ്യമുള്ള ശരീരം സൃഷ്ടിക്കാം.
മനസ്സ്:− മനസ്സും ശരീരവും അഭേദ്യമായ ബന്ധമുണ്ട്. മനസ്സ് വികാരങ്ങളുടെ ഇരിപ്പിടമാണ് ‘വികാരങ്ങളെ വിമലീകരിക്കപ്പെടേണ്ടതുണ്ട്. മനസ്സ് സദ് വികാരങ്ങളുടെ വിളനിലമാക്കി മാറ്റേണ്ടതുണ്ട്. ഇതിന് ചിത്തത്തിൽ സംസ്കരണം നടക്കണം. ചീത്ത വികാരങ്ങളെ നിയന്ത്രിച്ച്, വിവേകപൂർണ്ണമായി ചിന്തിക്കാനും പ്രവർത്തിക്കാനുംവേണ്ടി ധ്യാനം, പ്രാർത്ഥന, ജപം, പ്രാണായാമം എന്നിവയുടെ കൃത്യമായ നിർവ്വഹണം നിത്യജീവിതത്തിൽ നടക്കണം.’
ബുദ്ധി:− യുക്തവും, ഉചിതവുമായ തീരുമാനങ്ങൾ സമയോചിതവും, സന്ദർഭോചിതവുമായി എടുക്കുവാനുള്ള കഴിവാണ് ബുദ്ധി’. കാര്യങ്ങൾ വിവേചന ശേഷിയോടെ കണ്ടറിഞ്ഞ്, ശ്രുതത്തോടെ (വേണ്ടത് വേണ്ടപ്പോൾ ചെയ്യാനുള്ള സവിശേഷമായ കഴിവ്) ചെയ്യുന്നുവെങ്കിൽ നാം നമ്മുടെ ബൂദ്ധിയുടെ തലങ്ങൾ ഉയർത്തണം. വിവേകപൂർണ്ണമായ പെരുമാറ്റം ബുദ്ധിവികാസത്തിന്റെ ലക്ഷണമാണ്. പാരായണം, മനനം, ശാസനം, അനുസന്ധാനം ഇവയിലൂടെ ബുദ്ധിയുടെ വികാസം സാധ്യമാക്കാം. നിരന്തരമായുള്ള ജ്ഞാനാർജ്ജനത്തിന് വായന അത്യന്താപേക്ഷിതമാണ്. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ, അറിവുകൾ മനനത്തിലൂടെ (ചിന്തയിലൂടെ) സംസ്കരിച്ച് ആവശ്യമായവ മാത്രം ഉൾക്കൊള്ളുകയും, വേണ്ടാത്തതിനെ വർജ്ജിക്കുകയും വേണം. അതിന് ശേഷം അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നത് ബൗദ്ധികമായ ഔന്നത്യത്തിന്റെ ശ്രേഷ്ഠതലങ്ങളാണ്. വിവേകമാണ് നമ്മെ എപ്പോഴു നയിക്കേണ്ടത്. വികാരങ്ങൾക്ക് അടിമപെടാതെ വീണ്ടു വിചാരങ്ങളുടെ അടിസ്ഥാനത്തിൽ വേണം തിരുമാനവും പ്രവൃത്തിയും.
ആത്മാവ്:− മുകളിൽ പറഞ്ഞ മൂന്ന് ഘടകങ്ങളും നമ്മുടെ നിയന്ത്രണത്തിലാണ്. എന്നാൽ ആത്മാവ് നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷെ ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ പ്രവൃത്തി ശരിയായ രീതിയിൽ ആണെങ്കിൽ ആത്മാവ് ഊർദ്ധഗതി കൈവരിക്കും. അപ്പോൾ ഉയർന്ന ബോധതലം കൈവരിക്കാം. ആത്മബോധം വ്യക്തി വികാസത്തിന് അനുപേക്ഷണീയമാണ്. ആത്മീയമായ അടിത്തറ ശക്തമാണെങ്കിൽ മാത്രമെ ഭൗതികമായ വികാസത്തിന്റെ ഗുണഗണങ്ങൾ പൂർണ്ണമായും അനുഭവിക്കാൻ സാധിക്കൂ.
ബോധതലം ഉയരുന്പോൾ ജൈവപരമായ പരിണാമം സംഭവിക്കുന്നു. അപ്പോൾ അതി മാനവൻ, സന്പൂർണ്ണ മാനവൻ, ഉദ്ഗ്രഥിത മാനവൻ സൃഷ്ടിക്കപ്പെടുന്നു. ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും ഉള്ള ഇത്തരം മനുഷ്യരാണ് സമഗ്രമാനവർ. ഇതാണ് സമഗ്രമായ വ്യക്തിത്വ വികാസത്തിലെ വിവിധ തലങ്ങൾ.
വ്യക്തിക്ക് വികാസം സംഭവിക്കുന്പോൾ അത് കുടുംബത്തിലും, സമൂഹത്തിലും വികാസം സൃഷ്ടിക്കും. ഇത് വഴി സമൂഹത്തിലെ എല്ലാവരിലും സുഖവും സമാധാനവും പ്രദാനം ചെയ്യാൻ സാധിക്കും.
അതിനായി സ്വയം വികാസത്തിനുള്ള മാർഗ്ഗങ്ങൾ അവലംബിച്ച് നമുക്ക് ഉത്തമ വ്യക്തികളാവാം. തെറ്റുകൾ തിരുത്തി ആത്മവിശ്വാസത്തോടെ ജീവിതവിജയത്തിന്റെ പടവുകൾ ഒരോന്നായി കയറി ഉത്തമ ജീവിതം നയിക്കാം.