മനുഷ്യൻ പെയ്യിച്ച തീമഴ
ഇസ്മായിൽ പതിയാരക്കര
1945 ആഗസ്റ്റ് 6ന് മുന്പു വരെ ജപ്പാനിലെ രണ്ടു നഗരങ്ങൾ മാത്രമായിരുന്നു സമുദ്രത്തോടു ചേർന്നു കിടക്കുന്ന ഹിരോഷിമയും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന നാഗസാക്കിയും. ഈ രണ്ടു പട്ടണങ്ങളിലെയും മനുഷ്യരെ സംബന്ധിച്ചിടത്തോളം നശിച്ചതും കറുത്തതും ഒപ്പം പൈശാചികവുമായ മാസമാണ് ആഗസ്റ്റ്. ആറാം തിയ്യതി ഹിരോഷിമ ഉണർന്നത് പതിവുപോലെ തന്നെയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുന്പിരി കൊണ്ടു നിൽക്കുന്ന ആ സമയത്ത് തങ്ങളുടെ മാതൃരാജ്യം അല്പം ക്ഷീണത്തിലാണെന്ന് അവർക്കറിയാമായിരുന്നുവെങ്കിലും ഇരുട്ടുകൾ വകഞ്ഞു മാറ്റി വെളിച്ചം കടന്നു വരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ജീവിത വ്യവഹാരങ്ങളിൽ മുഴുകിയിരുന്ന ആ പാവം മനുഷ്യർ അറിഞ്ഞിരുന്നില്ല തങ്ങളെ ലക്ഷ്യമാക്കി ബി 29 ബോംബർ ഗണത്തിൽ െപട്ട ആകാശയാനം ‘എനോളഗെ’ ‘ലിറ്റിൽ ബോയ്’ എന്ന മാരക പ്രഹര ശേഷിയുള്ള അണുബോംബും വഹിച്ച് വരുന്നുണ്ട് എന്ന കാര്യം.
‘പോൾ ഡബ്ലി ടിബറ്റ്’ എന്ന വൈമാനികന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു ലോകത്ത് മനുഷ്യരുള്ളിടത്തോളം കാലം വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന മഹാദുരന്തം വിതക്കാനാണ് താൻ വിമാനം പറത്തിക്കൊണ്ടിരിക്കുന്നതെന്ന്. പക്ഷേ ഭരണകൂടം ഭീകരതയുടെ ദല്ലാളുകളാവുന്പോൾ താനല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് ഈ ക്രൂരകൃത്യം അവർ ചെയ്യിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.
ഭാരം കൂടിയ മൂലകങ്ങളെ പിളർത്തിക്കഴിഞ്ഞാൽ വലിയ അളവിൽ ഊർജ്ജം വിമുക്തമാക്കപ്പെടുമെന്ന ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തെ നിസ്സാഹയരായ ഒരു ജനതയ്ക്ക് മേൽ പരീക്ഷിക്കുകയായിരുന്നു അമേരിക്ക. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇന്ന് വ്യക്തികളും ഗ്രൂപ്പുകളും നടത്തി നാശം വിതച്ചു കൊണ്ടിരിക്കുന്ന ഭീകര പ്രവർത്തനത്തിന്റെ ലക്ഷക്കണക്കിന് ഇരട്ടി ഭയാനകത ഒരു ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ നടന്ന കറുത്ത ദിനം.
ആകാശ നൗകയിൽ നിന്നും താഴേയ്ക്ക് പതിച്ച് പൊട്ടിത്തെറിച്ച ‘ലിറ്റിൽ ബോയ്’ സെക്കന്റുകൾക്കുള്ളിൽ നാമവശേഷമാക്കിയത് ലക്ഷക്കണക്കിന് മനുഷ്യരെയായിരുന്നു. മാരകമായി പൊള്ളലേറ്റ് പിടയുന്ന അനേകമാളുകൾ, നിലംപരിശായ കെട്ടിടങ്ങൾ, കരിഞ്ഞുണങ്ങിയ വൃക്ഷലതാദികൾ, ഒരുപക്ഷേ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇത്രമാത്രം തങ്ങി നിന്ന നാളുകൾ ഭൂമുഖത്ത് അതിന് മുന്പോ പിന്പോ ഉണ്ടായിക്കാണില്ല.
മൂന്നു നാൾ കഴിഞ്ഞ് കൃത്യം ആഗസ്റ്റ് 9ന് നാഗസാക്കിയിലും ഇത്തരമൊരു ദുരന്തം ആവർത്തിക്കാൻ മടികാണിക്കാത്ത സാമ്രാജ്യത്വത്തിന്റെ കുടിലതയിൽ പൊതിഞ്ഞ കരളുറപ്പിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ.
ഇന്നും റേഡിയേഷന്റെ സകല ദുരിതങ്ങളും ഏറ്റുവാങ്ങി പിറന്നു വീഴുന്ന ഹിരോഷിമയിലെയും നാഗസാക്കിയിലെയും പിഞ്ചുകുഞ്ഞുങ്ങളുടെ ദൈന്യതയാർന്ന മുഖം നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത പാതകം ചെയ്തവരെ തിരിച്ചറിയണം എന്ന ആഹ്വാനമാണ്.
പിന്നീടങ്ങോട്ട് ചരിത്രത്തിന്റെ ചാരത്തു കൂടി വെറുതെ ഉലാത്താനിറങ്ങിയാൽ നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്ന അലമുറകളുടെയും നിലവിളികളുടെയും ജീവനു വേണ്ടിയുള്ള പിടച്ചിലിന്റെയും കാരണക്കാരായത് അമേരിക്ക എന്ന രാഷ്ട്രമാണെന്ന് കാണാൻ കഴിയും.
വിയറ്റ്നാം, അഫ്ഗാൻ, ഇറാഖ്, തുടങ്ങി പ്രത്യക്ഷമായും എത്രയോ ഇരട്ടി പ്രച്ഛന്നമായും മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട് ഈ രാഷ്ട്രം. ഇറാഖിൽ മാത്രം ഉപരോധവും അതിനു ശേഷമുള്ള കടന്നാക്രമണങ്ങളും കാരണം കൊല്ലപ്പെട്ടത് പത്തു ലക്ഷത്തിലധികം പിഞ്ചുമക്കളാണെന്ന് കണക്കുകൾ പറയുന്പോൾ മനുഷ്യത്വത്തിനെതിരെ ലോകത്ത് ഏറ്റവുമധികം ഭീകരത വിതച്ചത് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് നമുക്ക് ബോധ്യമാകും.
ആർത്തിയുടെയും അഹങ്കാരത്തിന്റെയും മൂർത്തമൂർദ്ധന്യത്തിൽ നിസാഹയരും നിരാംലംബരവുമായ സമൂഹങ്ങളെ ജീവിതത്തിന്റെ കള്ളികളിൽ നിന്നും മരണമെന്ന ഗർത്തങ്ങളിലേയ്ക്ക് തള്ളിവിടുന്ന അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരുന്നതാവട്ടെ ഓരോ ഹിരോഷിമ−നാഗസാക്കി ദിനാചരണങ്ങളും.
പീരങ്കികളിൽ മുല്ലവള്ളി പടരുന്ന ദിവസം
തോക്കുകൾ വെള്ളരി വള്ളികൾക്കു
താങ്ങാകുന്ന ദിവസം
അപ്പോൾ കൃഷ്ണമണികളിൽ
നിന്നും മഴ പെയ്യും
കൈകളിൽ തൂവൽ കിളിർക്കും
മേഘങ്ങൾ മാലാഖമാരാകും
അതിർത്തികൾ അലിഞ്ഞു തീരും
വെടിമരുന്നുറകളിൽ ചെന്പകപ്പൂ മണം നിറയും
− സച്ചിദാനന്ദൻ